പന്നിക്കൂട് പോലെ നാറുന്ന നഗരത്തെരുവിന്റെ പടിഞ്ഞാറേ മൂലയിലാണ് അയാൾ താമസിക്കുന്നത്. കൃത്യമായി പറഞ്ഞാൽ സ്രാവ് വാ തുറന്നതു പോലെ പൊട്ടിക്കിടക്കുന്ന സ്ലാബിന്റെ നാൽപത്തഞ്ച് ഡിഗ്രി ചരിവിൽ നിന്ന് ഉദ്ദേശം പതിനഞ്ചടി മുകളിലായി ഒരു ഇരുണ്ട മുറിയിൽ. ഇനിയും മുഴുവൻ പണി കഴിയാത്ത ആ കുടുസ്സുമുറിയുടെ താഴെ ഒരു ഇടത്തരം ഹോട്ടലായിരുന്നു. നട്ടുച്ച നേരങ്ങളിൽ മാത്രം ഹോട്ടലിന്റെ പേരെഴുതിയ പലക ബോർഡ് പല്ലിളിച്ച് തൂങ്ങിയാടും.
മുറിയിലിരുന്ന് നോക്കിയാൽ അയാൾക്ക് നഗരം മുഴുവൻ കാണാൻ കഴിയുമായിരുന്നു. എന്നാൽ അയാൾ ചെന്നായക്കണ്ണുകളോടെ ശ്രദ്ധിച്ചിരുന്നത് ഒരേ ഒരു കാര്യം. കൊമ്പുകൾ പോലെ പൊന്തി നിൽക്കുന്ന പൊട്ടിയ സ്ലാബിന്റെ കമ്പികളിൽ കാൽ തട്ടി വീഴുകയോ സാരി കൊളുത്തുമ്പോൾ സംഭ്രമിക്കുകയോ ചെയ്യുന്ന സ്‌ത്രീകളെ മാത്രം. യുവതികൾ വിജയകരമായി കമ്പികളിലെ കുരുക്കിൽ നിന്ന് രക്ഷ നേടുമ്പോൾ അയാൾ നിരാശപ്പെട്ടു. എന്നാൽ രാവിലെ ഓഫീസിലേയ്‌ക്കോ വൈകിട്ട് വീട്ടിലേയ്‌ക്കോ തിരക്കിട്ടോടുന്ന മദ്ധ്യവയസ്‌കകളായിരുന്നു മിക്കവാറും കമ്പിയിൽ കുരുങ്ങുക. വെപ്രാളപ്പെട്ട് വിയർത്ത് അങ്ങുമിങ്ങും നോക്കുന്ന അവർ അയാളുടെ കണ്ണിന് സംതൃപ്തിയേകുന്ന കാഴ്‌ചയായിരുന്നു.
അയാളുടെ മുറിയുടെ നാലു ചുവരുകൾക്കും നാലു ഗന്ധമായിരുന്നു. മുൻചുമരിൽ ഹോട്ടലിൽ നിന്നുയരുന്ന കടുക വറുത്ത കപ്പയുടേയും മുളകിട്ട മത്തിയുടേയും മണം. പിൻ ചുമരിൽ പുകയുടേയും പച്ചമീനിന്റേയും ഉളുമ്പു നാറ്റം. രണ്ടുവശങ്ങളിലെ ചുമരിനും അയാളുടെ വിയർപ്പിന്റെ പഴഞ്ചൻ ദുർഗന്ധം. ഒരു ചുമരിന്റെ വലത്തെയറ്റത്തെ ചെറുദ്വാരത്തിൽ തിരുകിവച്ച ചന്ദനത്തരിയിൽ നിന്ന് കസ്‌തൂരിയുടേയോ ചന്ദനത്തിന്റെയോ നനഞ്ഞ സുഗന്ധം പൊങ്ങിവന്നിരുന്നു.
എല്ലാ ഗന്ധവും അയാൾക്ക് ഒരു പോലെയായിരുന്നു. തുരുമ്പിച്ച തകരപ്പെട്ടിയുടെ പിടിയിൽ ടാർ പോലെ അഴുക്ക് അള്ളിപ്പിടിച്ചിരുന്നു. അയാളുടെ പ്രാകൃതവേഷവും കുപ്പത്തൊട്ടിയിൽ നിന്നു പെറുക്കിയെടുത്തതു പോലുള്ള സാധനങ്ങളും അസഹ്യമായി തോന്നിയപ്പോഴാവാം ഹോട്ടലുടമ ദേഷ്യത്തോടെ പടികളിറങ്ങിപ്പോയത്.
