1
അവളുടെ വിവാഹം ആയിരുന്നു. സര്‍ വകലാശാല കലോല്‍സവം ആയിരുന്നതിനാല്‍ തുടര്‍ച്ചയായി രണ്ടു രാത്രിയും രണ്ടു പകലും ഉറങ്ങാത്തതിന്റെ ക്ഷീണവും പാറിപ്പറന്ന താടിയും മുടിയും ഒക്കെ ആയി ഒറ്റ മുണ്ടും ചുളുങ്ങിയ ഷര്‍ട്ടും ഇട്ട ( അവശ കാമുകന്റെ ലുക് പേറി- ലുക്ക് മാത്രം!!!) കേറി വരുന്ന എന്നെ കുരുമുളകു വള്ളി പടര്‍ന്ന മുരിക്കു മരങ്ങള്‍ക്കിടയിലൂടെ കണ്ട് അവളുടെകണ്ണ് നനഞ്ഞുവോ? ഒരു നിശ്വാസം ഏതായാലും ഞാന്‍ ശ്രദ്ധിച്ചു, മണവാട്ടി വേഷത്തില്‍ അവള്‍ ഏറെ മനോഹരി ആയിരുന്നു. മുന്‍പൊരിക്കല്‍ വേഷ്ടി ഉടുത്ത് ബസ് സ്റ്റോപ്പില്‍ അക്ഷമയായി അവള്‍ കാത്തു നിന്നത് ഓര്‍ത്തു. അവളുടെ അമ്മയോട് അവളെന്നെ പറ്റി എന്താണു പറഞ്ഞതാവോ? എത്ര കാലം ഞങ്ങള്‍ക്ക് കാത്തുനില്‍ക്കാനാകും മോനേ….പെണ്ണിനു പ്രായവും കൂടി വരികയല്ലേ… എന്നു ആയമ്മ പറഞ്ഞതില്‍ നിന്നാണു മനസിലായത് ” അവള്‍ക്കെന്നോട് ശരിക്കും പ്രണയം ആയിരുന്നെന്ന്.
2
ശര്‍മ്മ സാറിന്റെ മുറിയില്‍ വച്ച് ആദ്യമായി അവളുടെ നെറ്റിയില്‍ ചുംബിച്ചപ്പോള്‍ അവള്‍ പറഞ്ഞതാണ് ഇതൊന്നും ശരിയല്ല എന്ന്. അടുത്ത ദിവസം അതേ മുറിയില്‍ വച്ച് അവളെ മടിയില്‍ പിടിച്ചിരുത്തിയപ്പോള്‍ ചെറുതായെങ്കിലും അവള്‍ പ്രതിരോധിച്ചിരുന്നു. പിന്നീട് എന്റെ കൈകളെ അവളുടെ മാറിടത്തിലേക്ക് നയിച്ചത് അവളുടെ കൈകള്‍ തന്നെയായിരുന്നു….. അവള്‍ക്കെല്ലാം അറിയാമായിരുന്നു… ഞാന്‍ വിവാഹിതന്‍ ആകാന്‍ പോകുകയണ്ന്നും, എന്റെ പ്രതിശ്രുത വധു ആരെന്നും എല്ലാം. എന്നിട്ടും അവള്‍ എന്നെ സ്നേഹിച്ചു. എന്റെ കിടപ്പറ വൃത്തിയാക്കാന്‍ അവളെ പ്രേരിപ്പിച്ചത് എന്ത് പ്രതീക്ഷകള്‍ ആണോ?… സംശയിക്കുന്നു. അല്ല, വിശ്വസിക്കുന്നു. അവളോളം എന്നെ സ്നേഹിച്ച വേറൊരു പെണ്ണില്ല എന്ന്. അവളിപ്പോഴും അത്ര തന്നെ സ്നേഹിക്കുന്നുണ്ടന്നും.
3
പഞ്ചനക്ഷത്ര ഹോട്ടലിലെ കടലിലേക്കു തുറക്കുന്ന ജനാലകളുള്ള മുറിയില്‍ നിന്നും പുറത്തേക്കു നോക്കി നില്‍ക്കവേ ഞാന്‍ അവളെ വല്ലാതെ മിസ്സ് ചെയ്യുന്നു. ഏതു നരകത്തിലേക്കായാലും നിന്റെ കൂടെ വരാന്‍ ഒരുക്കമാണ് എന്നു ഉറക്കെ വിളിച്ചു പറഞ്ഞിട്ട് കൂടെ വന്നവള്‍. .. ലോകത്തിന്റെ മുക്കിലും മൂലയിലും വരെ എന്റെ കൂടെ, എന്റെ കൂടെ മാത്രം സഞ്ചരിക്കാന്‍ ആഗ്രഹിച്ചവള്‍. അവള്‍ ഇല്ലതെ ഇവിടെ വരെ വരേണ്ടി വന്നതിനാല്‍ തന്നെ കാഴ്ചകള്‍ കണ്ടു നടക്കാനുള്ള എന്റെ താത്പര്യം നശിച്ചിരിക്കുന്നു. ഈ മഹാസമുദ്രം കടക്കാന്‍ എനിക്കൊരു പാലം കിട്ടിയിരുന്നെങ്കില്‍.
