ഒടുവിൽ അബ്ദുൾ നാസർ മഅ്ദനി മോചിതനായി. 1998 ഫെബ്രുവരി 14ന് അന്നത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി എൽ.കെ അദ്വാനി തിരഞ്ഞെടുപ്പ് പര്യടനത്തിന് കോയമ്പത്തൂരിൽ എത്തിയപ്പോൾ നടന്ന ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ടാണ് 1998 മാർച്ച് 31 അർദ്ധരാത്രിയിൽ എറണാകുളം കലൂരിലെ വസതിയിൽ നിന്നും മഅ്ദനിയെ പോലീസ് അറസ്‌റ്റുചെയ്തത്. പിന്നീട് ജാമ്യവും ചികിത്സയും പരോളും തുടങ്ങി സകല മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ട് ഒൻപതുകൊല്ലവും നാലുമാസവുമാണ് കോയമ്പത്തൂർ ജയിലിൽ മഅ്ദനി തന്റെ ദുരിതജീവിതം കഴിച്ചുകൂട്ടിയത്.
ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട് സംശയിക്കുന്നവരെ അറസ്‌റ്റുചെയ്യാനും അവരെ ജയിലിലടയ്‌ക്കാനുമുള്ള ഒരു നിയമവ്യവസ്ഥ നമ്മുടെ രാജ്യത്തുണ്ട്. നീതി നിർവഹണത്തിന് അത് അത്യാവശ്യമാണെന്നത് സ്വഭാവികം മാത്രം. എന്നാൽ മഅ്ദനിയുടെയും അദ്ദേഹത്തോടൊപ്പം മോചിതരായവരുടേയും കാര്യത്തിൽ ഇതെത്രമാത്രം നീതികരിക്കാവുന്നതാണ് എന്ന ചോദ്യം ഉയരുന്നുണ്ട്. ഒരു ഭരണകൂടഅജണ്ടയിലൂടെ മനുഷ്യാവകാശലംഘനത്തിന്റെ സകലസീമകളും ലംഘിക്കുന്നതാണ് നാം ഇവിടെ കണ്ടത്. നിയമത്തിന്റെ പഴുതിലൂടെ നീതിയെ പരമാവധി അകറ്റിനിർത്തി അതിലൂടെ മഅ്ദനി എന്ന ‘സ്‌ഫോടകവസ്തു’വിനെ ചില ഇടങ്ങളിൽ നിന്നും മാറ്റിനിർത്തണമെന്ന ചിലരുടെ ആവശ്യകതയാണ് ഇവിടെ യഥാർത്ഥത്തിൽ പ്രവർത്തിച്ചത്. ഇക്കാര്യത്തിൽ കേരള രാഷ്ര്ടീയ ലോകത്തിലെ ചില ഇടപെടലുകളാണ് ഏറെ ആഭാസകരമായി തോന്നുന്നത്. മഅ്ദനിയുടെ മോചനത്തിനുശേഷം ഇരു മുന്നണികളിലേയും നേതാക്കളുടെ പ്രസ്താവനകൾ ഇത് ശരിവയ്‌ക്കുന്നു.
നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ അന്യായമാണ് മഅ്ദനിയുടെ ജയിൽവാസമെന്നും ഇക്കാര്യത്തിൽ നന്ദികേട് കാട്ടിയത് യു.ഡി.എഫാണെന്ന് പറഞ്ഞ് സി.പി.എം സംസ്ഥാന സെക്രട്ടറി വേദനകൊള്ളുമ്പോൾ മഅ്ദനിയെ അറസ്‌റ്റു ചെയ്തത് നായനാർ സർക്കാരാണെന്നും അത് വലിയ അഭിമാനവും നേട്ടവുമായി അന്നത്തെ ഇടതുപക്ഷക്കാർ കൊണ്ടാടിയിരുന്നെന്നും നാം ഓർക്കണം.
