മലയാള സിനിമ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരമാർഗങ്ങളും

മലയാളിയെ ആദ്യം സിനിമ കാണിച്ചത്‌ 1907-ൽ തൃശൂരിൽ കെ.ഡബ്ല്യു ജോസഫ്‌ എന്നൊരാളായിരുന്നു. അതിനദ്ദേഹം ഉപയോഗിച്ച പ്രൊജക്‌ടർ കൈകൊണ്ട്‌ ചലിപ്പിക്കുന്ന ഒന്നായിരുന്നു. അതായത്‌ വൈദ്യുതി ഇല്ലാത്തത്‌ എന്നർത്ഥം. 1913-ൽ തൃശൂരിലെതന്നെ ജോസ്‌ കാട്ടുക്കാരൻ ‘ജോസ്‌ ഇലക്‌ട്രിക്കൽ ബയോസ്‌കോപു’മായി കേരളത്തിലെ ആദ്യ ഇലക്‌ട്രിക്‌ പ്രൊജക്‌ടർ സ്‌ഥാപിച്ചു. കേരളക്കരയിലെ സിനിമാ ചരിത്രം ആരംഭിക്കുന്നത്‌ അവിടെ നിന്നാണ്‌.

അന്നൊന്നും മലയാളത്തിൽ സിനിമയെടുക്കുവാൻ ആരുമുണ്ടായിരുന്നില്ല. ശബ്‌ദം സിനിമയുടെ ഭാഗവുമായിരുന്നില്ല. ജോസ്‌ കാട്ടൂക്കാരനും അദ്ദേഹത്തെ പിൻതുടർന്ന്‌ വന്നവരും കാണിച്ചിരുന്നത്‌ തമിഴ്‌, ഹിന്ദി, ഇംഗ്ലീഷ്‌ ഭാഷകളിലെ സിനിമകളായിരുന്നു. ഈ സ്‌ഥിതി 1928-വരെ തുടർന്നു. ആ വർഷമാണ്‌ മലയാളത്തിലൊരു സിനിമയിറങ്ങുന്നത്‌. പേര്‌ ‘വിഗതകുമാരൻ.’ നിർമാണം, സംവിധാനം ജെ.സി ഡാനിയേൽ. സിനിമ എട്ടുനിലയിൽ പൊട്ടി. മലയാളിക്ക്‌ ആദ്യ മലയാള സിനിമയോട്‌ ഒരാവേശവും തോന്നിയില്ല. അടുത്ത മലയാള സിനിമയ്‌ക്കായി അഞ്ചുവർഷം പിന്നെയും കാത്തിരിക്കേണ്ടിവന്നു. സിനിമയുടെ പേര്‌ ‘മാർത്താണ്ഡ വർമ്മ.’ സി.വി. രാമൻപിള്ളയുടെ പ്രസിദ്ധ നോവലായിരുന്നു ഇതിവൃത്തം. എന്നാൽ ആദ്യ മലയാള സിനിമയേക്കാൾ വലിയ ദുര്യോഗമാണതിനു നേരിട്ടത്‌. പടം പെട്ടിയിൽ നിന്നും പുറത്തിറങ്ങിയില്ല.

ഇന്ന്‌ മലയാള സിനിമ വലിയ ആപത്തിനെ നേരിടുകയാണത്രെ! ആപത്തെന്തെന്നും അതെങ്ങിനെ വന്നുചേർന്നുവെന്നും പരിശോധിക്കുവാൻ ആര്‌ തയ്യാറാകും? ബാലാരിഷ്‌ടതകൾ വളരെയധികം അനുഭവിച്ച കുട്ടിയാണിത്‌. ബാലാരിഷ്‌ടതകൾ അധികമനുഭവിച്ച കുട്ടികൾക്ക്‌ രോഗപ്രതിരോധശേഷി വർദ്ധിക്കുമോ അതോ കുറയുമോ? തീയിൽ കുരുത്തത്‌ വെയിലത്ത്‌ വാടുകയില്ല എന്നാണ്‌ പഴമൊഴി. പഴമൊഴിയിൽ പതിരുണ്ടാകില്ല. അപ്പോൾ പിന്നെ മലയാള സിനിമയ്‌ക്ക്‌ എന്തുപറ്റി?.

നമുക്ക്‌ സിനിമാചരിത്രത്തിലേക്ക്‌ തിരിച്ചുവരാം.

1938-ൽ ‘ബാലൻ’ എന്ന സിനിമ ഇറങ്ങിയപ്പോൾ മലയാള സിനിമ ചരിത്രം കുറിക്കുകയായിരുന്നു. മയാളികൾ ആദ്യമായി വെള്ളത്തിരയിൽ മിന്നി മറയുന്ന ചിത്രങ്ങളിൽ നിന്നും മലയാളമുതിരുന്നത്‌ കേട്ടു. എസ്‌. നൊട്ടാണിയായിരുന്നു ബാലന്റെ നിർമാതാവ്‌. ചിത്രം നിർമിച്ചത്‌ മദിരാശിയിൽ വച്ചും. പിന്നത്തെ പത്തുവർഷത്തിനിടയ്‌ക്ക്‌ ഇറങ്ങിയ മലയാള സിനിമകളെല്ലാം നിർമ്മിച്ചത്‌ തമിഴ്‌നാട്ടിലായിരുന്നു. മലയാള മണ്ണിലേക്ക്‌ സിനിമാ വ്യവസായത്തെ പറിച്ചു നടുവാൻ ആദ്യമായി ശ്രമിച്ചത്‌ ഉദയാ സ്‌റ്റുഡിയോയാണ്‌. 1947-ൽ ഭാരതത്തിന്‌ സ്വാതന്ത്ര്യം ലഭിച്ച അതേ വർഷത്തിൽ. എന്നാൽ ഈ കാലഘട്ടത്തിൽ വളരെയധികം സിനിമകളിറങ്ങിയിരുന്നു എന്നൊന്നും കരുതരുത്‌. 1940 മുതൽ 1950 വരെയുള്ള ദശാബ്‌ദത്തിൽ ആകെയിറങ്ങിയത്‌ 4 സിനിമകൾ. അതിലൊന്നും സാമ്പത്തിക വിജയം കൈവരിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ബാലാരിഷ്‌ടതകൾ മലയാള സിനിമയെ വിട്ടുമാറിയിരുന്നില്ല.

ഇതിനൊരു മാറ്റം വന്നത്‌ 1951-ൽ ‘ജീവിതനൗക’ എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ്‌. സാമ്പത്തിക വിജയം നേടുന്ന ആദ്യ മലയാള സിനിമ ജീവിതനൗകയാണെന്ന്‌ കണക്കുകൾ കാണിക്കുന്നു. ഈ സിനിമ മലയാളത്തിന്‌ ആദ്യ സൂപ്പർസ്‌റ്റാറിനേയും സമ്മാനിച്ചു. തിക്കുറിശ്ശി സുകുമാരൻ നായർ. പക്ഷേ മലയാള സിനിമയ്‌ക്ക്‌ ഈ വിജയഗാഥ തുടരുവാനായില്ല. ജീവിത നൗകയുടെ അതേശൈലിയിൽ പിന്നെ കുറച്ചധികം സിനിമകളെത്തി സിനിമയിൽ പ്രാധാന്യം സൂപ്പർസ്‌റ്റാറിനായി. ജനത്തിനു മടുത്തു. അവർ സിനിമാകൊട്ടകയിൽ പോക്കു നിർത്തി. മിക്കവാറും എല്ലാ സിനിമകളും പരാജയപ്പെടുകയും ചെയ്‌തു.

അപ്പോഴും ആരും പക്ഷേ മലയാള സിനിമാ വ്യവസായം പ്രതിസന്ധിയിലാണെന്നു പറഞ്ഞു കരഞ്ഞില്ല. മലയാള സിനിമയ്‌ക്ക്‌​‍്‌ ഭാവിയില്ലെന്ന്‌ പരിതപിച്ചില്ല. പോംവഴികളാരാഞ്ഞലഞ്ഞില്ല. സിനിമാ രംഗത്തെ പ്രവർത്തകർ സ്വയം കാരണമന്വേഷിക്കുകയും പ്രതിവിധികൾ കണ്ടെത്തുകയുമായിരുന്നു. അതിന്‌ ഫലവുമുണ്ടായി. അത്‌ ‘നീലക്കുയിൽ’ എന്ന സിനിമയിലൂടെ മലയാള സിനിമയാഘോഷിച്ചു. നീലക്കുയിൽ മലയാള സിനിമയെ തീർത്തും മലയാളമാക്കുകയായിരുന്നു മലയാളിയുടെ സംസ്‌കാരത്തിനും ചിന്താഗതിക്കും അനുസൃതമാക്കുകയായിരുന്നു. മലയാളി അനുഭവിച്ചറിഞ്ഞുകൊണ്ടിരുന്ന ജീവിതം അഭ്രപാളികളിലേക്ക്‌ പകർത്തുകയായിരുന്നു. മലയാളി ഇരുകയ്യും നീട്ടി നീലക്കുയിലിനെ സ്വീകരിച്ചു. നീലക്കുയിൽ മലയാള സിനിമയ്‌ക്കൊരു വഴിത്തിരിവായി എന്നു പറഞ്ഞാൽ അതിശയോക്തിയല്ല. അതിന്റെ പിന്നണിയിലും മുന്നണിയിലും സിനിമക്കാർ മാത്രവുമായിരുന്നില്ല. നീലക്കുയിൽ മലയാളത്തിലെ, മാറ്റങ്ങൾ കൊതിച്ചിരുന്ന, അതിനായി ശ്രമിക്കുവാനും അദ്ധ്വാനിക്കുവാനും തയ്യാറുള്ള ഒരു കൂട്ടം യുവാക്കളുടെ സൃഷ്‌ടിയായിരുന്നു. അത്‌ മലയാള സിനിമാപ്രേമിക്ക്‌ പുതിയ ഒരു അനുഭവമായി. ഇന്നും നീലക്കുയിൽ മലയാള സിനിമാസ്വാദകർക്ക്‌ അഭിമാനിക്കുവാനുള്ള ഒന്നായി നിലനിൽക്കുന്നു.

