മൂലമ്പിള്ളിയിലെ നക്സലൈറ്റുകൾ

വല്ലാർപാടം പദ്ധതിക്കുവേണ്ടി മൂലമ്പിള്ളിയിൽ നിന്നു കുടിയൊഴിപ്പിക്കപ്പെട്ടവരുടെ സമരത്തിനു പിന്നിൽ നക്സലുകളാണ്‌ എന്ന മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്റെ പ്രസ്താവന ഏറെ ഗൗരവത്തോടെ നോക്കി കാണേണ്ടതാണ്‌. മൂലമ്പിള്ളിയിലെ സമരത്തോടൊപ്പം ചേർന്ന സ്ഥിരം സമരനേതാക്കളും സാംസ്‌കാരിക പ്രവർത്തകരും പിന്നെ കെ.സി.വൈ.എം അടക്കമുള്ള സംഘടനാ പ്രവർത്തകരും ഒരു നക്സൽ സാന്നിധ്യമല്ലെന്ന്‌ മറ്റാരേക്കാളും നന്നായി അറിയാവുന്ന ആളാണ്‌ നമ്മുടെ മുഖ്യമന്ത്രി. പിന്നെ എന്തുകൊണ്ട്‌ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഇതിനൊരു കാരണമുണ്ട്‌. അത്‌ ഒട്ടേറെ സമര രീതികളേയും, ആ സമരങ്ങളിലെല്ലാം പങ്കെടുത്ത ജനങ്ങളുടെ മനസും അറിഞ്ഞ, ഒടുവിൽ ഇപ്പോൾ തനിക്കൊന്നും ചെയ്യാനില്ല എന്നും തിരിച്ചറിഞ്ഞ ഒരു കമ്മ്യൂണിസ്‌റ്റുകാരന്റെ മനസിന്റെ ഭയമാണ്‌ ഇവിടെ വെളിവാക്കപ്പെട്ടത്‌.

വികസനത്തിന്റെ പേരിൽ ഒരു വ്യവസ്ഥയാകെ അടിമുടി കീഴ്‌മേൽ മറിയുന്ന കാഴ്‌ചയാണ്‌ നാം കാണുന്നത്‌. ഇവിടെ നഷ്ടപ്പെടലുകളുടേയും നേടലുകളുടേയും വലിയ വലിയ കണക്കുകളിൽ വീർപ്പുമുട്ടുന്ന ജനതയായി മാറുകയാണ്‌ കേരളം. തികച്ചും അഗ്നിപർവ്വത സമാനമായ അവസ്ഥ. സാമ്പത്തിക അസമത്വത്തിന്റെ അതിഭീകരമായ കാഴ്‌ചകളാണ്‌ കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും നാം കാണുന്നത്‌. ഒരു നിമിഷം കൊണ്ട്‌ തന്റെ നാടും ജീവിതവും ഒരുവന്‌ അന്യമാകുന്ന അവസ്ഥ മറ്റെന്തിനേക്കാളും ഭീകരം തന്നെ.

വികസനം വരുന്നത്‌ തെങ്ങിന്റെ മണ്ടയിലൂടെയല്ല എന്ന വ്യവസായവകുപ്പു മന്ത്രിയുടെ പ്രസ്താവനയ്‌ക്ക്‌ മറുപടിയായി വ്യവസായമന്ത്രിയും കൂട്ടുകാരും ഇന്ന്‌ വികസനം വരുത്തുന്നത്‌ ദളിതന്റെ മണ്ടയിലൂടെയാണ്‌ എന്ന്‌ കല്ലേൻ പൊക്കുടൻ (മാധ്യമം ആഴ്‌ചപ്പതിപ്പ്‌, 2008 മാർച്ച്‌ 3) വേവലാതിപ്പെടുന്നതും ഇതിനൊപ്പം കൂട്ടിവായിക്കാവുന്നതാണ്‌.