മഅ്ദനിയെ നായനാർ സർക്കാർ തമിഴ്‌നാട് പോലീസിനു കൈമാറിയ നടപടിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും നിലവിളിക്കുമ്പോൾ, മഅ്ദനിയെ പരോളിൽ പോലും പുറത്തുവിട്ടാൽ കേരളത്തിൽ ക്രമസമാധാന തകർച്ചയുണ്ടാകുന്ന് തമിഴ്‌നാട് ഇന്റലിജൻസിന് റിപ്പോർട്ട് നൽകിയവരാണ് പിന്നീടുവന്ന യു.ഡി.എഫ് സർക്കാരെന്നും നാം ഓർക്കണം. മഅ്ദനിയെ വിട്ടയക്കാതിരിക്കാൻ തമിഴ്‌നാട് ഗവൺമെന്റിന്റെ കയ്യിലെ തുറുപ്പുചീട്ടായി മാറി ആ റിപ്പോർട്ട്. നിരപരാധിയാണെന്ന് അന്നേ പറഞ്ഞുവെന്ന് വയലാർ രവിയും, മനുഷ്യാവകാശങ്ങൾ മാനിച്ച വിധിയെന്ന് ലീഗ് നേതാവ് പാണക്കാട് സയ്യദ് മുഹമ്മദാലി ശിഹാബ് തങ്ങളും പറയുമ്പോൾ അത് അശ്ലീലമാകുന്നു.
മഅ്ദനിയെ ജയിലിലടച്ച് കുറെനാൾ കഴിഞ്ഞപ്പോൾ, ചില ജീവികൾ ചന്തയ്‌ക്കുപോകുന്നതുപോലെ, പ്രത്യേകിച്ചും തിരഞ്ഞെടുപ്പ് കാലങ്ങളിൽ ഇരുമുന്നണി നേതാക്കളും മഅ്ദനി മോചനവിഷയവുമായി തമിഴ്‌നാട് മുഖ്യമന്ത്രിയെ കാണുക പതിവായിരുന്നു. ഒപ്പം കോയമ്പത്തൂർ ജയിൽസന്ദർശനവും. ഒടുക്കം വി.എസിന്റെ സന്ദർശനഫലമായി മഅ്ദനിക്ക് കുറച്ചു ചികിത്സ കിട്ടിയെന്നത് മാത്രം ആശ്വാസം. ഇതൊന്നും മനുഷ്യാവകാശ ധ്വംസനത്തിനെതിരായ നീക്കങ്ങളായി കാണുകവയ്യ. മഅ്ദനിയെന്ന വ്യക്തിയുടെ കച്ചവടമൂല്യം തന്നെയായിരുന്നു പ്രധാനം.
“എന്റെ മുൻകാല പ്രവർത്തനങ്ങളിൽ വന്നിട്ടുള്ള പാളിച്ചകൾ ഇനിയൊരിക്കലുമുണ്ടാകില്ല. അവ ആവർത്തിക്കാതെ ഇനിയുള്ള കാലം ഞാൻ മനുഷ്യനന്മയ്‌ക്കുവേണ്ടി പ്രവർത്തിക്കും” മഅ്ദനി ജയിൽ മോചിതനായതിനുശേഷം പറഞ്ഞ വാക്കുകളാണിവ. തനിക്ക് എവിടെയൊക്കെയോ തെറ്റുപറ്റിയിട്ടുണ്ടെന്ന് മഅ്ദനി കരുതുന്നു എന്നുവേണം മനസിലാക്കാൻ. തന്റെ പ്രസംഗങ്ങളിൽ, പ്രസ്താവനകളിൽ, പ്രവർത്തനങ്ങളിൽ, നിലപാടുകളിൽ എവിടെയൊക്കെയോ തെറ്റു കടന്നുകൂടിയിട്ടുണ്ടെന്നത് മഅ്ദനി തിരിച്ചറിയുന്നുണ്ട്. അത്രയെങ്കിലും മാന്യത നമ്മുടെ മുന്നണിനേതാക്കൾ കാണിക്കണം. മഅ്ദനിയിലെ രാഷ്ര്ടീയകച്ചവട ലാഭം കണ്ട് പരവതാനി വിരിക്കുന്നവരുടെ മുതലക്കണ്ണീർ ജനം തിരിച്ചറിയുകതന്നെ ചെയ്യും.
Generated from archived content: edit1_aug2_07.html Author: suvi_new