എന്നാലും നിങ്ങള്….?

ഇപ്പോള്‍ ഓഫീസില്‍ പൊതുവെ ജോലി ഭാരം കൂടുതലാണ്. എത്ര ശ്രമിച്ചാലും കൃത്യം അഞ്ചുമണി ക്കൊന്നും പുറത്തിറങ്ങാന്‍ കഴിയാറില്ല. പിന്നെ ബസ് കാത്ത് മുഷിഞ്ഞ് തിരക്കില്‍ക്കയറി തൂങ്ങിപ്പിടിച്ചു നിന്ന് രണ്ടു ബസ്സും മാറി എന്റെ അങ്ങാടിയില്‍ എത്തുമ്പോഴേക്കും ആറരമണിയാകും. വണ്ടി ഓടിക്കാനൊന്നും പണ്ട് പഠിച്ചിട്ടില്ല. ഇനി ഈ നാല്പ്പെത്തെട്ടു വയസില്‍ അതൊന്നും ആലോചിക്കാനേ പറ്റുന്നില്ല. നാട്ടിലെത്തിയാല്‍ അപ്പുണ്ണിനായരുടെ പീടികയില്‍ ഒന്നു കയറും. അവിടെ ഒന്നു രണ്ടു മിനിറ്റ്. പിന്നെ അടുത്ത പരിചയക്കാരെ ആരെയെങ്കിലും കണ്ടാല്‍ ഏറ്റവും ചുരുങ്ങിയ വാക്കില്‍ ഒരു ലോഹ്യം പറച്ചില്‍. ശേഷം നേരെ വീട്ടിലേക്ക് എന്തു തന്നെയായാലും ആറേ മുക്കാല്‍ ഏഴുമണിയോടെ വീട്ടിലെത്തും. അന്ന് വീടിന്റെ പടി കയറിയപ്പോഴേ കണ്ടു പതിവില്ലാതെ ശ്രീമതി ഉമ്മറവാതിലില്‍ തന്നെ നിലയുറപ്പിച്ചിരിക്കുന്നു. അവള്‍ കുളിച്ചൊരുങ്ങി എന്നെ തന്നെ നോക്കി നില്‍ക്കുന്നതു കണ്ടപ്പോള്‍‍ എനിക്ക് അത്ഭുതം തോന്നി. എന്നാല്‍ ഞാന്‍ നടന്ന് ഉമ്മറത്തേക്ക് കയറിയതും ആ മുഖത്ത് അതുവരെയുണ്ടായിരുന്ന പ്രസന്നഭാവം മങ്ങുന്നതും മുഖം കടന്നല്‍ കുത്തിയതുപോലെ മുഖം വീര്‍ക്കുന്നതും കണ്ടു. എന്റെ കയ്യിലാകെ ഉണ്ടായിരുന്ന ചോറ്റുപാത്രമടങ്ങുന്ന ചെറിയെ ബാഗ് മേശയില്‍ വച്ച് ഞാന്‍ ചോദിച്ചു.

” കുട്ടികളെവിടെ വത്സലെ ”

” ഓ കുട്ടികളുള്ള ഓര്‍മ്മകളൊക്കെ നിങ്ങള്‍ക്കുണ്ടോ?”

ആ മറുപടി തീരെ പ്രതീക്ഷിക്കാതിരുന്ന ഞാന്‍ എന്തേ ഇങ്ങനെയെന്നു ചോദിച്ചതിനു എങ്ങെനെയെന്ന ചോദ്യം അവള്‍ തിരിച്ചു ചോദിച്ചു. ഇങ്ങനെ ദേഷ്യത്തില്‍ എന്ന് ഞാന്‍ പറഞ്ഞതിനു പിന്നെ സന്തോഷിക്കാന്‍ ഉണ്ടല്ലോ എന്നായി അവള്‍.

എന്തോ കാര്യമായ പ്രശ്നമുണ്ടെന്നു ബോധ്യമായ ഞാന്‍ വീണ്ടും ചോദിച്ചു ” കുട്ടികളെവിടെ?” കാരണം എന്നും വരുന്ന സമയത്ത് വായും തുറന്ന് ടി വി യുടെ മുന്നില്‍ കാണുന്നതാണ്.

” അവിടെ അവരിരുന്ന് പഠിക്കുകയാണ്”

” ആര് അമ്മുവും സീമയുമോ?”

