ബഷീർ കണ്ട കാഴ്‌ചകൾ

1994 ജൂലൈ 5ന്‌ ഈ ലോകത്തോട്‌ ഹൃദയപൂർവ്വം നന്ദി പറഞ്ഞ്‌ വൈക്കം മുഹമ്മദ്‌ ബഷീർ പിരിഞ്ഞുപോയപ്പോൾ മലയാള സാഹിത്യലോകത്തെ വലിയൊരു കാഴ്‌ചയും കണ്ണുമാണ്‌ നമുക്ക്‌ നഷ്‌ടമായത്‌. ബഷീർ എന്തെഴുതി എന്നതിനപ്പുറം ബഷീർ എങ്ങിനെ എഴുതി എന്നും, ബഷീർ എങ്ങിനെയായിരുന്നു എന്നത്‌ മറന്ന്‌ ബഷീർ ഇനി എങ്ങിനെയാകണം എന്നും ചിന്തിക്കുന്നവരുടെ ഇടയിൽ കിടന്ന്‌ ബഷീറിന്റെ ആത്മാവും സാഹിത്യവും ഇന്ന്‌ വീർപ്പുമുട്ടുകയാണ്‌. എൻ.എസ്‌. മാധവൻ കണ്ടെത്തിയ ബഷീറിന്റെ ബദൽ ജീവചരിത്രക്കുറിപ്പ്‌ തുടങ്ങിവച്ച വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ബഷീറിന്റെ സാഹിത്യത്തേയും ജീവിതത്തേയും കുറിച്ച്‌ പഠിക്കാനും വിശകലനം ചെയ്യാനും അഭിപ്രായം പറയാനും എൻ.എസ്‌.മാധവനു മാത്രമല്ല ബഷീറിനെ സ്‌നേഹിക്കുന്നവർക്കും വെറുക്കുന്നവർക്കും കൂടി കഴിയും. ബഷീർ പറഞ്ഞതിൽ പാതി നുണയാണെന്ന്‌ വാദിക്കുന്നവർക്ക്‌ പാതി മാത്രമല്ല മുഴുവനും നുണയായിരുന്നെന്ന്‌ ഇന്ന്‌ ബഷീർ ജീവിച്ചിരുന്നെങ്കിൽ ഒരു കളളച്ചിരിയോടെ മറുപടി കൊടുത്തേനെ. ഇത്തരം വലിയ ബഷീറിയൻ നുണകൾ മലയാളികൾ ഇഷ്‌ടപ്പെടുന്നിടത്താണ്‌ ബഷീർ തന്റെ സാമ്രാജ്യം കെട്ടിപ്പെടുത്തത്‌. ബഷീർ കണ്ടകാഴ്‌ചകൾ ബഷീറിനു മാത്രം സ്വന്തം, ബഷീർ എഴുതിയ കാഴ്‌ചകൾ നമുക്കും സ്വന്തമാക്കാം.

എൻ.എസ്‌. മാധവന്റെ കണ്ടെത്തെലുകൾക്ക്‌ മറുപടിയായി എഴുതിയ പലരുടെയും വരികളിൽ ഇരുളിൽ തടയുന്ന മതമൗലികവാദത്തിന്റെ കറുത്ത നൂലിഴകൾ കാണാനാകും. മുസ്ലീങ്ങളായ മാതാപിതാക്കൾക്ക്‌ ജനിച്ചതുകൊണ്ടും ബഷീർ എന്ന പേര്‌ ഏറ്റുവാങ്ങിയതുകൊണ്ടും ബഷീർ വെറും മുസ്ലീം മാത്രമായി മാറുന്നില്ല. ഹിന്ദു സന്യാസിയായും, സൂഫിയായും ലോകം മുഴുവൻ ചുറ്റിയ സഞ്ചാരിയായും ജീവിച്ച (എൻ.എസ്‌. മാധവന്റെ പക്ഷത്തുനിന്ന്‌ ചിന്തിച്ചാൽ ഇങ്ങനെയൊക്കെ ആകാൻ ആഗ്രഹിച്ച) ബഷീറിന്‌ എന്ത്‌ മതം, എന്ത്‌ ജാതി? ബഷീറിനെ മുസ്ലീം മാത്രമാക്കാൻ പണിപ്പെട്ടെഴുതുന്നവരേ.. ഈ എഴുത്തുകാരനെ മലയാളികൾക്ക്‌ വിട്ടുകൊടുക്കുക. ഇമ്മിണി ബല്ല്യേ നുണകൾ പറഞ്ഞ ഈ സുൽത്താനെ കാലങ്ങളോളം പൊന്നുപോലെ ഇവർ ഹൃദയത്തിൽ കൊണ്ടു നടന്നുകൊളളും.

Generated from archived content: edit_basheer.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English