ഇത്‌ പാർലമെന്റിന്‌ തീരാകളങ്കം

ഒരു ശത്രുരാജ്യം നമ്മെ ആക്രമിച്ചു കീഴടക്കിയാലും കൊടിയ അപമാനമായെന്നു കരുതുക വയ്യ. തിരിച്ചു പൊരുതാനുളള മനസ്സെങ്കിലും ഉണ്ടായിരിക്കണമെന്നുമാത്രം. പക്ഷെ ഇന്ത്യൻ പാർലമെന്റിൽ അരങ്ങേറിയ നാടകങ്ങൾ നമുക്ക്‌ നല്‌കിയത്‌ കൊടും അപമാനത്തിന്റെ നീറ്റലാണ്‌. തെഹൽക്കാ ഫെയിം അനിരുദ്ധ ബഹാലിന്റെ രഹസ്യ ക്യാമറ പാർലമെന്റിലേയ്‌ക്ക്‌ മിഴിതുറന്നപ്പോൾ കണ്ട കാഴ്‌ച, ഒരു ജനാധിപത്യ വ്യവസ്ഥയിലെ ഏറ്റവും അധഃപതിച്ച രംഗങ്ങളാണ്‌. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങിക്കൂട്ടുന്ന അംഗങ്ങളെ ‘ഓപ്പറേഷൻ ദുര്യോധൻ’ എന്ന പേരിൽ നടത്തിയ രഹസ്യനീക്കത്തിലൂടെ ബഹാൽ ജനങ്ങൾക്കുമുന്നിൽ കൊണ്ടുവന്നപ്പോൾ ഒരു രാഷ്‌ട്രത്തിന്റെ അന്തസ്സിനേറ്റ ഏറ്റവും വലിയ ഇരുട്ടടിയായി. ഒരു രാജ്യസഭാ അംഗമുൾപ്പെടെ പതിനൊന്ന്‌ എം.പിമാരാണ്‌ ഇവിടെ കുടുങ്ങിയത്‌. ഇതിൽ ബി.ജെ.പിക്കാരനും ബി.എസ്‌.പിക്കാരനും ആർ.ജെ.ഡിക്കാരനും കോൺഗ്രസുകാരനും ഉൾപ്പെട്ടതുകൊണ്ട്‌ ഈ രോഗം ഒരു പാർട്ടിക്കോ വിഭാഗത്തിനോ മാത്രമല്ല ഏതൊരംഗത്തിനും ബാധിക്കാവുന്നതാണെന്ന കണ്ടെത്തലും ഇവിടെ തിരിച്ചറിയപ്പെടുന്നുണ്ട്‌. കോഴ വാങ്ങി ആവശ്യക്കാർക്ക്‌ വേണ്ട ചോദ്യങ്ങൾ അംഗങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുമ്പോൾ, ഒരാളെ എം.പിയാക്കാൻ കോടികൾ ഒഴുക്കുന്ന വ്യവസായ പ്രമുഖരുടെയും മാഫിയകളുടെയും കൃത്യമായ ലക്ഷ്യങ്ങൾ കൂടി വെളിപ്പെടുകയാണ്‌ ഇവിടെ. പരസ്പരം മത്സരിക്കുന്നവർക്ക്‌ ഒരുപോലെ പണം വാരിക്കോരി നൽകുമ്പോൾ ഇത്തരക്കാർ ഒരു രാഷ്‌ട്രത്തിന്റെ പാർലമെന്റിനെ വിലക്കുവാങ്ങുകയാണ്‌ എന്നതാണ്‌ സത്യം. ഇത്തരത്തിൽ അവിടെ തീരുമാനിക്കപ്പെടുന്ന കാര്യങ്ങൾ സുതാര്യങ്ങളാകുന്നില്ല, അവ ജനത്തോട്‌ ചേർന്നു നിൽക്കുന്നതാകുന്നില്ല. ജനാധിപത്യം എന്ന വാക്കിന്‌ നമ്മുടെ പാർലമെന്റിന്റെ അകത്ത്‌ മറ്റൊരർത്ഥമാണ്‌ ഉണ്ടാകുന്നത്‌.