അടുത്ത വർഷത്തിൽ തന്നെ മലയാള സിനിമ മറ്റൊരു തരത്തിലും ചരിത്രം തിരുത്തി. പി. രാമദാസ്‌ എന്ന ഒരു യുവാവിന്റെ നേതൃത്വത്തിൽ മലയാളത്തിലെ ആദ്യനിയോ-റിയലിസ്‌റ്റിക്‌ സിനിമ പിറവിയെടുത്തു. സിനിമാരംഗവുമായി അതുവരേയ്‌ക്കും അധികം അടുത്തിടപഴകാത്ത യുവാക്കളായിരുന്നു. ഈ സിനിമയ്‌ക്ക്‌ പിന്നിൽ. ‘ന്യൂസ്‌പേപ്പർ ബോയ്‌ എന്ന ആ മലയാള സിനിമ, ഇന്ത്യയിൽ പില്‌ക്കാലത്ത്‌ ഇറങ്ങിയ നിയോ-റിയാലിസ്‌റ്റിക്‌ സിനിമകൾക്ക്‌ വഴികാട്ടിയായി. സത്യജിത്‌ റേയുടെ പഥേർപഞ്ചാലി’ക്കും മുമ്പാണ്‌ ഈ സിനിമ ഇറങ്ങിയതെന്നോർക്കുക.

ഇന്ന്‌ നമ്മൾ മെയിൻസ്‌ട്രീം സിനിമ എന്ന്‌ വിളിക്കുന്ന, പൊതുജനങ്ങളെ ലക്ഷ്യമാക്കിയുള്ള, എന്നുവച്ചാൽ കമ്പോള പ്രാധാന്യം ലക്ഷ്യമാക്കിയുള്ള, വിനോദത്തിനായുള്ള ചേരുവകളെല്ലാം സമാസമം ചേർത്തരച്ചുണ്ടാക്കിയ, സിനിമകൾ മലയാളത്തിൽ പച്ചപിടിക്കുവാൻ തുടങ്ങിയത്‌ 1960-കളിലാണ്‌. അക്കാലത്തുതന്നെ ലോകസിനിമയിൽ അന്ന്‌ ഉപയോഗിച്ചിരുന്ന പുതിയ സാങ്കേതികവിദ്യകളും മലയാളം സിനിമ സ്വീകരിക്കുവാൻ തുടങ്ങി. ഇത്‌ പ്രേക്ഷകരെ ഹഠാദാകർഷിക്കുവാനും, കോട്ടകകളിലേക്ക്‌ ആളെക്കയറ്റുവാനും സഹായിച്ചു. ‘കണ്ടം ബച്ച കോട്ട്‌ മലയാള സിനിമയ്‌ക്ക്‌ നിറപ്പകിട്ടേകിയപ്പോൾ, ’ഭാർഗവി നിലയം‘ മലയാളിയുടെ മനസ്സിനെ അത്ഭുതപ്പെടുത്തി. എന്നാൽ മലയാളസിനിമയെ ഭാരത സിനിമയുടെ നെറുകയിലെത്തിച്ചത്‌ ലോകസിനിമയുടെ ഭാഗമാക്കുവാൻ സഹായിച്ചത്‌, മലയാളി ഇന്നും എന്നും മറക്കാത്ത ’ചെമ്മനാ‘ണ്‌. ചെമ്മീൻ മലയാള സിനിമയ്‌ക്ക്‌ എന്തെന്നില്ലാത്ത ഊർജം പകർന്നു. ഒരു നേരംപോക്കെന്നതിലുപരിയായി, മലയാള സിനിമ അപ്പോഴേക്കും ഒരു ഉത്തമ കലാസൃഷ്‌ടികൂടിയായി മാറിയിരുന്നു.

അവിടെ നിന്നങ്ങോട്ട്‌ ഒരു ഇരുപത്‌-ഇരുപത്തിയഞ്ച്‌ വർഷം മലയാള സിനിമ ലോക സിനിമാചർച്ചകളിലെല്ലാം നിറഞ്ഞുനിന്നു കലാമൂല്യം, സാങ്കേതിക മികവ്‌, കഥാമൂല്യം, സാമ്പത്തിക വിജയം എല്ലാം, അക്കാലത്ത്‌ പുറത്തുവന്നതിൽ പാതിയിലേറെ സിനിമകളേയും അനുഗ്രഹിച്ചുംകൊണ്ടിരുന്നു. സിനിമ കലാമൂല്യമുള്ളതായിരിക്കുന്നതിനോടൊപ്പം സാമ്പത്തിക വിജയും പ്രാധാന്യമുള്ളതാണെന്നും ഇവ രണ്ടും സംയോജിപ്പിക്കുവാനാകുമെന്നും എഴുപതുകളിലും എൺപതുകളിലും മലയാള സിനിമ കാണിച്ചുതന്നു. മലയാളത്തിൽ മാത്രമല്ല, മറ്റ്‌ ഭാഷകളിലും വളരെയധികം നല്ല സിനിമകളിറങ്ങിയ കാലമായിരുന്നു അത്‌. ഇതിനോടൊപ്പംതന്നെ, പിന്നെ പലരും ’പാരലൽ സിനിമ‘ എന്ന പുതുപ്രയോഗത്തിലൂടെ വേർതിരിച്ചു നിറുത്തിയ, കമ്പോള വിജയം ഒരു വലിയ ഘടകമാക്കി കണക്കാക്കാതെ, കലാസാങ്കേതിക മികവിന്‌ കൂടുതൽ പ്രാധാന്യം നൽകി നിർമിക്കപ്പെടുന്ന സിനിമകളും നിലനിന്നു. ഇവയുടെ കലാമൂല്യം അല്ലെങ്കിൽ സാങ്കേതിക മികവ്‌ അവയെ ഇഷ്‌ടപ്പെടുന്ന ഒരു സമൂഹത്തെതന്നെ സൃഷ്‌ടിക്കുകയും, അതുവഴി സാമ്പത്തികമായി അവ അമ്പേ പരാജയങ്ങളാകാതിരിക്കുകയും ചെയ്‌തു. ഈ സമൂഹങ്ങളുടെ സംയോജനങ്ങൾ ഫിലിം സൊസൈറ്റികൾ എന്ന പേരിൽ നാട്ടിൽ മുഴുക്കെ അക്കാലത്ത്‌ പരന്നിരുന്നു. അന്നവർ നല്ല മലയാളം സിനിമകളെ മാത്രമല്ല, ഇതര ഭാഷകളിലെ സിനിമകളേയും മലയാളികളെ കാണിപ്പിക്കുന്നതിൽ ഉത്സുകരായിരുന്നു. അങ്ങനെയുണ്ടായ അന്യഭാഷാസമ്പർക്കവും ’പാരലൽ അല്ലാത്ത‘ മലാള സിനിമയേയും കൂടുതൽ മെച്ചപ്പെടുന്നതിന്‌ വളരെയധികം സഹായിച്ചു.

മേൽപറഞ്ഞത്‌ എൺപതുകളുടെ അവസാനംവരെയുള്ള കാലഘട്ടത്തെക്കുറിച്ച്‌. പിന്നെപ്പിന്നെ മലയാള സിനിമയിൽ, സനിമയുടെതന്നെ ഭാഷയിൽ പറഞ്ഞാൽ ’ഓരോ ഫോർമുല‘ ആവർത്തിക്കപ്പെടുവാൻ തുടങ്ങി. ജീവിത നൗകയുടെ വിജയത്തിനു ശേഷം അതേ ’ഫോർമുല‘യ്‌ക്കും ’സൂപ്പർസ്‌റ്റാറി‘നും മലയാള സിനിമ നൽകിയ അമിത പ്രാധാന്യമെന്ന അബദ്ധം വീണ്ടും വന്നുപെട്ടു. സൂപ്പർ സ്‌റ്റാറുകളുടെ പ്രകടനങ്ങളും ഫോർമുലകളും ആവർത്തിക്കപ്പെടുവാൻ തുടങ്ങി. അത്‌ മലയാള സിനിമയ്‌ക്ക്‌ ഗുണകരമായില്ല. മലയാള സിനിമയുടെ വളർച്ചയുടെ വേഗത നഷ്‌ടപ്പെടുത്തുവാൻ ഇത്‌ ഒരു പരിധിവരെ കാരണമാക്കി.

എന്നാൽ ഇക്കാലത്തും, അതായത്‌ എൺപതുകൾക്ക്‌ ശേഷവും മലയാളത്തിൽ നല്ല സിനിമകൾ വന്നിട്ടില്ല എന്നല്ല. ഒട്ടനവധി നല്ല സിനിമകൾ മലയാളത്തിൽ അപ്പോഴും നിർമിക്കപ്പെട്ടുകൊണ്ടിരുന്നു. ഇവിടെ നല്ല സിനിമകൾ എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌ എല്ലാ വിഭാഗം സിനിമകളുമാണ്‌ – കലാ സാങ്കേതിക തികവു ലക്ഷ്യമാക്കിയുള്ളവയും, കമ്പോളവിജയം ലക്ഷ്യമാക്കിയുള്ളവയും, ഇവരണ്ടും സംയോജിപ്പിച്ചുകൊണ്ടു പോയ മൂന്നാമത്തെ വിഭാഗവും, ഇത്തരം ചിത്രങ്ങൾ ഇപ്പോഴും നിർമിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാൽ കാതലായ വ്യത്യാസം ഇവയിൽ മഹാഭൂരിപക്ഷവും സാമ്പത്തിക വിജയം കൈവരിക്കുന്നില്ല എന്നതാണ്‌. ഈ സാമ്പത്തിക വിജയമില്ലായ്‌മയാണ്‌ മലയാള സിനിമയുടെ പ്രതിസന്ധിയായി വിവക്ഷിക്കപ്പെടുന്നത്‌.