” പിന്നെ അവരല്ലാതെ നിങ്ങള്‍ക്ക് വേറെ മക്കളുണ്ടോ?”

” എന്റെ പൊന്നു വല്‍സലേ ..ഇല്ല. നീ ഇത്ര ദേഷ്യം കാണിക്കാനുള്ള കാരണം പറയ്?”

” ഇന്ന് ഏതാ ദിവസം എന്നു ഓര്‍മ്മയുണ്ടോ?”

” വെള്ളിയാഴ്ച ” ഞാന്‍ നിഷ്ക്കളങ്കനായി മറുപടി പറഞ്ഞു .

” വെള്ളീയാഴ്ച ..ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകതയെന്താണെന്നറിയാമോ?”

” ഇല്ല നീ പറയ്” ഞാന്‍ വന്ന ദേഷ്യം പുറത്തു കാണിക്കാതെ സ്നേഹം അഭിനയിച്ചു നിര്‍ബന്ധിച്ചു.

” ഇന്നു നമ്മുടെ വെഡ്ഡിംങ് ആനിവേഴ്സറിയാണ് മനുഷ്യാ നമ്മുടെ കല്യാണം കഴിഞ്ഞിട്ട് പതിനെട്ട് വര്‍ഷം ഓര്‍മ്മയുണ്ടോ?”

” എന്റെയീശ്വരാ ഇതായിരുന്നോ കാര്യം ” ജീവിതം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിനിടയില്‍ എന്ത് വെഡ്ഡിംങ് ആനിവേഴ്സറി? സത്യത്തില്‍ ഞാന്‍ മറന്നിരുന്നു. ഓര്ക്കാനാകട്ടെ ഹൗസിങ് ലോണും ഷുഗറും പ്രഷറും ധാരാളം ഉണ്ടു താനും. അമര്‍ഷം പുറത്തുകാണിക്കാതെ ഞാന്‍ പറഞ്ഞു.

” ശരിയാ ഇന്നു സെപ്തംബര്‍ പത്താണല്ലോ എന്നാല്‍ നിനക്ക് ഇന്നലെ വൈകീട്ടോ ഇന്നു രാവിലേയോ ഒന്നു ഓര്‍മ്മിപ്പിക്കാമായിരുന്നു. ഞാന്‍ ഒരു നല്ല സാരിയെങ്കിലും വാങ്ങി വരുമായിരുന്നല്ലോ”

” പിന്നെ, ഓര്‍മ്മിപ്പിക്കാതെ നിങ്ങള്‍ക്ക് അതൊന്നും ഓര്‍മ്മ വരില്ല അല്ലേ? എനിക്കറിയാം നിങ്ങള്‍ക്ക് അത്രയൊക്കെയേ ഉള്ളു ഞാനിതൊക്കെ അനുഭവിക്കണം ” പരിഭവം കരച്ചിലിലേക്കു വഴി മാറുന്നു.

ഭഗവാനെ ഇതിനെ എങ്ങനെ സമാധാനിപ്പിക്കും? പതിവില്ലാതെ കുട്ടികളെ നിര്‍ബന്ധിച്ചു പഠിക്കാനിരുത്തി ഞാന്‍ വരുന്നതും സമ്മാനപ്പൊതി നല്‍കുന്നതും കാത്ത് നിന്നതാണവള്‍ എങ്ങെനെ കുറ്റപ്പെടുത്താനാവും? ജീവിതത്തിലെ ഏറ്റവും പ്രധാന കാര്യങ്ങളായി ഇതെല്ലാം കാണുന്നത് തീര്‍ത്തും സ്വാഭാവികമല്ലെ. ഇത്തരം ഓര്‍മ്മകളും നിമിഷങ്ങളും മാത്രമെ ജീവിതത്തിന്റെ ബാക്കി പത്രമായി ഉണ്ടാകു എന്നതാണ് സത്യവും അറിയാഞ്ഞിട്ടല്ല.

” നിങ്ങള്‍ക്ക് നിങ്ങളുടെ ഒറ്റക്കാര്യം. ബാക്കിയുള്ളവര്‍ എങ്ങിനെയായാലും നിങ്ങള്‍ക്കെന്താ നിങ്ങളുടെ കാര്യത്തിനു ഒരു മുടക്കവും വരരുത്”

ഇത് ഒരു കലഹത്തിനു കാരണമാകുമോ എന്ന മുന്‍ കാല അനുഭവങ്ങളില്‍ നിന്നും ന്യായമായി സംശയിച്ച ഞാന്‍ അടവു മാറ്റി.

