കേരളമാകെ ഒരു ഉത്സവ പ്രതീതിയിലാണ്. സ്മാർട്ട് സിറ്റി കരാർ ഒപ്പുവെച്ചതിന്റെ ആഹ്ലാദവും മൂന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കു നേരെ നടത്തുന്ന ശക്തമായ നിലപാടുകളും ഒരു വർഷം പിന്നിട്ട കേരള സർക്കാരിന് ചാനലുകളുടെ കണക്കിൽ നൂറിൽ എൺപത് മാർക്ക് നൽകുന്നു. ചികുൻ ഗുനിയയ്‌ക്കെതിരെ ചുമ്മാതിരുന്നതും അണുബാധയേറ്റ് കുഞ്ഞുങ്ങൾ മരിച്ചതും പുതിയ വിദ്യാഭ്യാസ നയം കൊണ്ടുവന്ന്, കയറിയ കോടതികളിലെല്ലാം തോറ്റു തൊപ്പിയിട്ടതും സർക്കാരിനെതിരെ മറ്റൊരു പൂരമായി പ്രതിപക്ഷവും കൊണ്ടാടുന്നു. ബി.ജെ.പിയടക്കം കേരളത്തിൽ നിവർന്നു നിൽക്കാൻ കഴിവില്ലാത്ത സകല പാർട്ടിക്കാരും അവരവരുടെ ചെറുപൂരങ്ങളുമായി രംഗം വേറെ വഴികളിൽ കൊഴുപ്പിക്കുന്നു. പാത്രക്കടവ് പരിസ്ഥിതി സ്നേഹികൾക്ക് പുത്തനുണർവ് ഏകിയിരിക്കുന്നു. സാംസ്‌കാരിക രംഗത്ത് വാദപ്രതിവാദങ്ങളുടെ മാമാങ്കം. യേശുദാസിന്റെ ഗുരുവായൂർ പ്രവേശനം, കവിതയെഴുത്തിന്റെ പേരിൽ പാർട്ടിയിൽ നിന്നും പിണ്ഡം വയ്‌ക്കൽ, സൂപ്പർസ്‌റ്റാറിന്റെ രാഷ്‌ട്രീയപ്രസംഗം, അദ്ദേഹത്തിന്റെ കോലം കത്തിയ്‌ക്കൽ ആശുപത്രി ഫ്രീസറിലെ കരിമീൻ, ധാർമ്മികരോഷം പൂണ്ട് അതിനെതിരായ കൊടിപിടിക്കൽ… അങ്ങിനെ എത്രയെത്ര വിഷയങ്ങൾ. എല്ലാം ബഹുകേമമായി നടക്കുന്നു.
ഇതിനിടെ, ആരുമറിയാതെ മാധ്യമങ്ങളിൽ ഒറ്റക്കോളമായോ ചെറുകാഴ്‌ചയായോ ഒതുങ്ങിപ്പോയ ഒരു വാർത്ത ഉണ്ടായിരുന്നു. എച്ച്.ഐ.വി ബാധിതയായ അമ്മയുടെ മകളായിപ്പോയതിന്റെ പേരിൽ അപമാനം സഹിക്കാനാവാതെ ഒരു പെൺകുട്ടിക്ക് സ്വയം തീകൊളുത്തി മരിക്കേണ്ടിവന്നിരിക്കുന്നു. കേരളത്തിന്റെ അഭിമാനമാകാൻ പോകുന്ന സ്മാർട്ട് സിറ്റി ഉയരേണ്ട നഗരത്തിൽ തന്നെയാണ് ഈ സംഭവവും നടന്നത്. എറണാകുളം കടവന്ത്ര അമലാഭവനിൽ മാരിയമ്മയുടെ പതിമൂന്നുവയസുള്ള മകൾ ഭാഗ്യലക്ഷ്മിയാണ് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ച് ആത്മാഹൂതി നടത്തിയത്. അമ്മയ്‌ക്ക് എച്ച്.ഐ.വി ബാധയുള്ളതിനാൽ നാട്ടുകാരും കൂട്ടുകാരും തുടർച്ചയായി പരിഹസിക്കുകയും അവഗണിക്കുകയും ചെയ്തതിൽ മനംനൊന്താണ് ആ പെൺകുട്ടി തന്റെ ജീവിതമൊടുക്കാൻ തീരുമാനിച്ചത്. ബാല്യം വിടാത്ത ആ പെൺകുട്ടിയുടെ മനസ് എത്രമാത്രം നൊമ്പരപ്പെടുകയും ഒറ്റപ്പെടുകയും ചെയ്തുവെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.
എയ്‌ഡ്‌സിന്റെ കേരളത്തിലെ ആദ്യത്തെ ഇര എന്നു വിളിക്കാവുന്ന ചിത്ര മുതൽ കൊട്ടിയൂരെ രമയും മക്കളായ അക്ഷയയും അനന്തുവും കോട്ടയത്തെ ബെൻസനും ബെൻസിയുമെല്ലാം മലയാളികളുടെ മാനുഷികതയില്ലായ്മയുടെ തെളിവുകളാകുന്നു. (മറിച്ചു ചിന്തിക്കുന്ന ചില വ്യക്തിത്വങ്ങൾ നമുക്കിടയിൽ കണ്ടേയ്‌ക്കാം). ഒടുവിലിതാ, രോഗബാധിതയല്ലാതിരുന്നിട്ടുകൂടി എച്ച്.ഐ.വി ബാധിതരേക്കാൾ ഉഗ്രമായ രോഗാണുക്കൾ ബാധിച്ച മനസുകൾ ഒരു പെൺകുട്ടിയെ എരിച്ചുകളഞ്ഞിരിക്കുന്നു.
ഒരു സാംസ്‌കാരിക നേതൃത്വവും ഇതിനെതിരെ പ്രതികരിച്ചില്ല. ഒരു രാഷ്‌ട്രീയ പ്രബുദ്ധതയും ഇതിനെതിരെ കൊടിപിടിച്ചില്ല. ഈ പെൺകുട്ടിയെ മരണത്തിനിരയാക്കിയവരെ പ്രതികളാക്കി ശിക്ഷിക്കാൻ വേണ്ടി ഒരു മനുഷ്യസ്നേഹിയുടെ കോടതികയറ്റവും നാം കണ്ടില്ല.
മലയാളി ഇങ്ങനെയാണ്. നാം ഭൗതികമായ മാറ്റങ്ങളിൽ മാത്രം വിജയം കാണുന്നവരാണ്. സാംസ്‌കാരികമായി ഉന്നമനരാണെന്ന് നടിക്കുന്നവരാണ്. നല്ലത് എന്ന് പറയുന്ന എല്ലാ മാറ്റങ്ങൾക്കും വിധേയരാകുമ്പോഴും മനസിന്റെ ഏറ്റവും അടിത്തട്ടിൽ ഊറിയടിയുന്ന കാപട്യത്തിന്റെ, മാനുഷികത ഇല്ലായ്മയുടെ കറ കനത്തു കനത്തു വരുന്നുണ്ടെന്ന് ആരും അറിയുന്നില്ല. നമ്മുടെ ചില നിശബ്ദതകൾ അത്യന്തം ഭീതിജനകമാണെന്നു പറയാതെ വയ്യ.
Generated from archived content: edit1_may19_07.html Author: suvi_new
Click this button or press Ctrl+G to toggle between Malayalam and English