വാടക കൃത്യമായി നൽകുന്നതു കൊണ്ടു മാത്രമാണ് ഹോട്ടലുടമ അയാളെ ആ മുറിയിൽ നിന്നിറക്കി വിടാത്തത്. ആഴ്‌ചയിൽ മൂന്നു നാലു ദിവസം മാത്രം അയാൾ പാർക്കിനു പുറകിലെ തണുത്ത തറയിൽ തുണി വിരിച്ചിരിക്കും. ഇരയെ പിടിക്കാൻ പതുങ്ങുന്നതുപോലെ അയാൾ ചുറ്റും നോക്കും. സ്‌കൂൾ വിദ്യാർത്ഥിനികൾ സമീപത്തു കൂടെ നടന്നുപോകുമ്പോൾ മാത്രം അയാൾ തൊണ്ടപൊട്ടുമാറ് ഒച്ചയിടും.
“ചെരിപ്പ് നന്നാക്കാനുണ്ടോ…ചെരിപ്പ്, ബ്യാഗ്, കൊട…എല്ലാം നന്നാക്കും”
എല്ലാവരും ശ്രദ്ധിച്ചെന്നു തോന്നിയാൽ മാത്രം ചിലമ്പിച്ച ശബ്ദത്തിലുള്ള ആ ‘നിലവിളി’ ശാന്തമാകും. ഉടനെ കറുത്ത ബ്രഷ് പെട്ടിയിൽ നിന്ന് പുറത്തെടുത്ത് തടിയിലുരസും. കുറേ ചെരുപ്പുകൾ ഉടുമുണ്ട് കൊണ്ടു തുടച്ച് നിരത്തിവെയ്‌ക്കും. വായ്‌ത്തല തിളങ്ങുന്ന ഉളിക്കത്തിയെടുത്ത് ഒരു വശത്തുവെയ്‌ക്കും. ചെരുപ്പിട്ട ആരെങ്കിലും തന്റെ നേരെ വരുന്നതു കണ്ടാലുടനെ അടുത്തു വച്ചിരിക്കുന്ന ഏതെങ്കിലും പൊട്ടച്ചെരുപ്പെടുത്ത് മിനുക്കാനാരംഭിക്കും.
സായാഹ്‌നത്തിരക്കൊഴിഞ്ഞ് നഗരത്തിലെ ആദ്യ വിളക്കു തെളിയുമ്പോൾ അയാൾ നാണയങ്ങളും തന്റെ സാധനങ്ങളും പെറുക്കിക്കൂട്ടും. ബസ്‌സ്‌റ്റാൻഡിന്റെ വലതു വശത്തുള്ള തട്ടുകടയിൽ നിന്ന് അയാൾ ഉള്ളിവടയും ദോശയും വാരിവലിച്ചു തിന്നും. ഒരു കവർ നിറയെ പൊരിക്കടല വാങ്ങി സഞ്ചിയിൽ തിരുകും. തന്റെ താമസസ്ഥലത്തെ ഹോട്ടലിൽ തിരക്കൊഴിയുന്നതും കാത്ത് വലിയ പരസ്യബോർഡിലെ വെളുത്ത സുന്ദരിയെ നോക്കി എന്തൊക്കെയോ പിറുപിറുക്കും. വാൾപോസ്‌റ്ററിലെ സുന്ദരിമാർക്കൊക്കെ അയാളെ നന്നായറിയാം. നഗരവിളക്കുകൾ മഞ്ഞച്ചിരി വിതറുന്ന രാത്രിയിൽ ആടിയാടി അയാൾ ഹോട്ടലിനു മുന്നിലെത്തും.
ഹോട്ടലുടമ പോരുകാളയെപ്പോലെ അയാളെ കുനിഞ്ഞു നോക്കും. ഒട്ടും ശ്രദ്ധിക്കാതെ അയാൾ മരപ്പടികൾ പതുക്കെ കയറിത്തുടങ്ങും. പൊട്ടിയ മരപ്പടികൾ കിറുകിറെ അമർത്തി പ്രതിഷേധിക്കും. അപ്പോളയാൾ പണ്ടുകേട്ട നാടോടിക്കഥയിലെ വേഷം മാറിയ രാജാവാണെന്നു സങ്കൽപ്പിക്കും. പിൻവിളി കേൾക്കാതെ ലക്ഷ്യത്തിലെത്തിയ ധീരൻ. താനൊരു കുതിരപ്പുറത്താണെന്നപോലെ കുതിച്ചു ചാടി അയാൾ മുറിയിലെത്തും.
