മഗ്ദലനക്കാരി മറിയം പ്രാർത്ഥനയിലായിരുന്നു. അവൾ അവൾക്കാറിയാവുന്ന ലോകത്തോടു മുഴുക്കെ നന്ദി പറയുകയായിരുന്നു. ഇത്തവണയും അവളുടെ പുറകിലെ കാൽ പെരുമാറ്റം അവൾ കേട്ടില്ല. “മറിയം, നീ ആർക്കുവേണ്ടിയാണ് പ്രാർത്ഥിക്കുന്നത്?” എന്ന ചോദ്യം അവൾ കേട്ടില്ല. അവളുടെ പുറകിൽ നിന്നയാൾ ഒന്നുകൂടി ഉച്ചത്തിൽ ചോദ്യമാവർത്തിക്കുവാൻ ശ്രമിച്ചു. അയാളുടെ ശാരീരിക സ്ഥിതി അതിനു സമ്മതിക്കുന്നതായിരുന്നില്ലയെങ്കിലും.
മഗ്ദലനക്കാരി മറിയം പുറകിലെ ശബ്ദം കേട്ടു. അവൾ തിരിഞ്ഞു നോക്കി. ആസകലം ചെളിവാരി പൊതിഞ്ഞതു പോലുള്ള ശരീരവുമായി ഒരുവൻ പുറകിൽ നിൽക്കുന്നതവൾ കണ്ടു. ചീർത്ത മുഖത്തുനിന്നും അവന്റെ നേരീയ കണ്ണുകൾ അവളെത്തന്നെ നോക്കുന്നത് അവൾ കണ്ടു. അവനാരെന്നറിയാതെ അവളുടെ മനസ്സിൽ ഒരു നിലവിളി പൊട്ടി.
മഗ്ദലനക്കാരി മറിയം അവനെ അറിഞ്ഞില്ല. അവൻ അവളുടെ ചുമലിൽ കൈവച്ചു. “മറിയം ഇതു ഞാനാണ്.” അവൻ പറഞ്ഞു. അവൾ അവന്റെ സ്വരം തിരിച്ചറിഞ്ഞു. “റബ്ബീ…. എന്റെ റബ്ബി….” അവളുടെ ശബ്ദം വീണ്ടും തേങ്ങലുകളിൽ മുങ്ങിപ്പോയി.
“മറിയം. ദുഃഖിക്കേണ്ട സമയമല്ലിത്. ഒട്ടൊന്നു കരഞ്ഞു തീർത്തവരല്ലേ നമ്മൾ. ഉണർന്നു പ്രവർത്തിക്കേണ്ട ദിനങ്ങളിൽ നമ്മുടെ സഭ എന്തു ചെയ്യുകയായിരുന്നു? സഭയെന്റെ മജ്ജയും മാംസവുമാണെന്ന് ഉത്‌ഘോഷിച്ചിരുന്ന അപ്പോസ്തലന്മാരെവിടെ? അവരും എന്തുകൊണ്ട് ഭയപ്പെട്ടു? ഞാൻ പിടികൂടപ്പെടുമെന്നും, അത് ഒരവസരമാക്കണമെന്നും സഭ തീരുമാനിച്ചിരുന്നതല്ലേ? തീരുമാനങ്ങൾ നിനക്കുമറിവുള്ളതല്ലേ? എന്റെ അഭാവത്തിൽ സഭയെ നയിക്കേണ്ടവനെ നിങ്ങൾ തിരസ്‌കരിച്ചുവെന്നോ? എന്നിലുള്ള വിശ്വാസം നിങ്ങൾക്കു നഷ്ടപ്പെട്ടുവെന്നല്ലേ അതിനർത്ഥം? അണികളെ ഒരുമിച്ചു നിറുത്തേണ്ട