രണ്ട്‌ കവിതകൾ

ജാലകകാഴ്‌ചകൾ

നിന്റെ ജാലകമടയ്‌ക്കുക
ചില്ലുജനാലയ്‌ക്കപ്പുറം കാഴ്‌ചകൾ മങ്ങട്ടെ,
പ്രിയസുഹൃത്തേ
നിന്റെ തിമിരക്കാഴ്‌ചക്ക്‌ നന്ദി പറയുക
നിന്റെ ബധിരതയ്‌ക്കും നന്ദി പറയുക
നീയൊരു ഭാഗ്യജന്മം
ലോകം നിനക്ക്‌ നിഴൽ വീണ കൊളാഷ്‌.

ഇവിടെ കബന്ധങ്ങളുടെ രൗദ്രതാണ്ഡവം കാണേണ്ട
മാറുപിളർന്നമ്മ കരയുന്നതും കേൾക്കേണ്ട
കൈകാലുകൾ വെട്ടിയരിഞ്ഞ പൈതങ്ങളെ
കണ്ടു ഞെട്ടി വിറയ്‌ക്കേണ്ട
പാവമൊരു പെങ്ങളെ കൊത്തിവലിക്കുന്ന
കഴുകന്റെ കൂർത്ത നഖങ്ങളും കാണേണ്ട
നീയൊരു ഭാഗ്യജന്മം
ലോകം നിനക്ക്‌ ആരോ പാടിയ പ്രണയകാവ്യം.

സൈബർ ലോകത്തിലിന്നിവിടെ
പ്രണയം മരിച്ചതറിഞ്ഞില്ലേ നീ
പിറവിക്കിനിയൊരു കോശം മതിയെങ്കിൽ
വെറുതെയെന്തിനീ സ്‌നേഹപാശങ്ങൾ?
മഴയുടെ നേർത്ത താളലയത്തിൽ
ഒന്നും കാണാതെ,
കേൾക്കാതെ
നീ മയങ്ങുക
ഇനി,
ഞാനെന്റെ കണ്ണുകൾ ഇറുക്കിയടക്കട്ടെ
എന്റെ ജാലകവും കൊട്ടിയടക്കട്ടെ.

പ്രതിമകൾ

മണ്ണും മനസ്സും
മൂശയിലൊന്നു ചേരുമ്പോളൊരു
പ്രതിമ പിറക്കുന്നു.

ചിരിക്കാതെ ചിരിച്ചും
കരയാതെ കരഞ്ഞുമൊരു
ശിലാകാവ്യം പിറക്കുന്നു.

ചില പ്രതിമകൾ നേർത്ത കാറ്റിൽ
മണൽപ്പൊടിയായിടും
ചിലത്‌ ഉടയാതെ ചിരഞ്ജീവിയായ്‌……

ചില പ്രതിമകളിങ്ങനെയാണ്‌
ഒരു സുനാമിയിൽപ്പോലും ഇടപതറാത്തവ
ഒരു മഹാമാരിയിൽപ്പോലും തകരാത്തവ
ഒരു കൊടുങ്കാറ്റിലും കടപുഴകാത്തവ
ചിലരുമിങ്ങനെ
(നിന്നപ്പോലെ) !
കാലമൊരു കൊടുങ്കാറ്റായി ആടിതകർത്തുവെന്നാലും
ഒരു വെൺപ്രതിമയായെന്നുള്ളിൽ
ചിരിക്കാതെ ചിരിച്ചുകൊണ്ടിരിക്കുന്നു നീ

ഓർമ്മകളൊരു പ്രളയം പോലെ
ആർത്തലച്ചും ഇടയ്‌ക്ക്‌ വിതുമ്പിയും
ജീവിതം….
ഒറ്റത്തുരുത്തിലിരുന്ന്‌ കുറുകുന്ന
പ്രാവിനെപ്പോലെ
പ്രതിധ്വനികൾ മാത്രം സാന്ത്വനം

എങ്കിലും പ്രതീക്ഷകൾ
(അവ മൃതസഞ്ഞ്‌ജീവനികൾ)

പ്രതിമകൾ വീണ്ടുമുണ്ടാകുന്നു
ഓർമ്മകളിൽ സ്വപ്‌നവും ജീവിതവും
കൂട്ടിക്കിഴച്ച്‌ വീണ്ടുമുണ്ടായിക്കൊണ്ടിരിക്കുന്നു.

എന്നിട്ടുമെന്തേ
പഴയ പ്രതിമകൾ ഉടയാതെ
ചിരിച്ചും…..
കരഞ്ഞും…..!

Generated from archived content: poem2_mar21_11.html Author: susmitha_vp

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here