പ്രണയം

ഒന്ന്‌

അവസാനത്തെ ഊഴത്തിന്‌ തൊട്ടുമുമ്പ്‌

പിരിയാൻ തയ്യാറെടുത്ത്‌ നീ ചോദിക്കുന്നു.

ആരായിരുന്നു എനിക്കുനീ

അപൂർണ്ണമൊരു കവിതയിലിങ്ങനെ.

സ്‌നേഹത്തിൽ അമ്മയും

സാന്ത്വനത്തിൽ പെങ്ങളും

ആർദ്രതയിൽ കാമുകിയും

ദയാവായ്‌പിന്റെ ദേവതയും

നീതന്നെയായിരുന്നല്ലോ.

നിരാശാഭരിതയായി നീ പിരിയുന്നു.

പക്ഷെ,

ആകാശത്ത്‌ നക്ഷത്രങ്ങളും

ഭൂമിയിൽ ഹരിതവൃക്ഷങ്ങളും

നിലനിൽക്കുന്നിടത്തോളം

എനിക്ക്‌ നിന്നെ പിരിയാൻ വയ്യ.

രണ്ട്‌

നാം തമ്മിൽ പ്രണയബന്ധിതരാണോ

നീ പറയുന്നു,

നമുക്കൊരു നാണയമെറിഞ്ഞ്‌ തീരുമാനിക്കാം

ഒരുവശം വീണാൽ നിനക്കെന്നോടു പ്രണയം

മറുവശം വീണാൽ എനിക്ക്‌ നിന്നോട്‌ പ്രണയം

നീ നാണയമെറിയുന്നു

നിലത്തു വീണത്‌

മുന്നോട്ടോടി ഇരുപുറവുമറിയാതെ

ലോലമായ മൂന്നാംപുറത്തിൽ

ഒരുമരത്തിൽ ചാരി

അതങ്ങനെ നിന്നു

നമുക്കു തമ്മിൽ പ്രണയമില്ല

നാണയമെടുത്ത്‌ നീ ഇരുട്ടിൽ മറഞ്ഞു.

മൂന്ന്‌

മരുപ്പച്ചതേടി നീ പോകുമ്പോൾ

ഞാനെന്തുപദേശം തരും.

എല്ലാക്കാലവും വേനലല്ലെന്നും

എല്ലാക്കാലവും വസന്തമല്ലെന്നും

പണ്ട്‌ പറഞ്ഞത്‌ മറന്നോ

ഭർത്താവ്‌,

മുലയൂട്ടൽ,

അടുക്കളയിലെ കരി എന്നിങ്ങനെ

വൃത്താവർത്തനങ്ങളിൽ നനഞ്ഞ്‌

പ്രണയമില്ലാതെ നീ എത്രകാലം ജീവിക്കും

ക്ഷമിക്കണം.

എനിക്കു വിശക്കുന്നു

ഞാൻ അടുത്ത ഇരയെ തേടുകയാണ്‌.

Generated from archived content: pranayam.html Author: surjith_ts

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here