പറവൂരിൽ നടന്ന എറണാകുളം ജില്ല സ്‌കൂൾ യുവജനോത്സവ സമാപന സമ്മേളനവേദി. സ്ഥലം എം.പിയടക്കമുളള വിശിഷ്‌ടവ്യക്തികളും കലാതിലക-പ്രതിഭകളും വേദിയിൽ നിറഞ്ഞു. തൊട്ടപ്പുറത്തുളള മറ്റൊരു സ്‌റ്റേജിൽ അവസാന ഇനമായ ഗാനമേള മത്സരം അവസാനിച്ചു. ഒരു യുവജനോത്സവത്തിന്റെ സന്തോഷപൂർവ്വമായ സമാപനം സ്വപ്നം കണ്ടിരുന്ന പലരുടെയും മനസ്സിനെ കലക്കിക്കൊണ്ടാണ് എറണാകുളം നഗരത്തിലെ ഒരു ഗവൺമെന്റ് സ്‌കൂളിൽ പഠിക്കുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ബോധരഹിതയായി വീണത്. ഈ കുട്ടിയെയും ചുമലിലേറ്റി സഹപാഠികളും രക്ഷിതാക്കളും സമാപനസമ്മേളന വേദിയിലേക്ക് ഇരച്ചു കയറാൻ തുടങ്ങി. എം.എൽ.എ. അടക്കമുളളവർ പ്രശ്‌നം ഒതുക്കിത്തീർക്കാൻ കൊണ്ടുപിടിച്ച ശ്രമം നടത്തുന്നു. അത് വാക്കുതർക്കത്തിലേക്ക് നീങ്ങി…. ചെറിയ കയ്യേറ്റശ്രമം…സംഘാടക സമിതിയിലെ ചിലരുടെ ശിങ്കിടികളുടെ അഭ്യാസങ്ങൾ…. ഭീഷണിപ്പെടുത്തൽ… എല്ലാത്തിനുമൊടുവിൽ തളർന്നുവീണ കുട്ടിയുടെ കരച്ചിൽ മാത്രം ഒടുങ്ങിയില്ല.
ഒരു യുവജനോത്സവ മാർക്കു തിരുത്തൽ പ്രശ്‌നത്തിന്റെ സാധാരണ രീതിയിലുളള പ്രതികരണങ്ങളിൽ ഒന്നായിരുന്നു ഇത്. പിറ്റേന്ന് പത്രങ്ങളിൽ ഒരു ബോക്‌സ് ന്യൂസ് മാത്രം മിച്ചമാകും. പക്ഷെ സാധാരണയായി ഒളിച്ചും പാത്തും നടത്താറുളള മാർക്കുതിരുത്തൽ രീതിയിൽ നിന്നും വ്യത്യസ്തമായിരുന്നു ഇവിടെ നടന്നത്. സ്‌റ്റേജിനുമുന്നിൽ ജൂറിമാരുടെ മേശയ്‌ക്കു ചുറ്റും സംഘാടകരുടെ മേൽനോട്ടത്തിൽ എല്ലാവരും കാൺകെയായിരുന്നു ഇവിടെ മാർക്കു തിരുത്തൽ. ഗാനമേള മത്സരത്തിന്റെ വിധികർത്താക്കളിൽ ഒരാളായിരുന്നു ഇതിലെ നായകൻ. ജനം ഇളകിയപ്പോൾ, സംഘാടകരുടെ നിർദ്ദേശ പ്രകാരമാണ് മാർക്കുതിരുത്തൽ നടത്തിയതെന്ന് ഇദ്ദേഹം കുറ്റസമ്മതവും നടത്തി. ഇതിലും രസാവഹം മറ്റൊന്നായിരുന്നു; പരാതി നല്‌കാനെത്തിയ കുട്ടികളോട് ഡെപ്യൂട്ടി വിദ്യാഭ്യാസ ഡയറക്‌ടർ നല്‌കിയ മറുപടി – “ഇതൊക്കെ സാധാരണമല്ലേ… ഇതിനൊക്കെ ബഹളം വയ്‌ക്കാൻ തുടങ്ങിയാൽ എങ്ങിനെയാ….?” ഏതോ മത്സരത്തിൽ മകന് ഒന്നാം സ്ഥാനം കിട്ടിയതിന്റെ ആഹ്ലാദത്തിൽ നില്‌ക്കുന്ന ഡെപ്യൂട്ടി ഡയറക്‌ടറുടെ മറുപടി കേട്ട് ഒരു പാവം കലാകാരി തലകറങ്ങി വീഴാതിരുന്നാലാണ് അത്ഭുതം.
