‘ഇന്ത്യ തിളങ്ങുന്നു’ ബിൽക്കീസ്‌ ബാനുവിലൂടെ….

‘ഇന്ത്യ തിളങ്ങുന്നു’ എന്ന പൊലിപ്പുമായി തിരഞ്ഞെടുപ്പ്‌ അടുത്തുവന്ന ഈ വിശേഷദിവസങ്ങളിൽ ജനങ്ങളുടെ 250 കോടി നികുതിപ്പണം മോഷ്‌ടിച്ച്‌ പത്രകടലാസുകളിലൂടെയും ടെലിവിഷനുകളിലൂടെയും ബി.ജെ.പി ഗവൺമെന്റ്‌ നടത്തുന്ന പൊങ്ങച്ചപരസ്യങ്ങളുടെ ഉത്സവത്തിനിടയിലാണ്‌ ഗുജറാത്ത്‌ കലാപവുമായി ബന്ധപ്പെട്ട ബിൽക്കീസ്‌ ബാനു കേസിൽ സി.ബി.ഐയുടെ അന്വേഷണ റിപ്പോർട്ട്‌ വരുന്നത്‌. വെട്ടിത്തിളങ്ങുന്ന ഇന്ത്യയുടെ ഭാഗമായ ഗുജറാത്ത്‌ സംസ്ഥാനത്തെ ദഹോദ്‌ ജില്ലയിലെ ചപ്പർവാഡ്‌ ഗ്രാമക്കാരിയായ ബിൽക്കീസിനെയും സഹോദരിയടക്കം ഏഴു യുവതികളെയും മാനഭംഗം ചെയ്യുകയും 14 പേരെ കൂട്ടക്കൊല ചെയ്ത്‌ ചുട്ടെരിക്കുകയും ചെയ്‌ത ഗുജറാത്ത്‌ ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെ ‘സ്വന്തം’ പ്രതികളെ പിടികൂടുന്നതിൽ വ്യക്തമായ തെളിവുണ്ടായിട്ടും ഗുജറാത്ത്‌ പോലീസ്‌ ഗുരുതരമായ വിട്ടുവീഴ്‌ച വരുത്തിയെന്ന്‌ സി.ബി.ഐ റിപ്പോർട്ട്‌ വ്യക്തമാക്കുന്നു. മാനഭംഗത്തിനിരയായ ബിൽക്കീസ്‌ അഞ്ചുമാസം ഗർഭിണിയായിരുന്നെന്നുളളത്‌ ഭാരതത്തിന്റെ തിളക്കത്തിന്റെ മാറ്റുകൂട്ടുന്നുണ്ട്‌. അതുകൊണ്ടുതന്നെയാകണം അന്ന്‌ പൊലീസ്‌ കേസ്‌ എഴുതി തളളിയത്‌. ഇതിനെതിരെ ബിൽക്കീസ്‌ സമർപ്പിച്ച ഹർജിയിലാണ്‌ സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

ഇനിയുമുണ്ട്‌ കഥകൾ….ജനങ്ങളുടെ 250 കോടിയുടെ ചിലവിൽ ഗതികിട്ടാത്തവന്റെ വീടിനുമുന്നിൽ വിമാനത്താവളം വന്നതും അമേരിക്കയിലെ മകനെ വിളിക്കാൻ സെൽഫോൺ നിരക്ക്‌ കുറച്ചതുമല്ല വികസനം. 33000 കോടിരൂപയുടെ ഭക്ഷ്യേത്‌പന്നങ്ങൾ ഉല്പാദിപ്പിക്കുകയും 7000 കോടി രൂപയുടെ ധാന്യം കയറ്റി അയയ്‌ക്കുകയും മാത്രമല്ല വികസനം മറിച്ച്‌ തകർന്നുപോയ പൊതുവിതരണ സിസ്‌റ്റത്തെ നോക്കി കണ്ണുമിഴിച്ച്‌ പട്ടിണികിടക്കുന്ന സാധാരണ ജനങ്ങളിലേയ്‌ക്ക്‌ ഭക്ഷണമെത്തുമ്പോഴെ വികസനം സാധ്യമാകൂ. വാരിക്കോരി വായ്‌പകൾ കൊടുത്ത്‌ ഒടുവിൽ വിദേശ സാമ്പത്തികശക്തികളുടെ കുരുക്കുകളിൽ ആത്മഹത്യ ചെയ്യുന്ന കർഷകരെ നോക്കി നെടുവീർപ്പിടലാകരുത്‌ വികസനം.

ഭൗതികമായ വികസനം മാത്രമല്ല സാംസ്‌കാരികമായ വികസനവും സർക്കാരിന്റെ അജണ്ടയാണെന്ന ആർത്തുവിളിക്കുന്ന പ്രധാനമന്ത്രിയുടെ നാവിൽനിന്നുതന്നെ ‘രാമക്ഷേത്രം’ തിരഞ്ഞെടുപ്പിന്റെ പ്രധാന വിഷയമാണെന്ന വാദം കഴിഞ്ഞ അഞ്ചുവർഷം മുമ്പത്തെ തിളക്കമില്ലായ്‌മ തന്നെയാണ്‌ ഇന്നും ഇവർക്ക്‌ എന്ന്‌ വെളിവാക്കുന്നു. ഇടയ്‌ക്കിടെ ചില ഗുജറാത്തുകൾ നടന്നില്ലെങ്കിൽ ‘രാമന്റെ’ തിളക്കം നഷ്‌ടപ്പെട്ടാലോ..തിരഞ്ഞെടുപ്പിന്‌ ഇനിയും കുറച്ചു സമയം കൂടിയുണ്ട്‌. പൊളിക്കുവാൻ ആരാധനാലയങ്ങൾ ഏറെയും.

നമ്മുടെ 250 കോടി രൂപ പോയത്‌ പോകട്ടെ. എങ്കിലും തിരഞ്ഞെടുപ്പ്‌ കമ്മീഷൻവരെ വിമർശിച്ചിട്ടും പുല്ലുവില കല്പിക്കാതെ പരസ്യമാമാങ്കം കൊണ്ടാടുന്ന ഇവരുടെ തിളക്കം സംശയിക്കപ്പെടേണ്ടതാണ്‌. ‘മിന്നുന്നതെല്ലാം പൊന്നല്ല’ എന്നോർത്താൽമാത്രം മതി. ഇന്ത്യ തിളങ്ങട്ടെ ബിൽക്കീസ്‌ ബാനുവിനോളം…

എഡിറ്റർ

Generated from archived content: edit-feb13.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here