പെരിയാറിന്റെ കഥ

ഒരു നദി മരിക്കുന്നത്‌ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുകയാണ്‌. രാസമാലിന്യങ്ങളാൽ സമ്പുഷ്ടയായ പെരിയാറിന്‌ കല്ലാർകുട്ടി ഡാം വക പുതിയ ഷോക്ക്‌. പതിറ്റാണ്ടുകളായി കെട്ടികിടന്ന ചെളിയും മാലിന്യങ്ങളുമാണ്‌ പെരിയാറിലേയ്‌ക്ക്‌ യാതൊരു ദീർഘവീക്ഷണവുമില്ലാതെ തുറന്നുവിട്ടത്‌. ദശലക്ഷക്കണക്കിന്‌ മനുഷ്യരുടെ കുടിവെള്ളം മുട്ടിച്ചുവെന്നത്‌ ഈ നടപടിയുടെ നേർ ഉദാഹരണം മാത്രം. പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും എന്ന കണക്കാണ്‌ പെരിയാറിൻ തടത്തിലെ ജനങ്ങൾ.

ഈ നദിയെ ഇത്രയേറെ നശിപ്പിച്ചത്‌ ആരെന്നതിന്‌ എളുപ്പവഴിയിൽ തന്നെ ഉത്തരങ്ങൾ കണ്ടെത്താൻ കഴിയും. അവരെ ശിക്ഷിക്കുകയോ, ആ ശിക്ഷയിൽ നിന്ന്‌ അവർക്ക്‌ എളുപ്പം രക്ഷപ്പെടുവാനോ കഴിയും. അത്‌ നമ്മുടെ രാഷ്‌ട്രീയ-നീതി വ്യവസ്ഥകളുടെ നിലപാടുകളെയും രീതികളെയും ആശ്രയിച്ചിരിക്കും. എന്നാൽ നാം ഇതിനുമപ്പുറത്തേക്ക്‌ മറ്റു ചിലതുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു.

അണക്കെട്ടുകൾ ഒരു രാജ്യത്തിന്റെ വികസനത്തിന്‌ അത്യന്താപേക്ഷിതമാണ്‌ എന്ന ഒരു വിശ്വാസത്തിലൂടെ കടന്നുവന്നവരാണ്‌ നമ്മൾ. അത്‌ കുറെ ഏറെ ശരിയുമാണ്‌; മനുഷ്യനെ സംബന്ധിച്ചുമാത്രം. ഒരു അണ കെട്ടുമ്പോൾ ഒരു നദി മരിച്ചു തുടങ്ങുന്നു എന്നത്‌ തിരിച്ചറിയാതെ പോകുന്നു എന്നതാണ്‌ ഇവിടെ ഉണ്ടാകുന്ന ദുരന്തം. ഈ ഒരു തിരിച്ചറിവുണ്ടായിരുന്നെങ്കിൽ ഇരുപതുവർഷത്തോളം കല്ലാർകുടിയിൽ ചെളി കെട്ടിക്കിടക്കില്ലായിരുന്നു. പ്രകൃതിയെ നാം നമ്മുടെ വഴിക്ക്‌ നയിക്കുമ്പോൾ, ചില ഉത്തരവാദിത്വങ്ങൾ നമ്മുടെ ചുമലിൽ സ്വയമേവ ഉണ്ടാകുന്നു എന്ന്‌ നാം മനസ്സിലാക്കണം. ഈ മനസ്സിലാക്കലിന്റെ അഭാവമാണ്‌ ആഗോളതാപനം മുതൽ പെരിയാറിന്റെ ചുവന്നനിറം വരെ കൊണ്ടെത്തിക്കുന്നത്‌.

ഓരോ അണക്കെട്ടും ഓരോ നദിയുടെയും ഹൃദയക്കുഴലുകളിലെ കഠിനതടസങ്ങളാണ്‌. ഒരു ഹൃദയാഘാതത്തിന്റെ വലിയ സാധ്യതകൾ അതിൽ ഒളിഞ്ഞു കിടപ്പുണ്ട്‌. പതിറ്റാണ്ടുകളോളം അണക്കെട്ടിൽ ഒഴുകിയെത്തി ഉറഞ്ഞുകൂടിയ ചെളി ഒരു നിമിഷം കൊണ്ട്‌ തുറന്നുവിട്ടത്‌ പെരിയാറിനേറ്റ ഹൃദയാഘാതം തന്നെ. ഈ ഹൃദയാഘാതം നമുക്ക്‌ ഒഴിവാക്കാമായിരുന്നു, കാലാകാലങ്ങളിൽ ഈ ഡാമിലെത്തിയ ചെളി ചെറിയ അളവിൽ തുറന്നു വിട്ടിരുന്നുവെങ്കിൽ. ഒരു നദിയുടെ കുറുകെ അണ കെട്ടിയതിന്റെ പ്രായശ്ചിത്തമായെങ്കിലും ഇതിനെ കാണാമായിരുന്നു.

