മഹത്‌ജീവിതങ്ങളുടെ ഓർമ്മദിവസങ്ങളിലെങ്കിലും ചിന്തിക്കേണ്ടത്‌

ലോകം സമാധാനത്തിന്റെ പുത്രനെ ഓർമ്മിക്കുകയാണ്‌. ഡിസംബറിന്റെ സ്‌നേഹം ക്രിസ്‌തുവിലൂടെയാണ്‌ നാം അറിയുന്നത്‌. മനുഷ്യചരിത്രത്തിന്റെ മഹാപാതകളിൽ ഇതുപോലൊരാൾ ലോകജനതയെ സ്പർശിച്ചിട്ടില്ലെന്ന്‌ വ്യക്തം. നക്ഷത്രം തിളങ്ങിയ ജന്മം മുതൽ മഹാപീഡനത്തിന്റെ ഒടുക്കം വരെയുളള ജീവിതത്തിൽ മാനവികതയുടെയും ഉദാത്ത സ്‌നേഹത്തിന്റെയും വചനങ്ങളും പ്രവർത്തിയും ഉയർത്തിയ ക്രിസ്‌തു നല്‌കുന്ന പാഠങ്ങളെ നാം മറക്കുകയാണ്‌. ലോകത്തിന്റെ മുഴുവൻ പാപങ്ങളെയും ദുരിതങ്ങളെയും ശരീരത്തിലേക്കും മനസ്സിലേക്കും ആവാഹിച്ച്‌ സ്വയം വേദനിച്ച ഈ മനുഷ്യസ്‌നേഹിയെ ഇനിയും തിരിച്ചറിയാതെ പോയതാണ്‌ നമ്മുടെ ഏറ്റവും വലിയ നഷ്‌ടങ്ങളിലൊന്ന്‌. ക്രിസ്‌തുമസും ഈസ്‌റ്ററും ആഘോഷങ്ങളിൽ മാത്രമൊതുക്കി, ക്രിസ്‌തു നല്‌കിയ സാന്ത്വനസ്‌പർശങ്ങളെ നാം മറന്നുപോകുന്നു. നമ്മളിൽ ഒരു ക്രിസ്‌തുവിനെ ഉണർത്താതെ വീണ്ടും വീണ്ടും ചെറിയവരാകുന്നു.

എന്തുകൊണ്ടാണ്‌ ക്രിസ്‌തുവും നബിയും ബുദ്ധനുമൊക്കെ മാനവകുലത്തിന്റെ ഓർമ്മകളിൽനിന്നും ‘ഡിലീറ്റ്‌’ ചെയ്യപ്പെടാതെ നിലനില്‌ക്കുന്നത്‌. കാലാകാലങ്ങളായി ഇവരുടെയൊക്കെയും അനുയായികളിൽ പലരും സാമ്പത്തിക രാഷ്‌ട്രീയലാഭങ്ങളുടെ വഴികളായി ഇവരെ വ്യാഖ്യാനിക്കുമ്പോഴും നിത്യസ്‌നേഹത്തിന്റെ വിശുദ്ധ സ്‌മാരകങ്ങളായി ഇവരിന്നും കളങ്കപ്പെടാതെ നിലനില്‌ക്കുന്നതെന്തുകൊണ്ടാണ്‌. ത്യാഗപൂർണ്ണമായ ഒരു ജീവിതത്തിന്റെ സത്യം ഇവർ അനുഭവിച്ചിരുന്നു എന്നതാണ്‌ നേര്‌. ജീവിതകാലം മുഴുവൻ ലോകത്തിന്റെ വേദനകളിൽ നീറി ദഹിച്ചവരാണിവർ. മാനവദുരിതങ്ങൾക്ക്‌ പരിഹാരം തേടി വേദനിക്കുന്ന വഴികളിലൂടെ സഞ്ചരിച്ചവരാണിവർ. ദൈവപുത്രനെന്നും പ്രവാചകനെന്നും ഗുരുവെന്നുമുളള ചട്ടക്കൂടിനുമപ്പുറം മനഷ്യനിലെ നേരിലെ തുറന്നു കാട്ടിയ അപൂർവ്വം ജന്മങ്ങളിൽ ചിലതാണിവർ.

