കേരളമെന്ന വിയറ്റ്‌നാം കോളനി

വിയറ്റ്‌നാം കോളനി എന്ന ചലച്ചിത്രം കേരള ജനതയുടെ സമകാലിക സമരങ്ങളുടെ നേർപകർപ്പാണ്‌. കഥാപരമായ ശരിതെറ്റുകളെ മാറ്റി നിർത്തിയാൽ, നമുക്ക്‌ കാണിച്ചുതരുന്ന കാപട്യത്തിന്റെ തന്ത്രപരമായ ഇടപെടലുകളാണ്‌ ആ സിനിമയെ ഏറെ വ്യത്യസ്തമാക്കുന്നത്‌. ഒരു കൂട്ടായ്മയുടെ സമരമുഖത്ത്‌ അവരിലൊരാളായി കടന്നുവന്ന്‌ അവരുടെ രക്ഷകനായി മാറി, ഒടുവിൽ ആർക്കെതിരെയാണോ സമരം നടത്തിയത്‌, അവർ എന്നേ വച്ചുനീട്ടിയ ഔദാര്യങ്ങൾ സമരക്കാരുടെ അവകാശമാക്കി, സമരലക്ഷ്യത്തെ അട്ടിമറിക്കുന്ന കൃഷ്ണമൂർത്തിയെന്ന ‘വിയറ്റ്‌നാം കോളനി’യിലെ നായകൻ ഇക്കാലത്ത്‌ കേരളത്തിലെ പല സമരമുഖങ്ങളിലും പല വേഷങ്ങളിലും പ്രത്യക്ഷപ്പെടുന്നത്‌ ഒന്നു സൂക്ഷ്മമായി നിരീക്ഷിച്ചാൽ നമുക്ക്‌ കാണുവാനാകും.

പ്ലാച്ചിമടയിൽ തുടങ്ങിയ ഈ പ്രതിഭാസം കേരളത്തിലെ ഏതൊരു ജനകീയ സമരത്തിലും പ്രത്യക്ഷമാകുകയാണ്‌ ഇപ്പോൾ. കുടിവെള്ളത്തിനും കുടിയിറക്കലുകൾക്കും മാലിന്യത്തിനും ഭൂമാഫിയയ്‌ക്കുമെതിരെയുള്ള സമരങ്ങളെല്ലാം അതിന്റെ പരമമായ തീവ്രതയോടെയാണ്‌ പ്രത്യേക ലേബലുകളില്ലാത്ത ജനം ഏറ്റെടുക്കുന്നതും തുടങ്ങിവയ്‌ക്കുന്നത്‌. നേരിട്ടനുഭവിക്കുന്ന ദുരിതങ്ങളുടെ കൃത്യമായ പ്രതിഫലനമാണിത്‌. നഷ്ടപരിഹാരമെന്ന മട്ടിൽ സർക്കാരടക്കം ആരെങ്കിലുമൊക്കെ വച്ചുനീട്ടുന്ന ചില്ലറകൾക്കു നേരെ കണ്ണടച്ച്‌, സ്വന്തം നിലനിൽപ്പിനായി നടത്തുന്ന ഈ സമരങ്ങൾ നൂറുശതമാനവും സത്യസന്ധമാണ്‌, തീവ്രവുമാണ്‌. ബ്രഹ്‌മപുരത്തും, ചെങ്ങറയിലും, സുനാമി പുനരധിവാസ സമരങ്ങളിലും ഇപ്പോൾ വല്ലാർപാടത്തുമൊക്കെ സമരങ്ങൾ തുടങ്ങിയത്‌ ഇങ്ങനെ തന്നെയായിരുന്നു. ജനങ്ങളും അധികാരകേന്ദ്രങ്ങളും തമ്മിലുള്ള നേർക്കുനേർ പോരാട്ടം, ഒരു വിട്ടുവീഴ്‌ചകളുമില്ലാതെ.

ഇവരുടെ ഇടയിലേക്കാണ്‌ ‘വിയറ്റ്‌നാം കോളനി’യിലെ കൃഷ്ണമൂർത്തിമാർ വരുന്നത്‌. അവൻ എഴുത്തുകാരൻ & എഴുത്തുകാരി വേഷത്തിലാകാം ഫെമിനിസ്‌റ്റ്‌, പരിസ്ഥിതിവാദി, മനുഷ്യാവകാശ പ്രവർത്തകൻ എന്നുള്ള വേഷങ്ങളിലാകാം. ഈ സമരങ്ങളിലെല്ലാം ഇടപെടുന്നത്‌ ഒരേ മുഖങ്ങൾ തന്നെയാണ്‌ എന്നതാണ്‌ മറ്റൊരു ശ്രദ്ധേയമായ കാര്യം. ഇവരുടെ ഇടപെടലോടെ ഓരോ ജനകീയ സ്മരണകളുടേയും ഘടന വളരെ തന്ത്രപരമായി അട്ടിമറിക്കപ്പെടുന്നു. പിന്നീട്‌ എല്ലാ സമരങ്ങളിലും ഒരു അനുഷ്‌ഠാനം പോലെ കൃത്യമായ ചില പരിപാടികളാണ്‌ നാം കാണുക. സമരത്തിന്റെ യഥാർത്ഥ ലക്ഷ്യത്തെ മറന്ന്‌, സമരത്തെ ഒരു ഉപകരണമാക്കി ഒരു ഗ്ലോബൽ വാർത്തയ്‌ക്കായി ഉന്നം പിടിക്കുകയാണ്‌ ഇവർ. പ്രസംഗങ്ങളുടേയും സമരപ്പന്തൽ സന്ദർശനങ്ങളുടേയും ദൃശ്യങ്ങൾ മാത്രമായി ഈ സമരങ്ങളൊക്കെയും ഒതുക്കപ്പെടുന്നു. സമരം ചെയ്ത ദുരിതബാധിതരുടെ മുഖങ്ങൾക്കു പകരം ഇവരായിരിക്കും ഉണ്ടാകുക.

