തട്ടേക്കാട്‌ ദുരന്തം

എളവൂരിൽ നിന്നും തട്ടേക്കാടേയ്‌ക്കുള്ള ഒരു സ്‌കൂൾ വിനോദയാത്രയുടെ ബാക്കി പതിനഞ്ചു പിഞ്ചോമനകളുടെയും മൂന്നു അദ്ധ്യാപികമാരുടെയും മരണമായിരുന്നു. ഇടയ്‌ക്കുപേക്ഷിച്ച വിനോദയാത്രയെന്നപോലെ ജീവിതം ഉപേക്ഷിച്ച്‌ പതിനെട്ടുപേർ പെരിയാറിന്റെ ആഴത്തിലേയ്‌ക്ക്‌ പോയപ്പോൾ എളവൂർ ഗ്രാമം മാത്രമല്ല കേരളമൊട്ടാകെയാണ്‌ സങ്കടക്കടലായത്‌.

ഇനി വിചാരണകളുടെ ദിനങ്ങളാണ്‌. ദുരന്തത്തിന്‌ ഉത്തരവാദികൾ ആരെന്ന ചോദ്യത്തിന്‌ ഉത്തരങ്ങൾ ഏറെയുണ്ടാകും. ഫയർഫോഴ്‌സിന്റെയും പോലീസിന്റെയും കഴിവുകേടുകൾ, നേവിയെ വിവരം അറിയിക്കുന്നതിലുണ്ടായ അപാകത, രക്ഷാപ്രവർത്തനങ്ങൾ നടത്തുവാൻ പറ്റാത്തവിധം വിജനമായ സ്ഥലം, രാത്രിയിലേക്കു നീണ്ടുപോയ ഉല്ലാസയാത്ര നിയന്ത്രിച്ച അധ്യാപകരുടെ അറിവില്ലായ്‌മ, അനധികൃതമായി മണൽവാരി തീരത്തിനടുത്തുപോലും സൃഷ്ടിക്കപ്പെട്ട കയങ്ങൾ; ഒരിക്കലും ജലയാത്രയ്‌ക്ക്‌ ഉപയോഗിക്കാൻ പറ്റാത്തവിധമുള്ള ബോട്ട്‌… ഇങ്ങനെ ഒട്ടേറെ ഉത്തരങ്ങൾ… ഇതിലേറെയും സത്യമാണുതാനും. ഈ കാരണങ്ങളിലൂടെ സഞ്ചരിച്ച്‌ നമുക്ക്‌ കുറെ കുറ്റക്കാരെ കണ്ടെത്താം. അവർക്ക്‌ ശിക്ഷയും നൽകാം. പൊലിഞ്ഞുപോയ ജീവിതങ്ങൾക്ക്‌ പകരമായി ബന്ധുജനങ്ങൾക്ക്‌ നഷ്ടപരിഹാരവും നൽകാം. ഇതോടെ കഴിയുന്നു നമ്മുടെ കടമകളെല്ലാം. ഇനി അടുത്ത ദുരന്തം ഉണ്ടാകുന്നതുവരെ സ്വസ്ഥം.

നമ്മളിങ്ങനെയാണ്‌. ഒരു ദുരന്തം ഉണ്ടാകുന്നതുവരെ നിശബ്ദരാകും. ഉണ്ടായിക്കഴിഞ്ഞാൽ അതിന്റെ കാരണങ്ങളുടെ പിറകെ നടക്കും. പിന്നെ എല്ലാം മറക്കും. അതുകൊണ്ടാണല്ലോ മുഹമ്മയിലെ ബോട്ടു ദുരന്തത്തിനുശേഷവും തട്ടേക്കാട്‌ ദുരന്തം ഉണ്ടാകുന്നത്‌.

പന്ത്രണ്ടോളം ഉല്ലാസബോട്ടുകൾ പ്രവർത്തിക്കുന്ന തട്ടേക്കാടിൽ ആകെ സർക്കാർ ലൈസൻസ്‌ ഉള്ളത്‌ അഞ്ചിനു മാത്രം. ഇതുപോലെ നെയ്യാർ, തേക്കടി, കുമരകം, മലമ്പുഴ തുടങ്ങിയ ജലവിനോദകേന്ദ്രങ്ങളിലെ ബോട്ടുകളിൽ മിക്കവയ്‌ക്കും സർക്കാർ അനുമതിയില്ല. അനുമതി വാങ്ങിയവയ്‌ക്കാകട്ടെ, അത്‌ കിട്ടിയ വഴി പുറത്തു പറയുവാനും പറ്റില്ല. അത്രയ്‌ക്കുണ്ട്‌ ഇവയിൽ പലതിന്റെയും ഫിറ്റ്‌നസ്‌.

