മലയാളി സി.പി.എമ്മിൽ നിന്നും ആഗ്രഹിക്കുന്നത്‌

മലയാളിയുടെ പൊതുജീവിതത്തിൽ നിർണ്ണായക സ്വാധീനമുളള കമ്യൂണിസ്‌റ്റ്‌ പാർട്ടി ഓഫ്‌ ഇന്ത്യ മാർക്സിസ്‌റ്റ്‌ അതിന്റെ സംഘടനാ സമ്മേളനങ്ങൾ സംസ്ഥാനതലത്തിൽ പൂർത്തിയാക്കിക്കഴിഞ്ഞിരിക്കുകയാണ്‌. മുമ്പൊന്നും ഇല്ലാത്തവണ്ണം മുഴുവൻ മാധ്യമങ്ങളും ശക്തമായി ഇറങ്ങിക്കളിച്ച സമ്മേളനകാലമായിരുന്നു ഇത്തവണ. സംസ്ഥാനത്തെ മുൻനിര മാധ്യമപ്രവർത്തകരും രാഷ്‌ട്രീയവിദഗ്‌ദ്ധരും മലപ്പുറത്ത്‌ തമ്പടിച്ച്‌ സമ്മേളനത്തിന്റെ ഓരോ ചെറുചലനവും ശ്രദ്ധാപൂർവ്വം നിരീക്ഷിക്കുന്ന കാഴ്‌ചയാണ്‌ നാം കണ്ടത്‌. മുൻ പാർട്ടി സംസ്ഥാന സമ്മേളനങ്ങൾക്കില്ലാത്ത വൻപ്രാധാന്യം ഇത്തവണത്തെ സമ്മേളനത്തിന്‌ എന്തുകൊണ്ട്‌ ലഭിച്ചു എന്നതിന്റെ കാരണമെന്ത്‌? വിഭാഗീയപ്രവത്തനവും, വാർത്താമാധ്യമങ്ങളുടെ വളർച്ചയുമൊക്കെയാണ്‌ എന്ന്‌ ഒറ്റ ഉത്തരത്തിൽ പറയാമെങ്കിലും അതിനുമപ്പുറത്തേയ്‌ക്ക്‌ മറ്റു ചിലവ കൂടിയുണ്ട്‌ എന്ന്‌ നാം കാണുന്നുണ്ട്‌.

സി.പി.എം എന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ നയങ്ങളും നിലപാടുകളും മലയാളിയുടെ ജീവിതത്തിന്റെ സമസ്ത തലങ്ങളേയും ആഴത്തിൽ സ്വാധീനിക്കുന്ന ഒന്നാണ്‌. ഒരു സോഷ്യലിസ്‌റ്റ്‌ പ്രത്യയ ശാസ്‌ത്രത്തിന്റെ സജീവത മലയാളിയെ സ്പർശിക്കുന്നതിൽ സി.പി.എമ്മിന്റെ സാന്നിധ്യം വലിയൊരു ഘടകം തന്നെയാണ്‌. വികസനം, പരിസ്ഥിതി, വിദ്യാഭ്യാസം, സാംസ്‌കാരികത, സാഹിത്യം തുടങ്ങി സർവ്വ മേഖലകളിലും സി.പി.എം അതിന്റെതായ ഇടപെടലുകൾ നടത്താറുണ്ട്‌. ഇതുകൊണ്ടൊക്കെത്തന്നെ സി.പി.എം സംഘടന സംവിധാനത്തിനകത്ത്‌ ചില നയങ്ങളുടെയും നയവ്യതിയാനങ്ങളുടെയും പേരിൽ നടക്കുന്ന തർക്കം മേൽപറഞ്ഞ മേഖലകളിലെ ഇടപെടലുകളെയും അതിന്റെ സ്വഭാവത്തെയും ബാധിക്കും. സംഘടനാസമ്മേളനങ്ങളും പാർട്ടി സെക്രട്ടറി തിരഞ്ഞെടുപ്പുമൊക്കെ സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമാണെങ്കിലും പാർട്ടിയിലെ ഉന്നത നയരൂപീകരണസമിതിയുടെ സ്വഭാവം മാർക്‌സിസ്‌റ്റുകാരല്ലാത്ത മലയാളികളെയും കൂടി ബാധിക്കുമെന്നർത്ഥം.

ആരോപണങ്ങളും അപവാദങ്ങളും സി.പി.എം നേതൃത്വത്തിനെതിരെ ഉയരുമ്പോൾ, രാഷ്‌ട്രീയ സംശുദ്ധിയെ സംബന്ധിച്ച മലയാളികളുടെ പ്രതീക്ഷയുടെ കനവും കുറയുകയാണ്‌. ഒരു കമ്യൂണിസ്‌റ്റുകാരൻ ചെയ്യുന്ന തെറ്റ്‌ ഒരു ചെറിയ തെറ്റായി കാണാൻ മലയാളിക്ക്‌ ഒരിക്കലും കഴിയില്ല. കാരണം രാഷ്‌ട്രീയസംശുദ്ധിയുടെ അളവുകോലായി മലയാളി പലപ്പോഴും കണക്കാക്കിയിരിക്കുന്നത്‌ കമ്യൂണിസ്‌റ്റുകാരന്റെ ജീവിതമാണ്‌. ഒരു കമ്യൂണിസ്‌റ്റുകാരനെപ്പോലെ ജീവിക്കുക എന്നത്‌ ഏറ്റവും വലിയ രാഷ്‌ട്രീയ പ്രവർത്തനമായി സി.പി.എമ്മുകാർ കാണേണ്ടതാണ്‌. ഇത്‌ ഏറ്റവും വലിയ സാംസ്‌കാരിക പ്രവർത്തനം കൂടിയാണ്‌.

പലരീതിയിലും ആരോപണവിധേയരായവർ സി.പി.എമ്മിന്റെ നേതൃനിരയിൽ ഇടം പിടിക്കുന്നത്‌, തിരുത്തൽ ശക്തിയായി മലയാളിയുടെ പൊതുജീവിതത്തിൽ ഇടപെടാനുളള സി.പി.എമ്മിന്റെ ശക്തിയെ ക്ഷയിപ്പിക്കും. സർഗാത്മകത ഇല്ലാത്ത കടുംപിടുത്തങ്ങൾ സി.പി.എം നേതൃത്വം പരസ്‌പരം നടത്തുന്നത്‌ ആശാവഹമല്ല. വെറുമൊരു പൊളിറ്റിക്കൽ പാർട്ടി എന്നതിനുമപ്പുറത്തേയ്‌ക്ക്‌ സി.പി.എമ്മിന്‌ മലയാളിയുടെ ജീവിതത്തിൽ മറ്റൊരുപാട്‌ കാര്യങ്ങൾ ചെയ്യുവാനുണ്ട്‌. അതുകൊണ്ടുതന്നെ സി.പി.എമ്മിലെ ചെറുചലനം പോലും മലയാളി ശ്രദ്ധിച്ചുകൊണ്ടേയിരിക്കും.

Generated from archived content: edit_feb24.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here