ഈ വിഷുക്കാലം നാമെങ്ങിനെ ആഘോഷിക്കും?

വിഷു നമ്മുടെ മണ്ണുമായി അലിഞ്ഞുചേർന്ന ഉത്സവമാണ്‌. മലയാളി പുതുവത്സരത്തിന്റെ തുടിപ്പറിയുന്ന വിശേഷദിനം. പുരാണ കഥകളെക്കാളുപരി, മലയാളിയെ വിഷുവുമായി അടുപ്പിക്കുന്നത്‌, അത്‌ പ്രകൃതിയുമായി മനുഷ്യനെ ഏറ്റവുമധികം ഇണക്കുന്ന ഉത്സവമായതിനാലാണ്‌. മലയാളിയുടെ കാർഷിക ജീവിതത്തിന്റെ ഏറ്റവും വലിയ അനുഭവമായി വിഷു മാറുന്നതും ഇതിനാലാണ്‌. കണിക്കൊന്നയും വിഷുനിലാവും വിഷുപ്പക്ഷിയുമെല്ലാം മലയാളികളുടെ സ്വന്തമെന്നോർത്ത്‌ അഭിമാനിച്ചവരാണ്‌ നമ്മൾ. കണ്ണുകളിൽ സമൃദ്ധിയുടെ പൂത്തിരികൾ നിറച്ച്‌ നാം വിഷു ആഘോഷിച്ചവരും അതിനായി കൊതിയോടെ മേടമാസപുലരികൾ കാത്തിരുന്നവരുമാണ്‌… ഇന്ന്‌ ഇതൊരു കഥ മാത്രം.

രാവുംപകലും കൃത്യമായി പകുത്ത വിഷുസംക്രമദിനത്തിൽ ഇന്ന്‌ മലയാളിയുടെ കർഷകമനസ്സ്‌ കേഴുകയാണ്‌. വറ്റിയ പുഴയും, വരണ്ട മണ്ണും, കരിഞ്ഞുണങ്ങിയ നെൽപാടം തീയിന്‌ തിന്നാൻ കൊടുത്ത്‌ നിസ്സഹായനായി വിതുമ്പുന്ന കർഷകനും വിഷുക്കണിയായി നമുക്ക്‌ മുന്നിൽ നീറി നില്‌ക്കുമ്പോൾ ഒറ്റയ്‌ക്കും തറ്റയ്‌ക്കും അവിടവിടെ വഴിതെറ്റിപ്പൂത്ത കർണികാരത്തെ മാത്രം കണ്ട്‌ നാമെങ്ങിനെ വിഷു ആഘോഷിക്കും. കുടിവെളളത്തിനായി മൈലുകൾ നടന്ന്‌, വേദനിക്കുന്ന കാലുകളെ പ്രാകി, കിതച്ചവസാനിക്കുന്ന അമ്മമാരുടെ ദിനങ്ങൾക്കുവേണ്ടി ഏതു വിഷുഫലമാകണം നാം പറയേണ്ടത്‌? വീർത്ത കീശ മാത്രം സ്വപ്‌നം കണ്ട്‌ കാടുകയറി, കാട്ടിലെ പുൽതുമ്പുപോലും അവശേഷിപ്പിക്കാതെ, കാട്ടുമക്കളെ മറന്ന്‌, നനവിനുപോലും തികയാത്ത വെളളവും ഊറ്റിയെടുത്ത്‌ ചിലർ ആസുരനൃത്തം ചെയ്യുമ്പോൾ ഏതു വിഷുപ്പക്ഷിയാണ്‌ വിഷുപ്പാട്ടുമായെത്തുക?

ഇത്‌ മണ്ണിനെ മറക്കുന്ന മലയാളികളുടെ കാലം. ഇത്തിരി ലാഭത്തിനായി നമ്മുടെ വിത്തും വിയർപ്പും വെളളവും വിറ്റ ഒരു കൂട്ടരുടെ കാലം…ഇവിടെ വിഷു എന്നത്‌ കരിഞ്ഞുവീണ കൊന്നപ്പൂപോലെയാണ്‌. എങ്കിലും തിരിച്ചറിവിന്റെ ശബ്‌ദങ്ങൾ എവിടെയൊക്കെയോ മുഴങ്ങുന്നുണ്ട്‌. പുഴ വിൽക്കുന്നവനും മണലൂറ്റുന്നവനും കാടുവെട്ടുന്നവനും എതിരെ ചെറുതെങ്കിലും ആത്മാഭിമാനമുളള പ്രതിഷേധങ്ങൾ ഉയരുന്നുണ്ട്‌. മൂന്നുകോടി നല്‌കാമെന്നു പറഞ്ഞിട്ടും, എന്റെ മണ്ണിനെ നനയ്‌ക്കുന്ന വെളളം ഞാൻ വിട്ടുതരില്ലെന്ന്‌ പറഞ്ഞ പെരുമാട്ടിയിലെ ഒരു കൃഷ്‌ണൻ നമുക്ക്‌ പുതിയ കണ്ണനായി അവതാരമെടുക്കുന്നുണ്ട്‌. ഇനിയൊരു വിഷുവിനും നമ്മുടെ നദികൾ വറ്റരുത്‌…നമ്മുടെ അമ്മമാർ കുടിനീരിനായി യാചിക്കരുത്‌…നമ്മുടെ കാട്‌ ഇല്ലാതെയാകരുത്‌….ഒരു വയലും കത്തരുത്‌…ഈ വിഷുപ്പുലരി മുതൽ നമുക്കതിനായി പ്രാർത്ഥിക്കാം…സമരം ചെയ്യാം….

Generated from archived content: edit-apr12.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here