കണ്ണുനീരൊപ്പുക… ബാല്യങ്ങൾ ചിരിക്കട്ടെ…

ഓരോ അവധിക്കാലവും ബാല്യത്തിന്റെ ഹൃദ്യമായ ഓർമ്മകൾ നമുക്ക്‌ എന്നും തരാറുണ്ട്‌. കണ്ണാരംപൊത്തിക്കളിയും, കിളിത്തട്ടും, കുട്ടിയുംകോലും ഒക്കെയായി നല്ലൊരു ബാല്യം നമുക്കുണ്ടായിരുന്നു. നാട്ടുപറമ്പുകളും, കൊയ്‌ത്തുശൂന്യമായ വയലുകളും നമുക്ക്‌ കളിത്തട്ടുകളായിരുന്നു. മധുരമൂറുന്ന മാമ്പഴക്കാലവും കർണ്ണികാരവസന്തവും നാം എവിടെയൊക്കെയോ ആസ്വദിച്ചതാണ്‌. ഒരു നല്ല കാലത്തിന്റെ ഓർമ്മകൾ നമ്മെ സുഖകരമായ ഒരു വേദനയിലേക്ക്‌ കൊണ്ടുപോകുന്നുണ്ട്‌. നഷ്‌ടസ്വപ്‌നങ്ങളുടെ വേദനയിലേക്ക്‌.

എത്ര സുന്ദരമായിരുന്നു ആ കാലമെന്ന്‌ പറയുകയും അത്‌ തിരിച്ചുവരാതിരിക്കുന്നതിനാൽ നാം വ്യാകുലപ്പെടുകയും ചെയ്യുന്നു. എന്നിട്ടും നാം നമ്മുടെ കുട്ടികളെ എങ്ങിനെയാണ്‌ ഒരു ബാല്യം ചിലവിടേണ്ടതെന്ന്‌ പഠിപ്പിക്കുന്നത്‌ എത്രമാത്രം ശരിയാണെന്ന്‌ ആലോചിക്കണം. കർണ്ണികാരവും കണ്ണാരംപൊത്തിക്കളിയും അപ്രത്യക്ഷമായെങ്കിലും, നാട്ടിൻപറമ്പുകളും പാടവരമ്പുകളും ഓർമ്മകളിലെങ്കിലും നമ്മുടെ കുട്ടികൾക്ക്‌ എന്നെങ്കിലും ഓർമ്മിക്കാൻ ഒരു നല്ല ബാല്യം നാം സമ്മാനിക്കണ്ടേ? പുതിയ കാലത്തിന്റെ ഗതികെട്ട ജീവിതക്രമങ്ങളിൽ ഈപ്പറയുന്നതൊക്കെയും ഉച്ചപ്രാന്തെന്ന്‌ കരുതുകയാകും ശരി. അതുകൊണ്ട്‌ അടച്ചുപൂട്ടിയ ഒരു ബാല്യം നല്ലതെന്ന ഓർമ്മകളിൽ നമ്മുടെ വരും തലമുറ ജീവിക്കട്ടെ. അത്‌ അവരുടെ ഗതികേടെന്നോ ഭാഗ്യമെന്നോ വിശ്വസിച്ച്‌ നമുക്ക്‌ സമാധാനിക്കാം.