അതിനാൽ നമുക്ക്‌ മലയാളസിനിമ ഇപ്പോഴനുഭവിക്കുന്ന ഈ പ്രതിസന്ധിയിലേക്കു വരാം.

സിനിമ ഒരു വ്യവസായമാണ്‌. ഏതൊരു വ്യവസായത്തിന്റേയുംകാതൽ ഉപഭോക്താ​‍ാക്കളെ ലക്ഷ്യം വച്ചുള്ള ഉല്‌പാദനവും വിതരണവുമാണ്‌. അങ്ങനെ ഉല്‌പാദിപ്പിച്ച്‌ വിതരണം ചെയ്യുമ്പോൾ അതിൽ നിന്നും സാമ്പത്തിക ലാഭവുമുണ്ടാകണം. അല്ലെങ്കിൽ വ്യവസായം നിലനിൽക്കില്ല. ഓരോ ഉല്‌പന്നത്തിനകത്തും പല തരങ്ങളുണ്ടാകും. പല രൂപങ്ങളുണ്ടാകും. അങ്ങനെയുള്ള ഓരോ ഉല്‌പന്നതരവും (രൂപവും അല്ലെങ്കിൽ വിഭാഗവും) ലക്ഷ്യം വയ്‌ക്കുന്നത്‌ ഓരോ വിഭാഗം ഉപഭോക്താക്കളെയായിരിക്കും. ഏതു വിഭാഗം ഉപഭോക്താവിനെ ലക്ഷ്യം വയ്‌ക്കുന്നുവോ അതിനനുസരിച്ച്‌ ഉല്‌പന്നങ്ങളുടെ സാങ്കേതിക, സൗന്ദര്യ, വാണിജ്യ വശങ്ങളിൽ മാറ്റങ്ങൾ വരും.

സിനിമ വ്യവസായമാണെന്നും പറഞ്ഞു അവിടെയും നിർമാണം നടക്കുന്നു. അസംസ്‌കൃതവസ്‌തുക്കൾ ഉപയോഗിക്കപ്പെടുന്നു. അവ സംസ്‌കരിക്കപ്പെടുന്നു. ഉല്‌പന്നം കമ്പോളത്തിലെത്തിക്കപ്പെടുന്നു. വ്യവസായങ്ങളിൽ ഉല്‌പന്നത്തിന്റെ വില നിശ്ചയിക്കുന്ന പ്രധാന ഘടകങ്ങൾ അസംസ്‌കൃതവസ്‌തുക്കളുടെ വില, അവ സംസ്‌കരിക്കുവാനുള്ള ചെലവ്‌, കമ്പോളത്തിൽ ആ ഉല്‌പന്നത്തിന്റെ ആവശ്യം (ഡിമാന്റ്‌) എന്നിവ കണക്കാക്കിയാണ്‌. അസംസ്‌കൃതവസ്‌തുക്കൾക്ക്‌ വിലകൂടിയതു മൂലം ഉല്‌പന്നത്തിന്റെ വില വർദ്ധിച്ചതിനാൽ അത്‌ വാങ്ങുവാൻ ആളില്ലാത്ത അവസ്‌ഥ പലപ്പോഴും കമ്പോളത്തിൽ സംജാതമാകാറുണ്ട്‌. അതുപോലെതന്നെ ഒരേ ഉല്‌പന്നം അധികമായ അളവിൽ അങ്ങാടിയിലെത്തുകയും അത്രയും അധികം ഉല്‌പന്നങ്ങൾ വാങ്ങുവാൻ ആളില്ലാതെ വരികയും ചെയ്യുന്ന അവസ്‌ഥയും ഉണ്ടാകാറുണ്ട്‌. ഇങ്ങനെയുള്ള അവസ്‌ഥകളിൽ നിർമാതാവിന്‌ തന്റെ ഉല്‌പന്നത്തിന്റെ വില കുറയ്‌ക്കേണ്ടിവരികയും അത്‌ അവർക്ക്‌ സാമ്പത്തിക നഷ്‌ടമുണ്ടാകുവാൻ കാരണമാകുകയും ചെയ്യുന്നു. അതുപോലെതന്നെ വില കൂടിയ അസംസ്‌കൃത വസ്‌തുക്കൾ ഉപയോഗിച്ച്‌ നിർമിച്ച വസ്‌തുവിന്റെ തനിപകർപ്പുകൾ അല്ലെങ്കിൽ അതുപോലുള്ള അതിനു സമാനമായ പകർപ്പുകൾ കമ്പോളത്തിൽ അതിലും കുറഞ്ഞ വിലയ്‌ക്ക്‌ ലഭ്യമാകുമ്പോഴും ഇതേ അവസ്‌ഥ സംജാതമാകുന്നു. അപ്പോഴും നഷ്‌ടം വരുന്നത്‌ നിർമാതാവിനു തന്നെ. ഇനിയുമൊരവസ്‌ഥകൂടിയുണ്ട്‌. അസംസ്‌കൃത വസ്‌തുക്കളുടെ വിലയും അവ സംസ്‌കരിച്ചെടുക്കുവാൻ വേണ്ട ചെലവും എന്തുമാകട്ടെ, അങ്ങാടിയിൽ ലഭിക്കുവാൻ പോകുന്ന അതിന്റെ വില നിശ്ചിതമാണെന്ന ഒരുവസ്‌ഥ. അതായത്‌ നിർമാതാവിന്‌ തന്റെ ചെലവിനനുസരിച്ച്‌ വില നിശ്ചയിക്കുവാൻ അവകാശമില്ലാതെ, അല്ലെങ്കിൽ അതിനാകാതെ വരുന്ന ഒരവസ്‌ഥ. ഇതും ഉല്‌പന്നം വാണിജ്യപരമായി പരാജയമാകുവാൻ കാരണമാകുന്നു.

സിനിമയിൽ കഥ, തിരക്കഥ, അഭിനേതാക്കളുടെ കഴിവുകൾ, സിനിമ പിടിക്കുവാനുപയോഗിക്കുന്ന ഫിലിംറോൾ എന്നിവയെ അസംസ്‌കൃത വസ്‌തുക്കളായി കണക്കാക്കുക. സംവിധായകൻ ഇവയെ സംയോജിപ്പിച്ച്‌ നിലവിൽ ലഭ്യമായ സാങ്കേതിക വിദ്യകളുപയോഗിച്ച്‌ സംസ്‌കരിക്കുകയും സിനിമ എന്ന ഉല്‌പന്നം പുറത്തിറക്കുകയും ചെയ്യുന്നു. ഈ ഉല്‌പന്നത്തിന്‌ അദ്ദേഹത്തിന്റെ മനസ്സിലുളള രൂപം നൽകുന്ന രീതിയിലുള്ള സംസ്‌കരണത്തിനായി അദ്ദേഹം പലതിന്റെയും, പലരുടെയും, സഹായങ്ങൾ ഉപയോഗപ്പെടുത്തുന്നു. ഇത്‌ നിർമാണ ചെലവിന്റെ ഭാഗമാകുന്നു. ഇങ്ങനെ ഇവയെല്ലാം ഒത്തൊരുമിച്ച്‌ സംസ്‌കരിച്ചെടുക്കുവാൻ നിയമിക്കപ്പെടുന്ന സംവിധായകനും പ്രതിഫലം നൽകേണ്ടതുണ്ട്‌. ഇതും നിർമ്മാണചെലവിന്റെ ഭാഗം തന്നെ. ഇതെല്ലാം കഴിഞ്ഞ്‌ ഈ ഉല്‌പന്നത്തെ അങ്ങാടിയിൽ, ഉപഭോക്താവിന്‌ ലഭ്യമാകുന്ന രീതിയിൽ എത്തിക്കുക, ഇങ്ങനെ ഒരു ഉല്‌പന്നം ലഭ്യമാണെന്ന്‌ ഉപഭോക്താക്കളെ അറിയിക്കുക എന്നിവയ്‌ക്കും പണച്ചെലവുണ്ട്‌. ഇതിനെ വിതരണത്തിനുള്ള ചെലവായി കണക്കാക്കുക. അപ്പോൾ അസംസ്‌കൃത വസ്‌തുക്കൾക്കുള്ള ചെലവ്‌ നിർമാണത്തിനുള്ള ചെലവ്‌, വിതരണത്തിനുള്ള ചെലവ്‌ ഇത്രയും കൂടിയാൽ അത്‌ ആ ഉല്‌പന്നത്തിനായുള്ള മൊത്തം ചെലവായി. ഈ ചെലവെല്ലാം വഹിക്കുന്നത്‌ നിർമാതാവാണ്‌. അദ്ദേഹം അദ്ദേഹത്തിന്റെ കീശയിൽ നിന്നും ഇതിനൊക്ക ആവശ്യമുള്ള പണം ചെലവാക്കുന്നു. ഈ പണം അദ്ദേഹം ഒരു പണമിടപാടു സ്‌ഥാപനത്തെ ഏല്‌പിക്കുകയാണെങ്കിൽ അദ്ദേഹത്തിന്‌ ലഭിക്കുമായിരുന്ന പലിശയും ചെലവുകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുക. ഇങ്ങനെയുള്ള എല്ലാ ചെലവുകളും കഴിഞ്ഞ്‌, തന്റെ ഉല്‌പന്നം അങ്ങാടിയിൽ വിറ്റ്‌ അതിൽ നിന്നും ഒരു ചെറിയ ലാഭം തനിക്കു ലഭിക്കണമെന്ന്‌ നിർമാതാവ്‌ ആഗ്രഹിച്ചാൽ അതിൽ തെറ്റുണ്ടെന്ന്‌ പറയുവാനാകില്ല. അങ്ങനെ ലഭ്യമായില്ലെങ്കിൽ, വീണ്ടും അതുപോലൊരു ഉല്‌പന്നം വിപണിയിലെത്തിക്കുവാന ആ നിർമാതാവ്‌ തയ്യാറാകുകയില്ല. അപ്പോൾ, അത്‌ ബാധിക്കുക ഈ വ്യവസായത്തെ ആശ്രയിച്ച്‌ ജീവിക്കുന്ന അഭിനേതാക്കളും സംവിധായകരും അടക്കമുള്ള ഒരു വലിയ ജനവിഭാഗത്തെയാണ്‌. അതുതന്നെയാണിപ്പോൾ പ്രതിസന്ധിയെന്ന്‌ പറഞ്ഞ്‌ മലയാള സിനിമയാകെ മുറവിളികൂട്ടുന്നതും.

