നിന്നെക്കാൾ പ്രായക്കൂടുതലുണ്ടെങ്കിലും, നിന്റെ അനുഭവസമ്പത്തോ അറിവോ എനിക്കില്ല. എന്നാൽ, ആരുടെയൊക്കെയോ അനുഗ്രഹം കൊണ്ടായിരിക്കണം, സമ്പത്തും അതുവഴി വന്ന അധികാരങ്ങളും സ്ഥാനങ്ങളും എന്നെ വിട്ടൊഴിഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ ഒരു സാധാരണ ഇസ്രയേലിയുടെ ദുഃഖം എനിക്ക് കേട്ടറിവു മാത്രമായിരുന്നു. എങ്കിലും അതിന്റെ ആഴം എനിക്കറിയാം. ഒരു സാധാരണ ഇസ്രയേലിയോട് അധികാരി വർഗ്ഗം കാണിക്കുന്ന ക്രൂരതയെന്തെന്നും എനിക്കറിയാം. അതുകൊണ്ടു തന്നെ ഇസ്രയേലിയുടെ മോചനം എന്റേയും സ്വപ്നമാണ്. അതിനായി, എന്തും, എന്തും അടിയറവു വയ്‌ക്കുവാൻ ഞാൻ തയ്യാറാണ്. വേണമെങ്കിൽ എന്നെത്തന്നെ. പക്ഷേ, ഞാനൊരു സാധാരണ മനുഷ്യനാണ്. നീ പഠിപ്പിക്കുന്ന ക്ഷമയും, സ്നേഹവും വേദവാക്യമാക്കുവാൻ സഭാംഗങ്ങൾക്കെന്ന പോലെ എനിക്കും ആഗ്രഹമുണ്ട്. എന്നാൽ, നിന്റെ ഭാഷയിൽ തന്നെ പറഞ്ഞാൽ, ഇസ്രായേലിയുടെ സ്ഥായിയായ ഭാവം, ഭയം, പലപ്പോഴും എന്നെ വിഴുങ്ങുന്നത്് ഞാനറിയുന്നു. അതുകൊണ്ടു തന്നെ നീ പഠിപ്പിക്കുന്നതത്രയും സ്വായത്തമാക്കുവാൻ എനിക്കായിട്ടില്ലെന്ന് ഞാൻ സമ്മതിക്കേണ്ടിയിരിക്കുന്നു. ഇതെന്റെ മാത്രം കാര്യമല്ല, സഭാംഗങ്ങളിൽ ഭൂരിപക്ഷം പേരുടേയും കാര്യമാണിത്. ഞാനിതിൽ ചില അപ്പോസ്തലന്മാരേയും ഉൾപ്പെടുത്തട്ടെ. അപ്പോസ്തലൻമാർക്കു പോലും ആകുന്നില്ലെങ്കിൽ, അധികാരി വർഗ്ഗത്തിന്റെ എച്ചിലിനായി കൈ നീട്ടിയിരിക്കുന്ന എന്നെപ്പോലെയുള്ളവരുടെ കാര്യം പിന്നെ പറയേണ്ടതില്ലല്ലോ. അതുകൊണ്ടു തന്നെ, നിനക്കറിവുണ്ടെന്നു നീ പറഞ്ഞ ആ കാര്യം ഞാനൊന്നു കൂടി ആവർത്തിക്കട്ടെ. സഭയിൽ രണ്ടാമനാരെന്ന തർക്കം പലതവണ ആവർത്തിച്ചിരിക്കുന്നു. സഭ വിജയത്തിലേക്കെത്തുന്നുവെന്ന് അവർ മനസ്സിലാക്കുന്നതുകൊണ്ടാണ് ഈ തർക്കം മുറുകുന്നത്. സഭക്കുള്ളിൽ വിള്ളലുണ്ടാക്കുന്നിടം വരെ അതെത്തിയിരിക്കുന്നു. ഈ അവസരത്തിൽ നിന്നെയവർ പിടികൂടിയാൽ, ഈ തർക്കത്തിന്റെ വിള്ളലിലൂടെ അവർ അകത്തേക്കു നുഴഞ്ഞു കയറും.“
