കണ്ണിലെ കൃഷ്ണമണിപോലെയാണ് ജെസി തന്റെ അനുജത്തിയെ കാത്തുസൂക്ഷിച്ചത്. ബുദ്ധിമാന്ദ്യമുള്ള ഈ കുഞ്ഞനുജത്തിയ്‌ക്കുവേണ്ടി ജെസി തന്റെ ജീവിതം തന്നെയാണ് സമർപ്പിച്ചത്. അനുജത്തി ഒറ്റപ്പെടും എന്ന കാരണത്താൽ വിവാഹബന്ധം പോലും അറുത്തുമാറ്റി കൊച്ചിയിൽ അമ്മയോടും നാലുമക്കളോടുമൊപ്പം കൂലിപ്പണിയെടുത്ത് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോൾ ദൈവം ഒരിക്കലും തന്നെ കൈവെടിയില്ലെന്ന് ജെസി ഉറപ്പിച്ചു കാണണം. രണ്ടു ദിവസം മുമ്പ് അമ്മ വഴക്കുപറഞ്ഞതിന്റെ വേദനയിൽ വീടുവിട്ടിറങ്ങിയ അനുജത്തി തിരിച്ചുവന്നത് ആ കുടുംബത്തെയാകെ തകർത്തു കൊണ്ടാണ്. എട്ടും പൊട്ടും തിരിയാത്ത കുഞ്ഞുമനസ്സുള്ള ആ പെൺകുട്ടി ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടിരുന്നു. രക്തത്തിൽ കുളിച്ച് അഴിഞ്ഞുലഞ്ഞ മുടിയുമായി വീട്ടിലേയ്‌ക്ക് തിരിച്ചെത്തിയ പെൺകുട്ടി തന്റെ സ്വകാര്യ ഭാഗങ്ങളിലെ പഴുപ്പും നീരും നൽകിയ വേദനയിലും വെറുതെ കിടന്ന് ചിരിക്കുകയാണ്. തന്റെ അനുജത്തിയെ ഇനി എന്തു ചെയ്യണം എന്ന ചോദ്യത്തിനു മുന്നിൽ പകച്ചു നിൽക്കുകയാണ് അമ്മമനസ്സുള്ള ഒരു ചേച്ചി.
കേരളം ഇങ്ങനെയും കൂടിയാണ്. കാണുന്നവരൊക്കെയും ഇരകളാണെന്ന മനസോടെ ജീവിക്കുന്നവർ ഏറുകയാണിവിടെ. സ്മാർട്ട് സിറ്റിയും വല്ലാർപാടം കണ്ടെയ്‌നർ ടെർമിനലും, ഭൂമിക്കച്ചവടവും പൊടിപൊടിക്കുന്ന കേരളത്തിന് ഇത് ചവച്ചു തുപ്പികളയേണ്ട വെറുമൊരു വാർത്ത മാത്രം. എങ്കിലും വലിയൊരു തട്ടിപ്പ് നാം കാണുന്നുണ്ട്. ആകാശത്ത് വച്ച് ഒരു മന്ത്രിയുടെ കൈ ഒരുപെണ്ണിന്റെ ദേഹത്ത് തൊട്ടപ്പോഴും ചാനലുകളിൽ തെളിഞ്ഞ ഒരു പെൺമുഖം വിനീതന്മാരായ പലരേയും വിറപ്പിച്ചപ്പോഴും, നാല്പതിലേറെ മാന്യന്മാർ ഒരു പെൺകുട്ടിയുടെ മാംസം ആസ്വദിച്ചപ്പോഴും ഉറഞ്ഞു തുള്ളിയ പലരും ഇവിടെ നിശബ്ദരാകുന്നു. ഇതൊരു പൊളിറ്റിക്സാണ്, വമ്പന്മാർക്കെതിരെയുള്ള വാളെടുത്ത് തുള്ളൽ മാത്രം. ഒടുവിൽ കൊണ്ടും കൊടുത്തും ഏവരും മാന്യന്മാരായിത്തീരുന്നു എന്നു മാത്രം. സ്ര്തീവാദവും അതിന്റെ സമരങ്ങളും അവിടെ മാത്രമെയുള്ളൂ. മറിച്ച് കേരളത്തിലെ ദുഷിച്ച ആൺമനസുകളെ സൃഷ്ടിക്കുന്ന ഒരവസ്ഥയ്‌ക്കെതിരെ ഇവരാരും നിൽക്കുന്നില്ല. പെണ്ണിന് മോചനം വേണ്ടത് അവിടെയാണ്. സ്വന്തം കുടുംബത്തിന്റെ നാലുചുമരുകൾക്കിടയിൽ പോലും ഭീതിയോടെ ജീവിക്കുന്ന പെൺമനസുകളുടെ അവസ്ഥയാണ് പ്രശ്നം. അതിനു മുന്നിൽ മന്ത്രിയും കൊച്ചിയിലെ ജെസിയുടെ അനുജത്തിയെ ആക്രമിച്ചവരും ഒരേപോലെ തന്നെയാണ്. ഇവിടെ ഏതു സംഘടനകൾ കുലുങ്ങിയെന്നും ആരൊക്കെ പ്രതികൾക്കെതിരെ കൊടി പിടിച്ചെന്നും നാം കാണണം. ദാരിദ്ര്യത്തിന്റെ സകല ഭാരങ്ങളും അനുഭവിക്കുന്ന ആ കുടുംബത്തെ ആര് ഒരു കൈത്താങ്ങ് നൽകുമെന്നും നാം കാണണം. ഒന്നുമുണ്ടാകില്ല. കൊട്ടിഘോഷിക്കപ്പെട്ട പലരും ആ വഴി വരില്ല. കാരണം ഈ കേസിലെ ലാഭക്കോളത്തിൽ പൂജ്യമായിരിക്കും ഉണ്ടാവുക.
ഇത് ജെസി എന്ന അമ്മ മനസിന്റെ വിധിയാണ്. ഇത്തരം വിധികൾ അറിഞ്ഞും അറിയാതെയും നാം അനഭവിക്കുന്നുണ്ട്. “ആ സമയത്ത് ഒരു വെട്ടുകത്തിയുണ്ടായിരുന്നെങ്കിൽ ഞാൻ ഇവളെ വെട്ടിക്കൊല്ലുമായിരുന്നു. അമ്മയും ഞാനും ഇത്രകാലം കഷ്ടപ്പെട്ടത് വെറുതെയായില്ലേ….” ജെസിയുടെ വാക്കുകൾ വല്ലാത്ത നൊമ്പരമായി നമ്മിൽ തുളച്ചുകയറുന്നുണ്ട്.
ഓർമ്മ വരുന്നത് സുഗതകുമാരിയുടെ ഈ വരികൾ മാത്രം…
ഒക്കെ നഷ്ടപ്പെട്ടവളേ, പരാജിതേ,
നഷ്ടരത്നപ്രഭയിപ്പൊഴും ഹൃത്തിൽ
തിളങ്ങിനിൽപ്പോളേ, പ്രശാന്തയായ് തീർന്നൊരെൻ
മുഗ്‌ദ്ധാനുരാഗമേ, വാടിത്തളർന്ന നിൻ
കൊച്ചുകൈ കൈയിലെടുക്കുന്നു ഞാൻ, മൂക
മോർത്തു നിൽക്കുന്നു ഞാൻ…
നിന്നെ ഞാനെന്തു ചെയ്യട്ടേ? പ്രിയപ്പെട്ട
നിന്നെ ഞാനെന്തു ചെയ്യട്ടേ?
Generated from archived content: edit1_nov29_07.html Author: suvi_new