കച്ചവടം ഒന്നു കൂടി പരിശോധിക്കാം. ഉല്‌പന്നത്തിന്റെ ഗുണനിലവാരം തീരുമാനിക്കുന്നത്‌ അത്‌ നിർമിക്കുവാനായി ഉപയോഗിച്ചിരിക്കുന്ന അസംസ്‌കൃത വസ്‌തുക്കൾ, അത്‌ സംസ്‌കരിച്ചെടുക്കുന്നവിധം എന്നിവയാണ്‌. ഇതിനോടൊപ്പം ഇവ സംസ്‌കരിച്ചെടുക്കുന്നവരുടെ പ്രവൃത്തി പരിചയം നിപുണത എന്നിവയും കോർത്തിണക്കേണ്ടതുണ്ട്‌. ഇതിൽ ഏതെങ്കിലും ഒന്നിൽ ചെറിയ പാളിച്ചയെങ്കിലുമുണെങ്കിൽ അത്‌ ഉല്‌പന്നത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. ഇതിനെ സിനിമയുമായി ബന്ധപ്പെടുത്തുക. കഥയിലെ അപാകതകൾ, കഥാപാത്രത്തെ വേണ്ട വിധത്തിൽ അവതരിപ്പിക്കുന്നതിൽ അഭിനേതാക്കളുടെ കഴിവു കുറവ്‌ അല്ലെങ്കിൽ ഇവ രണ്ടും, സംസ്‌കരിച്ചെടുക്കുന്നതിന്‌ സംവിധായകൻ ഉപയോഗിക്കുന്ന മാർഗങ്ങൾ ഇവയിലേതെങ്കിലും ഒന്നിൽ പാളിച്ചയുണ്ടെങ്കിൽ സിനിമ കാണുവാൻ കൊള്ളാത്തതാകുന്നു. ആദ്യ ഷോയ്‌ക്ക്‌ ശേഷം “മോശം” എന്ന്‌ ആളുകൾ വിധിയെഴുതുന്നു. ആദ്യ ഷോയ്‌ക്ക്‌ കിട്ടിയ അഭിപ്രായം പൊടുന്നനെ അങ്ങാടിപ്പാട്ടാകുന്നു. നിരൂപകർ വിമർശനങ്ങളഴിച്ചു വിടുന്നു. ജനം തിയേറ്ററുകളിൽ നിന്നും അകലുന്നു. സിനിമ പരാജയമാകുന്നു.

ഉല്‌പന്നത്തിന്റെ ഗുണനിലവാരം ഉറപ്പിക്കുവാൻ ആദ്യം വേണ്ടത്‌ അസംസ്‌കൃതവസ്‌തുക്കളുടെ ഗുണനിലവാരം, അത്‌ സംസ്‌കരിച്ചെടുക്കുന്നവരുടെ നിപുണത, സംസ്‌കരിച്ചെടുക്കുന്ന രീതിയുടെ ഗുണനിലവാരം എന്നിവ ഉറപ്പാക്കുകയാണ്‌. ഇവിടെ നമ്മുടെ പക്കലുള്ള അസംസ്‌കൃതവസ്‌തുക്കൾ കഥ-തിരക്കഥ, അഭിനേതാക്കൾ, ഫിലിം റോൾ എന്നിവയാണ്‌. ഇത്‌ നാട്ടുനടപ്പുള്ള രീതി, തിരക്കഥാകൃത്തിനെ ഷൂട്ടിങ്ങ്‌ നടക്കുന്ന സ്‌ഥലത്തിരുത്തി, തിരക്കഥ അപ്പപ്പോൾ എഴുതിപ്പിടിപ്പിക്കുകയോ, അല്ലെങ്കിൽ എഴുതിവച്ച തിരക്കഥയിൽ ദൈനംദിന മാറ്റങ്ങൾ വരുത്തുകയോ ആണെന്ന്‌ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇത്‌ കേൾക്കുമ്പോൾ അത്ഭുതം തോന്നുന്നു. കഥ-തിരക്കഥ എന്നത്‌ സിനിമയുടെ അസ്‌ഥിവാരമാണ്‌. അതുറപ്പിക്കാതെ സിനിമയെടുക്കുവാൻ ഇറങ്ങിയാൽ പലതും മുഴച്ചു നിൽക്കും. അഭംഗിയുണ്ടാകും. അസ്‌ഥിവാരത്തിനുറപ്പില്ലാത്തതിനാൽ ചിലപ്പോൾ എഴുന്നു നിൽക്കുന്നതിനു മുമ്പുതന്നെ നിലംപൊത്തുകയും ചെയ്യും. നമ്മുടെ പ്രശസ്‌തരായ പല സംവിധായകരും അവർ ഒരിക്കൽ ആലോചിച്ച്‌ ചർച്ചചെയ്‌തുറപ്പിച്ച തിരക്കഥകളിൽ മാറ്റം വരുത്തുന്നതിനെ അനുകൂലിക്കാറില്ല എന്നത്‌ സിനിമാ വ്യവസായവുമായി ബന്ധപ്പെട്ടവർക്ക്‌ മാത്രമല്ല, സിനിമയെ സ്‌നേഹിക്കുന്നവർക്കെല്ലാം അറിയാവുന്നതാണ്‌. പത്മരാജനെപ്പോലെയുള്ള സംവിധായകർ തിരക്കഥയിലെ മാറ്റം എന്നതുപോകട്ടെ, കഥാപാത്രങ്ങളുടെ സംഭാഷണം പോലും ആദ്യമേ തീർച്ചപ്പെടുത്താറുണ്ടെന്നും അതിൽ വള്ളിപുള്ളി മാറ്റം വരുത്തുവാൻ സമ്മതിക്കാറില്ലെന്നും സിനിമാ രംഗത്ത്‌ ഇന്നും പ്രശസ്‌തരായിരിക്കുന്ന ചില അഭിനേതാക്കൾ പറയുന്നത്‌ കേട്ടിട്ടുണ്ട്‌. അതായത്‌ അഭിനേതാക്കളുടെ ’മനോധർമം‘ പോലും അവർ പൂർണമായും സ്വീകരിക്കാറില്ല എന്നതുതന്നെ. എന്നാൽ ഈ ’മനോധർമ‘ത്തെക്കുറിച്ച്‌ അഭിനേതാവുമായി ചർച്ച ചെയ്യുവാനും അത്‌ താനെഴുതിവച്ചതിനേക്കാൾ നല്ലതായിട്ടുണ്ടെങ്കിൽ സ്വീകരിക്കുവാനും തയ്യാറാകുകയും ചെയ്യും.

കഥയും തിരക്കഥയും നല്ലവണ്ണം ആലോചിച്ചുറപ്പിക്കാതെ, ചർച്ചകൾ ചെയ്‌ത്‌ തെറ്റുകുറ്റങ്ങൾ തീർക്കാതെ സിനിമയെടുക്കുവാൻ പുറപ്പെട്ടാൽ, അത്‌ നല്ലൊരു ചൂതാട്ടംതന്നെയാകും. നന്നാകുകയോ നന്നാകാതിരിക്കുകയോ ചെയ്യും. കഥയും തിരക്കഥയും തിരുത്തുന്നതിൽ, അഥവാ സെറ്റിൽ വച്ച്‌ തിരുത്തുന്നതിൽ, ഇക്കാലത്ത്‌ ചില സൂപ്പർസ്‌റ്റാറുകളും മറ്റ്‌ അഭിനേതാക്കളും ഉത്സുകത കാണിക്കാറുണ്ടെന്നും അങ്ങാടിപ്പാട്ടാണ്‌. ഈ പ്രവണത ചങ്കുറ്റത്തോടെ നിറുത്തിക്കേണ്ടത്‌ സംവിധായകരാണ്‌. സംവിധായകൻ, നിർമ്മാതാവ്‌, ക്യാമറ കൈകാര്യം ചെയ്യുന്നയാൾ, കഥ-തിരക്കഥാകൃത്ത്‌ എന്നിവരടങ്ങുന്ന ഒരു സംഘം വിശദമായ ചർച്ചയ്‌ക്കു ശേഷം കഥയും തിരക്കഥയും തീരുമാനിച്ചുകഴിഞ്ഞാൽ, പിന്നെ അതിലിടപെടുവാനോ അത്‌ തിരുത്തുവാനോ ആരെയും അനുവദിക്കരുത്‌, അത്‌ ചെയ്യുകയുമരുത്‌. അഭിനേതാവിന്റെ കർമം അഭിനയിക്കുകയാണ്‌. തനിക്കായി സംവിധായകൻ നീക്കിവച്ചിരിക്കുന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചു വിജയിപ്പിക്കുക. കഥാപാത്രത്തെ തന്റെ ശൈലിയിലേക്കാക്കരുത്‌. അഭിനേതാവ്‌ കഥാപാത്രമായിത്തീരണം. തിരക്കഥയിൽ മാറ്റങ്ങൾ വരുത്തുക എന്നൊരു ആവശ്യം നേരിടുകയാണെങ്കിൽ വീണ്ടും മുകളിൽ പറഞ്ഞ നാലുപേരും ഒത്തൊരുമിച്ച്‌ ആലോചിച്ച്‌ മാത്രം അത്‌ ചെയ്യണ്ടതാണ്‌.