4
മൈക്രൊബയോളജി ലാബിന്റെ ഇടനാഴിയില്‍ വച്ചാണ് “സാറ് മലയാളി ആണോ” എന്നു ചോദിച്ച് അവള്‍ പരിചയപ്പെട്ടത്. പിന്നീടെന്നോ അവള്‍ എന്നോട് ഒട്ടിച്ചേര്‍ന്നിട്ടുണ്ടാകണം. എന്റെ കൂടെ നടക്കാന്‍ വേണ്ടി മാത്രം അവള്‍ ഞാന്‍ ഓഫീസ് വിട്ടു ഇറങ്ങുന്നതു വരെ വഴിയില്‍ കാത്തുനിന്നിരുന്നു. സാധാരണ അവളെ കൂട്ടാന്‍ വരുന്ന ഏട്ടനോട് അവള്‍ കള്ളം പറയുമായിരുന്നത്രെ… എന്നോ ഒരു വൈകുന്നേരം ”നിനക്കെന്നോട് പ്രേമം ആണോ” എന്ന എന്റെ ചോദ്യത്തിനു മുന്‍പില്‍ ഉത്തരം ഇല്ലാതെ അവള്‍ പതറിയപ്പോള്‍ ഒരല്പ്പം കുറ്റബോധം തോന്നിയോ? – എന്റെ മാത്രം അല്ല, അവള്‍ എന്റെ ഭാര്യയുടെ കൂടെ സുഹൃത്ത് ആയിരുന്നല്ലോ….
5
രേവതിയോടിന്നലെ പറഞ്ഞു ”എനിക്കിതു പ്രണയകാലം ആണെന്ന്” അവള്‍ ഉറക്കെ ചിരിച്ചു. എന്നിട്ടു പരിഹസിച്ചു. എനിക്കു കാമഭ്രാന്ത് ആണെന്ന്. ഞാന്‍ തിരിച്ചടിച്ചു. പ്രേമവും കാമവും തമ്മില്‍ യാതൊരു പാരസ്പര്യവും ഞാന്‍ കാണുന്നില്ല. പ്രേമം വാങ്ങാനോ കൊടുക്കാനോ കഴിയില്ല. അതാരും ഉണ്ടാക്കുന്നില്ല. ഉണ്ടാകുന്നതാണ്. കാമം അങ്ങിനെ അല്ല. അതുണ്ടാക്കന്‍ കഴിയും. അതു വാങ്ങാനും കൊടുക്കാനും മാത്രം അല്ല, കൂട്ടിക്കൊടുക്കാനും കഴിയും.
6
എന്നെ വെറും ഷണ്ഡന്‍ ആക്കികൊണ്ടു അവള്‍ രണ്ടാമതും ഉറക്കെ പ്രഖ്യാപിച്ചു. ഗോവയില്‍ സ്വന്തം ബിസ്സിനസും വീടും ഉള്ള കോട്ടക്കല്‍ക്കാരനെ വേണ്ടെന്നു വെച്ച് എന്റെ കൂടെ വന്നതില്‍ അവള്‍ ആത്മാര്‍ഥമായി ദു:ഖിക്കുന്നുവെന്ന്. അയാളുടെ വീട്ടുകാരുമായി അവള്‍ ഇപ്പോഴും വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നുവെന്ന്. ഇത് ഇതിലും വൃത്തികെട്ട ഭാഷയില്‍ എഴുതണം എന്നുണ്ട്. പക്ഷെ കഴിയുന്നില്ല. കാരണം, ഞാന്‍ അവളെ അത്രയ്ക്കു സ്നേഹിച്ചിരുന്നു. അല്ല, സ്നേഹിക്കുന്നുണ്ട്.
7
വെള്ളരിക്ക കൊണ്ട് മസാല ഒന്നും ചേര്‍ക്കാതെ (ഉണ്ടായിട്ടു വേണ്ടേ ചേര്‍ക്കാന്‍) ഓലന്‍ വെച്ച ദിവസങ്ങളില്‍ “ഇന്നും എന്റെ ജന്മ ശത്രു ആയ കൂട്ടാന്‍ ആണല്ലെ അമ്മേ” എന്നു പറയുമായിരുന്നു. തോട്ടിന്റെ കരയിലും ആരാന്റെ വയലിലും ഒക്കെ ആയി വെള്ളരിക്ക നട്ടുണ്ടാക്കി സൂക്ഷിച്ചു വെക്കുന്നു അമ്മ ഇന്നും. മണ്ണിന്റെ ചുവരുള്ള വീട്ടില്‍ നിലത്തു വിരിച്ച പായയില്‍ നിന്നു ഉറക്കത്തില്‍ അറിയാതെ കൈ നീട്ടിയാല്‍ ചിലപ്പോഴെങ്കിലും കെട്ടവെള്ളരിക്കയുടെ തണുപ്പ് അനുഭവപ്പെട്ടിട്ടുണ്ട്. രാവിലെ ഉറക്കം ഉണരുന്നത് ഈ കെട്ട വെള്ളരിക്കയുടെ മണം അടിച്ചുകൊണ്ടായിരിക്കും. ഗസറ്റഡ് ഉദ്യോഗസ്ഥര്‍ ആയ മാതാപിതാക്കളുടെ മകന്‍ ആയ ഒരു കൂട്ടുകാരന്‍ ഒരു ദിവസം ഈ ജന്മ ശത്രു കൂട്ടി ചോറുണ്ടിട്ടുണ്ട്. കൊതിയോടെ അതിന്റെ റെസിപ്പി അമ്മയോട് ചോദിച്ച് മനസിലാക്കുന്നതു കണ്ടു. അടുത്ത ദിവസം കോളേജില്‍ കണ്ടപ്പോള്‍ ആ കൂട്ടാന്‍ ഉണ്ടാക്കാനുള്ള അവന്റെ അമ്മയുടെ ശ്രമം പരാജയപ്പെട്ട കാര്യം പറഞ്ഞു.
Generated from archived content: story1_aug24_11.html Author: suresh_po_chuzhali