ചുമതലയുള്ളവർ പരസ്പരം തർക്കിക്കുന്നുവെന്ന് പലതവണ പലരും എന്നോടു സൂചിപ്പിക്കുകയുണ്ടായി. എന്നാൽ അവർ അവരുടെ പഴയ മനസ്സുകളെ മുഴുക്കെ മായിച്ചിട്ടില്ലെന്നു വിശ്വസിക്കുവാൻ എനിക്കു പ്രയാസമായിരുന്നു. ഇപ്പോഴും അങ്ങിനെത്തന്നെയാണ്. ഇസ്രയേലിയുടെ സ്ഥായിയായ വികാരം അവരുടെ മനസ്സിൽ നിന്നും കുടിയിറങ്ങാത്തതിൽ എനിക്കാകാംക്ഷയുണ്ടായിരുന്നു. എന്നാൽ അവരുടെ കഴിവിൽ എനിക്ക് വിശ്വാസവുമുണ്ടായിരുന്നു. അവരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുവാൻ കൂടിയാണ്, എന്റെ അഭാവത്തിലും സഭാ പ്രവർത്തനങ്ങൾക്ക്, സഭാതീരുമാനങ്ങൾക്ക് ഭംഗം വരില്ലെന്ന് ഉറപ്പു വരുത്തുവാൻ കൂടിയാണ് ഇങ്ങിനെയൊരു പദ്ധതി ആവിഷ്‌കരിച്ചത്. ഞാനതിൽ ഉറച്ചു നിന്നത്. എഴുപത്തി രണ്ടു സുനഗോഗുകൾ നിഷ്‌പ്രയാസം പിടിച്ചെടുത്ത സഭക്ക്, സഭാവിശ്വാസികളും, ജൂത വിശ്വാസികളും ഏറ്റവും മഹത്വമേറിയതെന്ന് കരുതുന്ന ജറുസലേം ദേവാലയം പിടിച്ചെടുക്കുവാനായില്ലെന്നോ? അപ്പോസ്തലന്മാർ ഓടിയൊളിച്ചുവെന്നോ? ഞാനെന്റെ സഭയുടെ അടിത്തറ പാറമേൽ തന്നെയല്ലേ പണിതത്? എന്റെ സഭയുടെ അടിത്തൂണുകളായിരുന്നു അപ്പോസ്തലന്മാർ. അവർ അവരുടെ പാദങ്ങളൂന്നിയിരുന്നത് പൂഴിമണ്ണിലായിരുന്നോ?”
കരുണയാർന്ന അവന്റെ കണ്ണുകളിൽ പാരവശ്യം നിറയുന്നത് അവൾ ശ്രദ്ധിച്ചു. അവന്റെ മനസ്സ് സഭക്കുവേണ്ടി, ഇസ്രായേലിക്കുവേണ്ടി കേഴുകയാണെന്ന് അവളറിഞ്ഞു. അവനെ ശാരീരികാസ്വാസ്ഥ്യങ്ങളെ അവൻ മറക്കുന്നത് അവൾ കണ്ടു. അവന്റെ ചിന്തകളിലിപ്പോഴും അടിമകളായ, അധക്യതരായ ഇസ്രയേലി മാത്രമാണെന്ന് അവളറിഞ്ഞു. അവൾ അവളുടെ ദ്യഷ്ടികൾ അവന്റെ മുഖത്തു തന്നെ ഉറപ്പിച്ചു. അവളുടെ ചുണ്ടുകൾ അവനോടെന്തു പറയേണ്ടൂ എന്നറിയാതെ വിതുമ്പി.
