ഭരത്‌ ഗോപി

മലയാളിയുടെ യാഥാസ്ഥിതിക സിനിമാക്കാഴ്‌ചകളിലേക്ക്‌ എഴുപതുകളുടെ ഒടുവിൽ വി. ഗോപിനാഥൻ നായർ കടന്നുവന്നപ്പോൾ ഇടിഞ്ഞുവീണത്‌ നാം അന്നോളം ഹൃദയത്തിൽ കുടിവെച്ച്‌ ആരാധിച്ച നായക സങ്കല്പ ഘടനയായിരുന്നു. സൂക്ഷ്മാഭിനയത്തിന്റെ പരകോടിയിൽ നിന്ന്‌ ഭരത്‌ ഗോപി തിരശീലയിൽ തകർത്താടിയപ്പോൾ നമുക്ക്‌ ഇങ്ങിനെയും ഒരു നായകൻരൂപം ഉൾക്കൊള്ളാനാകും എന്ന തിരിച്ചറിവ്‌ മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ തിരുത്തലായിരുന്നു. കണ്ണുമഞ്ഞളിപ്പിക്കുന്ന കാഴ്‌ചകൾക്കപ്പുറത്ത്‌ മലയാളിയുടെ നേർജീവിതത്തെ തുറന്നു കാട്ടിയ കഥാപാത്രങ്ങളുടെ കരുത്തായിരുന്നു ഗോപിയെന്ന നടൻ. ഇദ്ദേഹം അവശേഷിപ്പിച്ചു പോയ ഇടത്തെ ഏറ്റെടുക്കാൻ ഒരു നടനും മലയാളത്തിൽ ഇല്ല എന്നു തന്നെ ഉറപ്പിച്ചു പറയാം. സ്വയംവരം എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക്‌ കടന്നുവന്ന ഗോപി കൊടിയേറ്റം എന്ന ചിത്രത്തിലൂടെ ഭരത്‌ പുരസ്‌കാരത്തിനർഹനായി. തമ്പ്‌, യവനിക, കള്ളൻ പവിത്രൻ, പെരുവഴിയമ്പലം, ആദാമിന്റെ വാരിയെല്ല്‌, ലേഖയുടെ മരണം ഒരു ഫ്ലാഷ്‌ബാക്ക്‌, പാളങ്ങൾ, രേവതിയ്‌ക്കൊരു പാവക്കുട്ടി തുടങ്ങിയ ചിത്രങ്ങളിൽ സമാനതകളില്ലാത്ത പ്രകടനമാണ്‌ കാഴ്‌ചവച്ചത്‌.

മരണസമാനമായി 1986ൽ ഉണ്ടായ പക്ഷാഘാതം തന്റെ അഭിനയജീവിതത്തിൽ വലിയൊരു ഇടവേളയാണ്‌ സൃഷ്ടിച്ചത്‌. അത്‌ ഭരത്‌ഗോപിയുടെ വ്യക്തിപരമായ നഷ്ടം എന്നതിലുപരി മലയാള സിനിമയുടെ എക്കാലത്തേയും വലിയ നഷ്ടങ്ങളിലൊന്നാണ്‌. പിന്നീട്‌ പാഥേയം എന്ന ചിത്രത്തിലൂടെ തന്റെ ആരോഗ്യപരമായ സകല പരിമിതികളേയും അവഗണിച്ച്‌ ക്യാമറക്കു മുന്നിൽ വന്നു. അതിനുശേഷം ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്‌ചവയ്‌ക്കാനും അദ്ദേഹത്തിനായി.

മലയാള സിനിമാ ലോകത്തിന്‌ അഭിനയത്തിന്റെ ഒട്ടേറെ അനർഘനിമിഷങ്ങളൊരുക്കിയ മഹാനായ നടന്‌ പുഴ ഡോട്ട്‌ കോമിന്റെ ആദരാഞ്ജലികൾ…

Generated from archived content: edit1_jan30_08.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here