പ്ലാസ്‌റ്റിക് കട്ടിലിനോട് ചേർന്ന് ചരിഞ്ഞിരിക്കുന്ന മുക്കാലൻ കസേരയുടെ കമ്പിയിൽ ഞാത്തിയിരുന്ന പൊടിപിടിച്ച പഴയ ഫോട്ടോയിൽ അയാൾ നോക്കിനിൽക്കും. വിരിഞ്ഞു നിൽക്കുന്ന ചുമന്ന കാശിത്തുമ്പപ്പൂച്ചെടി പോലെ, തലയിൽ റിബ്ബണും കെട്ടി നിൽക്കുന്ന ഒരു പെൺകുട്ടി. മഴയുള്ള ഏതോ ഒരു ദിവസമാണ് അവൾ അയാളെ വിട്ടുപോയത്. കുറേ ദിവസത്തെ പട്ടിണിക്കുശേഷം ആർത്തിയോടെ പൊതിക്കടല വാരിത്തിന്നുമ്പോൾ അവൾ പെട്ടെന്ന് ശ്വാസം കിട്ടാതെ പിടഞ്ഞു. നനഞ്ഞ തറയിൽ, സന്ധ്യ മയങ്ങുന്ന നേരത്ത് വായിൽ നിറയെ പൊരിക്കടലയുമായി കണ്ണുകൾ തുറിച്ച് അവൾ ബ്രഷുകൾക്കും ചെരുപ്പുകൾക്കുമിടയിൽ മറിഞ്ഞു വീണു.
ദഹിപ്പിക്കാനായി അവളുടെ ശവം പൊതുശ്മശാനത്തിലേക്കെടുത്തപ്പോൾ അയാൾ അവളുടെ വായിൽ നിന്ന് പൊരിക്കടല തോണ്ടി പുറത്തിട്ടു. അവളെ മഴവെള്ളത്തിൽ കുളിപ്പിച്ചു. കൂട്ടിയിട്ട ചകിരിത്തൊണ്ടുകൾക്കു മുകളിൽ തളർന്ന കാശിത്തുമ്പത്തണ്ടു പോലെ അവൾ കിടന്നു. തീയാളിപ്പടർന്നപ്പോൾ അയാൾക്ക് വറുത്ത പൊരിക്കടലയുടെ വാസനയാണ് അനുഭവപ്പെട്ടത്.
മുഷിഞ്ഞ മുണ്ടുകൊണ്ട് അവളുടെ ഫോട്ടോ അമർത്തി തുടയ്‌ക്കുമ്പോൾ അയാളുടെ കരച്ചിൽപ്പോലെ പുറത്ത് മഴ പെയ്‌തു.
സഞ്ചിയിൽ നിന്ന് പൊരിക്കടലയെടുത്ത് കസേരയിൽ വെയ്‌ക്കുമ്പോൾ മഴയായിരുന്നിട്ടും അയാൾ വിയർത്തൊലിച്ചു. ചായം തേച്ചതു പോലെ പുകയും കരിയും ഒട്ടിപ്പിടിച്ചിരുന്ന മതിലിന്റെ വിടവിലൂടെ കറുത്ത കുഴമ്പുവെള്ളം ഇറ്റുവീണു.
അത്, അവളെ താനെഴുതിക്കാറുള്ള കൺമഷിയാണെന്നയാൾക്കു തോന്നി. മുട്ടു കുത്തിയിരുന്ന് മോതിരവിരൽ കൊണ്ട് അയാളതു തൊട്ടു. പതുക്കെ ഫോട്ടോയെടുത്ത് അവളെ കണ്ണെഴുതിച്ചു.
ആരോരുമില്ലാതെ വഴിയിൽ നിന്നു കിട്ടിയ അവളെ ആദ്യമായി കണ്ണെഴുതിച്ചത് അയാളായിരുന്നല്ലോ!
Generated from archived content: story1_feb20_07.html Author: surya_gopi