കച്ചവടം

കരുപ്പായിലെ ചന്ദ്രേട്ടന്റെ പട്ടി പെറ്റു. ചന്ദ്രേട്ടന് പട്ടികളോട് വലിയ താത്പര്യമാണ്. വീട്ടിലൊരു പട്ടിയില്ലാത്ത കാലമുണ്ടായിട്ടില്ല. പട്ടികളോട് മാത്രമല്ല വളര്‍ത്ത് മ്യഗങ്ങളോട് മൊത്തത്തില്‍ അങ്ങിനെയാണ്. ചന്ദ്രേട്ടന്റെ വീടിന്റെ പടി കടന്നാല്‍ ഒരു വിസ്മയ ലോകത്തിലേക്കാണ് നമ്മളെത്തുക. പട്ടിയും പൂച്ചയും കാക്കയും കോഴിയും അണ്ണാറക്കണ്ണനും തത്തയും ആടും പശുവും മുയലും എലിയും എല്ലാം ഇണങ്ങിയും പിണങ്ങിയും കഴിയുന്നു. ഇതില്‍ മിക്കവയും ആ വീട്ടുവളപ്പില്‍ തന്നെ ജനിച്ചു വളര്‍‌ന്നവയാണ്. കാശുകൊടുത്ത് വാങ്ങുക, കാശിനു വില്‍‌ക്കുക എന്നിവ പതിവില്ലിവിടെ.

അങ്ങിനെയുള്ള ചന്ദ്രേട്ടന്റെ വീട്ടില്‍ ഒരു പട്ടികൂടി പെറ്റു എന്നു പറഞ്ഞാല്‍ അതിലെന്താണിത്ര അത്ഭുതപ്പെടുവാനുള്ളത് എന്നല്ലേ! ഇത്തവണ പെറ്റത് ചന്ദ്രേട്ടന്റെ വിശേഷാല്‍ പട്ടിയാണ്. റോട്ട് വീലര്‍ എന്ന മുന്തിയ ഇനം. ആപ്പിള്‍ തല. തവിട്ട് നിറം. നല്ല ചൊടി. ഇത് ചന്ദ്രേട്ടന്റെ വീട്ടില്‍ ജനിച്ചു വളര്‍ന്നതല്ല. ഒരിക്കല്‍ മൂരിക്കലിലെ ഗോവിന്ദര്‍ ഊട്ടിയില്‍ നിന്നും വന്നപ്പോള്‍ കൊണ്ടുവന്നതാണ്. ഗോവിന്ദന്റെ അച്ഛന്‍ ചന്ദ്രേട്ടന്റെ അച്ഛന്റെ കാര്യസ്ഥനായിരുന്നു. ഗോവിന്ദന്‍ ചന്ദ്രേട്ടന്റെ കളിക്കൂട്ടുകാരനാണ്. വളരെ നാള്‍ കൂടി നാട്ടിലെത്തിയപ്പോള്‍ കളിക്കൂട്ടുകാരന്റെ ഇഷ്ടം കണ്ടറിഞ്ഞ് കൊണ്ടുവന്നതാണീ പട്ടിക്കുട്ടിയെ. ഈ പട്ടിയ്ക്ക് ശ്ശി ഇമ്മണി കാശാവും എന്ന് ഗോവിന്ദന്‍ അന്നേ പറഞ്ഞിരുന്നു. അപ്പോള്‍ ചന്ദ്രേട്ടന്‍ മനസില്‍ കൂട്ടി, ഒരഞ്ഞൂറ് അല്ലെങ്കില്‍ ഒരായിരം, അതിലും കൂടുതലില്ല. അതിലും കൂടുതല്‍ കാശ് ആരെങ്കിലും പട്ടിയെ വാങ്ങാന്‍ കൊടുക്ക്വോ?

