1. വാർദ്ധക്യം ഒരു വൈകൃതമോ?
ഇവിടെ രക്ഷകൻ
തക്ഷകനാകവെ
ആർക്കുരക്ഷ;
വാർദ്ധക്ക്യ വൈകൃതത്തി-
നെന്തു നീതി.
ഉള്ളം കൈയ്യിലിട്ട്
താരാട്ടിയുറക്കിയ
താലോലിച്ചോമനിച്ച്
പാലൂട്ടിവളർത്തിയ
തൃപ്പുത്രന്റെ കരങ്ങളാൽ
തീർക്കും
തീരാക്കുളിപ്പാട്ടിന്റെ
ആഘോഷവേളയിൽ
മരണം മുന്നിൽ
കണ്ട ജീവിതാന്ത്യങ്ങളിൽ
രക്ഷകവേഷമിട്ട
പുത്രനാം നിഷ്‌ഠൂരന്റെ
കൊട്ടേഷൻ മൃഗങ്ങളുടെ
നികൃഷ്‌ട കരംങ്ങളിൽ
നിന്നാർക്കു രക്ഷ
എത്തിപ്പെടാത്തതാം
വിധിയുടെ വിദൂരമാം
ക്ഷേത്രാങ്കണങ്ങളിൽ
നടത്തള്ളിയൊതുക്കിയും
പേറിവളർത്തിയ
വയറ്റിൽ ചവിട്ടിയും
ഉള്ളം കൈയ്യിലിട്ട്
താരാട്ടിയുറക്കിയ
ശാപഗ്രസ്‌തമാം
തേഞ്ഞുടഞ്ഞ്
ശുഷ്‌ക്കിച്ച്
ചുളിവീണ
കരങ്ങളെ
കെട്ടിയിട്ടും;
കാഴ്‌ച മങ്ങിയ
മണം പോയ
വാർദ്ധക്യത്തെ
തള്ളിപറഞ്ഞും
പരിതപിച്ചും;
നീയെത്രനാൾ
കഴിഞ്ഞിവിടെ
കെട്ടിപിടിക്കുക
വാർദ്ധക്യ വൈകൃതത്തെ
നാളെ
നീയാകുമീസ്‌ഥാനത്തെ-
നെന്തേ മറക്കുന്നു.
നെഞ്ചോട് ചേർക്കുക
എന്റെ, എന്റെ മാത്രം
മാതാവെന്ന്
എന്റെ, എന്റെ മാത്രം
പിതാവെന്ന്
ആത്മാർത്ഥമായ്
ചിന്തിച്ച്…..
നെഞ്ചോട് ചേർക്കുക
ചെയ്‌തകർമ്മങ്ങൾക്ക്
മാപ്പിരനീടുക
കടപ്പെട്ടതല്ലോ ജന്മം.
2. വൃദ്ധർക്ക് വിലയിടിഞ്ഞു
വാർദ്ധക്യം ഒരു വൈകൃതമോ?
സമൂഹമാർക്കറ്റിൽ
വൃദ്ധർക്ക്
വിലയിടിഞ്ഞു.
ഇന്നിവിടെ
ഈ സ്വപ്‌നസൗധങ്ങളിൽ
മാതൃദിനങ്ങളുടെ;
പിതൃദിനങ്ങളുടെ
ആഘോഷവേളയിൽ
ആയിരങ്ങൾ
വന്നാർമാദിക്കുന്നു
ഘോര-ഘോര പ്രസംഗങ്ങൾ
നടത്തുന്നു.
വൃദ്ധസംരക്ഷണത്തിനു
കോപ്പുകൂട്ടുന്നു
കർമ്മാവിഷ്‌കരണ-
ചുമതലകളിൽ
കൊത്തിവലിക്കുന്നു,
ലക്ഷ്യം……?
പത്രത്താളിൽ
ഇടംതേടൽ മാത്രം
കർമ്മനിർവഹണം
ഏട്ടിലെ പശു മാത്രം
വൃദ്ധസദനം
ബക്കറ്റു പിരിവിനുതീർക്കും
പുകമറമാത്രം
പോക്കറ്റു
വീർക്കാനുപാധിമാത്രം.
ഇവിടെ മറുപുറമാ-
രുകാണുന്നു
നെഞ്ചകം
പൊട്ടിയൊലിക്കും
അവഗണനയുടെ
ഗദ്‌ഗദവും
അടക്കിപിടിച്ച
ദീർഘനിശ്വാസങ്ങളും
ആരു കേൾക്കും.ഃ
പുറം ലോകമറിയാതെ
നാൽചുവരുകൾക്കുള്ളിൽ
എത്രപേർ…
എന്നോ ഫ്രിഡ്‌ജിൽ
സൂക്ഷിച്ച
പഴങ്കഞ്ഞിയിലുപ്പിട്ട്,
ഒട്ടിയ മടിത്തട്ടിൽ
വെച്ചുമുക്കികുടിച്ച്;
മിണ്ടാതെ
ഉമ്മറകോലായിൽ വന്നു
നാണംകെടുത്തരുതെന്ന
ആക്രോശം സഹിച്ച്…..
ഇവിടെ
നാണക്കേടിൻ അളവുകോൽ
ആരുടെ കരങ്ങളിൽ?
നിങ്ങളെ നോക്കി
വളർത്തിയവർ;
വർഷങ്ങളുടെ
കാത്തിരിപ്പിനൊടുവിൽ
നടുനിവർത്താൻ
ശ്രമിച്ചപ്പോൾ
നിങ്ങളുടെ മക്കളെ
ഹോം നേഴ്‌സിന്റെ
പണചെലവില്ലാതെ;
നോക്കിവളർത്താനും
നിങ്ങൾ കണ്ടെത്തിയത്
ഇവരെ തന്നെ.
ഇവർക്കു വിശ്രമമില്ലേ….
ആ ഒടിഞ്ഞ് തൂങ്ങിയ
നടുവിൻ
അൽപ്പം തൈലമിട്ട്
തലോടാൻ
നിങ്ങൾക്കിന്ന്
അറപ്പും, വെറുപ്പും
പണച്ചെലവിൻ
അമർഷവും….
അന്നു നിങ്ങളുടെ
കളിച്ചുണ്ടായ മുറിവിൽ
മരുന്നുവെച്ചവർ
വേദനിക്കാതിരിക്കാൻ
പായ് വിരിക്കാതെ
നെഞ്ചിലിട്ടുറക്കിയവർ….
ഇന്നു നിങ്ങൾ
നിങ്ങൾക്കുവേണ്ടി
തേടും സുഖചികിത്സ
അവർക്കു
നിങ്ങളിൽ നിന്നു കിട്ടേണ്ട
ഔദാര്യമല്ലല്ലോ?
ഇന്നിയെന്നു
നിങ്ങൾ കൺതുറക്കും
ആ കെൽപ്പറ്റ;
നിശബ്‌ദമാം നിലവിളി
ആരുകേൾക്കും……
Generated from archived content: poem1_mar14_11.html Author: surya_gayathri
Click this button or press Ctrl+G to toggle between Malayalam and English