നാടകത്തിന്റെ നേരുപറഞ്ഞയാൾ

‘കണ്ണുകൾ’ എന്ന ചെറുകഥയുമായാണ്‌ കെ.ടി. മുഹമ്മദ്‌ എഴുത്തിന്റെ ലോകത്തേയ്‌ക്ക്‌ വന്നത്‌. കഥാകാരനും നോവലിസ്‌റ്റുമായി എഴുത്തു ജീവിതത്തിൽ കെ.ടി. തെളിഞ്ഞു നിന്നെങ്കിലും തന്റെ മനസ്സിലുളളതെല്ലാം വിളിച്ചുപറയാൻ പറ്റി ഒരിടമായി അദ്ദേഹം കണ്ടെത്തിയത്‌ നാടകം ആയിരുന്നു. നാടകം എന്തിന്‌ എന്ന മലയാളികൾക്ക്‌ പറഞ്ഞുകൊടുത്ത അപൂർവ്വം ചിലരിൽ ഒരാളാണ്‌ കെ.ടി. നാടകതട്ടെന്ന ചെറിയ ചതുരക്കളത്തിനുളളിൽ പലരും പറയാൻ മടിച്ച വലിയ വലിയ വിശേഷങ്ങൾ മലയാളികളോട്‌ നേർക്കുനേർ നിന്ന്‌ പറയുകയായിരുന്നു കെ.ടി ചെയ്തത്‌. എൺപത്‌ വർഷത്തെ കലാജീവിതത്തിടയിൽ അദ്ദേഹം നമുക്കായി നല്‌കിയത്‌ നമ്മിൽ തന്നെയുളള തെറ്റുകളുടെയും ശരികളുടെയും സംഘർഷചിത്രങ്ങളായിരുന്നു. വലിയ വലിയ തിരിച്ചറിവുകളിലേയ്‌ക്കുളള വഴികൾ അദ്ദേഹത്തിന്റെ നാടകത്തിലൂടെ നമുക്ക്‌ ദർശിക്കാൻ കഴിഞ്ഞു. നാടകം കാഴ്‌ചയ്‌ക്കുളള ഒന്നു മാത്രമല്ലെന്നും അത്‌ മാറ്റത്തിനുളള ഉപകരണമാണെന്നും കെ.ടി. തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ യാഥാസ്ഥിതികതയും മതമൗലികതയും അടക്കം സമൂഹത്തിലെ സകല ജീർണതകളെയും എതിർത്ത കെ.ടി, വെറുമൊരു നാടകക്കാരൻ എന്നതിലുപരി കറ തീർന്ന വിപ്ലവകാരിയുടെ മനസിന്റെ ഉടമ കൂടിയായിരുന്നു. മാനവിക സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും വിശാലമായ കാഴ്‌ചകളായിരുന്നു കെ.ടിയുടെ നാടകങ്ങൾ. ലക്ഷങ്ങൾ മുടക്കി ഒറ്റവേദിയ്‌ക്കായി മാത്രം എസ്‌റ്റാബ്ലിഷ്‌മെന്റിനുവേണ്ടി പടച്ചുകൂട്ടുന്ന ‘നാടകക്കുറ്റ’ങ്ങളുടെ ഇടയിൽ നാടിനുവേണ്ടിയുളള കെ.ടിയുടെ നാടകങ്ങൾ എന്നും ഒരു വികാരമായി നമ്മെ ഭരിക്കുന്നത്‌ വെറുതെയല്ല.

മലയാളികളുടെ പ്രിയപ്പെട്ട നാടകാചാര്യന്‌ ആദരാജ്ഞലികൾ…..

Generated from archived content: edit1_mar26_08.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English