ഗുരുവായൂരിൽ നിന്നും പാത്രക്കടവിലേക്കുള്ള ദൂരം

യേശുദാസ്‌ ഗുരുവായൂർ ക്ഷേത്രത്തിൽ കയറണമോ വേണ്ടയോ എന്ന ചോദ്യം മലയാളികളുടെ മുന്നിലെത്തിയിട്ട്‌ മുപ്പത്‌-നാല്പത്‌ വർഷങ്ങളാകുന്നു. കേരളം ഇത്‌ ഒരുപാട്‌ ചർച്ച ചെയ്തതാണ്‌. വാദവും പ്രതിവാദവും നടത്തിയതുമാണ്‌. കേരളീയരാകെ ഭക്തിപൂർവ്വം മനസിലേറ്റിയ, ഗുരുവായൂരപ്പനെ സ്തുതിച്ചും വർണിച്ചും ആലപിച്ചിട്ടുള്ള ഭൂരിഭാഗം ഗാനങ്ങളുടെയും ശബ്ദം യേശുദാസിന്റേതാണ്‌. അദ്ദേഹം ഈ ഗാനങ്ങളൊക്കെയും അതി ഭക്തിപൂർവ്വം തന്നെയാണ്‌ ആലപിച്ചിട്ടുള്ളതെന്നും അദ്ദേഹത്തിന്റെ വാക്കുകളിലൂടെ നാം മനസിലാക്കുന്നുണ്ട്‌. ഗുരുവായൂരപ്പനെ ഇത്രയേറെ വാഴ്‌ത്തി പാടിയ യേശുദാസിനു മുകളിൽ മറ്റൊരു കൃഷ്ണഭക്തൻ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യമുയർത്തി അദ്ദേഹത്തെ ഗുരുവായൂരമ്പലത്തിന്റെ ഗോപുരവാതിൽ തുറക്കാൻ യോഗ്യനാക്കാം. ഇത്‌ ഒരുവശം.

പേരിൽ തന്നെ യേശുവിന്റെ ദാസനായ ഒരുവന്‌ ഗുരുവായൂരമ്പലത്തിൽ എന്തവകാശം എന്ന ചോദ്യവും പലർക്കും പ്രസക്തമാണ്‌. അദ്ദേഹം ഗുരുവായൂരപ്പനെ മാത്രമല്ല, ക്രിസ്തുവിനോടും, അള്ളാഹുവിനോടും അത്യന്തം ഭക്തിയോടെ ആരാധിച്ച്‌ പാടിയിട്ടുള്ള ആളുമാണ്‌. അതിനുമപ്പുറം യുക്തിവാദത്തിന്റെയും നിരീശ്വരവാദത്തിന്റെയും ശക്തമായ വരികൾ ആലപിച്ച്‌ മുക്തകണ്‌ഠം പ്രശംസ പറ്റിയ ആളുമാണ്‌. അതുകൊണ്ട്‌ ആവശ്യമില്ലാത്ത കാര്യത്തിന്‌ പോകാതിരിക്കുന്നതാണ്‌ നല്ലത്‌ എന്നത്‌ മറ്റൊരുവശം.

ഈശ്വരൻ തൂണിലും തുരുമ്പിലും വസിക്കുന്നു എന്ന വിശ്വാസമുള്ളതിനാൽ യേശുദാസ്‌ ഗുരുവായൂരിൽ കയറണമോ വേണ്ടയോ എന്ന ചോദ്യത്തിൽ ഒരു അവസാന ഉത്തരം നമുക്ക്‌ ആവശ്യവുമില്ല. യേശുദാസ്‌ പോലും അത്‌ തന്റെ ജീവിതാഭിലാഷം ആയി കാണുന്നില്ല. കാരണം അദ്ദേഹം നല്ല ചിന്താശേഷിയുള്ള പാട്ടുകാരനാണ്‌.

ഇത്തരമൊരു അവസ്ഥയിലാണ്‌ യേശുദാസിന്റെ ഗുരുവായൂർ പ്രവേശനം ഒരു വിവാദമായി ഇപ്പോൾ ഉയർന്നിരിക്കുന്നത്‌. വിവാദത്തിന്‌ ഹേതുവായത്‌ ദേവസ്വം മന്ത്രികൂടിയായ ജി. സുധാകരൻ ദേവസ്വം ബോർഡിന്‌ ഇതു സംബന്ധിച്ച്‌ അയച്ച ഒരു കത്താണ്‌.

ഇത്തരത്തിലുള്ള വിവാദങ്ങൾ സംസ്‌കാരികമായി ഉയർന്നു ചിന്തിക്കുന്ന സമൂഹങ്ങളുടെ ഇടയിൽ സ്വാഭാവികമായി ഉടലെടുക്കുന്നതാണ്‌. നാല്പത്‌ കൊല്ലമായി ഈ പ്രശ്നം സജീവമായി ഉണ്ട്‌ എന്നതും വളരെ പോസിറ്റീവാണ്‌. മന്ത്രി ജി. സുധാകരന്റെ നല്ല മനസിന്റെ അടയാളമായി തന്നെ യേശുദാസിനെ ഗുരുവായൂർ ക്ഷേത്രത്തിൽ കയറ്റണം എന്ന ആവശ്യവുമായി അദ്ദേഹം എഴുതിയ കത്തിനെ നമുക്കു കാണാം. പ്രത്യേകിച്ച്‌ യേശുദാസ്‌ അടുത്തകാലത്തൊന്നും ഈ ആവശ്യം ഉന്നയിക്കാതിരുന്നിട്ടുകൂടി.