ഇത് എന്റെ എന്നപോലെ അവരുടേയും സഭയാണ്. നമുക്കൊക്കെ ഒരേ ഒരു ലക്ഷ്യമേയുള്ളു. അത് ഇസ്രയേലിയെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കുകയാണ്. നമ്മളിൽ മൂപ്പിളമ തർക്കമുണ്ടെന്ന് നിന്നോടാരു പറഞ്ഞു? എന്തിനിങ്ങനെ തെറ്റിദ്ധാരണകൾ? അഭിപ്രായവ്യത്യാസങ്ങൾ സാധാരണങ്ങളാണ്. നമ്മൾ നമ്മുടെ ലക്ഷ്യത്തോടടുക്കുകയാണ്. സഭാംഗങ്ങൾക്കെല്ലാം ഒരു പോലെ ആത്മ വിശ്വാസവും ധൈര്യവുമുണ്ടാകുമെന്ന വിശ്വാസം നിന്നെപ്പോലെതന്നെ എനിക്കുമില്ല. ഞാൻ പറഞ്ഞത് അതിന്റെ പൂർണതയിൽ ഗ്രഹിക്കുവാൻ കഴിഞ്ഞിട്ടുള്ളവർ ചുരുങ്ങുമെന്നും എനിക്കറിയാം. അതും സ്വാഭാവികം. ജീവരഹസ്യം തേടി, ദുഃഖങ്ങളുടെ ഹേതു തേടി, സുഖങ്ങളെല്ലാം ത്യജിച്ച് കാടും മലയും കയറിയ കിഴക്കിന്റെ അത്ഭുതം തെളിയിച്ച വിളക്കിൽനിന്നും ലഭിച്ചതിൽ നൂറിലൊന്നു മാത്രമേ നമ്മൾ കണ്ടിട്ടുള്ളൂ. അത്ര മാത്രം കണ്ട നമ്മൾ, കൂടുതലെങ്ങിനെ മറ്റുള്ളവർക്കു പകരും. അഭിപ്രായവ്യത്യാസങ്ങളെന്നു നീ കരുതുന്നത് അവരുടെ അജ്ഞത മാത്രമാണ്. നീ യൂദാ ഇസ്‌കറിയാത്തിനോടു സംസാരിക്കൂ. അവൻ സഭക്കുവേണ്ടി, സഭക്കുവേണ്ടി മാത്രം ജീവിക്കുന്നവനാണ്. തോമസ് ദിദിമസിനോടു സംസാരിക്കൂ…. സ്ഥനമാനങ്ങൾ ഒരിക്കലും അവന്റെ സ്വപ്നങ്ങളെ അലട്ടിയിട്ടില്ല. നമ്മുടെ ഈ ദൗത്യം അതിന്റെ പരിസമാപ്തിയിലേക്കു നടന്നടുക്കുമ്പോൾ, ഇവരിരുവരും, പ്രത്യേകിച്ചും യൂദാ ഇസ്‌കറിയാത്ത് എന്റെ വലം കൈയ്യായിരിക്കും. എനിക്കവനെ വിശ്വസിച്ച് ഏതു ദൗത്യവും ഏൽപിക്കാം. ഞാൻ പിടിക്കപ്പെടുകയാണെങ്കിൽ…….” ജോഷ്വായുടെ മുഖമൊന്നു മിന്നി. അവന്റെ ചുണ്ടിലെ പുഞ്ചിരിയൊന്നുകൂടി വിടർന്നു. അവനൊന്നു നിറുത്തി. അമർത്തിയൊന്നു മൂളി.