മലയാള സിനിമയുടെ വളർച്ച മുരടിക്കുവാൻ പ്രതിസന്ധി എന്ന ഭംഗിവാക്ക്‌ വ്യാപകമായി ഉപയോഗപ്പെടുവാൻ – അഭിനേതാക്കളുടെ തെരഞ്ഞെടുപ്പും ഒരു പരിധിവരെ കാരണമായിട്ടുണ്ട്‌. ഇന്നത്തെ പ്രവണത, ആദ്യം അഭിനേതാവിനെ (നായകനെ) തീരുമാനിക്കുകയും പിന്നെ അദ്ദേഹത്തിന്റെ അഭിനയ ശൈലിക്കൊത്തൊരു കഥയുണ്ടാക്കി സിനിമയെടുക്കലും എന്നതായിരിക്കുന്നു. അതായത്‌ ആദ്യം ഉത്തരം വയ്‌ക്കുക, പിന്നെ ചുമർ പണിയുക എന്ന രീതി. ഇത്‌ അപാകതകൾ വളർത്തിയെടുക്കുവാൻ മാത്രമേ സഹായിക്കുകയുള്ളു. കഥാപാത്രങ്ങൾക്കനുസൃതമായുള്ള അഭിനേതാക്കളെ തെരഞ്ഞെടുക്കണം. എങ്കിലേ അഭിനയം സ്വാഭാവികമാകുകയുള്ളു. കണ്ടിരിക്കുവാൻ സുഖമുണ്ടാകുയുള്ളു. അതുപോലെതന്നെ നായകനെപ്പോലെ നായികയ്‌ക്കും മറ്റ്‌ കഥാപാത്രങ്ങൾക്കും സിനിമയിൽ പ്രാധാന്യമുണ്ടെന്നത്‌ സിനിമാ രംഗവുമായി ബന്ധപ്പെട്ടവർ പലപ്പോഴും മറക്കുന്നു. ഇത്‌ നല്ല അഭിനേത്രികൾക്ക്‌ ആവശ്യത്തിന്‌ അവസരങ്ങൾ ലഭ്യമാകാതിരിക്കുവാൻ കാരണമാകുന്നു. നായിക എന്നാൽ കാന്താരി മുളകിന്റെ വീര്യമുള്ള, അല്ലെങ്കിൽ കണ്ണീരൊലിപ്പിക്കുവാൻ അറിയുന്ന ഒരു സുന്ദരി മാത്രമായി മാറുന്നു. നസീർ-ഷീല ജോഡിയുടെ പടം, സത്യൻ-ശാരദ ജോഡിയുടെ പടം, ജയൻ-സീമ ജോഡിയുടെ പടം എന്നൊക്കെ നമ്മൾ പറഞ്ഞതിനു പകരം ഇപ്പോൾ മമ്മൂട്ടി സിനിമയും മോഹൻലാൽ സിനിമയും സുരേഷ്‌ഗോപി സിനിമയുമൊക്കെയായിരിക്കുന്നു. നായകനെപ്പോലെതന്നെ നായികയ്‌ക്കും പ്രാധാന്യമുണ്ടെന്ന്‌ മനസ്സിലാക്കാത്ത ഇത്തരം പ്രവണതകൾ സിനിമയുടെ വളർച്ചയ്‌ക്ക്‌ ഒരിക്കലും സഹായമാകുകയില്ല.

അസംസ്‌കൃത വസ്‌തുക്കളുടെ ഗുണമേന്മ, താൻ നിർമിക്കുവാൻ ഉദ്ദേശിക്കുന്ന ഉല്‌പന്നത്തിനനുസൃതമാണോ എന്നുറപ്പിച്ചതിനു ശേഷമേ ഏതൊരു ഉല്‌പാദകനും ഉല്‌പാദനത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ കടക്കുകയുള്ളു. ഇന്ന്‌ മലയാള സിനിമയിൽ വ്യാപകമായി കാണുന്നത്‌ തിരിച്ചാണത്രെ. ആദ്യം അസംസ്‌കൃതവസ്‌തുക്കൾ ഇതാണെന്ന്‌ ഉറപ്പിക്കുക, പിന്നെ അതിനനുസരിച്ചൊരു ഉൽപന്നമുണ്ടാക്കുവാൻ ശ്രമിക്കുക. അപ്പോൾ അങ്ങനെ നിർമിക്കപ്പെടുന്ന ഉല്‌പന്നം അങ്ങാടിയിൽ സ്വീകാര്യമാകുമോ എന്നതിനെക്കുറിച്ച്‌ മറക്കുവാൻ അത്‌ കാരണമാകുന്നു. കാരണം അസംസ്‌കൃതവസ്‌തുവിനെ പൊലിപ്പിച്ചുകാണിക്കലാകുന്നു ഉല്‌പന്നത്തിന്റെ ലക്ഷ്യവും പ്രാധാന്യവും എന്നതുതന്നെ ഉപഭോക്താവിന്‌ താൽപര്യം ഉല്‌പന്നത്തിനോടാണ്‌. അതിലുപയോഗിച്ചിരിക്കുന്ന അസംസ്‌കൃതവസ്‌തുക്കളെക്കുറിച്ച്‌ അവർ സാധാരണയായി അധികം വേവലാതിപ്പെടാറില്ല. അതിൽ അവർക്കുള്ള താൽപര്യത്തിന്‌ രണ്ടാം സ്‌ഥാനമേ ഉള്ളു.

അസംസ്‌കൃതവസ്‌തുക്കളിലേയും അവ സംസ്‌കരിക്കപ്പെടുന്ന രീതിയിലേയും മൂന്നാമത്തെ പ്രധാന കണ്ണി സംവിധായകനാണ്‌.. അതിനോടാപ്പംതന്നെ ക്യാമറ കൈകാര്യം ചെയ്യുന്നയാളും.

സിനിമ ലാഭമുണ്ടാക്കുന്നു എന്നു കണ്ടപ്പോൾ, മലയാളത്തിൽ സിനിമാ വ്യവസായം തടിച്ചുകൊഴുക്കുന്നു എന്നു കണ്ടപ്പോൾ, പണമിറക്കാൻ തയ്യാറുള്ളവരുടെ എണ്ണംകൂടി. എന്നാൽ അവർക്ക്‌ മുൻപറഞ്ഞ അസംസ്‌കൃതവസ്‌തുക്കളും സംസ്‌കരിച്ചെടുക്കുവാൻ വേണ്ടുന്ന വസ്‌തുക്കളും ഗുണനിലവാരമുള്ളവയായി കിട്ടുക ബുദ്ധിമുട്ടായിരുന്നു. കാരണം കണ്ടറിഞ്ഞും കേട്ടറിഞ്ഞും പണിയെടുക്കുന്നവന്‌, ചെയ്‌തറിഞ്ഞ്‌ പണിയെടുക്കുന്നവന്റെ കഴിവുണ്ടാകുകയില്ല, കൈവഴക്കമുണ്ടാകുകയില്ല, പണമിടുക്കുണ്ടാകില്ല, പണി നന്നാവില്ല. മലയാള സിനിമയ്‌ക്ക്‌ പറ്റിയ ആദ്യ അമിളി അതുതന്നെ. വന്നവനും പോയവനും എല്ലാ സംവിധായകനും സാങ്കേതിക വിദഗ്‌ദ്ധനുമായിത്തുടങ്ങി. ആരോ എവിടെയോ സംവിധാനം ചെയ്യുന്നതു കണ്ട്‌ സംവിധായകരായവരാണധികവും. അല്ലെങ്കിൽ സ്‌കൂളിൽ നിന്നും സംവിധാനം പഠിച്ചു നല്ല മാർക്കോടെ പാസ്സായി വന്നവർ. അല്ലാതെ, വർഷങ്ങൾ മറ്റൊരാളുടെ കീഴെനിന്ന്‌ സിനിമയുടെ നാനാവശങ്ങളെക്കുറിച്ചും നല്ലവണ്ണം അറിഞ്ഞുപഠിച്ച്‌ സംവിധാനം ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. അങ്ങനെ പഠിച്ചറിഞ്ഞു വരുന്നവരുടെ സിനിമകൾ ഗുണനിലവാരം പുലർത്തിയപ്പോൾ അല്ലാത്തവരുടേത്‌ ആദ്യ പ്രകടനങ്ങളിലൊതുങ്ങി. ജനം തഴഞ്ഞു. ഇതേ അവസ്‌ഥ സിനിമയുടെ മറ്റ്‌ സാങ്കേതിക വിഭാഗങ്ങളേയും ബാധിച്ചു. അക്ഷരം കൂട്ടിയെഴുതാനായാൽ കഥ-തിരക്കഥ രചിക്കാനാകുമെന്ന്‌ സ്വയം വിശ്വസിച്ചു വശായവർ, ക്യാമറ എന്ന യന്ത്രം ചലിപ്പിക്കുവാൻ പഠിച്ചതുകൊണ്ടുമാത്രം ഛായാഗ്രഹകരായവർ. അതിലുമുപരി മാതാപിതാക്കളിരൊലാൾ അല്ലെങ്കിൽ രണ്ടുപേരും സിനിമക്കാരായതിനാൽ സിനിമാരംഗത്തെത്തിപ്പെട്ടവർ…. ഇവരധികവും ആദ്യം കൈവയ്‌ക്കുന്നത്‌ അഭിനയരംഗത്താണ്‌. അന്നാദ്യമായി സിനിമാ വ്യവസായം ആപത്തിലാണെന്ന്‌ ഒരുകൂട്ടർ വിധിയെഴുതുവാൻ തുടങ്ങി.