വികസനം എന്ന പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്നത്‌ ആരൊക്കെയാണ്‌ എന്ന ഒരു അന്വേഷണം ഇവിടെ തീർച്ചയായും ഉണ്ടാകേണ്ടതാണ്‌. ദളിതർ, മത്സ്യത്തൊഴിലാളികൾ, മറ്റ്‌ അടിസ്ഥാന വർഗങ്ങൾ ഇവരുടെ മണ്ടയിലൂടെ തന്നെയാണ്‌ ഓരോ വികസനവും ഉണ്ടാകുന്നത്‌ എന്നത്‌ ഒരു യാഥാർത്ഥ്യമായി നമ്മുടെ മുന്നിലുണ്ട്‌. വേണ്ടപ്പെട്ടവർക്കുവേണ്ടി എത്രയോ ‘വികസനവഴികൾ’ വളഞ്ഞുപോയതായി നാം കണ്ടിട്ടുണ്ട്‌. ആ വളവുകളൊന്നും ഈ വിഭാഗങ്ങളുടെ കാര്യത്തിൽ നാം കണ്ടിട്ടേയില്ല. കുടിയൊഴിപ്പിക്കപ്പെടുമ്പോൾ കിട്ടുന്ന പണം കൊണ്ട്‌ മറ്റൊരു മനുഷ്യനായി എത്രകാലം മണ്ണുമായി ആത്മബന്ധമുള്ളവർക്ക്‌ ജീവിക്കാനാകും. കേരളത്തിലുടനീളം ഇങ്ങനെ മനസുകൊണ്ട്‌ ജിപ്സിവത്‌ക്കരിക്കപ്പെട്ട മനുഷ്യർ കുന്നുകൂടുകയാണ്‌. വലിയ വലിയ സൗധങ്ങൾക്കുമുന്നിൽ കണ്ണഞ്ചിപ്പിക്കുന്ന വലിയ വലിയ ജീവിതങ്ങൾക്കു മുന്നിൽ ഇവർ എത്രകാലം ഒതുങ്ങിക്കഴിയേണ്ടിവരും. ഇത്‌ പുകഞ്ഞുകൊണ്ടിരിക്കുന്ന അഗ്നിപർവ്വതം തന്നെയാണ്‌.

ഈ പുകയുന്ന അഗ്നിപർവ്വതത്തെ പഴയ വിപ്ലവകാരിയായ അച്യുതാനന്ദൻ തിരിച്ചറിഞ്ഞു എന്നതാണ്‌ നേര്‌. ഇത്‌ അദ്ദേഹം മൂലമ്പിള്ളിക്കുവേണ്ടി പറഞ്ഞതല്ല, മറിച്ച്‌ കേരളത്തിന്‌ ഒട്ടാകെ ഒരു അപായ സൂചന നൽകുകയാണ്‌ ചെയ്തത്‌. ഇക്കാര്യത്തിലൊന്നും തനിക്കോ തന്റെ പാർട്ടിക്കോ ഒന്നും ചെയ്യുവാനുള്ള ശേഷിയോ, താല്പര്യമോ ഇല്ലെന്ന്‌ അദ്ദേഹം തിരിച്ചറിയുന്നു. ആ ഭയമാണ്‌ മൂലമ്പള്ളിയിലെ നക്സലായി പുറത്തുവന്നത്‌. പരസ്പരം ജാതിയും മതവും പറഞ്ഞ്‌ പോർവിളിക്കുന്ന ‘നവ’നവോത്ഥാന നായകരും, മറച്ചുവച്ച അജണ്ടകളോടെ മനുഷ്യാവകാശ പ്രവർത്തനത്തിനിറങ്ങുന്ന സാംസ്‌കാരിക നേതാക്കളും ഇക്കാര്യത്തിൽ തന്റെ പാർട്ടിയേക്കാളും മോശമാണ്‌ എന്ന തിരിച്ചറിവും ഈ വൃദ്ധവിപ്ലവകാരിയെ ഇത്തരമൊരു പ്രസ്താവനയിൽ എത്തിക്കാൻ കാരണമായിട്ടുണ്ട്‌.

അനീതിയ്‌ക്കെതിരെ പ്രതികരിക്കുന്നതാണ്‌ നക്സലിസമെങ്കിൽ തങ്ങളും നക്സലുകളാണെന്ന്‌ മൂലമ്പിള്ളിയിലെ പുകയുന്ന മനസുകൾ തീർച്ചപ്പെടുത്തിയാൽ അതിനു കാരണക്കാരായവർ തന്നെ സമാധാനം പറയേണ്ടിവരും.

Generated from archived content: edit1_feb29_08.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English