പാർലമെന്റ്‌ നടപടികളിൽ ഏറ്റവും സുപ്രധാനമായ ഒന്നാണ്‌ ചോദ്യോത്തരവേള. സർക്കാരിൽനിന്നും ആധികാരികമായ മറുപടി ലഭിക്കുന്ന അവസരമാണിത്‌. ആവശ്യകാർക്ക്‌ അനുകൂലമായ മറുപടികൾ ലഭ്യമാക്കുവാൻ എം.പിമാരിലൂടെ സാധ്യമാക്കാനാവും എന്നതാണ്‌ ഈ അഴിമതിയുടെ മൂലകാരണം. വൻ കോർപ്പറേറ്റുകൾ അടക്കം പലരും തങ്ങൾക്ക്‌ അനുകൂലമായ മറുപടികൾ സർക്കാരിൽനിന്നും ലഭ്യമാകുന്നതിന്‌ ചോദ്യോത്തരവേള ഉപയോഗിക്കുന്നു. ചോദ്യമുന്നയിക്കുന്ന എം.പിമാർക്ക്‌ കിട്ടുന്നത്‌ അവർക്കാവശ്യമായ കാശും മറ്റുപലതും. പൊതുജനത്തിന്‌ ഉപകാരപ്രദമായ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ചോദ്യോത്തരവേള ഇങ്ങനെ കൃത്യമായി അട്ടിമറിക്കപ്പെടുന്നു.

പതിനഞ്ച്‌ ചോദ്യങ്ങൾ സഭയിലുന്നയിക്കാൻ മഹാരാഷ്‌ട്രയിലെ ഒരു ബി.ജെ.പി എം.പി വാങ്ങിയത്‌ 35,000 രൂപയാണ്‌. ഒരു ചോദ്യത്തിന്‌ 2,333 രൂപയും ചില്ലറയും മാത്രമെ ആകുന്നുളളൂ. 30 വെളളിക്കാശിനുവേണ്ടി യേശുവിനെ ഒറ്റുകൊടുത്ത യൂദാസും അഞ്ചുരൂപ കൈക്കൂലി വാങ്ങുന്ന തമിഴ്‌നാട്ടിലെ ട്രാഫിക്‌ പോലീസുകാരനും എത്രഭേദം. കാൽകാശിനുപോലും ഇവരൊക്കെ എന്ത്‌ തെമ്മാടിത്തരവും ചെയ്യും എന്നതിന്റെ തെളിവുകളാണിതെല്ലാം.

ജനാധിപത്യം ഉയർത്തിക്കാണിക്കാൻ വോട്ടുചെയ്‌ത്‌ നെഞ്ചുവിരിച്ചു നടക്കുന്ന ജനങ്ങൾ മാറ്റി ചിന്തിക്കേണ്ട അവസ്ഥയാണിത്‌. വോട്ടു ചെയ്യുകയെന്നത്‌ ജനാധിപത്യത്തിലെ ഏറ്റവും വലിയ മൂല്യമല്ലെന്നും അതൊരു ഗതികേടാണെന്നും ജനം ചിന്തിക്കുന്നതിൽ തെറ്റില്ല.

എന്തായാലും, ‘ഓപ്പറേഷൻ ദുര്യോധ’നിലൂടെ ബഹാൽ ഉന്നം പിടിച്ച വെടി വേണ്ടിടത്തുതന്നെ ഏറ്റതിനാൽ ഈ പതിനൊന്നുപേരെയും പുറത്താക്കാൻ ഒരു പാർട്ടിക്കാർക്കും അധികം സമയം വേണ്ടിവന്നില്ല. അത്രയും നല്ലത്‌. രഹസ്യക്യാമറ ഉപയോഗിച്ചതിന്റെ നൈതികതയെയാണ്‌ വെളിപ്പെടുത്തലിൽ കുടുങ്ങിയ എം.പിമാർ പ്രതിരോധമായി ഉയർത്തുന്നത്‌. ഭാഗ്യം പാതിരായ്‌ക്ക്‌ സൂര്യനുദിക്കാത്തത്‌. ബഹാലിന്റെ രഹസ്യക്യാമറ ഒരു കൊച്ചുസൂര്യനെന്ന്‌ കരുതിയാൽ മതി.

Generated from archived content: edit_dec14_05.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here