ഏഷ്യയിലെ ഏറ്റവും വലിയ യുവജനോത്സവത്തിലേയ്‌ക്കുളള ചവിട്ടുപടിയിൽ ഇത്തവണ നടന്ന സംഭവങ്ങളിലൊന്നാണിത്. ഇനി തിരൂരിൽ എന്തൊക്കെയാണാവോ നടക്കുക. യേശുദാസിനെയും ജയചന്ദ്രനെയും പോലെയുളള മഹാപ്രതിഭകളെ സൃഷ്‌ടിച്ച സ്‌കൂൾ യുവജനോത്സവങ്ങളുടെ ഇന്നത്തെ സ്ഥിതി ഏറെ പരിതാപകരം തന്നെ. പണക്കൊഴുപ്പിന്റെ മേള എന്ന സ്ഥിരം അപഖ്യാതിയ്‌ക്കപ്പുറത്ത് ജനത്തിന്റെ മുന്നിൽവച്ച് മാർക്കു തിരുത്തുവാൻ പോലും അഹങ്കാരം കാണിക്കുന്ന, കലയെ സ്‌നേഹിക്കുന്ന കുട്ടികളുടെ മനസ്സിൽ നിരാശയുടെയും വൈരാഗ്യത്തിന്റെയും വിത്തുകൾ വാരിയെറിയുന്നവരുടെ മേളയായി ഇതു മാറിയെന്നതാണ് സത്യം. പണം തന്നാൽ നിങ്ങൾക്ക് സംസ്ഥാനതല ഒന്നാം സ്ഥാനം വരെ ഒതുക്കാം എന്ന് പ്രലോഭിപ്പിക്കുന്ന ഏജന്റുമാരാൽ നിറഞ്ഞിരിക്കുകയാണ് ഇത്തരം മേളകൾ. ഇതൊക്കെ നാം കണ്ടുപോയ ചില ചിത്രങ്ങൾ മാത്രം. കാണാതെ പോകുന്ന കളികളുടെ കണക്കുകളും സ്വഭാവങ്ങളും അറിഞ്ഞാൽ നാം വിരണ്ടുപോകും.
സ്‌കൂൾ യുവജനോത്സവങ്ങളുടെ ഉദ്ദേശ ലക്ഷ്യങ്ങളെക്കുറിച്ചുളള ഒരു പുനർചർച്ച നടത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കുട്ടികളിലെ പ്രതിഭകളെ കണ്ടെത്താൻ, കേരളത്തിന്റെ കലാ-സാംസ്‌കാരികരംഗം വളരാൻ ഏറെ ഉദ്ദേശശുദ്ധിയോടെ നടത്തപ്പെട്ടിരുന്ന യുവജനോത്സവങ്ങൾ ഇന്ന് എത്രമാത്രം ഫലം ചെയ്യുന്നുണ്ടെന്ന് നാം തിരിച്ചറിയണം. ചുരുക്കം ചില സിനിമാതാരങ്ങളെ സൃഷ്‌ടിക്കുകയും, ക്യാപ്‌സ്യൂൾ കഥകളിയും കുച്ചിപ്പുടിയും എന്തിന് കഥയെഴുത്തുവരെ കാണാതെ പഠിച്ച് കലാപ്രതിഭാ-തിലകങ്ങൾ ഉണ്ടാകുകയും പിന്നെ കുറച്ച് ഗ്രേസ് മാർക്ക് കിട്ടുകയും ചെയ്യുന്നതല്ലാതെ മറ്റെന്താണ് കുറെനാളുകളായി ഇത്തരം മേളകളിലൂടെ നാം നേടുന്നത്.
