ഇറാഖികളുടെ രക്‌തം സമ്മാനിക്കുന്ന പുതിയ പാഠങ്ങൾ

ഇറാഖിലെ നിസ്സഹായരും നിരാലംബരുമായ മനുഷ്യർക്കുമേൽ അമേരിക്കൻ അധിനിവേശസേന നടത്തുന്ന പൈശാചികമായ ആക്രമണം പ്രതീക്ഷിച്ചതുപോലെ തന്നെ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ നരഹത്യയിലേക്ക്‌ പ്രവേശിച്ചു കഴിഞ്ഞു. റുത്തുബയിലെ കുട്ടികളുടെ ആശുപത്രിയിലും ബഗ്‌ദാദിലെ ആശുപത്രികളിലും മാരകമായ ബോംബുവർഷം ചൊരിഞ്ഞും ജീവഭയംകൊണ്ട്‌ പലായനം ചെയ്യുന്നവരെ പിന്തുടർന്ന്‌ ചെന്ന്‌ വെടിവെച്ചുകൊന്നും ‘ഇറാഖിന്റെ മോചനത്തിനുളള യുദ്ധം’ അതിവേഗം മുന്നേറുകയാണ്‌. എപ്പോൾ എന്നത്‌ മാത്രമാണ്‌ ബഗ്‌ദാദിന്റെയും സദ്ദാം ഹുസൈന്റെയും പതനത്തെ സംബന്ധിച്ച്‌ സാമാന്യബുദ്ധിയുളളവരിൽ ഉണ്ടാകുന്ന സംശയം. ഒരുപക്ഷെ ഇറാഖിലെ ധീരന്മാരായ മനുഷ്യർ അവരുടെ സമ്പന്നമായ സംസ്‌കൃതിയുടെ അടിവേരുകളിൽ നിന്നുളള ഊർജ്ജപ്രവാഹത്തിൽ ആവേശമുൾക്കൊണ്ട്‌ ചാവേറുകളായി പൊരുതി നിന്നേക്കാം. ഒരു സംസ്‌കാരത്തിന്റെയും മര്യാദയുടെയും ഭാരമില്ലാത്ത നരാധമൻമാരോട്‌ അങ്ങനെ എത്രകാലം പോരാടാൻ കഴിയുമെന്ന്‌ കണ്ടറിയണം. കരയുദ്ധത്തിൽ ഒരുപക്ഷെ പരാജയപ്പെട്ടാലും ആകാശമാർഗ്ഗം ചീറിവരുന്ന യാങ്കികളുടെ തീവിഴുങ്ങിപക്ഷികൾ മെസെപ്പൊട്ടോമിയൻ നാഗരികതയുടെ കളിത്തൊട്ടിലായ ഇറാഖി മണ്ണിനെ ഭസ്‌മീകരിക്കുകതന്നെ ചെയ്യും. സദ്ദാമിന്റെ അടുക്കളയിൽ ഒരു പേനാക്കത്തിപോലുമില്ലെന്ന്‌ കൂലി പരിശോധകരെവിട്ട്‌ മനസ്സിലാക്കിയ ജോർജ്ജ്‌ വാർ ബുഷിന്‌ കാര്യങ്ങൾ എളുപ്പമാകാതിരിക്കില്ലല്ലോ. ഇറാഖി ജനതയുടെ ആത്മവീര്യവും സംസ്‌കാരത്തിന്റെ പിൻബലവും അളക്കാനുളള ബുദ്ധിമാത്രമേ യാങ്കികൾക്ക്‌ ഇല്ലാതെ പോയുളളൂ. നാടായ നാട്ടിലൊക്കെ സോപ്പും ചീപ്പും വിറ്റ്‌ പണം സമ്പാദിച്ചാൽ ഉണ്ടാകുന്നതല്ലല്ലോ പൈതൃകം. അധിനിവേശത്തിന്റെ ആർത്തിപെരുത്ത്‌ നാടുതെണ്ടുന്നതിനിടയിൽ തന്തയ്‌ക്കുപിറന്ന മക്കളെ സൃഷ്‌ടിക്കാൻ മാത്രമാണ്‌ പണ്ടും ഇന്നും ബുഷുമാർക്ക്‌ സാധിക്കാത്തത്‌.

