വിജയൻ മാഷ്‌

മാഷേ… എന്ന വിളിക്ക്‌ സ്നേഹത്തിന്റെ വല്ലാത്തൊരു കരുതലുണ്ട്‌. കേരളം ഏറ്റവും ഹൃദ്യമായി അങ്ങിനെ വിളിച്ചിരുന്നത്‌ വിജയൻ മാഷിനെയായിരുന്നു. പ്രൊഫ. എം.എൻ. വിജയന്റെ വിടവാങ്ങൽ അതുകൊണ്ട്‌ തന്നെ വൈകാരികമായ ഒട്ടേറെ ശൂന്യതകളെ സൃഷ്‌ടിക്കുന്നുണ്ട്‌. ലോകമലേശ്വരത്തെ കരുണയിൽ ആ മനുഷ്യനെ അവസാനമായി കാണാനെത്തിയ പതിനായിരങ്ങൾ വാസ്തവത്തിൽ സ്നേഹത്തിന്റെ ആ കരുതൽ നെഞ്ചിലേറ്റിയവരാണ്‌. ലോകത്തെ ഇത്രയ്‌ക്ക്‌ സ്‌നേഹിക്കാൻ, ഇത്രയും സ്‌നേഹം ഏറ്റുവാങ്ങാൻ ബഷീറിനുശേഷം വിജയൻമാഷിനല്ലാതെ മറ്റാർക്കും കഴിഞ്ഞിട്ടില്ല.

നിശ്ചയമായും മാഷ്‌ വിടവാങ്ങുന്നത്‌ വൈകാരികമായ ഒട്ടേറെ ഇടങ്ങളെ ബാക്കിവച്ചുകൊണ്ടാണ്‌. ഈ വൈകാരികതയ്‌ക്കും സ്‌നേഹത്തിനും മനുഷ്യനെ സംബന്ധിച്ച്‌ വമ്പിച്ച പ്രസക്തിയാണ്‌. പക്ഷെ കേരളീയ സമൂഹത്തിന്‌ മാഷുടെ വിടവാങ്ങൽ കേവലം വൈകാരികമായ ഒന്നുമാത്രമല്ല. കാരണം ജീവിതവും മരണവും ഏറ്റവും കൃത്യമായ രാഷ്‌ട്രീയപ്രവർത്തനമാണെന്ന്‌ ആവർത്തിച്ച്‌ ഉറപ്പിച്ച ഒരാളായിരുന്നു ആ മനുഷ്യൻ.

മലയാളിക്ക്‌ പലതായിരുന്നു വിജയൻമാഷ്‌. സ്‌നേഹാദരങ്ങൾ കുന്നോളം നേടിയ അധ്യാപകൻ… സാഹിത്യവിമർശനത്തിൽ വേറിട്ട വഴികൾ കണ്ടെത്തി, അതുറപ്പിച്ച നിരൂപകൻ…. മനോവിജ്ഞാനീയത്തിന്റെ മനുഷ്യത്വപരമായ സാധ്യതകൾ കണ്ടെത്തിയ ധിക്ഷണാശാലി… വാക്കിന്റെ അപൂർവ സംഗീതം പൊഴിച്ച പ്രഭാഷകൻ…. അങ്ങിനെ പലതും.

എൺപതുകളുടെ ഒടുവിലാണ്‌ പ്രൊഫ. എം.എൻ.വിജയനെ കേരളം ഏറ്റവും ഹൃദ്യമായി കേട്ടുതുടങ്ങിയത്‌. സി.പി.എം അതിന്റെ മൂല്യബോധങ്ങളിൽ നിന്ന്‌ പടിയിറക്കം തുടങ്ങിയ കാലം. അന്ന്‌ പാർട്ടിയുടെ വലിയ കവചമായിരുന്നു ഈ മനുഷ്യൻ. പാർട്ടി പകച്ചു നിന്നിടങ്ങളിലെല്ലാം പരിചയായി വിജയൻമാഷ്‌. സാമാന്യവ്യക്തികളെ മറികടക്കുന്ന ഒന്നായിരുന്നു അന്ന്‌ മാഷുടെ യുക്തി. നിറഞ്ഞ സ്‌നേഹത്തിന്‌ മാഷ്‌ തിരിച്ചുവാങ്ങിയ വിലയായി ആ യുക്തിയെ പലരും കണ്ടിരുന്നു. താൻ നില്‌ക്കുന്ന കോട്ടയുടെ അടിക്കല്ലുകൾ ഒന്നാകെ ഇളകി മാറുമ്പോഴും മാഷ്‌ ഉറച്ചുനിന്നതും കേരളം കണ്ടു.

ഹിരൺമയപാലം കൊണ്ടുപോലും മറക്കാനാവാത്ത സത്യം മാഷ്‌ തിരിച്ചറിഞ്ഞത്‌ അടുത്തകാലത്തുമാത്രമാണ്‌. താൻ ഭൗതിക സംരക്ഷണം തീർത്ത കോട്ട ശവപ്പറമ്പാണെന്ന്‌ അദ്ദേഹം തിരിച്ചറിഞ്ഞു. മാഷ്‌ മാറി. പുറത്തേക്ക്‌ വന്നു. അതൊരു വല്ലാത്ത വരവായിരുന്നു. ഫാസിസ്‌റ്റ്‌ സംഘാടനത്തിൽനിന്നും പുറത്തുവരിക എന്ന ഒന്നില്ല. മരണം മാത്രമാണ്‌ അവിടെ പുറത്താകൽ. യാഥാർത്ഥ്യങ്ങളുടെ വലിയ മൈതാനത്ത്‌ ഏകാന്തനായി മാഷ്‌ നിന്നു. ലോകം അതിന്റെ മുഴുവൻ സത്യങ്ങളോടൊപ്പം മാഷുടെ മുന്നിൽ നൃത്തം ചെയ്‌തു. ഹൃദയാലുവായ ആ മനുഷ്യൻ കണ്ടെത്തിയ പിടിവളളികൾ മുഴുവൻ ദുർബലങ്ങളായിരുന്നു. കേരളീയ സാംസ്‌കാരികതയിൽ സംശയകരമായ അസ്‌തിത്വമുളളവർ, ഒറ്റക്കായ മാഷിനെ അവരെല്ലാവരും വല്ലാതെ കവർന്നു. സ്‌നേഹത്തിന്റെ വിതുമ്പലോടെ മാഷിനെ പലരും വിലക്കി. വഴങ്ങിയില്ല. മരണവും അത്തരമൊരു വഴങ്ങാതിരിക്കലായിരുന്നു.

സാമൂഹികമായ ഏതേത്‌ ഉൾബലങ്ങളാണ്‌ മനുഷ്യനെ നിയന്ത്രിക്കുകയും സംഹരിക്കുകയും ചെയ്യുന്നതെന്ന്‌ കാത്തിരുന്ന്‌ കാണാം….

ആ സ്‌നേഹത്തിന്‌, കരുതലിന്‌ പുഴയുടെ ആദരാഞ്ജലി…..

Generated from archived content: edit1_oct4_07.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here