പിടിക്കപ്പെടുകയാണെങ്കിൽ…… അല്ല…. പിടിക്കപ്പെടണം. ജോസഫ്… അതാണാ പിടിവള്ളി…. ജനരോഷം ആളിക്കത്തിക്കുവാനുള്ള പിടിവള്ളി… ഇസ്രയേലി മക്കളുടെ ജനരോഷമിളകുന്നത് അപ്പോഴുമെങ്കിലും എനിക്കൊന്നു കാണണം. അതാണ് അതു മാത്രമാണ് എന്റെ സഭയെ വിജയത്തിലെത്തിക്കുവാനുള്ള വഴി. ഞാൻ പിടിക്കപ്പെടണം… ഇസ്രയേലിമക്കളുടെ ആത്മരോഷം ആളിക്കത്തുവാൻ അതുകാരണമാക്കണം. അപ്പോസ്തലന്മാർ അപ്പോൾ കർമ്മ നിരതരാകണം. ജനം ഇളകിവശാകണം. എന്നെ മോചിപ്പിക്കുവാനെന്ന പേരിൽ അവർ ജറുസലേം നഗരവും കയ്യഫായുടെ കൊട്ടാരവും വളയണം… കീഴ്‌പ്പെടുത്തണം… കയ്യഫായുടെ പടയാളികളുടെ വാൾതുമ്പ് അവരെ ഭയപ്പെടുത്തരുത്. അവരുടെ കൺഠങ്ങൾക്കു നേരെ വീശുന്ന വാളിന്റെ മൂർച്ച നഷ്ടപ്പെടുന്നത് കയ്യഫായുടെ പടയാളികളറിയണം. എന്നെ സഭാപതിയായി തിരഞ്ഞെടുത്ത ഇസ്രയേലി മക്കൾ അവരുടെ അവസാന വിജയം അഘോഷിക്കണം….. എനിക്കറിയാം…. നിന്നെപ്പോലെ എന്റെ അപ്പോസ്തലന്മാരും എന്റെയീ പദ്ധതിയറിയുമ്പോൾ പരിഭ്രാന്തരാകും. അവരെതിർക്കും. അവരിലും സംശയം മുളപൊട്ടും. എന്നാൽ ഞാൻ പറയുന്നുത് അവരനുസരിക്കണം. അനുസരിക്കും. എന്നെ, എന്റെ സഭയെ, ഹ്യദയത്തിൽ ചേർത്തുവച്ചവരാണവർ. ഇസ്രയേലി മക്കൾ ഞാൻ പറയുന്നത് അനുസരിക്കും. എനിക്കു വേണ്ടി, സഭക്കു വേണ്ടി മാത്രം ജീവിക്കുന്ന ഒരുത്തനുണ്ട്. യൂദാ ഇസ്‌കറിയാത്ത്. അവനെന്നോടൊപ്പം നിൽക്കും. വേണ്ടിവന്നാൽ എന്നെയവൻ പടയാളികൾക്കു ചൂണ്ടിക്കാണിക്കും. അവന്റെയാ വാക്കുകൾ ഇസ്രയേലി മക്കളെ അടിമത്വത്തിൽ നിന്നും മോചിപ്പിക്കും. തലമുറകളായി അവർ കാത്തിരുന്ന ആ നല്ല നാളെ, അതു പുലരും.“
ജോഷ്വാ…. നീ വീണ്ടു വിചാരമില്ലാതെയാണോ സംസാരിക്കുന്നതെന്ന് ഞാൻ സംശയിക്കട്ടെ. നീ വിചാരിക്കുന്നതിലും ആഴത്തിലാണ് സഭയിലെ തർക്കമിപ്പോൾ. യൂദാ ഇസ്‌കറിയാത്തിനെ അവരാരും അംഗീകരിക്കുകയില്ല. അപകടം വളരെ വലുതാണ്. നിന്നെ പിടികൂടുവാനും, വധിക്കുവാനും അധികാരികൾ തീരുമാനിച്ചു