രാഷ്‌ട്രീയ നേതാക്കൾ, സാംസ്‌കാരിക നായകർ, സമുദായ ഉന്നതർ എന്നിങ്ങനെ എല്ലാവരും ഈ വിവാദത്തിൽ കണ്ണികളാകാൻ വെമ്പി. ചാനലുകളും പത്രമാധ്യമങ്ങളും ഇതൊരാഘോഷമാക്കി. യേശുദാസിന്റെ ‘കൃത്യ’മായ നിലപാടുകളും നാം കണ്ടു. കഴിഞ്ഞ നാല്പതു വർഷമായി കേരളത്തിന്‌ ഉത്തരമാവശ്യമില്ലാത്ത ഒരു വിവാദം വീണ്ടും ആളിക്കത്തി.

പക്ഷെ ഇതിനിടയിലെവിടെയോ ‘പാത്രക്കടവ്‌’ എന്ന വാക്ക്‌ കേട്ടതായോർക്കുന്നു. സൈലന്റ്‌വാലി എന്ന വൈവിധ്യപൂർണ്ണമായ ഒരു വനമേഖല ഇതോടെ തകർന്നു തരിപ്പണമാകുമെന്നും ചെറുകോളത്തിൽ നാം വായിച്ചതായി ഓർക്കുന്നു.

കേരളത്തിലെ ഒരു വലിയ വിഭാഗം പരിസ്ഥിതി പ്രവർത്തകരും ജനങ്ങളും ഏറെ ജാഗ്രതയോടെ പ്രതിരോധിച്ചിരുന്ന ഒരു പദ്ധതി ആരുമറിയാതെ വരുന്നത്‌ ഈ പ്രതിരോധസമരങ്ങൾക്കൊപ്പം നിന്ന ഇടതുപക്ഷം ഭരിക്കുന്ന ഇക്കാലത്താണ്‌. വനംവകുപ്പും വൈദ്യുതിവകുപ്പും ഇതു സംബന്ധിച്ച്‌ നടത്തുന്ന തർക്കങ്ങൾ നാം അറിയുന്നില്ല. ഘടകകക്ഷികൾ തമ്മിലുള്ള കൊമ്പു കോർക്കലുകൾ മൂടിവയ്‌ക്കപ്പെടുന്നു. നമ്മുടെ വിവാദങ്ങൾ സൈലന്റ്‌വാലിയിൽ നിന്നും യേശുദാസിലേയ്‌ക്കൊതുങ്ങുന്നു.

സ്വാശ്രയ വിദ്യാഭ്യാസ വിവാദത്തിനിടയിൽ സുധാകരൻ ഉയർത്തിയ ഭരത്‌ഭൂഷൺ പ്രശ്നവും ഇതോടൊപ്പം കൂട്ടിവായിക്കാവുന്നതാണ്‌. സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഒട്ടേറെ വിവാദങ്ങൾ വേണ്ട സമയത്ത്‌ ഉണ്ടാകുകയോ, ഉണ്ടാക്കപ്പെടുകയോ ചെയ്യുന്നുണ്ട്‌. ഇതിനു പലതിനും നിയോഗം മന്ത്രി ജി.സുധാകരനാണെന്നതാണ്‌ ശ്രദ്ധേയം. ഒരുപക്ഷെ മുൻപ്‌ പറഞ്ഞതു പോലെ അദ്ദേഹത്തിന്റെ നല്ല മനസിന്റെ വെളിപ്പെടുത്തലുകളാകാം ഇതൊക്കെ. എങ്കിലും ഇതൊക്കെ ചില സംശയങ്ങളിലേയ്‌ക്കാണ്‌ ചൂണ്ടപ്പെടുന്നത്‌. അങ്ങിനെ സംശയിക്കുന്നവരെ കുറ്റപ്പെടുത്തുവാനുള്ള സാധ്യത ഇവിടെ വിരളമാകുന്നു എന്നതാണ്‌ സത്യം.

ആഭ്യന്തര പ്രശ്നം വരുമ്പോൾ ഇന്ത്യയ്‌ക്കും പാക്കിസ്താനും കാശ്മീർ എന്നപോലെ, ഒരുപാട്‌ വെടിക്കെട്ടുകൾ നമ്മുടെ കയ്യിലുണ്ട്‌. ചില കാഴ്‌ചകളെ മറയ്‌ക്കാൻ, ചില ചിന്തകളെ തണുപ്പിക്കാൻ, ചില സംശയങ്ങളെ തളർത്താൻ മറ്റൊന്നിനു നല്ല വളം ഇട്ടുകൊടുത്താൽ മതിയാകും. ഇത്‌ വെറും സംശയം മാത്രം. യാഥാർത്ഥ്യമാകരുതേ എന്ന്‌ പ്രാർത്ഥിക്കാം.

Generated from archived content: edit_apr24_07.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here