പക്ഷേ എന്താണ്‌ ഈ ആക്രമണം ലോകസമൂഹത്തിന്‌ സമ്മാനിക്കുന്ന പാഠം. സൂക്ഷ്‌മമായി പരിശോധിച്ചാൽ മനുഷ്യരാശിയ്‌ക്ക്‌ പൊതുവിൽ ആശാവഹമായ ചില മാറ്റങ്ങൾ ലോകക്രമത്തിൽ വരുത്താൻ ആക്രമണത്തിനു കഴിഞ്ഞു എന്ന്‌ കാണാം. അതിലൊന്ന്‌ സോവിയറ്റ്‌ യൂണിയന്റെ പതനത്തിനുശേഷം അപ്രമാദിതയോടെ ലോകപോലീസായി വിലസിയിരുന്ന അമേരിക്കയ്‌ക്ക്‌ ബദലായി ഒരു പുതിയ ശക്‌തി ഉദയം ചെയ്തതാണ്‌. അത്‌ നിശ്ചയമായും സദ്ദാം ഹുസൈനോ അയാളുടെ ഇറാഖോ അല്ല. ഒരു ജനാധിപത്യ വിപ്ലവത്തിലൂടെ എന്നോ പുറന്തളേളണ്ട സ്വേഛാധിപതിയാണ്‌ സദ്ദാം എന്നതിൽ അയാളുടെ കീഴിലെ ഇറാഖിന്റെ ചരിത്രം അറിയുന്നവർക്ക്‌ സംശയമുണ്ടാവില്ല. പിന്നെയാരാണ്‌ ഈ ബദൽ ശക്‌തി. അത്‌ എല്ലാ രാഷ്‌ട്രതന്ത്ര നിർവചനങ്ങളുടെയും അതിരുകൾ ലംഘിച്ച്‌ പിറവിയെടുത്ത ഒരു പുതിയ രാഷ്‌ട്രമാണ്‌. ലോകത്ത്‌ അമേരിക്കക്കെതിരെ തെരുവിലിറങ്ങിയ കോടിക്കണക്കായ മനുഷ്യർ ഉൾക്കൊളളുന്ന ഒരു രാഷ്‌ട്രം. അതിവിശാലവും ഏക വികാരവുമുളള രാഷ്‌ട്രത്തിൽ അമേരിക്കയിലെ ഉന്നത ജനാധിപത്യവാദികളായ മനുഷ്യരും ബ്രിട്ടണിലെ ലക്ഷക്കണക്കായ മനുഷ്യസ്‌നേഹികളും അംഗങ്ങളാണ്‌. ഇന്തോനേഷ്യ, ആസ്ര്തേലിയ, ജപ്പാൻ, ജർമ്മനി എന്നുവേണ്ട ലോകത്തെ മുഴുവൻ രാഷ്‌ട്രങ്ങളിലെയും പൗരൻമാർ ആ രാഷ്‌ട്രത്തിൽ അണിചേർന്ന്‌ അമേരിക്കൻ യുദ്ധഭ്രാന്തിനെതിരെ വിശാല ബദൽ പടുത്തുയർത്തിക്കഴിഞ്ഞു. സോവിയറ്റ്‌ യൂണിയൻ ഒരുകാലത്ത്‌ അമേരിക്കയ്‌ക്ക്‌ ബദലായിരുന്നത്‌ ആയുധബലം കൊണ്ടായിരുന്നെങ്കിൽ ഈ പുതിയ രാഷ്‌ട്രം ബദലാകുന്നത്‌ മാനവികത കൊണ്ടാണ്‌. ആ സംഘശക്‌തിയെ അതിജീവിക്കാൻ, അവരുടെ ബഹിഷ്‌കരണ പ്രഖ്യാപനത്തെ അതിജീവിക്കാൻ അമേരിക്കയ്‌ക്ക്‌ ഒരിക്കലും കഴിയില്ല. ചെയ്തുപോയ തെറ്റുകൾ പൊറുക്കാനപേക്ഷിച്ച്‌ ലോകമര്യാദകൾ പാലിച്ച്‌ അന്തസ്സുളള രാഷ്‌ട്രമായിത്തീരുംവരെ അമേരിക്കയ്‌ക്ക്‌ ഈ പുതിയ രാഷ്‌ട്രം ഭീഷണിയായിരിക്കും. അതാണ്‌ ഇറാഖിലെ ലക്ഷക്കണക്കായ നിരപരാധികൾ തങ്ങളുടെ രക്‌തംകൊണ്ട്‌ ലോകത്തിന്‌ സമ്മാനിച്ച പുതിയ പാഠം.

Generated from archived content: edit_april4.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here