കഴിഞ്ഞുവെന്നത് സത്യം മാത്രമാണ്. സൻഹേദ്രീനിലെ എഴുപത്തി രണ്ടു പേരിൽ, ഒരുവനായ എനിക്കറിവുള്ള കാര്യമാണ് ഞാൻ പറയുന്നത്. ഇത് അധികാരികളുടെ, സൻഹേദ്രീനിന്റെ, തീരുമാനമാണ്. ആരും പറഞ്ഞുകേട്ട വിവരങ്ങളല്ലിത്. ഞാൻ കൂടി പങ്കെടുത്ത സഭ ബഹുഭൂരിപക്ഷത്തോടെ തീരുമാനിച്ചതാണത്. അതു നടപ്പാക്കുവാൻ, കയ്യഫാക്കിനി, മറ്റ് തടസ്സങ്ങളൊന്നുമില്ല. സാബത്തിനു മൂന്നു നാലു ദിനം മുന്നെയെങ്കിലും അവർ നിന്നെ പിടികൂടും. അവർക്കങ്ങിനെ ചെയ്തേ പറ്റൂ. അല്ലെങ്കിൽ സാബത്തിന്റെ അവധി, സഭ മുതലെടുക്കുമെന്ന് അവരും കരുതുന്നു. നിന്റെ തിരോധാനം, ഇന്നവർക്ക് നിലനിൽപിന്റെ പ്രശ്നമാണ്. അതിനായി ഏതറ്റം വരേയും പോകുവാൻ അവർ തയ്യാറാകും.”
“അറിയാം. ഏതറ്റം വരേയും അവർ പോകട്ടെ. ഇന്നു രാത്രി എന്നെ പിടികൂടിയാൽ, ഒരു വിചാരണപോലും കൂടാതെ നാളെവെളുപ്പിന് അവരെന്നെ കുരിശിലേറ്റും. ഇസ്രയേലി മക്കൾ ഉണർന്നെഴുന്നേൽക്കുന്നത് എന്റെ ജീവനില്ലാത്ത ശരീരം കണ്ടുകൊണ്ടായിരിക്കും. എന്തു സംഭവിച്ചു എന്നവർ അറിയുന്നതിനു മുമ്പേ അവരുടെ മേൽ അടിമത്വത്തിന്റെ പാശം കൂടുതൽ ശക്തിയിൽ മുറുകും. എല്ലാം എനിക്കറിയാം. അതുകൊണ്ടു തന്നെ ഈ രാത്രികൾ സുപ്രധാനങ്ങളാണ്. അടിമത്വത്തിന്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുന്നതിൽ നിന്നും നമ്മൾ ഒന്നോ രണ്ടോ രാത്രി മാത്രം ദൂരെയാണ്. ഈ രാത്രി സഭയെ സംരക്ഷിക്കുവാനായാൽ എന്റെ പദ്ധതികൾ വിജയം കാണും. പകൽ സമയത്ത് അവരെന്നെ പിടികൂടിയാൽ, ഒരു വിചാരണക്കുള്ള സമയം അവർക്കു ലഭിക്കില്ല. സഭാംഗങ്ങൾ അതു നൽകില്ല. അതവരുടെ പരാജയകാരണമാകും. നമ്മുടെ വിജയത്തിന്റേയും. ഇന്നും നാളെയും രാത്രി കഴിഞ്ഞാൽ, പകൽ സമയത്ത് എന്നെയവർ പിടികൂടിയാൽ, എന്നെ കുരിശിലേറ്റുവാൻ അവർക്ക് സാബത്തു വരെ കാത്തിരിക്കണമെന്നർത്ഥം. അത്രയും സമയം കൊണ്ട് തീർച്ചയായും ജറുസലേം നമ്മുടെതാകും. അപ്പോസ്തലന്മാർ അതുറപ്പാക്കും. അതിനിടക്ക് എന്നെ രക്ഷപ്പെടുത്തുവാൻ അവർക്കായില്ലെങ്കിൽ, അതെന്റെ കർമ്മഫലം. ഞാൻ കാണാത്ത എന്റെയപ്പനുവേണ്ടി, പാന്ഥേരയെന്ന ആ റോമൻ പടത്തലവന്റെ പാപങ്ങൾ കഴുകിക്കളയുവാനായി ഞാനർപ്പിക്കുന്ന ബലി. അതിൽ കൂടുതലായി എന്റെ പൂർവകാലത്തെ പാപങ്ങൾ കഴുകുവാനായി എനിക്കു ലഭിക്കുന്ന ഒരവസരം, എന്നു ഞാൻ കരുതാം. എന്റെ അടിയേറ്റു പിടഞ്ഞ അന്നാസിന്റെ പുത്രന്റെ ശരീരം ഇന്നും എന്റെ കണ്മുന്നിലുണ്ട്. ജന്മം കൊണ്ടല്ലെങ്കിലും കർമ്മം കൊണ്ട് എന്റെ അപ്പനായ ജോസഫെന്ന ആ നല്ല മനുഷ്യന്റെ നല്ല മനസ്സുമൂലം അന്നെല്ലാവരും എന്നെ വെറുതെ വിട്ടു. എന്നായാലും അതിനു ശിക്ഷയനുഭവിച്ചേ പറ്റൂ. അതിങ്ങനെയാകട്ടെ.”
ജോഷ്വാ…. ഒരു ജനതയുടെ പ്രതീക്ഷയാണു നീ. ഒരു ജനതയുടെയെന്നാൽ അവരുടെ വരും തലമുറകളുടേയും…. അവർക്കീ പ്രതീക്ഷ നൽകിയതും നീയ്യാണ്.“
ജോസഫ്, നീയെല്ലാം മറക്കുന്നു. ആരും ആർക്കും തുണയല്ല. ആരും ആരുടേയും പ്രതീക്ഷയുമല്ല. ഞാനൊരു വഴികാട്ടി മാത്രമാണെന്ന് സത്യമന്വേഷിച്ചിറങ്ങിയ കിഴക്കിന്റെ നക്ഷത്രം കൂടി നിന്നവരോടു പറയുകയുണ്ടായത്രെ. അതെ. വഴി കാണിച്ചു കൊടുക്കുവാനേ നമുക്കൊക്കെയാകൂ. വഴി തുറക്കേണ്ടതും അതിലൂടെ സഞ്ചരിക്കേണ്ടതും അവനവനാണ്. നിന്റെ വഴി എനിക്കോ, എന്റെ വഴി നിനക്കോ തുറക്കാനാകില്ല. എന്റെ കർമ്മങ്ങൾ അതെന്റെ വഴിയാകുന്നു. അതിന്റെ ഫലങ്ങൾ ഞാൻ തന്നെ അനുഭവിക്കുന്നു. നിന്റേതു നീയും. ആകാശത്തിലെ പറവകളെപ്പോലെ. അവർ വിതക്കുന്നില്ല. കൊയ്യുന്നില്ല. അവർ ചെയ്യുന്നത് അന്വേഷിക്കുക മാത്രം. നേരായ മാർഗ്ഗത്തിലൂടെ സഞ്ചരിച്ച് അവരിലൊരുവൻ അവർക്ക് വഴികാട്ടിയാകുന്നു. അന്നം കണ്ടെത്തിയാൽ അവൻ കൂട്ടുകാരെ അവിടേക്കു ക്ഷണിക്കുന്നു. ക്ഷണം സ്വീകരിച്ച് അവനടുത്തെത്തുന്നവർക്കും അന്നം ലഭിക്കുന്നു. അല്ലാത്തവർ വീണ്ടും ചിതറിപ്പറന്ന് അന്വേഷിച്ചുകൊണ്ടേയിരിക്കുന്നു. സത്യമറിയുന്നവർ അത് മറ്റുള്ളവരിലേക്കു പകരേണ്ടത് അറിഞ്ഞവരുടെ കർമ്മം. ഞാൻ വീണ്ടും ശാക്യമുനിയുടെ ജീവിതത്തിലേക്കു പോകട്ടെ. അവന്റെ ഉപദേശങ്ങളിലേക്കു പോകട്ടെ. ദുഃഖഹേതു എന്തെന്ന അറിവിനായി, അതുവഴിയുള്ള മോക്ഷമാർഗ്ഗ ലബ്ദിക്കായി, ദേഹത്തേയും, ദേഹിയേയും വ്യസനിപ്പിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു തന്നു. വർഷങ്ങളുടെ അദ്ദേഹത്തിന്റെ കർമ്മഫലത്തിൽ നിന്നും അദ്ദേഹത്തിനു ലഭിച്ച അറിവാണത്. ഞാനെന്ന ഭാവം, എന്റെയെന്ന ഭാവം അതാണ് ദുഃഖത്തിന്റെ ആണിക്കല്ലെന്നും അദ്ദേഹമറിഞ്ഞു. ആ വെളിച്ചം അദ്ദേഹം ഉലകിനു പകർന്നുകൊടുത്തു. അദ്ദേഹം ജനിച്ചു മരിച്ച അതെ പറുദീസയിൽ ഇത്തിരിക്കാലം അന്തിയുറങ്ങുവാനായി എന്നൊരു മഹാഭാഗ്യം മാത്രമേ ഞാൻ ചെയ്തിട്ടുള്ളൂ. അവിടെ നിന്നും കിട്ടിയ അറിവുകൾ ഞാനിവിടെ പാടി നടക്കുന്നു. അറിവ് വെളിച്ചമാണ്. വെളിച്ചം ആരും പാറകൊണ്ട് മൂടി വയ്‌ക്കാറില്ല. അധികാരത്തിന്റെ ഉന്മത്തതയിൽ സ്വസഹോദരന്റെ അദ്ധ്വാനത്തിന്റെ വില തന്നെ മറന്ന യഹൂദർക്ക് ഞാൻ കാണിച്ച വെളിച്ചം അഗ്നിയായി തോന്നുന്നുണ്ടാകാം. അതഗ്നിയാണെങ്കിൽ, അതവരുടെ അഹന്തയെ നശിപ്പിക്കുന്ന അഗ്നി മാത്രമാണ്. അഹന്തയുടെ മൂർത്തിമത്ഭാവമായിരിക്കുന്നു ഇന്നവർ. അഹന്ത തന്നെയാണവരെന്ന നില. അതുകൊണ്ടു തന്നെ ഇത് നാശത്തിനാണെന്ന് എന്നത്തേയുംപോലെ അവർ ഇപ്പോഴും വിളിച്ചു കൂവി. എനിക്കു മുന്നേ ഇതു പറഞ്ഞവരെയെല്ലാം അവർ ഉന്മൂലനം ചെയ്തു. നാളെ എനിക്കും ഇതു തന്നെ സംഭവിക്കും. എനിക്കതിൽ ആക്ഷേപമില്ല. ഭയവുമില്ല. ഞാനെന്റെ കർമ്മം ചെയ്യും. എന്നിൽ പലരുടേയും സ്വപ്നം വിടർന്നുവെന്ന് നീ പറഞ്ഞുവല്ലോ. അതെന്നിലല്ല. ഞാനെന്ന വ്യക്തിയിലല്ല. നമ്മുടെ സഭയിലാണ്. എനിക്കു മുന്നേയും സഭയുണ്ടായിരുന്നു. എനിക്കു ശേഷവും അതുണ്ടാകും. ഇസ്രയേലി ജനത അധികാരത്തിന്റെ പടവുകൾ കയറും വരേക്കും നസ്രായേരുടെ ഈ സഭ അതിന്റെ പ്രവർത്തനം തുടർന്നുകൊണ്ടേയിരിക്കും. എന്റെ മനസ്സിലേക്ക് അറിവിന്റെ ആദ്യാക്ഷരങ്ങൾ കയറുന്ന നാളുകളിൽ ഞങ്ങളിവിടെ വരാറുണ്ടായിരുന്നു. അന്നൊരിക്കൽ ഇവിടെ, ഈ ജറുസലേം ദേവാലയത്തിൽ വച്ച് ഒരു നസ്രായേൻ, എന്റെ മനസ്സിലെ അഗ്നിയാളിച്ചു. എനിക്കന്ന് പന്ത്രണ്ടു വയസ്സ്. ഇരുപതു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഈ ഇരുപതു വർഷം കൊണ്ട് ഈ ദേവാലയത്തേയും നമ്മുടെ ജനതയേയും മൂടിയിരുന്ന കൊടും തമസ്സിന്റെ ശക്തി പലമടങ്ങു വർദ്ധിച്ചിരിക്കുന്നു. സ്വസഹോദരൻ അടിമകളേക്കാൾ അധഃപതിക്കുന്നത് കണ്ട് ആനന്ദിക്കുകയാണിന്ന് ഇവിടുത്തെ അധികാരികൾ. യഹൂദ പ്രമാണികൾ എന്നവർ സ്വയം പുകഴ്‌ത്തുന്നു. ചോര വിയർപ്പാക്കുന്നവനോട് അവനിപ്പോഴും ആ പഴയ പല്ലവി പാടുന്നു…. നാളെ…. ഒരു നല്ല നാളെ… അവിടെ … ദൂരേക്കു നോക്ക്…. പറുദീസയാണു നിനക്കു ലഭിക്കുവാൻ പോകുന്നത്. എന്നാൽ അവന് ഒരു നല്ല ഇന്ന് കൊടുക്കുവാൻ അവർ തയ്യാറല്ല. അതിനെതിരായി മാത്രമാണീ യുദ്ധം. ഈ യുദ്ധത്തിൽ സഭയെന്നെ ഏൽപിച്ചിരിക്കുന്നത് ഒരു വഴികാട്ടിയുടെ പങ്ക്. അതു ഞാൻ നിർവ്വഹിക്കുന്നു. വഴിയിൽ അപകടമുണ്ടെങ്കിൽ അത് ആദ്യമെത്തുന്നത് വഴികാട്ടിയുടെ അടുത്തേക്കായിരിക്കും. വഴികാട്ടി അതുകണ്ട് ഭയപ്പെട്ടാൽ, അണികൾ ചിതറുവാൻ അതു കാരണമാകും. മരണം എനിക്കും നിനക്കും സുനിശ്ചിതമാണ്. അതു കടന്നു വരാത്ത വീടന്വേഷിച്ചു നടന്ന ഒരമ്മയുടെ കഥ നീ കേട്ടിട്ടില്ലേ. നീ ഒന്നോർക്കുക. ഇവിടെ സൃഷ്ടിയും സൃഷ്ടാവുമില്ല. ഒന്ന് മറ്റൊന്നായി രൂപാന്തരപ്പെടുന്നു. അത്രമാത്രം. മരണവും അത്തരമൊരു രൂപാന്തരം മാത്രമാണ്. അതു സംഭവിച്ചേ തീരൂ. എന്റെ തീരുമാനങ്ങളിൽ മാറ്റമില്ല. നമ്മൾ നാളെ ജറുസലേം ദേവാലയത്തിലേക്കു പോകുന്നു. സഭ നിശ്ചയിച്ചതു പ്രകാരം. മറ്റു പദ്ധതികൾ ഞാൻ അത്താഴസമയത്തു അപ്പോസ്തലന്മാരെ അറിയിക്കും
Generated from archived content: balyam8.html Author: suresh_mg
Click this button or press Ctrl+G to toggle between Malayalam and English