ദുരന്തങ്ങൾ ആരംഭിച്ചുകഴിഞ്ഞു. പെരിയാറിലെ ജൈവസമ്പത്ത്‌ നശിച്ചു തുടങ്ങി. ചെമ്മീനുകളും മീനുകളും കൃത്യമായി പ്രാണവായു ലഭിക്കാതെ ചത്തുപൊന്തി തുടങ്ങി. പെരിയാറിന്റെ സകലയിടങ്ങളിലേയ്‌ക്കും ഒഴുകിയെത്തിയ ചെളി ഈ നദിയുടെ ജൈവഘടനയെ മാറ്റിമറിയ്‌ക്കുമെന്ന്‌ ഉറപ്പ്‌. പുതിയ തരം സൂക്ഷ്‌മ ജീവികളുടെ വളർച്ചയെ ഇത്‌ ത്വരിതപ്പെടുത്തുകയും തികച്ചും അന്യമായ ഒരു ജൈവ വ്യവസ്ഥ ഉടലെടുക്കുകയും ചെയ്യും. ഇത്‌ കഴുകിക്കളയാൻ കാലമെത്രയെടുക്കുമെന്നറിയില്ല. ഒരുപക്ഷേ പേരിൽ മാത്രം പെരിയാറെന്ന ഓർമ്മ നിലനിർത്തി നമുക്കറിയാത്ത മറ്റേതോ നദിയായിത്‌ മാറിയേക്കാം.

മഴയൊക്കെ മാറി നദി വരണ്ടു തുടങ്ങിയ ഇക്കാലത്ത്‌ എന്തിനാണ്‌ കല്ലാർകുട്ടി തുറന്ന്‌ ചെളിയൊക്കെ പെരിയാറിലേക്ക്‌ ഒഴുക്കിയത്‌ എന്ന ചോദ്യം ഇവിടെ വളരെ പ്രസക്തമാണ്‌. ഈ നദിയിലേക്ക്‌ രാസമാലിന്യങ്ങൾ ഒഴുക്കിവിടുന്ന വൻ വ്യവസായശാലകളോട്‌ ശക്തമായ ചെറുത്തുനില്പ്‌ നടത്തിവരികയാണ്‌ പെരിയാറിൻ തീരത്തെ ജനങ്ങൾ. പലപ്പോഴും പെരിയാർ കറുത്തും വെളുത്തും ചുവന്നും ഒഴുകിയിരുന്നു. ജനത്തിന്റെ കടുത്ത എതിർപ്പുമൂലം പല വ്യവസായശാലകളുടെയും ഈ എളുപ്പ മാലിന്യ നിർമ്മാർജ്ജനത്തിന്‌ തടസം നേരിട്ടുകൊണ്ടിരിക്കുകയായിരുന്നു. ഈ സമയത്താണ്‌ കല്ലാർകുട്ടിയിലെ ചെളി പെരിയാറിനെ ചുവപ്പിച്ചത്‌. ഇത്‌ വ്യവസായ ശാലകൾ ഒരു സൗകര്യമായെടുത്തോ അതോ ഇത്തരമൊരു സൗകര്യമുണ്ടാക്കാനാണോ ഡാം തുറന്നുവിട്ടത്‌ എന്നതും അവ്യക്തം. അത്‌ ഇരുട്ടിൽ കറുത്തപ്പൂച്ചയെ പിടിക്കാൻ പോകുന്നതുപോലെയാണ്‌. എങ്കിലും ഇരുട്ടിൽ പൂച്ചയുടെ കണ്ണുകൾ തിളങ്ങും. അങ്ങിനെ ഒരു പൂച്ചയുണ്ടെങ്കിൽ, മനസുവെച്ചാൽ ആ പൂച്ചയെ നമുക്ക്‌ പിടിക്കാൻ പറ്റും.

പെരിയാറിന്റെ കഥ ഓരോ നദിക്കും പാഠമാണ്‌. അൽപമായെങ്കിലും ഒഴുകുന്ന നദിയിൽപോലും വൻ അണക്കെട്ടുകൾ തീർക്കുവാൻ വെമ്പുമ്പോൾ നാം ഓർക്കേണ്ടത്‌ ഇതു മാത്രം – കുറച്ചെങ്കിലും ഉത്തരവാദിത്വം പ്രകൃതിയോടും കാണിക്കണം.

Generated from archived content: edit_feb9_07.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here