“മറിയം ഞാൻ സഭയുടേതാണ്. ഞാനീ മണ്ണിലേക്കു തിരിച്ചു വന്നത് സഭക്കുവേണ്ടിയാണ്. ഇസ്രയേലിക്ക് എന്നാലാവുന്നതു ചെയ്യുവാൻ വേണ്ടിയാണ്. അതിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. എനിക്കെന്റെ അപ്പോസ്തലന്മാരെ കാണണം. അവരെ ഒരു വട്ടത്തേക്കെങ്കിലും, എനിക്കുവേണ്ടി, ഒന്നിച്ചുകൂട്ടുകയെന്ന ആ ദൗത്യം നീ ഏറ്റെടുക്കണം. ഗലീലിയിലേക്കു താമസം മാറ്റുവാൻ അരീമഥ്യക്കാരൻ ജോസഫ് ഏർപ്പാടുകൾ ചെയ്തിരിക്കുന്നു. അവിടെ ഞാൻ നിന്റേയും അമ്മയുടേയും ഒത്ത് കുറച്ചു നാളുണ്ടാകും. പിന്നെ ഞാനിവിടുത്തെ എന്റെ ദൗത്യമവസാനിപ്പിച്ച് പൂർവദേശത്തേക്കു മടങ്ങും. ശേഷകാലം അവിടെ എന്റെ ആശ്രമത്തിൽ, ഗൗതമതെ വാക്കുകൾ പഠിച്ചും, പറഞ്ഞും, പഠിപ്പിച്ചും, എന്നാലാവുന്നത് മാനുഷ നന്മക്കായി ചെയ്തും കാലം കഴിക്കും. അവിടേക്കുള്ള യാത്ര സുഗമമായിരിക്കില്ലെന്ന് എനിക്കറിയാം. അരീമഥ്യക്കാരൻ ജോസഫും കിഴക്കുമായി കച്ചവട ബന്ധങ്ങളുള്ള നിക്കോദേമസും എന്റെ മടക്കയാത്രക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞു. നിക്കോദേമസിന്റെ സുഹ്യത്തും വ്യാപാരിയും ഭാരത ദേശവാസിയുമായ അബ്ബാനുമായി അവർ കൂടിയാലോചന നടത്തുന്നു. നിസിബിസിലെ രാജാവുമായും അവർ കത്തിടപാടുകൾ നടത്തുന്നു. അദ്ദേഹം സഭയോട് കൂറുള്ളവനത്രെ. എന്നാൽ അബ്ബാൻ രഹസ്യം പുറത്തുവിടുമോ എന്നുമവർ ഭയക്കുന്നു. അതുകൊണ്ടു തന്നെ പലയിടത്തും ഞാനാണെന്നു ജനം ധരിച്ചു വശായ തോമസിനെ അവനു അടിമയായി വിൽക്കുവാനും അതു വഴി നിസിബിസിലെത്താനുമാണവരുടെ പദ്ധതി. പട്ടാളക്കാരുടെ കണ്ണുവെട്ടിക്കുവാനും ഇതുപകരിക്കുമത്രെ. അവർ ഇതിനായി തോമസിനേയും അന്വേഷിക്കുന്നുണ്ട്. അവരുടെ പദ്ധതികൾ വിജയം കാണുകയാണെങ്കിൽ, ഞാനൊരു പക്ഷേ അമ്മയേയും എന്റെ കൂടെ കൂട്ടും. എന്നാൽ ആ യാത്രക്കു മുന്നേ എനിക്കെന്റെ അപ്പോസ്തലന്മാരെ ഒന്നുകൂടി കാണണം. ഒഴിഞ്ഞ ആ ഗലീലി കടപ്പുറത്ത് ഞാനവരെ കാണുവാൻ ആഗ്രഹിക്കുന്നുവെന്ന് അവരെ നീ അറിയിക്കണം.”
മഗ്ദലനക്കാരി മറിയത്തിന്ന് ഉരിയാടുവാനാകുന്നില്ല. അവൾ അവനെത്തന്നെ നോക്കി നിൽക്കുകയാണ്. അവൾ കാണുന്നത് സ്വപ്നമല്ലെന്നുറപ്പുവരുത്തുകയാണ്. അവന്റെ വാക്കുകൾ അമൃതവർഷമായനുഭവിക്കുകയാണ്.
“എന്റെ റബ്ബി…” അവളുടെ ശബ്ദം പുറത്തു വന്നത് അവളറിഞ്ഞു.
“മറിയം. എനിക്കിവിടെ അധിക സമയം ചിലവഴിക്കുവാനാകില്ല. മരണത്തേയോ, കയ്യഫായുടെ പടയാളികളേയോ എനിക്കു ഭയമില്ല. പക്ഷേ എന്നെ കുരിശിൽ നിന്നിറക്കിയവരുടെ ജീവനെങ്കിലും എനിക്കു രക്ഷിക്കണം. എന്റെ അപ്പോസ്തലന്മാരെ, ഒരു വട്ടം, ഒരു വട്ടത്തേക്കു മാത്രം കൂടിയെങ്കിലും ഒന്നിച്ചുകൂട്ടുവാൻ നീ ശ്രമിക്കണം.”