വഴിയേപ്പോയിരുന്നവരെല്ലാം സിനിമക്കാരായപ്പോൾ ആശയ ദാരിദ്ര്യവും അന്യത്ര കടന്നുകൂടി. അതും ജനങ്ങളെ മടുപ്പിക്കുവാൻ കാരണമായി. സ്‌ഥിരം ഫോർമുലകൾ സ്‌ഥിരം ആംഗ്യങ്ങൾ, സ്‌ഥിലം വാചകങ്ങൾ, സ്‌ഥിരം അഭിനേതാക്കൾ, അവരുടെ സ്‌ഥിരം ശൈലി ജനം കൊട്ടകയ്‌ക്ക്‌ പുറത്തിറങ്ങി. അതിനോടൊപ്പം മറ്റൊന്നു കൂടി വന്നു ചേർന്നു ആയ കാലങ്ങളിലെ മലയാള സിനിമ മലയാളിക്കൊപ്പമായിരുന്നു. ജീവിത ഗന്ധിയായ കഥകളും ജീവിതത്തിലെ അനുഭവങ്ങളുമായിരുന്നു അധികവും സിനിമയിലെത്തിയത്‌. അതിശയോക്തികൾ വിരളമായിരുന്നു. ഉണ്ടെങ്കിൽതന്നെ ആവശ്യത്തിൽ കൂടുതലാകാതിരിക്കുവാൻ, ഒന്നു രസിപ്പിക്കുന്നതിൽ കൂടുതലാകാതിരിക്കുവാൻ, ആത്മാർത്ഥമായ ശ്രമങ്ങളുണ്ടായിരുന്നു. എന്നാൽ അന്യഭാഷകളിൽനിന്നും നമ്മൾ അതിശയോക്തികൾ കടം കൊള്ളുവാൻ തുടങ്ങി. പൊതുജനത്തിന്‌, പ്രത്യേകിച്ചും മലയാളിക്ക്‌ ഇതത്ര സുഖിച്ചില്ല. ശത്രു തൊടുത്തുവിട്ട വെടിയുണ്ട പിടിച്ചെടുത്ത്‌ ശത്രുവിനു നേരെതന്നെ പ്രയോഗിക്കുന്ന വിദ്യകൾ മലയാളിക്ക്‌ ഇന്നും രസിക്കുന്നില്ല. അവരതിനെ തിരസ്‌കരിക്കുന്നു. മറ്റ്‌ പല ഭാഷകളിലും ഇത്തരം രംഗങ്ങൾ കാണുമ്പോൾ മനം മടുക്കാത്ത മലയാളിക്ക്‌, പക്ഷേ സ്വന്തം ഭാഷയിൽ അവയെ സ്വികരിക്കുവാൻ, ഉൾക്കൊള്ളുവാൻ ആകുന്നില്ല. അതിശയോക്തികൾ മലയാള സിനിമാ പ്രേക്ഷകർക്ക്‌ ഇഷ്‌ടമല്ല എന്നല്ല, അതിന്റെ പരിധി എന്തെന്ന്‌ അവർക്ക്‌ വ്യക്തമായ കാഴ്‌ചപ്പാടുണ്ട്‌. എന്നുമാത്രം കാരണം മലായാളിയുടെ മനസിൽ ഒരു ലാളിത്യമുണ്ട്‌ ഒരു സത്യസന്ധതയുണ്ട്‌. അതിനെതിരായ കാര്യങ്ങൾ അവർക്ക്‌ അത്രപെട്ടെന്ന്‌ ദഹിക്കില്ല. ഇതും സിനിമകൾ പരാജയപ്പെടുന്നതിന്‌ ആക്കം കൂട്ടി.

ഇതേ കാലഘട്ടത്തിൽ സിനിമയ്‌ക്ക്‌ പുറത്ത്‌ സാങ്കേതിക വിദ്യകളിൽ വലിയ കുതിച്ചുചാട്ടങ്ങൾ നടക്കുന്നുണ്ടായിരുന്നു. ടി.വി ഇന്റർനെറ്റ്‌ മുതലായ മാധ്യമങ്ങൾ ജനകീയമാകുവാൻ തുടങ്ങി. എണ്ണമറ്റ ടി.വി. ചാനലുകളും കൈവിരൽ തുമ്പിൽ ലഭ്യമായ ഇന്റർനെറ്റ്‌ സൗകര്യവും മലയാളിയെ കുടുംബസമേതം വീടിനുള്ളിൽ പിടിച്ചിരുത്തുവാൻ കാരണമാക്കി. അവരക്കിഷ്‌ടപ്പെടാത്തതാണ്‌ അവരുടെ മുന്നിലിരിക്കുന്ന ടി.വി.യിൽ പ്രത്യക്ഷപ്പെടുന്നതെങ്കിൽ ആ ചാനൽ മാറ്റി അവർക്ക്‌ ഇഷ്‌ടമുള്ളത്‌ തെരഞ്ഞെടുക്കുവാനുള്ള സൗകര്യം കൂടിയായപ്പോൾ പിന്നെ എന്തിന്‌ പണം മുടക്കി ആവർത്തന വിരസങ്ങളായ സിനിമകൾ കാണുന്നു എന്ന ചിന്തയായി. അധികം താമസിയാതെ ഇതേ ചിത്രം (സിനിമ) തന്റെ സ്വീകരണമുറിയിലിരുന്നു കാണാമല്ലോ എന്ന ചിന്തയായി ഇറങ്ങുന്ന സിനിമകളുടെയെല്ലാം വ്യാജനും അല്ലാത്തതുമായ സീഡികൾ (ആദ്യകാലങ്ങളിൽ വീഡിയോ കാസറ്റുകൾ) പെട്ടെന്ന്‌ ലഭ്യമാകുവാൻ തുടങ്ങിയതും സിനിമയ്‌ക്ക്‌ ആപത്തായി. ജനം കോട്ടകകളിലേക്ക്‌ പോകാതായി. അപ്പോഴും ജനത്തിനിഷ്‌ടപ്പെടുന്ന വിധത്തിൽ, പുതുമകളോടെ, അവർത്തനങ്ങളില്ലാതെ, ജനമാഗ്രഹിക്കുന്ന വിധത്തിൽ സിനിമയെടുത്താൽ ടി.വി.യുടെ റിമോട്ടും, ഇന്റർനെറ്റിന്റെ കിബോർഡും ഇട്ടെറിഞ്ഞ്‌ സിനിമ കാണുവാൻ കോട്ടകളിലെത്തുവാൻ ജനം തയ്യാറായിരുന്നു. ഇക്കാലത്തിറങ്ങിയ പല സിനിമകളുടെയും വലിയ സാമ്പത്തിക വിജയം കാണിക്കുന്നതും അതുതന്നെ. അതിനാൽ സിനിമ പരാജയപ്പെടുന്നുവെങ്കിൽ അതിനുള്ള പ്രധാന കാരണം സിനിമാവ്യവസായവുമായി ബന്ധപ്പെട്ടവരാണെന്നു വരുന്നു. മലയാളി ഒരു സിനിമ പല തവണ കണ്ടെന്നുവരും. എന്നാൽ അതേ സിനിമപോലെ മറ്റൊന്നു കണ്ടാൽ അതിനെ ഉടൻ തിരസ്‌കരിക്കുകയും ചെയ്യും. ഇത്‌ മലയാളിയുടെ മനസ്സാണ്‌. നമ്മുടെ സിനിമാവ്യവസായം മറന്നതും മറ്റൊന്നല്ല. ഒന്നു വിജയിച്ചാൽ ഇതുപോലുള്ളതെല്ലാം പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിക്കും എന്നവർ വിശ്വസിച്ചുവശായി. അത്‌ അബദ്ധമാണെന്നറിയുമ്പോഴേക്കും വൈകിപ്പോകുകയും ചെയ്‌തു

കൂടെ അന്വേഷിച്ചറിയേണ്ട മറ്റൊന്നു കൂടിയുണ്ട്‌. ’ഫാൻസ്‌ അസോസിയേഷൻ‘ എന്നൊരു സംവിധാനം മലയാളിക്ക്‌ പണ്ടൊക്കെ അന്യമായിരുന്നു. ചിന്തിക്കാത്തതായിരുന്നു. തങ്ങൾ ഇഷ്‌ടപ്പെടുന്ന അഭിനേതാവിന്റെ സിനിമ വൻ വിജയമാക്കുവാൻ അതാത്‌ അഭിനേതാക്കളുടെ ’ഫാൻസ്‌ അസോസിയേഷൻ‘ കഷ്‌ടപ്പെടുമ്പോൾ, ആ സിനിമയുടെ ഇല്ലാത്ത ഗുണമേൻമ അവർ പൊലിപ്പിക്കുവാനും ശ്രമിക്കുകയാണ്‌. അമിത പ്രതീക്ഷയുമായി അകത്തുകയറുന്ന പ്രേക്ഷകൻ തീർത്തും നിരാശനാകുന്നു. അപ്പോൾ അവരുടെ പ്രതികരണം ’മോശം‘ എതിനു പകരം ’വളരെ മോശം‘ എന്നാകുന്നു ഇത്തരം അനുഭവങ്ങൾ മൂന്നുനാലെണ്ണം അടുത്തടുത്തുണ്ടാകുമ്പോൾ പ്രേക്ഷകർ പിന്നെ കൊട്ടകയു​‍ിൽ കയറുന്നതിനു മുമ്പ്‌ പത്തു തവണ ആലോചിക്കുവാൻ നിർബന്ധിതരാകുന്നു. ’ഫാൻസ്‌ അസോസിയേഷനുകൾ‘ സ്വയം പാരകളായി തീരുകയും ചെയ്യുന്നു. മലയാളിക്കിഷ്‌ടം നല്ലതിനെ മാത്രം നല്ലത്‌ എന്നു പറയുകയാണ്‌. വീരാരാധന, അന്ധമായി നേതാവിനെ പിന്തുടരുക എന്നിവ മലയാളി ചെയ്‌തിട്ടില്ല. അവരുടെ സംസ്‌കാരമല്ല. അതിനാൽ തന്നെ ’ഫാൻസ്‌ അസോസിയേഷനു‘ കളുള്ള അഭിനേതാക്കൾ കൂടുതൽ ഉത്തരവാദിത്യബോധം കാണിക്കേണ്ടിയിരിക്കുന്നു.