” എന്റെ വല്‍സലേ നീ നല്ലൊരു സ്ത്രീയും സ്നേഹമുള്ള ഭാര്യയായതും കൊണ്ടല്ലേ ഞാനിതൊന്നും ഓര്‍ക്കാതെ പോകുന്നത്. മറിച്ച് നീയൊരു ശല്യക്കാരിയും ഭയങ്കരിയും ദുഷ്ടയുമൊക്കെയായിരുന്നുവെങ്കില്‍ ഞാന്‍ ഈ ദിവസം മറക്കുമായിരുന്നോ? നിന്റെ സ്നേഹം എന്നും എന്റെ കൂടെ ഉണ്ടായിരുന്നു എന്ന വിശ്വാസമാണ് എനിക്ക്. വെറും പതിനെട്ടു കൊല്ലത്തെ ബന്ധമേ നമ്മള്‍ തമ്മിലുള്ളുവെന്ന് എനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല. നമ്മുടെ മക്കളാണേ സത്യം”

അത്ഭുതം അത് ഏറ്റു.

വത്സലയുടെ മുഖത്ത് പരിഭവം മാറുകയാണ്. അവര്‍ പൊടിഞ്ഞു തുടങ്ങിയ കണ്ണീര്‍ തുടച്ചു ആ മുഖത്ത് സന്തോഷം വരാന്‍ തുടങ്ങി.

ആവേശത്തോടെ ഞാന്‍ തുടര്‍ന്നു. ” നാളെ നിനക്ക് എന്താ വേണ്ടത് എന്നു വെച്ചാല്‍ വാങ്ങിത്തരാം ഇനി ഒരിക്കലും ഞാന്‍ വെഡ്ഡിം ആനിവേഴ്സറി എന്നല്ല നിന്റെ പിറന്നാളും കുട്ടികളുടെ പിറന്നാളും ഒന്നും മറക്കില്ല ഉറപ്പ് നീ ഒരു ചായയെടുക്ക്”

” ഞാനായത് നിങ്ങളുടെ ഭാഗ്യം എന്നേപ്പോലൊരു പാവത്തിനെയല്ല നിങ്ങള്‍ക്കു കിട്ടേണ്ടത് ഒരു ഭയങ്കരിയെയാണ്. എന്നാലേ നിങ്ങള്‍ പഠിക്കു ” സ്നേഹം കലര്‍ന്ന പരിഭവം പ്രകടമാക്കി ചായ എടുക്കാനായി അവള്‍ അകത്തേക്കു പോയി.

സ്വന്തം ബുദ്ധിയില്‍ ആദ്യമായി അഭിമാനം തോന്നി. ഞാന്‍ മെല്ലെ ചാരുകസേരയില്‍ ചാഞ്ഞു. ഈ പെണ്ണുങ്ങളെ വീഴത്താല്‍ ഇത്രയൊക്കെ മതി നമുക്കറിയില്ലേ ഇവരുടെ മന:ശാസ്ത്രം പുകഴ്ത്തലില്‍ വീഴാത്ത ഏതെങ്കിലും പെണ്ണുണ്ടോ ലോകത്ത് . ഓഫീസിലെ പ്യൂണ്‍ കുമാരന്റെ സ്ഥിരം പ്രയോഗമാണ് . എന്നെ സമ്മതിക്കണം എന്ന ചിന്തയോടെ വിജയശ്രീലാളിതനായി ഇരിക്കുന്ന എന്റെ മുന്നിലേക്ക് അഞ്ചു മിനിറ്റിനകം വല്‍സല ചായയുമായി എത്തി. ചായക്ക് കൈനീട്ടിയ നേരം ഞാനാ മുഖം ശ്രദ്ധിച്ചു. കടന്നല്‍ കുത്തേറ്റപോലെ വീണ്ടും ആ മുഖം വീര്‍ത്തിരിക്കുന്നു. ചായയിടാന്‍ പോകുമ്പോഴുണ്ടായിരുന്ന സന്തോഷം കാണുന്നില്ല. ചായ കൈമാറുമ്പോള്‍ അവള്‍ വീണ്ടും പറഞ്ഞു .

” എന്നാലും നിങ്ങള്…..”

*******************

കടപ്പാട് – ഉണര്‍ വ്

Generated from archived content: story1_may27_14.html Author: suresh_thekkeettil

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here