സി.പി.എമ്മിലെ പ്രശ്‌നം നാലാംലോകമോ ഇപ്പോഴത്തെ നാട്ടുനടപ്പോ…?

ഇടതുപക്ഷ സൈദ്ധാന്തികനായ എം.പി.പരമേശ്വരൻ മുന്നോട്ടുവച്ച നാലാം ലോകസിദ്ധാന്തം സി.പി.എമ്മിൽ വ്യത്യസ്തമായൊരു രാഷ്‌ട്രീയ ധ്രുവീകരണത്തിന്‌ കാരണമായിരിക്കുകയാണ്‌. പരമേശ്വരന്റെ നാലാംലോകവാദത്തെ പടിയടച്ച്‌ പിണ്ഡം വച്ച്‌ പുറത്താക്കിയെങ്കിലും പരമേശ്വരവാദങ്ങളുടെ കുഴലൂത്തുകാരായ ഡോ.തോമസ്‌ ഐസക്കിനേയും എം.എ.ബേബിയെയും മറ്റും ആനാംവെളളം തളിച്ച്‌ വിശുദ്ധരായി പ്രഖ്യാപിച്ച്‌ സി.പി.എം ചില മുഖം മിനുക്കലുകൾ നടത്തിയിരിക്കുന്നു. വെട്ടിനിരത്തൽ യുദ്ധത്തിൽ വിരുദ്ധപടകൾ നയിച്ച അച്യുതാനന്ദനും ബാലാനന്ദനും ന്യൂക്ലിയാർ ഫ്യൂഷൻ നടത്തി പുതിയൊരു വിസ്‌ഫോടനത്തിന്റെ സാധ്യത ഉണർത്തുകയും ചെയ്യുന്നു. ചിലയിടങ്ങളിൽ കാറ്റും വെളിച്ചവും കടത്തരുതെന്ന വാദവും സസൂഷ്‌മം വിശകലനം ചെയ്യേണ്ടതാണ്‌.

ഏറെ നാളുകൾക്കുശേഷം കേരളരാഷ്‌ട്രീയത്തിൽ വേലിത്തർക്കങ്ങൾക്കും കുശുമ്പു പറച്ചിലിനും പകരം ഇത്തരമൊരു ആശയപരമായ ചർച്ച ഉയർന്നുവന്നത്‌ നന്നായി, ഇതിന്റെ ഗതി എങ്ങോട്ടേയ്‌ക്കാണെങ്കിലും. മാക്സിസത്തിന്റെ അടിസ്ഥാന ആശയങ്ങളിൽ മാറ്റംവരുത്തി പുതിയ കാലത്തിന്റെ ആവശ്യങ്ങൾ&അനാവശ്യങ്ങൾ ഉൾക്കൊണ്ട്‌ വ്യത്യസ്തമായ ഒരു ചിന്താപദ്ധതി കേരളീയ പരിസരത്തിൽ പ്രയോഗിക്കണം എന്നത്‌ ഇടതുപക്ഷത്തെ സംബന്ധിച്ച്‌ ഏറെ ഗൗരവകരമായ കാര്യമാണ്‌. ഇതൊക്കെയും ചർച്ച ചെയ്യപ്പെടേണ്ടതും നിരീക്ഷിക്കപ്പെടേണ്ടതുമാണ്‌.

എന്നാൽ ഗൗരവകരമായ നാലാംലോക വിവാദത്തിനുമുപരിയായി സി.പി.എം ഇന്ന്‌ നേരിടുന്ന വലിയ പ്രശ്‌നം എന്തെന്ന്‌ വിശകലനം ചെയ്യേണ്ടതും ഏറെ ആവശ്യമാണ്‌. കാറ്റും വെളിച്ചവും കടന്നാൽ അടിസ്ഥാനപ്രമാണങ്ങൾ തകർന്നുപോകും എന്ന വിജയൻമാഷുടെ വാദത്തിന്റെ ശാസ്‌ത്രീയതയെ തിരിച്ചറിഞ്ഞുകൊണ്ടുതന്നെ പറയട്ടെ ഈയിടങ്ങളിൽ കടന്നുവന്നിരിക്കുന്നത്‌ കാറ്റും വെളിച്ചവുമല്ല കരിയും പുകയുമാണ്‌. സി.പി.എമ്മിലെ സഖാക്കൾ ‘സഖാലിനിലെ’ സഖാക്കളെപ്പോലെയായിരിക്കുന്നു. എല്ലാവരും ഇതിൽ ഉൾപ്പെടുന്നില്ലെങ്കിലും പലർക്കും രാഷ്‌ട്രീയപ്രവർത്തനം സോഷ്യലിസ്‌റ്റ്‌ ബോധത്തിൽനിന്നും അകന്ന്‌ ജീവനോപാധിയും ജീവിതസൗകര്യങ്ങൾ തേടിയുളള വഴിയായും മാറിയിരിക്കുന്നു. ചിലർ തനി പൊളിറ്റിക്കൽ ബ്യൂറോക്രാറ്റുകളായി മാറിയിരിക്കുന്നു… അതുകൊണ്ടുതന്നെയാകണം സി.പി.എമ്മിന്റെ ചട്ടക്കൂടുകൾക്കുളളിൽ വഴിവിട്ടതും&വഴിവിടാത്തതുമായ ചില കാര്യങ്ങൾക്ക്‌ ബ്രാഞ്ച്‌ കമ്മറ്റിയിൽനിന്നും തുടങ്ങി പാർട്ടി സെക്രട്ടറിയുടെ ശുപാർശക്കത്തുകളിലൂടെ മാത്രം പോംവഴിയുണ്ടാകുന്നത്‌. എല്ലാവരും സോഷ്യലിസ്‌റ്റുകളായി ജീവിക്കണം എന്നു സ്വപ്‌നം കാണുന്ന പാർട്ടി ഭരിക്കുന്ന സഹകരണസംഘങ്ങളിലെ നിയമങ്ങളിൽ ബോർഡിന്റെ ഇരുപതു മാർക്കിന്റെ ബലത്തിൽ, ചില നിയമനങ്ങളിൽ ഇത്തരം നിബന്ധനകളൊന്നുമില്ലാതെതന്നെ പാർട്ടിക്കാരുടെ മക്കളും കൊച്ചുമക്കളും ബന്ധുജനങ്ങളും നിറഞ്ഞു നില്‌ക്കുന്നത്‌. പരീക്ഷയെഴുതിയ പതിനായിരങ്ങൾ പാർട്ടി ഓഫീസുകളെ നോക്കി പ്രാകുന്നതും നാം കാണുന്നുണ്ട്‌. ദയവുചെയ്‌ത്‌ ഇതൊക്കെ മറ്റു പാർട്ടികളുമായി താരതമ്യം ചെയ്ത്‌ ചെറുതാക്കരുത്‌.