ആ പട്ടിക്കുഞ്ഞാണിപ്പോള്‍ പ്രായം തികഞ്ഞ് ചിന പിടിച്ച് പെറ്റിട്ടിരിക്കുന്നത്. പ്രായം തികയാറായപ്പോള്‍ ചന്ദ്രേട്ടനവളെ അടുത്തുള്ള മ്യഗാശുപത്രിയില്‍ കാണിച്ചിരുന്നു. അവിടത്തെ ഡോക്ടര്‍ ഈ പട്ടിയുടെ വിശേഷങ്ങള്‍ തിരക്കി. ഇതിന്റെ മഹിമയെല്ലാം ചൊല്ലി. മുന്തിയ ഇനമാണെന്നും വലിയ വിലയാണെന്നും പറഞ്ഞു. പിന്നെ ഇത്തരം ഒരു നായയുള്ള തന്റെ ഒരു സുഹ്യത്തിന്റെ വീട്ടില്‍ കുറച്ചു ദിവസം അവളെയാക്കി. തിരികെയെത്തുമ്പോള്‍ ഇവള്‍ ഗര്‍ഭിണിയായിരുന്നു. ഗര്‍ഭകാലത്തെ പരിചരണമെല്ലാം ഡോക്ടര്‍ സൗജന്യമായി ചെയ്തുകൊടുത്തു. ച്ചാല്‍ കാശോന്നും വാങ്ങിയില്ല എന്നു തന്നെ. പെറ്റുവീണാല്‍ ഒരു കുഞ്ഞിനെ തനിക്കു നല്‍‌കണമെന്ന് മാത്രം പറഞ്ഞു.

അങ്ങിനെ ആ പട്ടി പെറ്റു. നാലാണും രണ്ട് പെണ്ണും. ഡോക്ടര്‍ക്കും സന്തോഷം. ഇരുപതാം ദിവസം കഴിഞ്ഞപ്പോള്‍ ചന്ദ്രേട്ടന്‍ വാക്കു പാലിച്ചു. ഒന്നിനു പകരം രണ്ടെണ്ണത്തിന്റെ ഡോക്ടര്‍ക്ക് സമ്മാനിച്ചു. ഒരാണും ഒരു പെണ്ണും. അപ്പോഴും ശിഷ്ടം നാല്. ഇതോടെ വീട്ടില്‍ പട്ടികളുടെ എണ്ണം പത്ത്. ഇത് ഇത്തിരി അധികമല്ലേ എന്ന് ചന്ദ്രേട്ടന്റെ ഏട്ടത്തിയ്ക്ക് സംശയം. ഇങ്ങിനെപോയാല്‍ വീടിന്റെ കിടപ്പ് മുറികൂടി പട്ടികള്‍ക്കായി തീറെഴുതികൊടിക്കേണ്ടി വരുമല്ലോ ഈശ്വരാ എന്ന് പരിഭവം. ഈ പട്ടിക്കുട്ടികളെ ആര്‍ക്കെങ്കിലും കൊടുക്ക് മനുഷ്യാ എന്ന് ഉപദേശം. അങ്ങിനെ വെറുതേ കൊടുക്കേണ്ടെന്നും ഇതിന് പൊതുവിപണിയില്‍ നല്ല വില കിട്ടുമെന്നും ഡോക്ടര്‍ ഉപദേശിച്ചു. പട്ടിയെ വിലയ്ക്ക് കൊടുക്കുക എന്നത് ചന്ദ്രേട്ടന്റെ നയങ്ങള്‍ക്കെതിരായിരുന്നുവെങ്കിലും ഭാര്യയുടെ ഉപദേശവും ഡോക്ടറുടെ വാക്കുകളും മാനിച്ച് ഒടുവില്‍ ചന്ദ്രേട്ടന്‍ സമ്മതിച്ചു. വില്പനയ്ക്കായി പരസ്യം നല്‍കാമെന്ന് ഡോക്ടര്‍ വാക്കു കൊടുത്തു.

നാള് രണ്ട് കഴിഞ്ഞില്ല. ചന്ദ്രേട്ടന്റെ മൊബൈലില്‍ ഒരു വിളി വന്നു. ആപ്പിള്‍ തലയുള്ള റോട്ട് വീലര്‍ പട്ടിക്കുഞ്ഞുങ്ങളെ വില്‍ക്കാനുണ്ടെന്ന് പരസ്യം കണ്ടു. എന്താണ് വില? ചന്ദ്രേട്ടന്‍ മനസില്ലാ മനസോടെ പറഞ്ഞു. പതിനായിരം. ഒരു പട്ടിയ്ക്ക് ഇത്രയും വിലപറയാമോ എന്ന് ചന്ദ്രേട്ടന്റെ മനസാക്ഷി ചോദിച്ചുകൊണ്ടിരുന്നു. ഒരു പട്ടിക്കാരെങ്കിലും പതിരായിരം ഉറുപ്പിക കൊടുക്കുമോ? എങ്കിലും ഭാര്യ പറഞ്ഞിരിക്കുന്നത് ഒമ്പതെങ്കിലും കിട്ടിയാല്‍ കൊടുക്കാമെന്നാണ്. പത്ത് തികച്ച് കിട്ടുമെന്ന് ഡോക്ടറും പറഞ്ഞിരിക്കുന്നു. ഫോണിന്റെ മറുതലയ്ക്കല്‍ നിന്ന് വീണ്ടും ചോദ്യം വന്നു. എട്ടിന് തരുമോ? ഇല്ല. ചന്ദ്രേട്ടന്‍ തീര്‍ത്ത് പറഞ്ഞു.

