മൂന്ന്‌ – നേതൃത്വം

അതിനാൽ അവരെ ഭയപ്പെടാതിരിക്കുക. കാരണം മറച്ചുവച്ചതൊന്നും വെളിപ്പെടാതിരിക്കില്ല. ഒളിച്ചു വച്ചതൊന്നും അറിയപ്പെടാതിരിക്കില്ല. ഞാൻ ഇരുട്ടത്തു പറയുന്നത്‌ നിങ്ങൾ വെളിച്ചത്തു പറയുക. ചെവിയിൽ മന്ത്രിച്ചു കേൾക്കുന്നത്‌ നിങ്ങൾ പുരമുകളിൽ നിന്ന്‌ ഉദ്‌ഘോഷിക്കുക. ശരീരത്തെ കൊല്ലുന്നവരെങ്കിലും ആത്മാവിനെ കൊല്ലാൻ കഴിവില്ലാത്തവരെ ഭയപ്പെടേണ്ട.

ഇസ്രായേലി മക്കളുടെ കഥ ഞാൻ നിങ്ങൾക്കു പറഞ്ഞു തരേണ്ടതില്ല. അടിമയായി വിൽക്കപ്പെട്ട ആട്ടിടയന്റെ വംശാവലി ആദ്യം ഫറോവയുടേയും പിന്നെ റോമക്കാരന്റേയും അടിമകളായ കഥയാണത്‌. നാണവും മാനവും വിറ്റ്‌ തലമുറയായി അടിമവേല ചെയ്ത വംശാവലിയുടെ കഥ. എതിർക്കാൻ ചെറുവിരൽ പോലുമില്ലാത്ത വംശാവലി. എതിർത്ത ചെറുവിരലുകൾ അരിഞ്ഞു വീഴ്‌ത്തുന്നതു കണ്ട്‌ കണ്ണു നനയാത്ത വംശാവലി. കിഴക്കും പടിഞ്ഞാറും സമ്പത്തും സമൃദ്ധിയും നിറഞ്ഞപ്പോൾ അവർക്കിടയിൽ അടവച്ച്‌ നാളത്തെ ദിനം താനൊരു പറുദീസയിലാകുമെന്ന്‌ സ്വപ്നം കണ്ട വംശാവലി. സ്വസഹോദരന്റെ രക്തത്തിന്റെ നിറവും ചുകപ്പാണെന്നു മറന്ന വംശാവലി. സ്വസഹോദരനെന്നാൽ നുകത്തിനു കെട്ടാനുള്ള കാളയാണെന്നു ധരിച്ച വംശാവലി. അങ്ങിനെ നുകക്കാളകളാകുന്നത്‌ സ്വന്തം വിധിയാണെന്ന്‌ കരുതുന്നു നമ്മൾ. സ്വസഹോദരന്റെ രക്തം വിയർപ്പുതുള്ളികളായി തന്റെ തോപ്പുകളിൽ വീഴുമ്പോൾ അതിലാനന്ദിക്കുന്ന വംശാവലിയായിരിക്കുന്നു നമ്മൾ. കിഴക്കുള്ളവരെപ്പോലെ അത്താഴപട്ടിണിക്കാരുണ്ടോ എന്നു വിളിച്ചു ചോദിക്കുവാൻ നാമെന്നേ മറന്നു പോയിരിക്കുന്നു. അടിമകളായ നമ്മൾ എന്നും അത്താഴപട്ടിണിക്കാരായിരുന്നുവല്ലോ. അത്താഴമെന്തെന്നു തന്നെ മറന്ന അടിമകൾ. മറ്റു മാർഗ്ഗങ്ങളില്ലല്ലോ. അത്താഴം ലഭിക്കുവാൻ തുടങ്ങിയ നമ്മളിൽ ചിലർ ചെന്നായ്‌ക്കളായി. അവർക്കിന്ന്‌ അത്താഴത്തിന്‌ സ്വസഹോദരന്റെ രക്തം വേണം. അതിന്റെ സ്വാദ്‌ അവനെ മത്തുപിടിപ്പിക്കുന്നു. സാബത്തു ദിനത്തിൽപോലും, പള്ളിയങ്കണത്തിൽ, അൾത്താരക്കു പിന്നിൽ, സ്വജീവനേക്കാളേറെ സ്നേഹിക്കേണ്ട ജീവജാലങ്ങളുടെ തലയറുക്കുന്നു. പണം പലിശക്കു കൊടുക്കുന്നതിനും, ചുങ്കപ്പിരിവിനും, വേശ്യകളെ കൂട്ടിക്കൊടുക്കുന്നതിനും പള്ളിയങ്കണം സാക്ഷ്യം വഹിക്കുന്നു. പടിഞ്ഞാറു നിന്നെഴുന്നള്ളിയ അധിപന്മാർ, നമ്മുടെ പെണ്ണുങ്ങളെ മാത്രമല്ല പള്ളിയങ്കണവും അൾത്താരയും അശുദ്ധമാക്കുന്നു. നമ്മളിലെ ചെന്നായ്‌ക്കൾ, ഏതാനും നാണയതുട്ടുകൾക്കായി, അവർക്കൊത്താശപാടുന്നു. ഇസ്രയേലി മക്കളുടെ വിയർപ്പു തുള്ളികൾ സ്വർണ്ണ നാണയങ്ങളാക്കി, മുന്തിരിച്ചറാക്കി, മണി മേടകളാക്കി അവർ പേക്കൂത്താടുന്നു. സ്വർഗ്ഗരാജ്യം വരുന്നുവെന്നു പറഞ്ഞ്‌, നോഹയുടേയും മോശയുടേയും കഥകൾ കേൾപിച്ച്‌, ആ ചെന്നായ്‌ക്കൾ നമ്മുടെ രക്തം കുടിക്കുന്നു. സ്വർഗ്ഗരാജ്യം വരുന്നുവെന്ന്‌ വിശ്വസിച്ച്‌ നമ്മൾ കൂടുതൽ വിയർപ്പൊഴുക്കുന്നു. അധികാരികൾ ആ വിയർപ്പുകൊണ്ട്‌ പുതിയ സൗധങ്ങൾ പണിയുന്നു. അവന്റെ റോമാ നഗരം മോടികൂട്ടുന്നു. പുതിയ മേച്ചിൽപ്പുറങ്ങൾ തിരയുവാനായി അവന്റെ വാൾത്തലപ്പിന്‌ മൂർച്ചകൂട്ടുന്നു.

