അരുത്‌! നാം വെറുതെയിരുന്നുകൂടാ…

മലയാളത്തിൽ അവാർഡുകൾ വിവാദങ്ങളുയർത്തുക പതിവാണ്‌. എഴുത്തുപോലെ തന്നെ നമ്മുടെ കൊച്ചുപ്രദേശത്തിന്റെ എഴുത്താളുകൾക്കും വിശാലലോകത്തെക്കുറിച്ചുളള വലിയ കാഴ്‌ചകളൊന്നുമില്ലാത്തതിന്റെ അസുഖമാണ്‌ പലപ്പോഴും ഈ വിവാദങ്ങളുടെ പിന്നണി. കിട്ടിയവൻ അഹന്തകൊണ്ടും; ചിലപ്പോഴൊക്കെ “എടുത്തപണി” പാഴായില്ലെന്ന ആഹ്ലാദംകൊണ്ടും; കിട്ടാത്തവൻ നമ്മളാദ്യം പറഞ്ഞ കൊതിക്കുറവുകൊണ്ടും സൃഷ്‌ടിക്കുന്ന മലിനീകരണങ്ങൾ മാത്രമാണ്‌ കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകളിൽ മലയാള സാഹിത്യത്തിന്റെ ഭാവുകത്വചർച്ചകൾ. അതുകൊണ്ടുതന്നെ പുരസ്‌കാരങ്ങൾക്ക്‌ മുന്നിലും പിന്നിലും വരുന്ന വിവാദമലിനീകരണങ്ങളെ ബോധത്തിന്റെ തരിമ്പെങ്കിലും അവശേഷിക്കുന്നവർ അവഗണിക്കുക തന്നെവേണം. വയലാർ അവാർഡുവിവാദത്തെ അവഗണിച്ചതുപോലെ.

എന്നാൽ കമല സുറയ്യയ്‌ക്ക്‌ ലഭിച്ച എഴുത്തച്ഛൻ പുരസ്‌കാരം-ഉയർത്തിവിട്ട വിവാദങ്ങൾ ലോകബോധമില്ലാത്തവന്റെ അല്പത്വപൂർണ്ണമായ ജല്പനങ്ങളായി തളളി കളഞ്ഞുകൂടാ. കാരണം അത്‌ സംഘടിതമായ “പുതുലോകബോധത്തിന്റെ” അക്രാമകമായ വെല്ലുവിളികളാണ്‌. ഒരുപക്ഷേ എഴുത്താണിക്കപ്പുറത്ത്‌ ഒരു പേരുപോലും കൊത്തിവെക്കാതെ തന്റെ സ്വത്വത്തിന്റെ നേരടയാളമായി കയ്‌ക്കുന്ന ഒരു കാഞ്ഞിരം മാത്രം ബാക്കിവെച്ചുപോയ ഒരു പഴയ കവിയെ സംഘടിതമതം ക്രൂരമായി അപഹരിക്കുന്നതിന്റെ ലക്ഷണമാണത്‌. ജീവിതം കാഞ്ഞിരത്തിന്റെ അസുഖമായ ഓർമ്മയാണെന്ന്‌ പ്രഖ്യാപിക്കുകയും സ്വാതന്ത്ര്യത്തിന്റെ മഹാകാശങ്ങളിൽ വിരിയുന്ന നീർമാതളങ്ങളെ സ്വത്വത്തിന്റെ ഓർമ്മപ്പെടുത്തലാക്കി മാറ്റുകയും ചെയ്ത ഒരു കവയത്രിയെ അപമാനിക്കാനുളള, അക്രമിക്കാനുളള സംഘം ചേരലാണത്‌.

Generated from archived content: edit_award.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here