ദിവസം രണ്ട് കഴിഞ്ഞു. പട്ടിക്കുഞ്ഞുങ്ങള്‍ വീട്ടിനുള്ളില്‍ ബഹളം വയ്ക്കുന്നു. കിടപ്പറയില്‍ ഭാര്യ ബഹളം വയ്ക്കുന്നു. ഒന്ന് വിലപേശാമായിരുന്നില്ലേ മനുഷ്യാ? ഒരൊമ്പത് കിട്ടിയാ വിറ്റൊഴിക്കാമായിരുന്നില്ലേ. നിങ്ങളെന്നാ ഇനി കച്ചവടം ചെയ്യാന്‍ പഠിക്കുന്നേ? പ്രായമിത്രയായില്ലേ.

അടുത്ത ദിവസം നേരം വെളുത്തപ്പോള്‍ ചന്ദ്രേട്ടന്‍ തന്റെ ഫോണില്‍ വന്ന അന്നത്തെ നമ്പര്‍ പരതി കണ്ടെത്തി. തിരിച്ചു വിളിച്ചു. പത്ത് എന്ന് അങ്ങിനെ തറപ്പിച്ച് നിറുത്തുവാനായി പറഞ്ഞതൊന്നുമല്ല കേട്ടോ. എന്തെങ്കിലുമൊക്കെ വിട്ടുവീഴ്ചയാകാം. മറുപടിയില്‍ ഒരു പുച്ഛരസമുണ്ടായിരുന്നു. എനിക്ക് അതേ ജനുസില്‍ പെട്ട ഒരു നായക്കുട്ടിയെ കുട്ടി. കുറച്ച് കൂടി മുന്തിയത്.

എന്ത് വിലകൊടുത്തു?

പതിനാറായിരം.

ചന്ദ്രേട്ടന്‍ ഞെട്ടി. ഇരുപത്തിയഞ്ച് ദിവസം പ്രായമുള്ള പട്ടിക്കുഞ്ഞിന്റെ വില പതിനാറായിരം ഉറുപ്പ്യ. താനാവശ്യപ്പെട്ടത് പതിനായിരം. അപ്പോള്‍ ഇതെങ്ങിനെ സംഭവിച്ചു.

ഞാന്‍ പത്തല്ലേ പറഞ്ഞുള്ളു. ചന്ദ്രേട്ടന്റെ സംശയത്തിന് ചോദ്യ രൂപം വന്നു.

“വാങ്ങിച്ചത് മ്യഗാശുപത്രിയിലെ ഡോക്ടറുടെ വീട്ടില്‍ നിന്നാ. അദ്ദേഹത്തിന് ഇതിനെക്കുറിച്ച് നല്ല പിടിപാടുണ്ടാവുല്ലോ. അദ്ദേഹം ഇരുപതാ വില പറഞ്ഞേ. ഒന്ന് പേശി. നാല് കുറച്ചു. പതിനാറിനു കിട്ടി. എനിക്ക് നാലായിരം ലാഭം. നിങ്ങളോട് രണ്ടായിരം കുറയ്ക്കാന്‍ പറഞ്ഞപ്പോള്‍ പറ്റില്ല്യ എന്ന് ഒറ്റവാക്കില്‍ പറഞ്ഞില്ല്യേ. ലണ്ടനിലിള്ള മോളോട് വിളിച്ച് തെരക്ക്യപ്പൊ വാങ്ങുന്നേല്‍ മുന്തിയത് തന്നെ വാങ്ങിയാ മതി എന്ന് തറപ്പിച്ച് പറയേം ചെയ്തു. പതിനാറിന്റെ ഗുണം എന്തായാലും പത്തിന് ഉണ്ടാവില്ല്യാലൊ.

കച്ചവടത്തിന്റെ ബുദ്ധിവൈഭവം ചന്ദ്രേട്ടന്റെ ലോകത്തിലേക്ക് ഇനിയും ഇറങ്ങിവന്നില്ല. ചന്ദ്രേട്ടന്റെ മനസിലേക്ക് അപ്പോള്‍ ഇരച്ചു കയറിയത് ഭാര്യ എപ്പോഴും പറയുന്ന ഒരൊറ്റവാചകം “ജീവിക്കാനറിയാത്ത മനുഷ്യന്‍.”

Generated from archived content: story1_mar9_13.html Author: suresh_mg.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here