ആശംസകൾ… എങ്കിലും..

രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിന്റെ ഓരോ ഓർമ്മപ്പെടുത്തലും നിശിതമായ ചില നോട്ടങ്ങൾ അനിവാര്യമാക്കുന്നുണ്ട്‌. അക്കാഡമിക്‌ ജഡുലതകൾ നിറഞ്ഞ സ്ഥിതിവിവരക്കണക്കുകളെക്കാൾ ഈ രാഷ്‌ട്രത്തെ വെറും ഭൂവിഭാഗം എന്നതിനേക്കാൾ വികാരമായി കാണുന്നവരുടെ കണക്കെടുപ്പിനാണ്‌ വാസ്തവത്തിൽ പ്രസക്തി ഉണ്ടാവേണ്ടത്‌. 47-ലെ സ്വാതന്ത്ര്യലബ്‌ധി പുതിയൊരു സ്വപ്നത്തിലേക്കുളള ഉണരലായിരുന്നു. പതിറ്റാണ്ടുകളായി അധിനിവേശത്തിന്റെ ഇരുളിൽ കഴിഞ്ഞ ഒരു ജനതയ്‌ക്ക്‌ പൊടുന്നനെയാണ്‌ പ്രഭാതങ്ങൾ തിരിച്ചു കിട്ടിയത്‌. അതിന്‌ നൽകേണ്ടി വന്ന വില പക്ഷെ കനത്തതായിരുന്നു. അതുവരെ നമ്മോടൊപ്പമുണ്ടായിരുന്നവർ പുതിയ ഭാഷയിൽ പറഞ്ഞാൽ ശത്രുരാജ്യത്തെ പൗരന്മാരായി മാറി. ഈ മുറിവുകൾ ഉണക്കാനും പുതിയ ചില സ്വപ്നങ്ങൾ സമ്മാനിക്കാനും പ്രകടമായെങ്കിലും ഒരു സോഷ്യലിസ്‌റ്റായിരുന്ന നെഹ്‌റുവിന്‌ കഴിഞ്ഞിരുന്നു. ഗാന്ധി എന്ന മനുഷ്യനും അദ്ദേഹത്തിന്റെ വിശ്വാസങ്ങളും ഒരു ജ്വാലയായി നിലനിന്നിരുന്നതുകൊണ്ട്‌ നെഹ്‌റുവിന്‌ സോഷ്യലിസ്‌റ്റാവാതിരിക്കാൻ കഴിയില്ലായിരുന്നു.

നെഹ്‌റുവിൽ നിന്ന്‌ മൻമോഹനിലെത്തുമ്പോൾ രാഷ്‌ട്രീയ ഇന്ത്യയുടെ ചിത്രം നൽകുന്നത്‌ ചില നിർഭാഗ്യകരമായ സൂചനകളാണ്‌. പുതിയ ലോകത്തിനൊപ്പം ഓടി എത്താൻ കഴിയാത്ത ദളിതുകളും കർഷകരും ആത്മഹത്യയിലൂടെ ജീവിതത്തെ കൊഞ്ഞനം കുത്തുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ കാലം അഥവാ ഗാന്ധിജി ഉണ്ടായിരുന്ന കാലം രാഷ്‌ട്രത്തെ ഒരുമിച്ച്‌ നിറുത്തുന്നതിന്‌ വേണ്ടി ഏതേത്‌ മൂല്യങ്ങളെയാണോ ഉയർത്തിപ്പിടിച്ചിരുന്നത്‌ അതിനെതിരായവയെല്ലാം ഉഗ്രമായ ശക്തിയിലൂടെ തിരിച്ചുവരുന്നു. തീൻമേശയിലേയ്‌ക്ക്‌ അഴുക്കുചാലുകൾ പൊട്ടിയൊലിച്ചു വന്നാലെന്നപോലെ പുതിയ ഇന്ത്യയുടെ ചിത്രം കണ്ട്‌ നാം നടുങ്ങുന്നു. ഒരിക്കലും ഉണങ്ങാത്ത മുറിവുകളുമായി മനുഷ്യരുടെ ദുരന്തങ്ങൾ നമ്മെ വേദനിപ്പിക്കുന്നു. ഏതൊരു കുറ്റകൃത്യത്തിനും ഏതഴിമതികൾക്കും മാന്യതയുടെ ഇരിപ്പിടം ലഭിക്കുന്നു. തിരിച്ചറിയാൻ കഴിയാത്തവിധം ഇടതുപക്ഷവും വലതുപക്ഷവും പരസ്പരം കൂടുമാറുന്നു. അങ്ങിനെ ഒട്ടും ഉന്മേഷം തരാത്ത ഒരോർമ്മ പുതുക്കലായി ഈ സ്വാതന്ത്ര്യദിനം മാറുന്നു. എങ്കിലും ഒരിക്കലും നഷ്‌ടപ്പെടാത്ത ഒരു പച്ചപ്പ്‌ എവിടെയോ കാണുന്നുണ്ട്‌. ഞരമ്പുകളിൽ നൂറ്റാണ്ടുകളുടെ മഹാപാരമ്പര്യങ്ങളെ വഹിക്കുന്ന ഒരു ദേശത്തിന്‌ പുതിയ കാലത്തിന്റെ അർബുദങ്ങളെ വളരെ വേഗം മറികടക്കാൻ കഴിയും. അങ്ങിനെ ഒരു പ്രതീക്ഷയുടേതുകൂടിയാണ്‌ ഈ സ്വാതന്ത്ര്യദിനം. ആശംസകൾ.

Generated from archived content: edit-aug15.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English