ഒരു തീവ്രമായ സമരത്തിന്റെ മഞ്ഞുരുകൽ ഈ സമയം തുടങ്ങിക്കഴിഞ്ഞിരിക്കും. തങ്ങൾ ജീവിച്ച ഇടങ്ങളിൽ നിന്നും ഒഴിഞ്ഞുപോകില്ല എന്ന മനുഷ്യാവകാശത്തിന്റെ പ്രഥമ വാദത്തിൽ ഉറച്ചുനിന്ന്‌ പോരാടിയ ജനങ്ങൾക്കു മുന്നിൽ കോംപ്രമൈസിന്റെ സമരവുമായാണ്‌ പിന്നീടിവർ നായകരാകുന്നത്‌. ജനത്തിന്റെ ചൂട്‌ ഇവരുടെ വ്യക്തിപ്രഭയാലും അതികായകത്വത്തിലും ഒലിച്ചുപോയിട്ടുണ്ടാകും. പിന്നീട്‌ പ്രതീതിയാഥാർത്ഥ്യം സൃഷ്ടിക്കുന്ന റിയാലിറ്റി ഷോകളായി മാറുകയാണ്‌ ഇവർ ഏറ്റെടുക്കുന്ന സമരങ്ങളെല്ലാം. ഇവർ മൊബൈൽ ഫോണിലൂടെ സമരങ്ങൾ ഉദ്‌ഘാടനം ചെയ്യും, ആദിവാസികൾക്കൊപ്പം ആടും പാടും, കുടിലും കെട്ടും. ഭരണ കേന്ദ്രങ്ങളുടെ പടിയ്‌ക്കൽ കൊടികളുയർത്തും. ‘വിയറ്റ്‌നാം കോളനി’യിലെ താമസക്കാർക്കു വേണ്ടി കൃഷ്ണമൂർത്തി കക്കൂസു കുത്തിയതുപോലെ.

ഒടുവിൽ അധികാര കേന്ദ്രങ്ങൾ തരാമെന്നു പറഞ്ഞ ചില്ലറകൾ ജനത്തിന്റെ അവകാശമാക്കി മാറ്റിയെടുക്കും. അല്ലറ ചില്ലറ വിട്ടുവീഴ്‌ചകൾ ഇക്കാര്യത്തിൽ ഉണ്ടായേക്കാം. അങ്ങിനെ തീവ്രമായ ഓരോ സമരമുഖങ്ങളേയും ഷണ്ഡീകരിച്ച്‌ ഇവർ ഇവരുടെ കർത്തവ്യം നിറവേറ്റുന്നു. ഓരോ സമരങ്ങളും ഇവരിൽ വിദേശഫണ്ടുകളുടെ പൂക്കാലം സൃഷ്ടിക്കുമെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. ജനം അവരുടെ ആവശ്യങ്ങൾക്കായി നേരിട്ട്‌ നടത്തേണ്ട സമരങ്ങളെ ഗ്ലോബലാക്കുന്നതും, ഈ ‘കൃഷ്ണമൂർത്തി’മാർ ലോകത്തിന്റെ ഏതു കോണിലേയ്‌ക്കും ഓടിയെത്തുന്നതും എന്തിനാണ്‌ എന്ന്‌ മനസിലാകുന്നില്ല. എല്ലാ സമരങ്ങളിലും ഒരേ മുഖങ്ങൾ ഇങ്ങനെ പ്രത്യക്ഷപ്പെടുന്നതിന്റെ ഔചിത്യവും മനസിലാകുന്നില്ല. ഇവരൊക്കെ ഏറ്റെടുത്ത സമരങ്ങളുടെ ബാക്കിപത്രം എന്താണെന്നും നാം അന്വേഷിക്കേണ്ടിയിരിക്കുന്നു. പ്രാദേശികമായ സമരങ്ങൾക്ക്‌ പ്രാദേശിയമായ നേതൃത്വങ്ങളാണ്‌ വേണ്ടത്‌. അതിന്റെ സത്യസന്ധതയ്‌ക്ക്‌ നമുക്ക്‌ മാർക്കിടാനാവുന്നതല്ല.

വന്ദന ശിവയേയും, സി.ആർ നീലകണ്‌ഠനേയും, സാറാ ജോസഫിനേയും, അജിതയേയും പോലെയുള്ളവർക്കു പകരം നമുക്ക്‌ പ്ലാച്ചിമടയിലെ മയിലമ്മമാരെയാണ്‌ വേണ്ടത്‌. ഹൈജാക്ക്‌ ചെയ്യപ്പെടും വരെയെങ്കിലും ആ സമരങ്ങൾക്ക്‌ സത്യസന്ധത ഉണ്ടായിരിക്കും.

Generated from archived content: edit1_feb13_08.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English