കവിതയിലെ കാട്ടാളപ്പെരുമ

ഒരു തലമുറ വഴിമാറുകയാണ്‌. ഒടുവിലതാ കടമ്മനിട്ടയും. നേരിന്റെ ചാട്ടുളിയുമായി മലയാളിയുടെ കപടജീവിതത്തിനിടയിൽ കാടിനേയും മണ്ണിനേയും തിരിച്ചറിഞ്ഞ കറുത്ത ജീവിതങ്ങളുടെ എരിയുന്ന കനൽക്കഥകൾ വടവൃക്ഷങ്ങൾ പോലെ വളർത്തുകയായിരുന്നു കടമ്മനിട്ട ചെയ്തത്‌. മലയാളി കാടിന്റെ മക്കളെ തൊട്ടറിഞ്ഞത്‌ ഈ വരികളിലൂടെ ആയിരുന്നു. അടിച്ചമർത്തപ്പെട്ടവന്റെയും കീഴാളന്റെയും നാവായിരുന്നു കടമ്മനിട്ട. ഏത്‌ വികാരവും ഏതു ഭാവവും തന്റെ കവിതയ്‌ക്ക്‌ വഴങ്ങുമായിരുന്നെങ്കിലും കറ തീർന്ന രാഷ്‌ട്രീയ ചിന്തകളായിരുന്നു കടമ്മനിട്ടയുടെ ശക്തി. ഉറക്കെപ്പാടുവാനൊരു കവി ജനിച്ചത്‌ അതുകൊണ്ട്‌ തന്നെയായിരിക്കണം. ആ രാഷ്‌ട്രീയ പ്രതിബദ്ധത ഒന്നുകൊണ്ടു മാത്രമാണ്‌ പറയേണ്ടത്‌ നെഞ്ചുനിവർത്തി പറയുമ്പോഴും എതിർക്കുന്നവർക്ക്‌ അപ്രാപ്യനായി കടമ്മനിട്ട മാറിയത്‌. എഴുത്തും രാഷ്‌ട്രീയവും സാംസ്‌കാരികപ്രവർത്തനമാണെന്ന്‌ തിരിച്ചറിഞ്ഞ അപൂർവ്വം വ്യക്തിത്വങ്ങളിൽ ഒരാളാണ്‌ കടമ്മനിട്ട. തന്റെ എഴുത്ത്‌ അത്‌ വായിക്കുന്നവന്റേയും കേൾക്കുന്നവന്റെയും സ്വകാര്യ അനുഭൂതികൾക്കായി മാത്രമല്ലെന്നും അവരൊക്കെ ജീവിക്കുന്ന ലോകത്തിനു വേണ്ടിയാണെന്നും ഉറക്കെ പ്രഖ്യാപിച്ച കവിയാണ്‌ ഇദ്ദേഹം. എഴുത്ത്‌ ഒരു സമരമാക്കിയ പ്രതിഭ.

കടമ്മനിട്ട ഉയർത്തിയ ചോദ്യങ്ങൾ ഇന്നും ഏറെ പ്രസക്തമാണ്‌. ദളിതനും കീഴാളനും ഒരുപാട്‌ ചോദ്യങ്ങൾ ഉയർത്തുന്ന കാലം. പ്രണയവും ജീവിതവും ഒരുപാട്‌ വഴിമാറിപോകുന്ന കാലം. ഇല്ലാത്തവന്റെ സമരങ്ങൾ ഒരുപാട്‌ ചൂടുപിടിക്കുന്ന കാലം. ഈ കാലത്തെ ഉപേക്ഷിച്ച്‌ കടമ്മനിട്ടയുടെ ശരീരം വിട്ടുപോയെങ്കിലും ആ മനസ്‌ അലിഞ്ഞുചേർന്ന വരികൾ എന്നും മുഴങ്ങികൊണ്ടിരിക്കും. കിരാതന്റെ, അടിച്ചമർത്തപ്പെട്ടവന്റെ ജീവിതം പറഞ്ഞുതന്ന കവിക്ക്‌ ആദരാജ്ഞലികൾ……

Generated from archived content: edit1_apr1_08.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here