എൻ.പി. – നന്മയറിഞ്ഞ കഥാകാരൻ

വൈവിധ്യപൂർണമായ ജീവിതാനുഭവങ്ങളെ വാക്കുകളിൽ തളച്ച്‌, മലയാളിയുടെ സാഹിത്യലോകത്തെ ഏറെ അനുഗ്രഹിച്ച എഴുത്തുകാരനാണ്‌ എൻ.പി. മുഹമ്മദ്‌. നോവലെഴുത്തിലോ കഥയെഴുത്തിലോ ഒതുങ്ങിനില്‌ക്കുന്ന ഒരു പ്രഭാവമല്ലായിരുന്നു എൻ.പി.യുടേത്‌. പത്രപ്രവർത്തകൻ, നിരൂപകൻ, ചിന്തകൻ എന്നീ നിലകളിലും എൻ.പി. തന്റെ കഴിവുകൾ തെളിയിച്ചിട്ടുണ്ട്‌.

സ്വാതന്ത്ര്യസമരസേനാനിയും, കോൺഗ്രസ്‌ നേതാവുമായിരുന്ന എൻ.പി. അബുവിന്റെയും പാലക്കണ്ടി ഇമ്പിച്ചിഫാത്തിമ്മബിയുടെയും മകനായി 1929 ഡിസംബർ 27-ന്‌ എൻ.പി. ജനിച്ചു. ദേശീയ പ്രസ്ഥാനത്തിന്റെ ചൂടും ചൂരും അറിഞ്ഞുകൊണ്ടാണ്‌ എൻ.പി. വളർന്നത്‌.

വെറുതെയൊരു എഴുത്തുകാരനായി എൻ.പി.യെ കാണുകവയ്യ. എഴുതുവാൻ വേണ്ടി എഴുതുന്ന ആളുമായിരുന്നില്ല എൻ.പി. മറിച്ച്‌ മനുഷ്യത്വത്തിന്റെ ഉൾകാമ്പുകൾ തേടിയുളള യാത്രയായിരുന്നു എൻ.പിയുടെ രചനകൾ. പ്രപഞ്ചത്തിന്റെ എല്ലാ കോണുകളിലേയ്‌ക്കും നന്മയുടെ, സ്നേഹത്തിന്റെ തിരിവെട്ടം തേടിയുളള “ദൈവത്തിന്റെ കണ്ണ്‌” എൻ.പിക്കുണ്ടായിരുന്നു. ഓരോ പുതിയ അറിവുകളും പുതിയ ഉൾക്കാഴ്‌ചകളായി അദ്ദേഹം കണ്ടിരുന്നു. അതുകൊണ്ടുതന്നെ സാഹിത്യലോകത്തെ പുതിയ വഴികൾക്കുനേരെ തന്റെ വാതിൽ അദ്ദേഹം കൊട്ടിയടച്ചിരുന്നില്ല.

എഴുത്തിലെ ആത്മാർത്ഥത സുഹൃത്‌ബന്ധങ്ങളിലും എൻ.പി. സൂക്ഷിച്ചിരുന്നു. സ്നേഹം നനഞ്ഞ സാന്നിധ്യത്താൽ അദ്ദേഹം ഏവർക്കും പ്രിയങ്കരനായിരുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി നിർവാഹക സമിതി അംഗം, കേരള സംഗീത നാടക അക്കാദമി അംഗം, ഫിലിം സെൻസർ ബോർഡ്‌ അംഗം തുടങ്ങിയ പല സ്ഥാനങ്ങളും എൻ.പി. വഹിച്ചിരുന്നു. ഏറ്റവുമൊടുവിൽ കേരള സാഹിത്യ അക്കാദമിയുടെ പ്രസിഡന്റ്‌ എന്ന നിലയിൽ തന്റെ പ്രവർത്തനങ്ങൾ തുടർന്നു പോവുകയായിരുന്നു.

കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌, കേരള സാഹിത്യ അക്കാദമി അവാർഡ്‌, സാഹിത്യ പരിക്ഷത്ത്‌ അവാർഡ്‌, ലളിതാംബിക അന്തർജ്ജനം അവാർഡ്‌, പത്‌മപ്രഭാ പുരസ്‌കാരം തുടങ്ങി ഒട്ടനവധി പുരസ്‌ക്കാരങ്ങൾ എൻ.പി.യെ തേടിയെത്തി.

മരവും എണ്ണപ്പാടവും, ദൈവത്തിന്റെ കണ്ണും മലയാളികൾക്ക്‌ സമ്മാനിച്ച എൻ.പി. നന്മയുടെ, സ്വാതന്ത്ര്യബോധത്തിന്റെ തുരുത്തായി എന്നും നമ്മുടെ മനസ്സിലുണ്ടാകും…. പ്രിയ കഥാകാരന്‌ ‘പുഴ’യുടെ ആദരാഞ്ജലികൾ…

Generated from archived content: edit_jan6.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English