എന്നാൽ, ഇതിനുമപ്പുറത്തേക്ക്‌ ചില ബാല്യങ്ങൾ നേരിടുന്ന ദുരന്തങ്ങൾ നമ്മുടെ മുന്നിലേക്ക്‌ വരുന്നുണ്ട്‌. ബാലവേലയ്‌ക്കായി കൊണ്ടുവന്ന്‌ മുറിക്കുളളിൽ ഒളിപ്പിച്ച പന്ത്രണ്ടുവയസ്സുകാരിയായ മഹാലക്ഷ്‌മിയെന്ന തമിഴ്‌നാട്ടുകാരിയെ പോലീസും സന്നദ്ധസംഘടനകളും രക്ഷിച്ചുകൊണ്ടുപോകുന്നതിന്റെ വാർത്താചിത്രം നഷ്‌ടബാല്യങ്ങളുടെ പുതിയ കണക്കുകൾ മുന്നോട്ടു വയ്‌ക്കുകയാണ്‌. കൊടുങ്ങല്ലൂരിലെ നക്ഷത്ര വേശ്യാലയ നടത്തിപ്പുകാരിയുടെ അറയിൽനിന്നാണ്‌ ഈ കുട്ടിയെ കണ്ടെത്തിയത്‌ എന്നതും ഏറെ ഗൗരവത്തോടെ കാണേണ്ടതാണ്‌. ഇതൊക്കെ അപൂർവമായി കണ്ടുപിടിക്കുന്നതിൽ ചിലതുമാത്രം. കേരളത്തിലേക്ക്‌ അറവുമാടുകളെപ്പോലെ കൊണ്ടുവന്ന ഒരുപറ്റം കുട്ടികളെ രക്ഷിച്ചത്‌ കുറച്ചുനാൾ മുമ്പുമാത്രമാണ്‌. ഇങ്ങനെ എത്ര ‘ലോഡു’കളായിരിക്കും ഓരോ ദിവസവും വന്നിറങ്ങുന്നത്‌. വേശ്യാലയങ്ങളിലേക്കും പണിശാലകളിലേക്കും യാചകമാഫിയ സംഘങ്ങളിലേക്കും ക്രൂരമായ പീഡനങ്ങളിലേക്കുമുളള ഈ കുട്ടികളുടെ യാത്ര വലിയൊരു ദുരന്തചിത്രമാണ്‌ മുന്നോട്ടുവയ്‌ക്കുന്നത്‌. വിശപ്പടക്കാൻ കുഞ്ഞുപാവാടച്ചരടഴിക്കേണ്ടി വരുന്നതും തന്നെക്കാൾ വലിയ ഭാരം ചുമക്കേണ്ടിവരുന്നതും വയറ്റത്തടിച്ച്‌ പാട്ടുപാടി സംഘത്തലവന്‌ പണം പിരിച്ചു കൊടുക്കേണ്ടിവരുന്നതുമായ ഈ ബാല്യങ്ങളോട്‌ നാം എന്ത്‌ ഉത്തരമാണ്‌ പറയേണ്ടത്‌?

പണ്ട്‌ പൂത്ത കർണ്ണികാരത്തിന്റേയും, കളിച്ചു രസിച്ച കൊത്താങ്കല്ലിന്റെയും കഥ ഇവിടെ പറഞ്ഞിട്ടെന്തുകാര്യം? മറിച്ച്‌ നാം ഓമനിക്കുന്ന ബാല്യകാലത്തോട്‌ നീതി പുലർത്താനെങ്കിലും ഇവരോട്‌ നാം സഹാനുഭൂതി പ്രകടിപ്പിച്ചേ മതിയാകൂ. ജീവിതംകൊണ്ട്‌ അനാഥരായ ഈ കുട്ടികളെ സംരക്ഷിക്കേണ്ടത്‌ ഓരോ മനുഷ്യസ്‌നേഹിയുടെയും കടമയാണ്‌.

വർണശബളമായ ഒരു വിഷുക്കാലം ഇവർക്ക്‌ നല്‌കുവാൻ കഴിഞ്ഞില്ലെങ്കിലും, കണ്ണീരൊഴുക്കാത്ത പുഞ്ചിരിക്കുന്ന ഒരു ദിനമെങ്കിലും ഇവർക്കു നല്‌കുവാൻ കഴിഞ്ഞാൽ അതുതന്നെ പുണ്യം. ഇത്തരം കുട്ടികളെ ആശ്വസിപ്പിക്കാൻ ഒരുപാട്‌ വഴികൾ നമ്മുടെ മുന്നിലുണ്ട്‌. സന്നദ്ധസംഘടനകളും സാമൂഹ്യപ്രവർത്തകരും ഇത്തരം പ്രവർത്തനങ്ങളിൽ സജീവമായുണ്ട്‌. ഇവരോടൊപ്പം നമുക്കും ഒരു ബാല്യത്തിന്റെയെങ്കിലും കണ്ണുനീരൊപ്പാം. അതാകട്ടെ ഇത്തവണത്തെ നമ്മുടെ വിഷുക്കൈനീട്ടം.

Generated from archived content: edit_apr13.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here