ഇതുവരെ പറഞ്ഞത്‌ പരാജയങ്ങൾക്കുള്ള, നേരിൽ കാണാവുന്ന ചില കാര്യങ്ങൾ മാത്രമാണ്‌. നിലവാരമില്ലാത്ത വസ്‌തു അങ്ങാടിയിൽ വിറ്റഴിഞ്ഞു പോകുക ബുദ്ധിമുട്ടാണെന്ന്‌ സാമാന്യ നിയമം. എന്നാൽ നിലവാരമില്ലാത്ത വസ്‌തുവും അങ്ങാടിയിൽ വിറ്റഴിഞ്ഞുപോകും. അതിനും ആവശ്യക്കാരുണ്ടാകും. എന്നാൽ അതിന്‌ ഉപഭോക്താവ്‌ നൽകുവാൻ തയ്യാറുള്ള വില നിലവാരമുള്ള ഒരുവസ്‌തുവിന്റേതിനു തുല്യമാകരുത്‌ എന്നുമാത്രം. ഇത്‌ തിരിച്ചും ബാധകമാണ്‌. നല്ല നിലവാരമുള്ള ഒരു ഉല്‌പന്നം അങ്ങാടിയിലെത്തിക്കുവാൻ അതിന്റേതായ ബുദ്ധിമുട്ടുകളും ചെലവുമുണ്ട്‌. ഇതിന്‌ അങ്ങാടിയിൽ ലഭിക്കുന്ന വില, നിലവാരം കുറഞ്ഞ അതേ തരത്തിലുള്ള ഒരു വസ്‌തുവി​‍െൻതിനു തുല്യമാണെങ്കിൽ, നിലവാരമുള്ള, ഗുണമേന്മയുള്ള, വസ്‌തു വാണിജ്യപരമായി പരാജയമാകും.

സിനിമാനിർമാതാക്കൾക്ക്‌ അവരുടെ ഉല്‌പന്നത്തിന്റെ വില നിശ്ചയിക്കുവാനിന്ന്‌ അധികാരമുണ്ടോ? കേരളത്തിൽ നൂറുരൂപയുണ്ടെങ്കിൽ രണ്ടു പേർക്ക്‌ സിനിമ കാണാം. കേരളത്തിനു പുറത്തുള്ള മഹാനഗരങ്ങളിൽ ഒരു ടിക്കറ്റിനു മാത്രം ഇരുനൂറും അതിലധികവും വിലയീടാക്കുന്നു. സിനിമ നിർമിക്കുന്നവർക്ക്‌ ചില നിബന്ധനകൾക്ക്‌ അനുസൃതമായി എന്തുകൊണ്ട്‌ അവരുടെ ഉല്‌പന്നത്തിന്റെ വില നിശ്ചയിച്ചുകൂടാ. എന്റെ സിനിമ റിലീസ്‌ ചെയ്‌ത ആദ്യ മൂന്നുമാസത്തിനുള്ളിൽ കാണണമെങ്കിൽ എനിക്ക്‌ ടിക്കറ്റൊന്നിന്‌ നൂറു രൂപ വേണം എന്ന്‌ നിർമാതാക്കൾക്ക്‌ പറയുവാൻ അവകാശമില്ലേ? അതിന്‌ ജനം തയ്യാറാകുന്നില്ലെങ്കിൽ, ആ സിനിമയ്‌ക്ക്‌ നൂറുരൂപ മുടക്കുവാൻ ജനം തയ്യാറല്ല എന്ന്‌ അർത്ഥം വരില്ലേ? അത്‌ അടുത്ത തവണ പണമിറക്കി പടമെടുക്കുമ്പോൾ മുടക്കുമുതൽ എങ്ങനെ ഉപയോഗിക്കണം എന്ന്‌ ചിന്തിക്കുവാൻ നിർമാതാവിനെ പ്രേരിപ്പിക്കില്ലേ? കഴിഞ്ഞ തവണ താങ്കളുടെ പടത്തിന്റെ ടിക്കറ്റിന്‌ നൂറുരൂപ വലിയിട്ടപ്പോൾ ജനം തിരസ്‌കരിച്ചു. അതിനാൽ ഈ പടത്തിന്‌ താങ്കൾക്ക്‌ ഇത്രയും പ്രതിഫലം നൽകുവാനാകില്ല, കാരണം ഇത്തവണ, ഞാനിത്‌ 90 രൂപയ്‌ക്കാണു വിൽക്കുവാനുദ്ദേശിക്കുന്നത്‌ എന്ന്‌ നിർമാതാവിനെക്കൊണ്ട്‌ അദ്യം തീരുമാനിപ്പിക്കുവാനും നിർമാതാവ്‌ അഭിനേതാക്കളോടും മറ്റ്‌ സാങ്കേതിക വിദഗ്‌ദരോടും ഇത്‌ പറയുകയും ചെയ്യുന്ന നിലയിലേക്ക്‌ ഇതെത്തിക്കില്ലേ? സൂപ്പർസ്‌റ്റാറുകളായി വിലസുന്ന അഭിനേതാക്കളും, സാങ്കേതിക വിദഗ്‌ദ്ധരും ഇതിനെക്കുറിച്ചാലോചിക്കുവാൻ തയ്യാറാകില്ലെ?

എന്നാൽ ഈ സൗകര്യം നിർമാതാക്കൾ അവരുടെ കൊള്ളലാഭത്തിനായി ഉപയോഗിക്കും എന്നും വ്യാഖ്യാനിക്കപ്പെടാം. അതിനാലാണ്‌ ചില നിയന്ത്രണങ്ങൾക്കനുസൃതമായി എന്നു പറഞ്ഞത്‌. ആ നിയന്ത്രണങ്ങൾ സർക്കാർ തീരുമാനിക്കട്ടെ. അത്‌ സിനിമ നിർമിക്കുവാൻ ചെലവഴിച്ചിരിക്കുന്ന തുകയുമായി ബന്ധപ്പെടുത്തിക്കൊണ്ടായിക്കൊള്ളട്ടെ. അപ്പോൾ, സിനിമയ്‌ക്ക്‌ വരുന്ന ചെലവിനും വ്യക്തയുണ്ടാകും. കണക്കുകളുണ്ടാകും. ആർക്ക്‌ എത്ര എന്തിന്‌ കൊടുത്തുവെന്നതിന്‌ രേഖയുണ്ടാകും. സിനിമ റിലീസ്‌ ചെയ്‌ത്‌ എത്ര നാളത്തേക്ക്‌ ഏത്‌ നിരക്ക്‌ വരെ വാങ്ങാം എന്നതിന്‌ വ്യക്തമായ രൂപരേഖയുണ്ടാകട്ടെ. ഈ നിരക്കിൽ നിർമാതാവ്‌ വിതരണക്കാർ തിയേറ്റർ ഉടമകൾ എന്നിവർക്കുള്ള അനുപാതത്തിനും വ്യക്തമായ രൂപരേഖകൾ ഉണ്ടാകട്ടെ. അതോടൊപ്പം തന്നെ സിനിമ റിലീസ്‌ ചെയ്‌ത്‌ എത്രനാൾ കഴിഞ്ഞേ അതിന്റെ സി.ഡി.&ഡി.വി.ഡികൾ. പുറത്തിറങ്ങാവൂ എന്നതിനും, എത്ര നാൾ കഴിഞ്ഞേ സിനിമകൾ ടി.വി. ചാനലുകൾ വഴി പ്രദർശിപ്പിക്കാവു എന്നതിനു തീരുമാനമുണ്ടാകട്ടെ. അപ്പോൾ പുതിയ സിനിമകൾ കാണുവാൻ ജനം കൊട്ടകയിലേക്ക്‌ തിരിച്ചെത്തും, ചെലവായ തുകയ്‌ക്കനുസരിച്ച്‌ വിലയിട്ടിരിക്കുന്നതിനാൽ, നിർമാതാവിന്‌ അത്‌ തിരിച്ചുപിടിക്കുവാൻ അവസരങ്ങളുണ്ടാകും. അതോടൊപ്പം നിർമാണവേളയിൽ ആവശ്യത്തിന്‌ കൂടുതൽ ചെലവാക്കാതെയുമിരിക്കും. കുട്ടനാട്ടിൽ ചിത്രീകരിക്കേണ്ട രംഗത്തിനായി മലേഷ്യയിലേക്ക്‌ പോകാതെയിരിക്കും. കൊച്ചി നഗരത്തിനു പകരം സിംഗപ്പൂർ കാണിക്കാതിരിക്കും. സിനിമയ്‌ക്കിറക്കിയ കാശ്‌ തിരിച്ചു കിട്ടുമെന്ന്‌ ഉറപ്പുണ്ടകും. ഞാൻ നന്നായി ജോലി ചെയ്‌തില്ലെങ്കിൽ അടുത്തതവണ എനിക്ക്‌ ഇത്രയും പ്രതിഫലം ലഭിക്കില്ലെക്ക്‌ മുന്നണി പിന്നണി പ്രവർത്തകർക്ക്‌ ബോധവും ബോധ്യവമുണ്ടാകും. സിനിമാ പ്രവർത്തകർക്ക്‌, അവരുടെ അറിവും കഴിവും അനുഭവവും അനുസരിച്ച്‌ പ്രതിഫലം ലഭിക്കും. അത്‌ കൂടുതൽ നന്നായി ജോലി ചെയ്യുവാൻ അവരെ പ്രേരിപ്പിക്കും. സിനിമ നന്നാവും. ജനം കൊട്ടകയിലേക്ക്‌ തിരിച്ചെത്തും.

