സ്വാശ്രയവിധി – തിരിച്ചറിയേണ്ട വഴി

സ്വാശ്രയ വിദ്യാഭ്യാസ നിയമത്തിലെ നാലു സുപ്രധാന വകുപ്പുകൾ റദ്ദാക്കികൊണ്ടുളള ഹൈക്കോടതി വിധി കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തൃശങ്കു സ്വർഗത്ത്‌ എത്തിച്ചിരിക്കുകയാണ്‌. ഏകജാലക പ്രവേശന മാനദണ്ഡം സംബന്ധിച്ച മൂന്നാംവകുപ്പ്‌, ഫീസ്‌ നിർണയാവകാശം സർക്കാരിന്റെ നിയന്ത്രണത്തിലാക്കണമെന്ന ഏഴാം വകുപ്പ്‌, ന്യൂനപക്ഷപദവി നിശ്‌ചയിക്കുന്ന എട്ടാം വകുപ്പ്‌ പ്രവേശനാനുകൂല്യം പ്രതിപാദിക്കുന്ന പത്താം വകുപ്പ്‌ എന്നിവയാണ്‌ ഭരണഘടനാ വിരുദ്ധമെന്ന കണ്ടെത്തലിലൂടെ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്‌.

സ്വാഭാവികമായും ഇനിയുളള നാടകം, ജുഡീഷ്യറിക്കെതിരെയുളള പലരുടെയും കടന്നാക്രമണമായിരിക്കും. വിധി വന്നയുടൻ തന്നെ അത്തരം നീക്കങ്ങളും ആരംഭിച്ചു. ജനുവരി 15ന്‌ വിദ്യാഭ്യാസ ബന്ദ്‌ നടത്താൻ എസ്‌.എഫ്‌.ഐ. തീരുമാനിച്ചു കഴിഞ്ഞു. സാമൂഹിക യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാതെയാണ്‌ കോടതി വിധി പറഞ്ഞിരിക്കുന്നതെന്ന്‌ സി.പി.എം. നേതൃത്വത്തിലുളള ഇടതു സംഘടനകൾ ആരോപണം നടത്തിക്കഴിഞ്ഞു. കോടതികളിലേയ്‌ക്ക്‌ മാർച്ച്‌ നടത്തുവാൻ വരെ ഇടതു വിദ്യാർത്ഥി സംഘടനകൾ തീരുമാനിച്ചു. ഒരു തെരുവു യുദ്ധത്തിലേയ്‌ക്ക്‌ നീങ്ങുവാൻ വേണ്ട എല്ലാ സാഹചര്യങ്ങളും ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.

എന്നാൽ യഥാർത്ഥത്തിൽ സ്വാശ്രയ നിയമത്തിന്‌ കോടതിയിൽ എന്താണ്‌ സംഭവിച്ചതെന്ന്‌ ഇവരൊക്കെയും തിരിച്ചറിഞ്ഞാൽ നന്ന്‌. കോടതി ഒരിക്കലും സാമൂഹിക പ്രതിബന്ധതയോ, ഗവൺമെന്റ്‌ നിലപാടുകളുടെ സത്യസന്ധതയോ, മാനേജ്‌മെന്റിന്റെ കച്ചവടതന്ത്രമോ നോക്കിയല്ല പ്രശ്‌നത്തെ സമീപിക്കുന്നത്‌. ഭരണഘടനാപരമായി നീതി നിർവ്വഹിക്കുക എന്നതാണ്‌ കോടതിയുടെ ധർമ്മം. ഇത്‌ എത്രത്തോളം നമ്മുടെ സർക്കാർ ഗൗരവമായി എടുത്തു എന്ന്‌ പറയാനാവില്ല. ഇത്തരം നിയമങ്ങൾ കൊണ്ടുവരുമ്പോൾ പാലിക്കേണ്ടതായ ഗൗരവവും കൃത്യമായ കാഴ്‌ചപ്പാടും ഗവൺമെന്റിനുണ്ടായിരുന്നോ എന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ഇത്‌ അവരുടെ ആത്മാർത്ഥയെ ചോദ്യം ചെയ്യുന്നതല്ല. മറിച്ച്‌ കാര്യഗൗരവമില്ലാത്ത എടുത്തുചാട്ടങ്ങളും കൃത്യമായ ഭരണഘടനാ വിശകലനമില്ലായ്‌മയും ചേർന്നുണ്ടാക്കിയ അവസ്ഥയാണിത്‌. സമഗ്രവും പഴുതുകളില്ലാത്തതുമായ ഒരു നിയമം സർക്കാരിന്‌ സൃഷ്ടിക്കാനാകാതെ പോയതിന്‌ കോടതിയെ നാം എന്തിനു പഴി പറയണം.

മേൽ കോടതിയിൽ അപ്പീലു സമർപ്പിക്കലും, പൊതുജനാഭിപ്രായം രൂപപ്പെടുത്തലുമൊക്കെ അതിന്റെ വഴിക്കു നടക്കട്ടെ. ഇതൊക്കെ ഇനിയുമിനിയും കാലങ്ങൾ നീണ്ടുപോകുന്ന ഏർപ്പാടാണ്‌. ഈ വിധികൊണ്ട്‌ വരുംകാലങ്ങളിൽ നമ്മുടെ വിദ്യാർത്ഥി സമൂഹത്തിന്‌ എത്രമാത്രം പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന്‌ നാം തിരിച്ചറിയണം. മാനേജുമെന്റുകളിൽ എല്ലാവരും കഴുത്തറപ്പന്മാരല്ലെങ്കിലും കൊളളപ്പലിശയ്‌ക്ക്‌ ബ്ലേഡുപണം നൽകുന്നവനുവരെ വിദ്യാഭ്യാസമേഖലയിൽ യാതൊരു പ്രതിബന്ധവുമില്ലാതെ കൈകടത്താം എന്ന നില ഏറെ ദുരന്തങ്ങൾ വിതയ്‌ക്കും. പരസ്‌പരമുളള ഗവൺമെന്റ്‌-മാനേജ്‌മെന്റ്‌ അഡ്‌ജസ്‌റ്റുമെന്റുകൾ എപ്പോൾ വേണമെങ്കിലും പൊഴിഞ്ഞുവീഴാം. വേണ്ടത്‌ സമഗ്രവും പഴുതുകളില്ലാത്തതുമായ നിയമമാണ്‌. അത്തരം ഒരു നിയമം ഉണ്ടാക്കുന്നതിനുവേണ്ടിയാകണം, ആരോഗ്യകരമായ സമരമുറകൾ ഭരണ-പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തേണ്ടത്‌. അല്ലാതെ കോടതിയ്‌ക്കുനേരെ മാർച്ച്‌ നടത്തിയതുകൊണ്ടോ, വിദ്യാഭ്യാസ ബന്ദ്‌ നടത്തിയതുകൊണ്ടോ തൃശങ്കു സ്വർഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക്‌ എന്തു ലഭിക്കാൻ?

Generated from archived content: edit_jan05_07.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here