എന്നാൽ ഞാൻ പറയുന്നു. സ്വർഗ്ഗ രാജ്യം വരുന്നു. സ്വർഗ്ഗ രാജ്യത്തിലേക്കുള്ള നമ്മുടെ വഴി കല്ലും മുള്ളും നിറഞ്ഞതായിരിക്കും. ഭരണാധിപന്മാരുടേയും പ്രഭുക്കന്മാരുടേയും വഴിയല്ല നമ്മുടേത്‌. സ്വർഗ്ഗരാജ്യത്തിന്റെ വാതിൽ തുറന്നു കിട്ടുവാനായി സ്വസഹോദരന്റെയെന്നല്ല ഒരു ജീവിയുടേയും ജീവൻ നമ്മളപഹരിക്കില്ല. വചനങ്ങൾ മാറ്റുവാനോ തിരുത്തുവാനോ അല്ല ഞാൻ പറയുന്നത്‌. നിയമത്തെ റദ്ദാക്കുവാനുമല്ല. എല്ലാം തീരുമാനിക്കുവോളം നിയമത്തിൽ വള്ളി പുള്ളി മാറ്റം വരുകയില്ല. വചനങ്ങളിൽ പറഞ്ഞിട്ടുള്ളത്‌ ഓർമ്മയില്ലേ “നീ കൊല്ലരുത്‌. കൊലയാളി ശിക്ഷാവിധിക്ക്‌ അർഹനാകും.” ഞാനതിനോട്‌ കൂട്ടിചേർക്കുന്നു. “സ്വസഹോദരനോട്‌ കോപിക്കരുത്‌. അവനെ നിന്ദിക്കരുത്‌. ഞാൻ പറയുന്നു, ശത്രുക്കളോടുപോലും കോപിക്കരുത്‌. അവരെ വെറുക്കരുത്‌. അവരെ സ്നേഹിക്കുക. എതിർക്കേണ്ടത്‌ അവരുടെ പ്രവ്യത്തികളെമാത്രം, അവരെയല്ല. ശത്രുക്കളോടു ക്ഷമിക്കണം. ദുഷ്‌ടനോട്‌ ചെറുത്തു നിൽക്കരുത്‌. ഇതൊന്നും വെറുതെ മനുഷ്യനെ കാണിക്കുവാനാകരുത്‌.”