ഇനി സിനിമാപ്രദർശനത്തിന്റെ മറ്റൊരു വശം. സിനിമ നന്നാകുന്നതുകൊണ്ട്‌ മാത്രം ജനം തിയേറ്ററിൽ പോയി സിനിമ കാണണമെന്നില്ല. ഇതിന്‌ സിനിമ എന്ന കലയോടുള്ള താൽപര്യം മാത്രം പോരാ. സിനിമ ഒരു വിനോദാപാധികൂടിയാകയാൽ സിനിമ കണ്ടുകൊണ്ടിരിക്കുന്ന ഇടം, അതായത്‌ തിയേറ്റർ അഥവാ കൊട്ടക, വൃത്തിയുള്ളതും, അടിസ്‌ഥാന സൗകര്യങ്ങളുള്ളതും, കുടുംബസമേതം കയറിച്ചെല്ലുവാൻ കൊള്ളുന്നതുമായിരിക്കണം. ഇത്‌ അധികാരികൾ നിരന്തരം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും, ആവശ്യമായ നടപടികൾ അപ്പോഴപ്പോൾ എടുത്തുകൊണ്ടിരിക്കുകയും വേണം. നൂറു രൂപ അല്ലെങ്കിൽ അമ്പതു രൂപ ടിക്കറ്റുനിരക്ക്‌ കൊടുക്കുന്നവന്‌ ഒന്ന്‌ നിവർന്നിരുന്ന്‌ എലി, ഈച്ച, കൊതുക്‌, മൂട്ട മുതലായവയുടെ ശല്യമില്ലാതെ സിനിമ കാണുവാനുള്ള സൗകര്യമുണ്ടാകണം. അത്യാവശ്യം മലമൂത്രവിസർജന സൗകര്യങ്ങൾ ഉണ്ടായിരിക്കണം. അവിടം വൃത്തിയുള്ളതായി നിലനിർത്തണം. കുടിവെള്ളം ലഭ്യമാക്കണം. ഇതു മാത്രം പോരാ. ശബ്‌ദവും ചിത്രവും വ്യക്തമായിരിക്കണം. ഹാളിനകത്ത്‌ ചൂട്‌ നിയന്ത്രിക്കുവാനായി കുറഞ്ഞ പക്ഷം പ്രവർത്തനക്ഷമമായ പങ്കകളെങ്കിലും വേണം. ഇതിനൊക്കെയുള്ള വ്യവസ്‌ഥകൾ ഉറപ്പു വരുത്തണം. എങ്കിലേ കൊട്ടകയിൽ ആളുകയറുകയുള്ളു.

ഇന്ന്‌ വ്യാപകമായി ചർച്ചചെയ്യപ്പെടുന്ന സിനിമാ വ്യവസായത്തിലെ പ്രതിസന്ധിക്ക്‌ പ്രധാന കാരണവും കാരണക്കാരും സിനിമാരംഗത്തുതന്നെയാണ്‌ അമിതമായതും അശാസ്‌ത്രീയമായതുമായ നിർമാണ ചെലവ്‌, ആവശ്യത്തിനുള്ള അറിവും അനുഭവവും ഇല്ലാതെയുള്ളവർ ഉൾപ്പെടുന്ന സിനിമാനിർമാണം, ജനതതിയുടെ ആവശ്യവും താൽപര്യവും കണക്കിലെടുക്കാതെ മറ്റ്‌, സംസ്‌കാരങ്ങളിൽനിന്നും അതേപടി പകർത്തിയെടുക്കുവാൻ ശ്രമിക്കൽ, നിലവാരമില്ലാത്ത വസ്‌തുക്കളെ അമിതമായി പ്രോത്സാഹിപ്പിക്കുക വഴി പ്രേക്ഷകമനസ്സിൽ വിപരീതാഭിപ്രായങ്ങൾ സൃഷ്‌ടിക്കൽ, ഒരു വിനോദോപാധിയായ സിനിമ ആനന്ദിച്ചുകൊണ്ട്‌ കാണുവാനുള്ള സൗകര്യങ്ങളുടെ കുറവ്‌ എന്നിവയ്‌ക്ക്‌ സിനിമാവ്യവസായം ഒറ്റയ്‌ക്കും കൂട്ടായും പരിഹാരം കാണേണ്ടതുണ്ട്‌. നിർമാണച്ചെലവിനനുസരിച്ച്‌ ഉല്‌പന്നത്തിന്റെ വില നിശ്ചയിക്കുവാനുള്ള അവകാശം നിർമാതാവിനുണ്ടായിരിക്കുവാൻ വേണ്ട നടപടികളെടുക്കുക, എന്നാൽ അത്തരം അവകാശങ്ങൾ ദുരുപയോഗപ്പെടുത്താതിരിക്കുവാൻ കൃത്യമായ രൂപരേഖകൾ സൃഷ്‌ടിക്കുക എന്നിവ നിയമനിർമാണ വ്യവസ്‌ഥയുടെ ഭാഗത്തുനിന്ന്‌ ചെയ്യേണ്ടതാണ്‌.

ഒരു വ്യവസായം പ്രതിസന്ധിയിലാകുന്നത്‌ വ്യവസായത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഭൂരിപക്ഷം പേരുടെയും ദീർഘവീക്ഷണമില്ലാത്ത പ്രവർത്തനം മൂലമാണ്‌. മാറ്റങ്ങൾ ഉൾക്കൊള്ളുവാനുള്ള വൈമുഖ്യവും കാലത്തിനനുസരിച്ച്‌ മാറുവാനുള്ള വൈമനസ്യവും മൂലമാണ്‌. അതിനാൽതന്നെ പ്രതിസന്ധികൾ പെട്ടന്നൊരു ദിവസംകൊണ്ട്‌ വന്നു ചേരുന്നവയല്ല. കാലാനുസൃതമായ മാറ്റങ്ങൾ വരുത്തി വ്യവസായം പുരോഗതിയുടെ പാതയിൽ നിലനിൽക്കുന്നു എന്നുറപ്പുവരുത്തേണ്ടവർ അതാത്‌ വ്യവസായങ്ങളുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവർതന്നെയാണ്‌. സിനിമ വാണിജ്യപരമായി ഒരു വ്യവസായത്തിന്റെ രൂപമുള്ളതാണെങ്കിലും അത്‌ ക്രിയാത്‌മക മനസ്സുള്ള ഒരു കൂട്ടം വ്യക്തികളുടെ കൂട്ടായ്‌മയും കൂടിയാണ്‌. അതിനായി പ്രവർത്തിക്കുന്ന ഓരോരുത്തരുടേയും ക്രിയാത്മകതയും സർഗാത്മകതയും എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു. സിനിമയുടെ സാമ്പത്തികവും കലാപരവുമായ വിജയം. ഇതിന്റെ ദുരുപയോഗവും, നേരായവിധത്തിലല്ലാത്ത ഉപയോഗവും സിനിമയെ പരാജയമാക്കുന്നു. തുടർച്ചയായ പരാജയങ്ങൾ പ്രതിസന്ധിയാകുന്നു. പ്രതിസന്ധിക്ക്‌ പരിഹാരമായി ഏതെങ്കിലും ഒരു ഭാഗത്തുനിന്നുള്ള പ്രവർത്തനം ലക്ഷ്യം കാണുകയോ ശാശ്വതമാകുകയോ ചെയ്യില്ല. അവിടെ വിജയം കാണുക, കൂട്ടായ്‌മയാണ്‌. കൂട്ടായ പ്രവർത്തനമാണ്‌. വ്യക്തമായ ലക്ഷ്യബോധമാണ്‌, കുറുക്കുവഴികളല്ല.

വിജയിക്കുവാൻ കുറുക്കുവഴികളില്ല. ലക്ഷ്യബോധവും കഠിനദ്ധ്വാനവും മാത്രമേ ശാശ്വതമായി പ്രതിസന്ധികളെ തരണം ചെയ്യുവാൻ സഹായിക്കുകയുള്ളു. അതിനാൽ ഈ രംഗത്തെ ഓരോ വിഭാഗത്തിനും വന്നിട്ടുള്ള പരാജയങ്ങൾ ആ വിഭാഗവുമായി ബന്ധപ്പെട്ട്‌ പ്രവർത്തിക്കുന്നവർ ഇനിയെങ്കിലും തിരിച്ചറിയട്ടെ. അവയിൽ നിന്നും കരകയറുവാനുള്ള മാർഗങ്ങളെക്കുറിച്ചും അവരെത്തിപ്പെടേണ്ട ലക്ഷ്യത്തെക്കുറിച്ചും വ്യക്തതയുണ്ടാകട്ടെ. അതിനായി ഒത്തൊരുമിച്ച്‌ അദ്ധ്വാനിക്കട്ടെ. അപ്പോൾ വിജയം പുറകെ വന്നുചേരും. പിന്നെ പ്രതിസന്ധിയെക്കുറിച്ച്‌ ആവലാതിപ്പെടേണ്ടിവരില്ല.

കടപ്പാട്‌ – ജ്വാല മാസിക മുംബൈ.

Generated from archived content: cinema1_mar14_11.html Author: suresh_mg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here