തനിക്കുശേഷം പ്രളയമെന്ന്‌ വിശ്വസിക്കുന്ന ചിലരുടെയെങ്കിലും പ്രവർത്തനങ്ങൾ പാർട്ടിയെ സാമ്പത്തികമായല്ലെങ്കിലും സാമൂഹ്യഘടകമെന്ന രീതിയിൽ പിന്നോട്ട്‌ വലിക്കുന്നുണ്ട്‌. ആത്മാർത്ഥമായി ചിരിക്കാൻപോലും കഴിയാതെ നെറ്റ്‌വർക്ക്‌ മാർക്കറ്റിങ്ങ്‌ കണ്ണിയിലെ എക്സിക്യൂട്ടീവിനെപ്പോലെ പാർട്ടി പ്രവർത്തകർ മാറുന്നതാണ്‌ നാലാംലോകവിവാദത്തേക്കാൾ പാർട്ടിയെ ഉലയ്‌ക്കുന്ന പ്രശ്‌നം. മലയാളികളുടെ ഹൃദയത്തിൽ തൊട്ടാണ്‌ പാർട്ടി വളർന്നതും ഇങ്ങനെയൊക്കെ ആയതും. തന്റെ പ്രദേശത്തെ ഓരോ വീട്ടിലെയും ചെറുസ്പന്ദനം പോലും അറിഞ്ഞിരുന്നവനാണ്‌ പഴയ സി.പി.എമ്മുകാരൻ. പുര കത്തുമ്പോൾ വാഴവെട്ടാത്തവൻ. ഇന്ന്‌ മേൽഘടകത്തിലേക്കുളള ശുപാർശ കത്തിനായി കാത്തിരിക്കേണ്ടിവരുന്നവന്റെ ഗതികേട്‌ ഏറെ വേദനിപ്പിക്കുന്നതാകുന്നു. ഇത്‌ കാലത്തിന്റെ മാറ്റമായി ആശ്വസിക്കാൻ വയ്യ.

അപൂർവ്വം ചിലരെ ഒഴിവാക്കി നിർത്തിയാൽ ഒരാൾ പാർട്ടിയിലേയ്‌ക്ക്‌ കടന്നുവരുന്നത്‌ മാർക്സിസം അരച്ചു കലക്കി പഠിച്ചിട്ടല്ല, മറിച്ച്‌ ചില അനുഭവങ്ങളിലൂടെ, ആരാധിക്കുന്ന ചില കമ്യൂണിസ്‌റ്റുകാരുടെ പെരുമാറ്റത്തിലൂടെയാണ്‌.. അവർ സമൂഹത്തോട്‌ കാണിക്കുന്ന പ്രതിബദ്ധത കണ്ടുകൊണ്ടാണ്‌….ഈ വഴിയിലൂടെയാണ്‌ ഒരു സാധാരണക്കാരൻ സോഷ്യലിസ്‌റ്റാകുന്നതും മാക്സിസം മനസ്സിലാക്കുന്നതും.

പാർട്ടി തളളിക്കളഞ്ഞ നാലാം ലോകത്തേക്കാൾ ഭീകരമാണ്‌ പാർട്ടിയിലെ മുൻപ്‌ സൂചിപ്പിച്ച പൊളിറ്റിക്കൽ ബ്യൂറോക്രാറ്റുകൾ ഉണ്ടാക്കിവച്ചിരിക്കുന്ന അഞ്ചാംലോകം… പാർട്ടി ആദ്യം ചികിത്സിക്കേണ്ടത്‌ ഈ അഞ്ചാം ലോകക്കാരെയാണ്‌.

Generated from archived content: edit_jan15.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English