നമുക്കൊരിക്കലും ഒരേ സമയം രണ്ടു യജമാനന്മാരുടെ അടിമകളാകുവാൻ, വേലക്കാരാകുവാൻ കഴിയുകയില്ല. ഇസ്രായേലിന്റെ മക്കളായ നാമിന്ന്‌ റോമക്കരന്റെ അടിമകളാണ്‌. നമ്മുടെ സ്നേഹം ഇസ്രയേലിനോടു മാത്രമാകട്ടെ. നമ്മുടെ യജമാനൻ ഇസ്രായേലായിരിക്കട്ടെ. നമ്മൾ അനുസരിക്കേണ്ടത്‌ ഇസ്രയേലിനെ മാത്രം. ഇസ്രായേലിന്റെ ഉന്നതിക്കുവേണ്ടി മാത്രം നാം വിയർപ്പൊഴുക്കുന്നു. നമ്മളിൽ ഫരിയേസരും, ചുങ്കക്കാരും, ജൂതരും നസ്രായേരുമുണ്ട്‌. പക്ഷേ നമ്മൾ ഇസ്രായേലികളാണ്‌. നമ്മളിൽ നിന്നും പിരിഞ്ഞ്‌ സാമ്രാജ്യത്തിന്റെ കാവൽ നായ്‌ക്കളായിരിക്കുന്നവരെ സൂക്ഷിക്കുക. അവർ ആട്ടിൻ തോലിട്ട ചെന്നായ്‌ക്കളാണ്‌. അവരെ നമ്മൾ തിരിച്ചറിയേണ്ടിയിരിക്കുന്നു. ഞാൻ പറയുന്നു നമ്മുടെ ഈ സഭ പാറമേൽ പണിത വീടുപോലെയാണ്‌. അതിന്റെ അടിത്തറ ഉറപ്പുള്ള പാറമേലാണ്‌. ഇസ്രയേലി മക്കളുടെ വിയർപ്പിനാൽ, കണ്ണീരിനാൽ, രക്തത്താൽ കുഴക്കപ്പെട്ട ചേറുകൊണ്ടാണ്‌ അതിന്‌ അടിത്തറ പാകിയിരിക്കുന്നത്‌. എന്നാൽ നമ്മുടെ ഒറ്റുകാർ അവരുടെ വീടു പണിതിരിക്കുന്നത്‌ മണലിലാണ്‌. ഒരുറച്ച കാറ്റു വീശിയാൽ, തിരയൊന്നിളകി മറിഞ്ഞാൽ, അവരുടെ ആ മണിമാളിക നിലം പൊത്തും. ആ തിരയിളക്കുകയെന്നത്‌ നമ്മുടെ ജോലിയാണ്‌. ആ തിരയിളക്കേണ്ടത്‌ നമ്മളാണ്‌. അതിനുള്ള സമയം പാകപ്പെട്ടിരിക്കുന്നു. ആയതിനാൽ അവരെ ഭയപ്പെടാതിരിക്കുക.

നമ്മൾ അവസാന യുദ്ധത്തിനായി തയ്യാറെടുക്കുകയാണ്‌. യുദ്ധത്തിനു പുറപ്പെടുന്നവൻ എതിർപക്ഷത്തിന്റെ ശക്തിയളക്കണം. അങ്ങിനെ ചെയ്യാത്ത ഏതു രാജാവുണ്ട്‌? അതു നമ്മൾ ആദ്യം ചെയ്യും. അത്‌ ശത്രുവിന്റെ ശക്തിയുടെ അളവുകോൽ മാത്രമല്ല, നമ്മുടെ ശക്തിയുടേയും അളവുകോലായിരിക്കും. സഭയെ പിന്തുടരുവാൻ ആഗ്രഹിക്കുന്നവൻ എല്ലാം ത്യജിച്ച്‌ അനുഗമിക്കണം. നഷ്‌ട്ടപ്പെടുന്നവയെക്കുറിച്ചോർത്ത്‌ ദുഃഖിക്കാതിരിക്കുക. കാരണം നമുക്കിനി നഷ്‌ട്ടപ്പെടുവാൻ അടിമ ചങ്ങലകളല്ലാതെ മറ്റൊന്നുമില്ല. കിട്ടാനുള്ളതോ പുതിയൊരു സ്വർഗ്ഗം. നാളെ പുലരുന്നത്‌ സ്വർഗ്ഗരാജ്യത്തിന്റെ ചൈതന്യവുമായിട്ടായിരിക്കും. ഞാൻ പറയുന്നു. അവർക്കാവുക നമ്മുടേ ഈ ശരീരത്തെ കൊല്ലുവാൻ മാത്രം. അവർ യോഹന്നാന്റെ ശിരസു ഛേദിച്ച്‌ നമ്മെ കൊല്ലുവാൻ നോക്കി. നമ്മുടെ മനസ്സ്‌, നമ്മുടെ ആവേശം, അതിനെ കൊല്ലുവാൻ അവർക്കായില്ല. അവർ നമ്മുടെ ശരീരത്തെ കൊല്ലട്ടെ. മൃതത്തേക്കാൾ ഇന്നറപ്പുളവാക്കുന്ന ഈ ശരീരം നമുക്കെന്തിന്‌.