കാലം മാറിയിരിക്കുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും ഇവരൊക്കെ പലർക്കും ആഘോഷവേളകളിൽ ഉപയോഗിക്കുന്ന സ്‌റ്റഫ്‌ ചെയ്‌ത രൂപങ്ങളായി മാറിയിരിക്കുന്നു. പകരം പുതിയ പ്രവാചകരും ഗുരുക്കൻമാരും നമ്മെ തേടിയെത്തിയിരിക്കുന്നു. സഹനത്തിന്റെയും ത്യാഗത്തിന്റെയും വില എന്തെന്നറിയാതെ പുതു അവതാരങ്ങൾ ദൈവങ്ങളാകാൻ ഒരുങ്ങുന്നു. നന്നായി കച്ചവടം നടത്തുന്നു. മണിചെയിൻ സിസ്‌റ്റം പോലെ, പ്രാണായാമത്തെ രസീറ്റിലെഴുതിയ പണത്തിന്റെ കനംപോലെ, ഘട്ടംഘട്ടമായി നല്‌കുന്ന ഗുരുവര്യന്മാർ അവതരിക്കുന്നു. ചിട്ടിക്കമ്പനി നടത്തുന്ന അമ്മദൈവങ്ങൾ വിലസുന്നു. ഭഗവത്‌ഗീതപോലും മനസ്സുതുറന്നു വായിക്കാത്ത ആത്മീയാചാര്യർ ജയിലഴി എണ്ണുന്നു. ഗുരുവും പ്രവാചകനും മനുഷ്യദൈവവുമാകുക എന്നത്‌ കമ്പോളത്തിലെ പുതിയ വില്പന തന്ത്രമാകുന്നു. ലോകം നിറയെ ഇങ്ങനെ കുറെ പ്രതിഭാസങ്ങൾ ഉണ്ടാകുന്നുണ്ട്‌. ഇപ്പറഞ്ഞത്‌ നമ്മുടെ പരിമിത അറിവിൽ പെട്ടതുമാത്രം.

ക്രിസ്‌തുവും നബിയും ബുദ്ധനുമൊക്കെ നല്‌കിയ കണക്കുകൾ നിരത്താത്ത സ്‌നേഹത്തിന്റെ മുന്നിൽ പുതിയ അവതാരങ്ങൾ ചുരുങ്ങുന്നത്‌ നമുക്ക്‌ കാണാവുന്നതാണ്‌; കണ്ണുകൾ ഒന്നു തുറന്നു നോക്കിയാൽ മാത്രം. വെറും ആഘോഷങ്ങളിൽ ഈ മഹാന്മാരുടെ ഓർമ്മകൾ പുതുക്കുന്നതിൽ കാര്യമില്ല. പകരം ഓരോരുത്തരുടേയും മനസ്സിൽ ക്രിസ്‌തുവിനെയും നബിയെയും ബുദ്ധനെയും പിന്നെ നമ്മളറിയുന്ന ഓരോ മനുഷ്യസ്‌നേഹിയേയും ഉണർത്തി നാം വലിയവരാകാൻ ശ്രമിക്കണം. ഇവർ നല്‌കിയ സാന്ത്വനത്തിനൊപ്പമാകില്ല കച്ചവടത്തിന്റെ കണ്ണുകളിലൂടെ ചിലർ നല്‌കുന്ന ഇൻസ്‌റ്റന്റ്‌ സാന്ത്വനങ്ങൾ. ഏവർക്കും ക്രിസ്‌തുമസ്‌ നവവത്സര ആശംസകൾ.

Generated from archived content: edit_dec22.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English