നമുക്ക് വേണ്ടത് ആരോഗ്യമുളള മനസ്സും, ലോകത്തെ സ്‌നേഹിക്കുവാൻ പ്രാപ്തിയുളള ഹൃദയവിശാലതയുമുളള കുട്ടികളെയാണ്. ഇത്തരത്തിലൂടെ വളരുന്ന പ്രതിഭകളെയും തിലകങ്ങളെയുമാണ് നാടിനാവശ്യം. അല്ലാതെ പെട്ടെന്ന് മറഞ്ഞുപോകുന്ന ഇൻസ്‌റ്റന്റ് പ്രതിഭ&തിലകങ്ങളെയല്ല. രക്ഷിതാക്കളുടെയും വിദ്യാലയങ്ങളുടെയും സ്‌റ്റാറ്റസിനുവേണ്ടി പണമൊഴുക്കി സൃഷ്‌ടിക്കപ്പെടുന്ന പ്രതിഭകൾ വരുംകാലങ്ങളിലെ കലുഷിത പ്രശ്‌നങ്ങളിൽ പ്രതിഷേധിക്കാനാവാതെ, പ്രതികരിക്കാനാവാതെ വെറും നോക്കുകുത്തികളായി തീരുമെന്നത് തീർച്ച. കലയോടുളള ഈ കുട്ടികളുടെ ആത്മാർത്ഥതയും പിന്നീട് എത്രത്തോളമുണ്ടാകുമെന്നതും ചോദ്യചിഹ്നം തന്നെ. മാർക്കു തിരുത്തലിന്റെയും പണത്താൽ വാങ്ങിയ സമ്മാനങ്ങളുടെയും ഉടമയായ കുട്ടികളിൽ പലരും തലതിരിഞ്ഞ ലോകകാഴ്‌ചകളിലേയ്‌ക്കാകും വരിക.
വിദ്യാലയങ്ങളിൽ സിനിമാറ്റിക് ഡാൻസും മൊബൈൽ ഫോണും നിരോധിക്കുമെന്ന് വളരെ ഹൃദയശുദ്ധിയോടെ പ്രഖ്യാപിച്ച വിദ്യാഭ്യാസമന്ത്രിയുടെ അടുത്ത നോട്ടമെത്തേണ്ടത് ഇവിടേയ്‌ക്കാണ്. സിനിമാറ്റിക് ഡാൻസിനേക്കാളും മൊബൈൽ ഫോണിനേക്കാളും കുട്ടികളിൽ മാനസിക വൈകല്യങ്ങൾ സൃഷ്‌ടിക്കാൻ സാധിക്കുന്ന യുവജനോത്സവങ്ങളിലെ ഇത്തരം നാറുന്ന പരിപാടികൾ അവസാനിപ്പിക്കാൻ മുൻകൈ എടുക്കണം. യഥാർത്ഥ പ്രതിഭയുളള കുട്ടികളെ കണ്ടെത്താൻ, പ്രതിഭകളാക്കപ്പെട്ടവരിൽ തൊണ്ണൂറു ശതമാനവും പാഴായിപ്പോകുന്ന യുവജനോത്സവങ്ങൾ വേണ്ടി വരുമെന്ന് തോന്നുന്നില്ല. മറിച്ച് കുറെ നല്ല മനസ്സുകൾ വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ചാൽ മതിയാകും. ഗതികേടിന് ഇതൊക്കെ ഒന്നു നേരെയാക്കാൻ ഏറെ വിഷമിക്കേണ്ടിവരും. മക്കളെ പ്രതിഭകളും തിലകങ്ങളുമാക്കാൻ എത്ര ലക്ഷം മുടക്കാനും തയ്യാറായി നില്‌ക്കുകയാണല്ലോ എല്ലാവരും…
Generated from archived content: edit1_jan13.html Author: suvi_new
Click this button or press Ctrl+G to toggle between Malayalam and English