നമ്മൾ പോകുന്നത്‌ ഭൂമിയിൽ തീയ്യിടുവാനാണ്‌. ഭിന്നിപ്പ്‌ ഉണ്ടാക്കുവാനാണ്‌. വിജയത്തിലേക്കുള്ള പാത ദുഷ്‌കരമാണ്‌. അപ്പൻ മകനെതിരായും, മകൻ അപ്പനെതിരായും ഭിന്നിക്കും. ഇടുങ്ങിയ വാതിലിലൂടെ അകത്തു പ്രവേശിക്കേണ്ടി വരും. സ്വജീവനെ ബലി നൽകേണ്ടി വരും. അതുകൊണ്ടു തന്നെ സഭയിലേക്കു വരികയും സ്വകുടുംബത്തിനോട്‌ മമത പുലർത്തുകയും ഒന്നിച്ചാകുവാൻ ആകില്ല. എന്തിന്‌ സ്വജീവനോടു പോലും മമതയരുത്‌. കാരണം, നമ്മളിറങ്ങുന്നത്‌ അവസാന യുദ്ധത്തിനാണ്‌. വിമോചനത്തിനാണ്‌. വർഷമേറെയായി നമ്മളെപൂട്ടിയിട്ടിരിക്കുന്ന ഈ അടിമച്ചങ്ങലകൾ പൊട്ടിക്കുവാനാണ്‌. സഭ തയ്യാറെടുത്തു കഴിഞ്ഞു. ഇസ്രയേലി മക്കളെ അവർ തലമുറകളനവധിയായി സ്വപ്നം കണ്ടിരുന്ന സ്വർഗ്ഗരാജ്യത്തിലേക്കാനയിക്കുവാൻ, ഇസ്രായേലിനെ സ്വർഗ്ഗരാജ്യമാക്കുവാൻ, പടിഞ്ഞാറിന്റെ മേൽക്കൊയ്മ, അവർക്കോശാന പാടുന്നവരുടെ മേൽക്കൊയ്മ ഇല്ലാതാക്കുവാനുള്ള യുദ്ധം. നിങ്ങൾക്കറിയാം, ഉറകെട്ട ഉപ്പിനേക്കാൾ കഷ്‌ടമാണിന്ന്‌ ഇസ്രയേലി മക്കളുടെ സ്ഥിതി. ഇതിൽ നിന്നും മോചനം സ്വപ്നം കാണുന്നതുകൊണ്ടു മാത്രം ലഭിക്കില്ല. ഉറകെട്ട ഉപ്പിന്‌ ഉറകൂട്ടേണ്ടത്‌ ഇസ്രയേലി മക്കൾ തന്നെയാണ്‌.

യുദ്ധത്തിനു കാഹളമായി. യുദ്ധം മുറുകുമ്പോൾ നിങ്ങളെ പ്രലോഫിക്കുവാനായി അവരിറങ്ങും. നിങ്ങളിലാരെങ്കിലും ആ പ്രലോഫനത്തിൽ അകപ്പെടുകയാണെങ്കിൽ, മറ്റുള്ളവർ അവനോടു കോപിക്കരുത്‌. അവൻ തപിക്കുകയാണെങ്കിൽ അവനു സഭയിൽ തുടരുവാൻ അനുവാദം നൽകുക.

