ബേനസീർ

ജനാധിപത്യം എന്ന ലേബൽ ഏറ്റവും അസ്ഥിരമായ ഒരു രാഷ്ര്ടത്തിനു മേൽ ഉണ്ടെങ്കിൽ പോലും അതിന്റെ ശക്തി മറ്റെന്തിനേക്കാളും വലുതാണ്‌. ഒരു രാജ്യത്തിന്റെ യുദ്ധശേഷിയേക്കാളും സാമ്പത്തിക ശേഷിയേക്കാളും ഏറെ വില പിടിപ്പുള്ളതാണ്‌ ജനാധിപത്യം എന്ന അവസ്ഥ.

ജന്മം കൊണ്ടതിൽ പിന്നെ മൂന്നിൽ രണ്ടുഭാഗം കാലവും ഏകാധിപത്യവും പട്ടാളഭരണവുമാണ്‌ പാക്കിസ്ഥാൻ ജനതയ്‌ക്ക്‌ വിധിച്ചിരുന്നത്‌. അഴിമതിയുടെ പേരിൽ ശരിയായോ തെറ്റായോ ഒട്ടേറെ പഴികൾ കേട്ടിരുന്നെങ്കിലും പാക്കിസ്ഥാൻ ജനതയുടെ ജനാധിപത്യ സ്വപ്നത്തിന്റെ കാവലാളായിരുന്നു ബേനസീർ. രാഷ്ര്ടീയസ്ഥിരത മരീചികയായി കണ്ടിരുന്നവർക്ക്‌ ഒരു പ്രതീക്ഷയായിരുന്നു അവർ.

ബേനസീറിന്റെ കൊലപാതകത്തിനു പിന്നിൽ ആരെന്ന ചോദ്യം വളരെ വലുതായിതന്നെ പാക്കിസ്ഥാന്റെ മാത്രമല്ല ലോകജനതയുടെ മുന്നിൽ ഉയർന്നു നിൽക്കുന്നുണ്ടെങ്കിലും ബേനസീറിന്റെ മരണശേഷം പാക്കിസ്ഥാനിലിനി എന്ത്‌ എന്ന രാഷ്ര്ടീയ അവസ്ഥയാണ്‌ ഏവരേയും ഭയപ്പെടുത്തുന്നത്‌. കലാപങ്ങൾ തിരമാലകൾപോലെ നിലക്കാതെ പാക്കിസ്ഥാനെ ഉലക്കുമെന്നത്‌ ഒരു സത്യമായി മുന്നിൽ നിൽക്കുകയാണ്‌. പാക്കിസ്ഥാനിലെ ജനാധിപത്യവത്‌ക്കരണം നീണ്ടുപോകുന്ന ഒരു സ്വപ്നമായി തീരുകയും ചെയ്യും. തീവ്രവാദികളുടെ ഏറ്റവും നല്ല വിളഭൂമിയായി പാക്കിസ്ഥാൻ മാറുമെന്ന അവസ്ഥയും ഇതോടെ ഒരുപക്ഷെ യാഥാർത്ഥ്യമായേക്കും. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തീവ്രവാദ വളർച്ചയും അയൽരാജ്യമായ പാക്കിസ്ഥാന്റെ അസ്ഥിരതയും ഭാരതത്തിന്‌ എന്നും ഒരു ഭീഷണിയാണ്‌.

ജനാധിപത്യവത്‌ക്കരിക്കപ്പെട്ടത്‌ എന്ന ആത്മനിയന്ത്രണമില്ലാത്ത ഒരു രാഷ്ര്ടത്തിന്റെ ഇടപെടലുകൾ ആർക്കും മുൻകൂട്ടി കാണാൻ കഴിയുന്നതല്ല. അവർക്ക്‌ ലോകനീതിയെക്കുറിച്ച്‌ ചിന്തിക്കേണ്ടതുമില്ല. സ്വന്തം ജനതയുടെ വികാരം പോലും അത്തരമൊരു രാഷ്ര്ടത്തിന്‌ അന്യമായിരിക്കും.

ബേനസീറിന്റെ മരണശേഷം പാക്കിസ്ഥാന്റെ ഭാവി ഒരു പക്ഷെ ഇത്തരമൊരു അനിശ്ചിതാവസ്ഥയിലാണ്‌. ആ അനിശ്ചിതാവസ്ഥ പാക്ക്‌ ജനതയെപോലെ ഏറ്റവും അധികം ബാധിക്കുന്നത്‌ സഹോദരരാഷ്ര്ടമായ ഭാരതത്തെയായിരിക്കും.

ഈ ഒരു അനിശ്ചിതാവസ്ഥയെ മറികടക്കാൻ പാക്ക്‌ ജനതയും നിലവിലുള്ള ഭരണകൂടത്തിനും കഴിയട്ടെ എന്ന്‌ നമുക്ക്‌ പ്രാർത്ഥിക്കാം. ഒരു തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ട്‌ ഒരു ജനാധിപത്യ രാഷ്ര്ടം മോഹിച്ച പാക്ക്‌ ജനതയുടെ ആഗ്രഹങ്ങൾ സഫലമാകട്ടെയെന്നും നമുക്ക്‌ ആശിക്കാം.

Generated from archived content: edit1_dec28_07.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here