ടൂറിസത്തിന്റെ വളർച്ചയിൽ ഏറെ ആവേശഭരിതരാണ്‌ കേരളീയർ. എണ്ണം പറഞ്ഞ വിനോദസഞ്ചാര കേന്ദ്രങ്ങൾ കാണിച്ച്‌ വിദേശീയരേയും സ്വദേശീയരേയും സ്വാഗതം ചെയ്‌ത്‌ പണം കൊയ്യാൻ ഒരുങ്ങുകയാണ്‌ നാം. കടലും കായലും കാടും കൊണ്ട്‌ കുറേ ഏറെ സമ്പന്നമായ കേരളത്തിന്റെ വിനോദസഞ്ചാര നിഘണ്ടുവിൽ സുരക്ഷ എന്ന വാക്കിന്‌ സ്ഥാനമില്ല എന്നു വേണം കരുതാൻ. കൃത്യമായ പ്ലാനിംഗില്ലാതെ നാം നടത്തുന്ന ഇത്തരം വിനോദസഞ്ചാരങ്ങൾ ഏറെ ദുരന്തങ്ങൾ വരുത്തിവയ്‌ക്കും എന്ന്‌ തീർച്ച. ഒരു അപകടം നടന്നാൽ, സുരക്ഷ ഉദ്യോഗസ്ഥർക്ക്‌ ഉടനടി സ്ഥലത്ത്‌ എത്തുവാൻ സാധിക്കുകയോ, എത്തിയാൽ തന്നെ അപകടത്തിൽപ്പെട്ടവരെ രക്ഷിക്കുന്നതിന്‌ ആവശ്യമായ ഉപകരണങ്ങളോ ഇല്ല എന്നതാണ്‌ സത്യം. ചെകിടൻ വെടിക്കെട്ട്‌ കണ്ടുനിൽക്കുന്നതുപോലെ അപകടം കണ്ടുനിൽക്കുവാൻ മാത്രം വിധിക്കപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ ഉള്ള നമ്മുടെ നാട്ടിൽ എന്തിന്‌ ഇത്തരം ടൂറിസം പ്രമോഷനുകൾ.

സാങ്കേതികമായ കൃത്യതയുള്ള പ്രവർത്തനം മാത്രമാണ്‌ ഇതിനൊക്കെ ഉത്തരം. തട്ടേക്കാട്‌ ദുരന്തത്തിന്റെ കാര്യത്തിൽ അത്‌ ബോട്ടിന്‌ ലൈസൻസ്‌ കൊടുക്കുന്നതുതൊട്ട്‌ അത്തരം ആളുകളെ നിരീക്ഷിക്കുന്നതിനും, കൃത്യമായ മുന്നറിയിപ്പ്‌ കൊടുക്കുന്നതിനും, ഉയർന്ന നിലവാരത്തിലുള്ള സുരക്ഷാക്രമീകരണങ്ങൾ സജ്ജീകരിക്കുന്നതിനും വരെ ഉണ്ടാകണം. അല്ലാത്തപക്ഷം ഇത്തരം ദുരന്തങ്ങൾ, അത്‌ ജലത്തിലായാലും കരയിലായാലും നമ്മെ തേടിയെത്തും. കാരണം ഇതൊന്നും മനുഷ്യശക്തിയ്‌ക്കപ്പുറമുള്ള ദുരന്തങ്ങളല്ല. മറിച്ച്‌ ഉത്തരവാദിത്വമില്ലായ്‌മയുടെ, സാങ്കേതിക നിലവാരമില്ലായ്‌മയുടെ അതിനുമപ്പുറം ഒട്ടേറെപ്പേരുടെ ആത്മാർത്ഥതയില്ലായ്‌മയുടെ അനുഭവക്കുറിപ്പുകളാണ്‌. ഇനിയും ഒരു ദുരന്തത്തിനായി നാം കാത്തിരിക്കരുത്‌.

പെരിയാറിന്റെ ആഴത്തിൽ പൊലിഞ്ഞ പ്രിയപ്പെട്ടവർക്ക്‌ ആദരാജ്ഞലികൾ….

Generated from archived content: edit_feb22_07.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here