ഇ.എം.എസ്‌ ഇല്ലാതെ പത്തുവർഷം

1998 മാർച്ച്‌ 19നാണ്‌ ഇ.എം.എസ്‌ നമുക്ക്‌ ഓർമയായത്‌. ഒരു മരണം ഒരു നാടിന്റെ സകലമാന ഇടങ്ങളേയും ബാധിക്കും എന്ന സത്യം മലയാളികൾ ആദ്യമായും ഒരു പക്ഷെ അവസാനമായും മനസിലാക്കിയത്‌ ഇ.എം.എസിന്റെ വേർപാടോടു കൂടിയാണ്‌. ഇ.എം.എസ്‌ എന്ന പേര്‌ കേരളമെന്ന ദേശത്തിന്റെ സകല അതിരുകളേയും ഭേദിച്ച്‌ വളർന്നുകൊണ്ടിരിക്കുമ്പോഴും, ഓരോ മലയാളികളുടെയും സ്വകാര്യ അഹങ്കാരമായിരുന്നു അദ്ദേഹം. മാർക്സിസ്‌റ്റ്‌ കമ്മ്യൂണിസ്‌റ്റ്‌ പാർട്ടി എന്ന വൃത്തത്തിനുള്ളിലെ സമുന്നതനായ നേതാവ്‌ എന്ന സ്ഥാനത്തിനപ്പുറം, വലിയ ശരികളെ തേടിയുള്ള യാത്രയായിരുന്നു എഴുത്തിലൂടെയും വിറയ്‌ക്കുന്ന നാവിലൂടെയും അദ്ദേഹം നടത്തിയത്‌. കമ്മ്യൂണിസ്‌റ്റാകുക എന്നാൽ നല്ല മനുഷ്യനാകുക എന്ന ചിന്ത അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ തെറ്റുകൾ ഏറ്റുപറഞ്ഞും വ്യത്യസ്തമായ ആശയങ്ങൾ തിരിച്ചറിഞ്ഞും എതിർക്കുന്നവരെ ക്ഷമയോടെ പ്രതിരോധിച്ചും അദ്ദേഹം തന്റെ ജീവിതം സാർത്ഥകമാക്കി. ഒരു പാർട്ടിയുടെ വളർച്ചയുടെ തായ്‌വേര്‌ ഉറപ്പിക്കുന്നതിനൊപ്പം തിരുത്തലുകളുടെ സത്യസന്ധമായ ലിറ്റ്‌മസ്‌ പേപ്പറായി അദ്ദേഹം വർത്തിച്ചു.

പത്തുവർഷമായി ഇ.എം.എസിന്റെ വിയോഗം മലയാളിക്ക്‌ നൽകിയ അനാഥത്വം കുറച്ചൊന്നുമല്ല നമ്മുടെ രാഷ്ര്ടീയ-സാംസ്‌കാരിക-സാഹിത്യ മേഖലകളെ ദുർബലമാക്കിയത്‌. ചില ചോദ്യത്തിന്‌ ഇ.എം.എസ്‌ മാത്രമായിരുന്നു പ്രതിവിധി. മാനവരാശിയെ സംബന്ധിക്കുന്ന സമസ്ത വിഷയങ്ങളേയും അകക്കണ്ണുകൊണ്ടും പുറംകാഴ്‌ചകൊണ്ടും വിശകലനം ചെയ്യുകയും കൃത്യമായ രാഷ്ര്ടീയബോധത്തോടെ പ്രതികരിക്കുകയും ചെയ്ത ഒരു മനുഷ്യന്റെ അസാന്നിധ്യം സൃഷ്ടിച്ച അമ്പരപ്പിൽ നിന്നും കഴിഞ്ഞ പത്തുവർഷമായി നാം മോചിതരായിട്ടില്ല.

പരസ്പരമുള്ള ഗ്വാ ഗ്വാ വിളികളുടെ ഇടയിലേയ്‌ക്ക്‌ ഒരു സംവിധാനത്തെയാകെ ഇളകിമറിക്കുന്ന ഒരു ചോദ്യവുമായി ഇ.എം.എസ്‌ ഇന്നില്ല. അങ്ങിനെയൊരു ചോദ്യമൊക്കെ ഉയർത്താൻ ഒരു പരിധിവരെയെങ്കിലും ത്രാണിയുള്ളവർ ആർക്കൊക്കെയോ വേണ്ടി ഉരുകിത്തീരുന്ന മെഴുകുമനുഷ്യരാകുന്നു. ഇവിടെയാണ്‌ ഇ.എം.എസ്‌ വ്യത്യസ്തനാകുന്നത്‌. ഒരു രാഷ്ര്ടീയകക്ഷിയുടെ, ഒരു പ്രത്യയശാസ്ര്തത്തിന്റെ നിലപാടു തറയിൽ ഉറച്ചു നിന്നുകൊണ്ടാണെങ്കിലും ഇ.എം.എസ്‌ ഒരു ആൽമരമായി മലയാളികളുടെ ജീവിതത്തിനു മുകളിൽ ഒരു തണലായിത്തീർന്നു. അതൊരു ജീവിതദർശനത്തിന്റെ കൂടി വിജയമാണ്‌.

Generated from archived content: edit1_mar18_08.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here