എം.എസ്‌.സുബ്ബലക്ഷ്‌മി

കലയും ജീവിതവും തമ്മിൽ വേർതിരിക്കാനാവാത്തവിധം ചേർന്നു നില്‌ക്കുന്ന പ്രതിഭകൾ വിരലിലെണ്ണാവുന്നവർ മാത്രമായിരിക്കും. സംഗീതലോകത്തെ ഇത്തരം പേരുകളിൽ ആദ്യസ്ഥാനക്കാരി എം.എസ്‌. സുബ്ബലക്ഷ്‌മിയാണ്‌. ഭാരതീയരുടെ പ്രഭാതങ്ങളിൽ എന്നും ഒരു വെങ്കിടേശ്വര സുപ്രഭാതത്തിന്റെ കുളിർമ നല്‌കിയ മഹാപ്രതിഭയാണ്‌ എം.എസ്‌. സുബ്ബലക്ഷ്‌മി. ഭക്തിയുടെയും ലാളിത്യത്തിന്റെയും ഹൃദയശുദ്ധി സമന്വയിപ്പിച്ച്‌ കർണാടിക്‌ സംഗീതത്തെ ലോകത്തിന്റെ സംഗീതമാക്കി മാറ്റുകയായിരുന്നു എം.എസ്‌. സംഗീതത്തെ മാത്രം സ്‌നേഹിച്ച, പിന്നോക്ക സമുദായമായ ദേവദാസികുലത്തിൽ ജനിച്ച സുബ്ബലക്ഷ്‌മി സംഗീതലോകത്ത്‌ ദേവിയായി മാറിയത്‌ കാലം തിരിച്ചറിഞ്ഞ നീതികൊണ്ടാണ്‌. സംഗീതത്തെ ഇത്രമാത്രം സ്‌നേഹിച്ച ആരുണ്ട്‌ എന്ന ചോദ്യത്തിനുത്തരമാണ്‌ സുബ്ബലക്ഷ്‌മിക്ക്‌ സംഗീതാസ്വാദകർ നല്‌കിയ മനസ്സുനോവുന്ന വേർപാട്‌.

1916 സെപ്തംബർ 16 സംഗീതവിദഗ്‌ദ്ധ ഷൺമുഖവടിവിന്റെ മകളായി ജനിച്ച സുബ്ബലക്ഷ്‌മിയുടെ ആദ്യഗുരു അമ്മതന്നെയായിരുന്നു. അന്തരിച്ച പത്രപ്രവർത്തകനായ ടി.സദാശിവമാണ്‌ ഭർത്താവ്‌.

സംഗീതം തന്നെയായി ജീവിച്ച ഈ മഹാപ്രതിഭയ്‌ക്ക്‌ എണ്ണിയാലൊടുങ്ങാത്ത ബഹുമതികളാണ്‌ ലഭിച്ചത്‌. പത്‌മഭൂഷൺ, കാളിദാസ പുരസ്‌കാരം, കൊനാർക്ക്‌ സമ്മാനം, സർവ്വകലാശാലകളുടെ ഡോക്‌ടറേറ്റ്‌ ബിരുദങ്ങൾ എന്നിങ്ങനെ ഒട്ടേറെ. ഈ നിർമ്മല നാദത്തിന്‌ രാജ്യം ഭാരതരത്‌നം നല്‌കി ആദരിക്കുകയുണ്ടായി. വിവിധ രാജ്യങ്ങളിലും യു.എൻ.ഉച്ചകോടിയിലും എം.എസ്‌.നടത്തിയ ആലാപനങ്ങൾ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി.

തന്റെ ഇഷ്‌ടഭജനുകളെല്ലാം എം.എസ്‌ പാടി കേൾക്കണമെന്ന്‌ ആഗ്രഹിച്ച ഗാന്ധിജിയും, ഈ സംഗീതപ്രതിഭയുടെ മുന്നിൽ ഞാൻ വെറും പ്രധാനമന്ത്രിയെന്ന്‌ പറഞ്ഞ നെഹ്‌റുവും സുബ്ബലക്ഷ്‌മിയുടെ ആലാപനത്തിനുപകരം ഞാനെന്റെ രാജ്യം തരാം എന്ന്‌ വാഗ്‌ദാനം ചെയ്‌ത ഉദയ്‌പൂർ മഹാറാണയുമടക്കം ഈ പാട്ടുകാരിയെ തിരിച്ചറിഞ്ഞവർ ഏറെ. ആലാപനം കൊണ്ട്‌ മാത്രമല്ല ഹൃദയശുദ്ധിയോടെ ലോകത്തെ സ്‌നേഹിച്ച കലാകാരി എന്ന നിലയിലും സുബ്ബലക്ഷ്‌മി എന്നും ആരാധിക്കപ്പെടും. കാലമെത്ര കഴിഞ്ഞാലും ഭാരതീയന്റെ ദിനങ്ങളെ ഉണർവോടെ സ്വാഗതം ചെയ്യുന്ന വെങ്കിടേശ്വര സുപ്രഭാതം എന്നും ഉയരുക തന്നെ ചെയ്യും. രാജ്യത്തിന്റെ പ്രിയ പാട്ടുകാരിക്ക്‌ ആദരാഞ്ഞ്‌ജലികൾ….

Generated from archived content: edit_dec13.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here