നമ്മൾ യുദ്ധത്തിനു തയ്യാറാകുകയാണെന്ന്‌ ഞാൻ പറഞ്ഞു. യുദ്ധത്തിനു തയ്യാറാകുന്നവൻ വാളെടുക്കാത്തതെന്ത്‌ എന്നു നിങ്ങൾ ചോദിക്കും. യുദ്ധത്തിനു തയ്യാറാകുന്നവൻ ശത്രുവിനെ സ്നേഹിക്കുന്നതെങ്ങിനെയെന്നു നിങ്ങൾ ചോദിക്കും. ജറുസലേം പിടിക്കുവാൻ നമുക്കുവേണ്ടത്‌ വാളല്ല. ശത്രുക്കളെ തുരത്തുവാൻ നമുക്കവരെ വെറുക്കേണ്ടതില്ല. ഞാൻ വീണ്ടും പറയുന്നു. ശത്രുവിനെയല്ല, അവരുടെ പ്രവ്യത്തിയെയാണ്‌ നമ്മെളെതിർക്കുന്നത്‌. അവന്റെ കരങ്ങളോ കണ്‌ഠമോ ച്ചേദിക്കുവാനല്ല നമ്മൾ യുദ്ധം ചെയ്യുന്നത്‌. ശത്രുവിനു വേണ്ടി യുദ്ധക്കളത്തിലിറങ്ങുന്ന കൂലിപട്ടാളത്തിന്റെ മക്കൾക്ക്‌ അപ്പനില്ലാതാക്കുവാനോ, അവരുടെ ഭാര്യമാരെ വിധവകളാക്കുവാനോ അല്ല നമ്മൾ യുദ്ധം ചെയ്യുന്നത്‌. അവരെ നീതിമാന്മാരാക്കുവാനും, നമ്മുടെ ജറുസലേമിനെ നമ്മുടേതാക്കുവാനുമാണ്‌. നമ്മുടെ പെണ്ണുങ്ങൾക്ക്‌ വഴി നടക്കണം. അവർ പെറ്റിടുന്നത്‌ അപ്പനില്ലാത്ത കുഞ്ഞുങ്ങളെയാകരുത്‌. നമ്മുടെ വിയർപ്പിന്റെ വില, അതു നമുക്കു ലഭിക്കണം. അദ്ധ്വാനത്തിന്റെ കൂലി ഔദാര്യമല്ല. അതു നമ്മുടെ അവകാശമാണ്‌. നമ്മുടെ ഗ്രാമങ്ങൾ, അതിനിയും ശവപ്പറമ്പുകളാകരുത്‌. നമ്മുടെ ജനത ഇനിയും അടിമകളായിരിക്കരുത്‌. നമുക്ക്‌ ആരുടേയും യജമാനന്മാരായിരിക്കേണ്ട. പക്ഷേ ആരുടേയും അടിമകളായിരിക്കുവാൻ വയ്യ. നമുക്ക്‌ നീളമുള്ള അങ്കികളും, നടക്കുമ്പോൾ വഴിനീളെ അഭിവാദ്യങ്ങളും വേണ്ട. സുനഗോഗുകളിൽ ഏറ്റവും മികച്ച ഇരിപ്പിടങ്ങൾ വേണ്ട. വിരുന്നുകളിൽ മുഖ്യ സ്ഥാനങ്ങൾ വേണ്ട. എന്നാൽ നമുക്ക്‌ നമ്മുടെ വിയർപ്പിന്റെ വില കിട്ടണം. സ്വസഹോദരൻ നമ്മുടെ മുകളിൽ നുകം വച്ച്‌ നമ്മെ നുകക്കാളകളാക്കരുത്‌. അവർ തിന്നുന്ന അപ്പത്തിന്റെ ഉച്ചിഷ്‌ട്ടമാകരുത്‌ നമ്മുടെ കുട്ടികളുടെ ഭക്ഷണം. അതു തിന്നാകരുത്‌ നമ്മുടെ കുട്ടികൾ വളരുന്നത്‌. അവന്റെ അപ്പത്തിന്റെ പാതി നമ്മുടേതാണ്‌. നമ്മുടേയും മേലാളന്മാരെന്നു നടിക്കുന്ന അവന്റെ മേലാളന്മാരുടെ കാമപൂർത്തിക്കുപകരണങ്ങളല്ല നമ്മുടെ സ്ര്തീകളെന്ന്‌ അവനറിയണം.

ഞാൻ പറയുന്നു. വഴി തെറ്റിക്കപ്പെടാതിരിക്കുവാൻ നിങ്ങൾ സൂക്ഷിച്ചുകൊള്ളുക. സമയം ആസന്നമാകുന്നു. നിങ്ങൾ യുദ്ധങ്ങളും കലാപങ്ങളും കാണും. കേൾക്കും. ഭയചകിതരാകരുത്‌. കാരണം അതു സംഭവിച്ചേ തീരൂ. അവർ നിങ്ങളെ പിടികൂടി പീഡിപ്പിക്കും. രാജാക്കന്മാരുടേയും, ദേശാധിപന്മാരുടേയും കൈകളിൽ നിങ്ങളേ ഏൽപിക്കും. നിങ്ങളുടെ ആയുധം വാക്കുകൾ മാത്രമായിരിക്കട്ടെ. നിങ്ങൾ ഒറ്റിക്കൊടുക്കപ്പെടും. സർവരും നിങ്ങളെ ദ്വേഷിക്കും.

നിങ്ങൾക്കറിയാം. ഞാനീ മണ്ണിന്റെ പുത്രനാണ്‌. സെഫൊറിസിന്റെ, ഗലീലിയുടെ, ജറുസലേമിന്റെ പുത്രൻ. കുട്ടിക്കാലത്ത്‌ ഗലീലിയുടെ വഴിയോരങ്ങളിൽ വച്ച്‌ എന്നെക്കാണുമ്പോൾ ആളുകൾ അടക്കം പറയുന്നത്‌ ഞാൻ കേട്ടിട്ടുണ്ട്‌. പാതി റോമ. അതെ ഞാൻ പാതി റോമക്കാരനാണ്‌. അബലയായ എന്റെ അമ്മയെ, അതുപോലെ അനേകം സ്ര്തീകളെ, അവർ പള്ളിയങ്കണത്തിൽ വച്ചും വഴിമദ്ധ്യത്തിൽ വച്ചും ആക്രമിച്ചപ്പോൾ സെഫോറിസിലെ ആണുങ്ങളുടെ കയ്യിൽ വിലങ്ങായിരുന്നു. തൊണ്ടയിൽനിന്നും ശബ്ദം പുറത്തുവരാതിരിക്കുവാനായി മെഴുകുരുക്കിയൊഴിച്ചിരുന്നു. ശേഷിച്ചവർ ഷണ്‌ഠന്മാരായിരുന്നു. അവർക്ക്‌ പാന്ഥേരാസിന്റെ കുതിരക്കുളമ്പടികളെ പേടിയായ്രിരുന്നു. ആക്രമിക്കപെട്ട സ്ര്തീകളോട്‌ സഹതാപമായിരുന്നു. സഹതാപം മാത്രമായിരുന്നു. കയ്യിൽ സ്വയം കൂച്ചുവിലങ്ങിട്ട്‌ മറ്റുള്ളവരോട്‌ സഹതാപം കാണിക്കുന്നതിൽ എന്തർത്ഥം. സഹതാപം കാണിക്കുന്നതേതു സ്ര്തീയോടോ അവരെ സംരക്ഷിക്കുവാനായില്ലെങ്കിൽ പിന്നെയാ സഹതാപമെന്തിന്‌. പന്ഥേരാസിന്റെ പടയാളികൾ സെഫോറിസ്‌ രണ്ടു വട്ടം ചവുട്ടിയരച്ചപ്പോഴും അവർക്കു അവരുടെ ആവശ്യങ്ങൾക്കു ശേഷം ഗ്രാമത്തിനു പുറത്തേക്കിവരെന്തിന്‌ സുരക്ഷിത പാതയൊരുക്കി. ഞാൻ എന്നോടു തന്നെ പല തവണ ചോദിച്ചിട്ടുള്ള ചോദ്യമാണിത്‌. ഇസ്രായേലിയെന്നാൽ അടിമയാക്കപ്പെടുവാൻ ഏറ്റവും എളുപ്പമുള്ളവൻ എന്നർത്ഥമുണ്ടോ? ഈ റോമക്കാരൻ എന്നെങ്കിലും കിഴക്കുള്ളവരെ അടിമയാക്കിയിട്ടുണ്ടോ? പടിവാതിൽ വരെ ചെന്ന്‌ തിരിച്ചു പോന്നിട്ടല്ലെയുള്ളൂ. അവിടേ രാക്ഷസാധിപത്യം എന്തുകൊണ്ടു നടന്നില്ല? ഇസ്രായേലി മക്കൾക്കില്ലാത്ത എന്തുണ്ടവിടെ?

നിങ്ങൾക്കറിയാം. ഞനീ മണ്ണിന്റെ മകനാണ്‌. പാതി റോമക്കരനെങ്കിലും ഞാൻ ആദ്യാക്ഷരം പഠിച്ച മണ്ണിതാണ്‌. എന്റെ കണ്ണിലെ കരട്‌, തമസ്സു നീക്കിയത്‌ ഈ മണ്ണിൽ ജനിച്ചു വളർന്ന നസ്രായേരാണ്‌. നാടും വീടും എന്നെ ശപിച്ച ഒരു കാലമുണ്ടായിരുന്നു. അതും നിങ്ങൾ മറന്നിട്ടുണ്ടാകില്ല. മറിയമിന്റെ മകൻ, അവനെവിടെ നിന്ന്‌ ഇത്രയും പറയുവാൻ പഠിച്ചുവെന്ന്‌ നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടല്ലേ? മറിയമിന്റെ മകൻ, അതുപോലെയുള്ള മറ്റനവധി മക്കൾ, അവരനുഭവിച്ച, അനുഭവിക്കുന്ന, മനോവേദന അതു നിങ്ങൾക്കറിയാമോ? എന്റെ മനസ്സിൽ വെളിച്ചം നിറഞ്ഞ ദിനങ്ങളെക്കുറിച്ച്‌ നിങ്ങൾക്കറിയില്ലായിരിക്കാം. മനുഷ്യ ജന്മത്തിൽ ദുഃഖത്തിന്‌ കാരണമെന്തെന്നു തിരക്കി കൊട്ടാരം വിട്ട ഒരു രാജകുമാരന്റെ കഥ നിങ്ങൾക്കറിയാം. ദൂരെ, അങ്ങു ദൂരെ, കിഴക്ക്‌, സമ്പത്തും സമൃദ്ധിയും സംസ്‌കാരവും കളിനിലമാക്കിയ ഭാരതഖണ്‌ഠത്തിലെ ആ രാജകുമാരൻ എന്റെ മാത്രമല്ല, പതിനായിരങ്ങളുടെ മനസ്സിലെ ഇരുട്ടു നീക്കി. താനന്വേഷിച്ച ചോദ്യത്തിനുത്തരം കിട്ടിയത്‌ ലോകനന്മക്കയി പലവുരു ആവർത്തിച്ചു. ഞാനവിടെയായിരുന്നു. എന്റെ ഗുരുക്കന്മാരുടെ അടുത്ത്‌. നസ്രായേരുടെ അറിവിന്റെ ഉറവിടത്തിൽ. തന്നെ തന്നെ മറ്റുള്ളവർക്കു പകുത്തു നൽകുകയാണ്‌ മോക്ഷമാർഗ്ഗമെന്ന്‌ ഞാനവിടെ നിന്നറിഞ്ഞു. നമ്മൾ കാണുന്നതും കേൾക്കുന്നതും സത്യമായിക്കൊള്ളാണമെന്നില്ലെന്നറിഞ്ഞു. സത്യം അതിൽ നിന്നും അകലെയായിരിക്കുമെന്നുള്ള സത്യം ഞാനവിടെ നിന്നും പഠിച്ചു. ഞാനെന്ന ഭാവം, എന്റെയെന്ന ഭാവം, അതാണ്‌ ദുഃഖത്തിനു മൂലകാരണമെന്നും ഞാനറിഞ്ഞു.

ഒന്നിന്റെ അവസാനം മറ്റൊന്നിന്റെ തുടക്കമായിരിക്കും. നമ്മുടെ ചിന്തകൾ, നമ്മുടെ വികാരം, എല്ലാം അങ്ങിനെയാണ്‌. എല്ലാം ഒന്നിനൊന്നോട്‌ ബന്ധപെട്ടിരിക്കുന്നു. ഒരു ചങ്ങലപോലെ കണ്ണികളായി. ഒരു കണ്ണിയിൽ നിന്നും മറ്റൊന്നിലേക്ക്‌ കൊളുത്തപ്പെട്ടിരിക്കുന്ന, തുടക്കവും അവസാനവുമില്ലാത്ത ചങ്ങലകണ്ണികൾ. അതുകൊണ്ടു തന്നെ ആദ്യമേത്‌, അവസാനമേത്‌ എന്നു പറയുക അസാധ്യം. കർമ്മ ഫലം മാത്രമാണ്‌ നമ്മളറിയുന്നത്‌. അനുഭവിക്കുന്നത്‌. നമ്മളിന്ന്‌ അടിമകളായിരിക്കുന്നത്‌, നമ്മുടെ പൂർവ്വികരുടെ കർമ്മഫലമാണ്‌. എതിർക്കേണ്ടിടത്തെതിർക്കുവാൻ, നുകം വലിച്ചെറിയുവാൻ ഉള്ള കരുത്ത്‌ നമ്മളിലില്ലെന്ന്‌ നമ്മൾ വിശ്വസിക്കുന്നു. പിന്തുടർന്ന പടയാളികൾക്കു പിടികൊടുക്കാതെ ഇസ്രയേലി മണ്ണിലെത്തിയ നമ്മുടെ പൂർവ്വികർ സത്‌കർമ്മമെന്തെന്നു മറന്നു. മറന്നുപോയിരുന്നു അവരപ്പോഴേക്കുമത്‌. അടിമത്വത്തിന്റെ ചങ്ങലപ്പൂട്ട്‌ മനസ്സിൽ കെട്ടു മുറുക്കിയിരുന്നു. അടിമയാകാതെ ജീവിതമില്ലെന്ന്‌ അവർ ധരിച്ചുവശായി. സ്വന്തമായി എന്തെങ്കിലുമാകുവാൻ കഴിയുമെന്ന്‌ അവർക്കുറപ്പു നഷ്‌ടപെട്ടു. ഭയം മാത്രമായിരുന്നു ഒരേ ഒരു വികാരം. അങ്ങിനെയുള്ള മനസ്സിൽ സത്യത്തിന്റെ വെളിച്ചം എളുപ്പത്തിൽ കയറി വരികയില്ല. എന്നാൽ ഞാൻ പറയുന്നു. നിങ്ങൾ ഭയക്കരുത്‌. അടിമച്ചങ്ങലകൾ വലിച്ചു പൊട്ടിക്കുവാനുള്ള കൈകരുത്ത്‌ ഇന്നും നിങ്ങളിൽ അവശേഷിച്ചിട്ടുണ്ട്‌. അർഹതയുള്ളത്‌ ചോദിച്ചു വാങ്ങണം. തന്നില്ലെങ്കിൽ പിടിച്ചു പറിക്കണം. പക്ഷേ അർഹതയുള്ളതു മാത്രം. അതിനപ്പുറത്തേക്കു പോകരുത്‌. ചോദിച്ചു വാങ്ങുമ്പോൾ, അല്ലെങ്കിൽ പിടിച്ചു പറിക്കുമ്പോൾ അത്രയും തന്റെ കൂട്ടുകാരനും, കൂട്ടുകാരിൽ ശത്രുവെന്നു വിളിക്കുന്നവരും ഉൾപ്പെടും, കിട്ടുന്നുണ്ടോ എന്നു നിങ്ങൾ അന്വേഷിക്കണം. കിട്ടുന്നില്ലെങ്കിൽ, നിങ്ങൾക്കു ലഭിച്ചതിനെ അവനുമൊത്ത്‌ പങ്കുവയ്‌ക്കണം. മനുഷ്യനെ മാത്രമല്ല, മൃഗങ്ങളെപ്പോലും അടിമകളാക്കരുത്‌.

നിങ്ങളുടെ ഇന്നത്തെ സത്‌കർമ്മത്തിന്റെ സത്‌ഫലം അടുത്ത തലമുറ അനുഭവിക്കട്ടെ. അപ്പനെ അപ്പെനെന്നു വിളിക്കുവാനുള്ള സ്വാതന്ത്ര്യമെങ്കിലും അവരനുഭവിക്കട്ടെ.

അപൂർണമായ, ന്യൂനതകളേറെയുള്ള ജ്ഞാനം കാലക്രമേണ പൂർണ ജ്ഞാനത്തിനു വഴിമാറും. അതാണിപ്പോൾ സംഭവിക്കാനിരിക്കുന്നത്‌. ഞാൻ, നമ്മുടെ സഭ, യോഹന്നാനെപ്പോലെയുള്ള നമ്മുടെ പൂർവ്വികർ നിമിത്തം മാത്രമാണ്‌. അപൂർണമായ ജ്ഞാനത്തെ ജ്വലിപ്പിച്ച്‌ പൂർണതയിലെത്തിക്കുവാനുള്ള നിമിത്തം. മാറ്റം അതനിവാര്യമാണ്‌. അത്‌ കർമഫലം കൂടിയാണ്‌. നമ്മൾ തുടങ്ങി വയ്‌ക്കുന്ന ഈ യുദ്ധം സമൂലമായ മാറ്റത്തിനു വേണ്ടിയാണ്‌. വിപ്ലവകരമായ മാറ്റത്തിനു വേണ്ടി. നമ്മുടെ പെണ്ണുങ്ങൾക്ക്‌ വഴി നടക്കണം. നമ്മുടെ വിയർപ്പിന്‌ അതിന്റെ വില കിട്ടണം. അതിനാദ്യം നമ്മുടെ പള്ളിയങ്കണങ്ങൾ വിമോചിതമാകണം. നമ്മുടെ ആരാധനാലയങ്ങളെ വീണ്ടും ആരാധനാലയങ്ങളാക്കണം. കള്ളക്കച്ചവടക്കാരേയും, ഇറച്ചിവെട്ടുകാരേയും പള്ളിയങ്കണത്തിൽ നിന്നും പുറത്താക്കണം. നമ്മുടെ സമരം അവിടെ നിന്നാരംഭിക്കട്ടെ. നിങ്ങളിൽ നിന്നും എഴുപത്തിരണ്ടു പേരെ തിരഞ്ഞെടുക്കുക. അതു നമ്മുടെ സൻഹേദ്രിനായിരിക്കും. അവർ എഴുപത്തിരണ്ടു ഗ്രമങ്ങളിൽ ചെല്ലട്ടെ. എഴുപത്തിരണ്ടു സുനഗോഗുകളിൽ വെളിച്ചം വിതറട്ടെ. അതു സംഭവിച്ചാൽ പിന്നെ എന്റെ ഊഴമായിരിക്കും. ഞാൻ ജറുസലേം ദേവാലയത്തിൽ പ്രവേശിക്കും. ദേവാലയം പിടിച്ചടക്കും. അന്നു മുതൽ സഭയുടെ ആസ്ഥാനം ജറുസലേം ദേവാലയമായിരിക്കും.

Generated from archived content: balyam5.html Author: suresh_mg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here