കേരളം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതെങ്ങനെ?

ഒരു സ്വാതന്ത്ര്യദിനം കൂടി വരവായി. ചെങ്കോട്ടയിൽ തൃവർണ്ണപതാക ഉയരും. മധുരപലഹാരവിതരണം നടക്കും. ഒപ്പം ഭീകരാക്രമണ ഭീതിയുടെ നടുവിൽ ഭാരതീയർ സ്വാതന്ത്ര്യദിനം തികച്ചും അസ്വാതന്ത്ര്യമായി ആഘോഷിക്കും.

ഇത്രയും രൂക്ഷമായ അവസ്ഥയില്ലെങ്കിലും കേരളവും ഒരു വരണ്ട സ്വാതന്ത്ര്യദിനം ആഘോഷിക്കുവാൻ പോകുകയാണ്‌. വർഗ്ഗീയവാദികൾ കൂട്ടിയും കിഴിച്ചും കണക്കുകൂട്ടി അധികാരത്തിന്റെ ഇരിപ്പിടത്തിലേയ്‌ക്ക്‌ എത്രദൂരം എന്ന്‌ കാത്തിരിക്കുകയാണ്‌ കേരളത്തിൽ. ഇവിടെ ഭൂരിപക്ഷവർഗ്ഗീയതയോ ന്യൂനപക്ഷ വർഗ്ഗീയതയോ എന്നതല്ല പ്രശ്‌നം. പരസ്പരം സ്‌നേഹിക്കാൻ മറന്നുപോയ ഒരു സമൂഹത്തിന്റെ ആകുലതകളാണ്‌ കാണേണ്ടത്‌. ഈ ആഗസ്ത്‌ 15-ന്‌ മാറാടിൽ ഒരു രണ്ടാം സ്വാതന്ത്ര്യസമരം നടക്കുകയാണ്‌. ആർക്കൊക്കെയോ വേണ്ടി ബലിമൃഗങ്ങളാക്കപ്പെട്ട്‌ ജനിച്ചുവളർന്ന നാട്ടിൽനിന്നും പാലായനം ചെയ്യപ്പെട്ട ഇരുപത്തിയഞ്ച്‌ കുടുംബങ്ങൾ മാറാടിൽ തിരിച്ചെത്തുകയാണ്‌. സർക്കാരും പോലീസും രക്ഷകരായി നില്‌ക്കുന്നുവെന്ന്‌ ധരിച്ച്‌ ഒറ്റയ്‌ക്കും തറ്റയ്‌ക്കും മാറാടെത്തിയവരെ കുടിവെളളംപോലും തരില്ലയെന്ന്‌ ആക്രോശിച്ച്‌ തിരിച്ചയച്ചു ഒരുകൂട്ടർ. ഇതും വേദനയുടെ മറ്റൊരു മുഖം. ഇവരും ആർക്കോവേണ്ടി ആക്രോശിക്കുന്നു.

ആരുമറിയാതെ വർഗ്ഗീയവാദികളുമായി രഹസ്യചർച്ചയെന്ന വേഴ്‌ച നടത്തുന്ന ഭരണാധികാരി ജനമറിയാതെ രാഷ്‌ട്രീയ പങ്കുവയ്‌ക്കലിന്‌ ഇടനിലക്കാരനായി പ്രവർത്തിക്കുകയാണ്‌. തിരിച്ചുവരവിനൊരുങ്ങുന്ന ഇരുപത്തിയഞ്ചു കുടുംബങ്ങളും സർക്കാരിന്റെ സംരക്ഷണം ആവശ്യപ്പെടുന്നില്ല. പോലീസിന്റെ അകമ്പടിയും സ്വീകരിക്കുന്നില്ല. നേർക്കുനേർ വന്ന്‌ വാളുകൊണ്ട്‌ വെട്ടുവാൻ ഒരിക്കൽ ഒരേ പാത്രത്തിൽ ഉണ്ടവർക്ക്‌ കഴിയുമെങ്കിൽ ഞങ്ങൾ അതും സഹിക്കാൻ തയ്യാറാണെന്ന്‌ ഇവർ പറയുന്നു.

രാഷ്‌ട്രീയ ശക്തിയായി കേരളം ഭരിക്കുന്നത്‌ സ്വപ്നം കണ്ട്‌ കളളു കച്ചവടക്കാരും, വിദ്യാഭ്യാസ ലേലക്കാരും, കരിഞ്ചന്തക്കാരുമെല്ലാം കൈകോർത്ത്‌ പിടിച്ച്‌ പല്ലിളിക്കുമ്പോൾ സ്വന്തം മണ്ണിൽ സമാധാനമായുറങ്ങാൻ കൊതിക്കുന്ന ഒരുകൂട്ടം മനുഷ്യരെ നാം മറുന്നുകൂടാ… പലർക്കും നേരമുണ്ടാവില്ല പരസ്പരം പോരടിച്ചു മരിക്കുന്ന ഈ കീടങ്ങളെ ശ്രദ്ധിക്കാൻ. അന്വേഷണം സി.ബി.ഐ നടത്തണമോ അതോ ക്രൈംബ്രാഞ്ച്‌ നടത്തണമോ എന്ന തർക്കത്തിനിടയിൽ മണ്ണ്‌ നഷ്‌ടപ്പെട്ട, മക്കളെ നഷ്‌ടപ്പെട്ട മാറാട്ടിലെ മനുഷ്യർക്കൊപ്പം നമുക്കും ഒരു അസ്വാതന്ത്ര്യദിനം കൊണ്ടാടാം…

Generated from archived content: aug14_edit.html Author: suvi_new

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here