അവൻ നടന്നകലുന്നത് അവൾ നോക്കി നിന്നു.
ആൾ അരീമഥ്യക്കാരൻ ജോസഫിനെ കണ്ടു. അവൻ പ്രസന്നനായിരുന്നു. അവൾ വ്യാപാരിയായ നിക്കോദേമസിനെ കണ്ടു. അവന്റെ മുഖത്ത് സംത്യപ്തിയുണ്ടായിരുന്നു. അവൾ ശതാധിപൻ ലോൻജിനിസിനെ കണ്ടു. മഹത്തായ എന്തോ ചെയ്തു തീർത്ത ചാരിതാർത്ഥ്യം അവന്റെ മുഖത്തുണ്ടായിരുന്നു. കൂട്ടം തെറ്റിയ കുഞ്ഞാടുകളെ വീണ്ടും കൂട്ടം ചേർക്കേണ്ടതിനി അവളാണെന്ന് അവരോർമ്മിപ്പിച്ചു. അവളതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. അവൾ സെബിദി പുത്രരെ അന്വേഷിച്ചു. അവർ സഭയുപേക്ഷിച്ചുവെന്നും തങ്ങളുടെ പഴയ തൊഴിലായ മീൻ പിടുത്തത്തിൽ വ്യാപൃതരാണെന്നും അവളറിഞ്ഞു. അവൾ നഥയേലിനെ തിരഞ്ഞു. അവനും പത്രോസിന്റെ കീഴിൽ, സെബിദി പുത്രരെപ്പോലെ മുക്കുവരാകുവാൻ തീരുമാനിച്ചുവെന്ന് അവളറിഞ്ഞു. അവൾ റബ്ബിയുടെ അമ്മയുടെ വിശ്വസ്തനായ തോമസിനെ തിരഞ്ഞു. മുന്നോട്ടുള്ള വഴികൾ അടഞ്ഞിരിക്കുന്നതിനാൽ പത്രോസിന്റെ അടിമയായി മുക്കുവരുടെ സഹായിയായി അവൻ കഴിയുന്നുവെന്ന് അവളറഞ്ഞു. അവൾ പത്രോസിനെ കണ്ടു. റബ്ബി തിരിച്ചുവരുന്നുവെന്നും സഭ പുനരുജ്ജിവിപ്പിക്കണമെന്നും അവൾ അഭ്യർത്ഥിച്ചു. അവൻ വിശ്വസിച്ചില്ല. റബ്ബിയവരെക്കാണുവാൻ ഗലീലിയിലെത്തുമെന്ന് അവൾ വീണ്ടും പറഞ്ഞു. അസമ്പന്ധമെന്നവൻ അതിനെ വിശേഷിപ്പിച്ചു. മരിച്ചവർ തിരിച്ചുവരില്ലെന്ന് അവർക്കറിയാമായിരുന്നു.
അവർ വലയുമായി തിബെര്യാസ് കടലിലിറങ്ങി. അവർ തിരിച്ചു വന്നപ്പോൾ കടൽ തീരത്ത് ഒരു നസ്രായേൻ നിൽക്കുന്നത് അവർ ശ്രദ്ധിച്ചു. “ഇതു ഞാനാണ്” നസ്രായേൻ പറഞ്ഞു. ആ ശബ്ദം അവർക്കു പരിചിതമായിരുന്നു. അതു പ്രേതമാണെന്നവർ കരുതി. അവർ ഭയപെട്ടു.
അവർ കണ്ട കാഴ്‌ച അവർ അവരുടെ കൂട്ടുകാരെ അറിയിച്ചു. മറ്റ് അപ്പോസ്തലന്മാർക്കത്ഭുതമായി. മഗ്ദലനക്കാരി മറിയത്തിന്റെ ജൽപനങ്ങൾ അവരോർമ്മിച്ചു. അവരോട് ഗലീലി കടപ്പുറത്ത് ഒത്തുകൂടുവാൻ ആവശ്യപ്പെട്ടത് എന്തിനെന്നവർ വിസ്മയിക്കുവാൻ തുടങ്ങി. അപ്പോൾ അവർ കൂടിയിരുന്ന മുറിയുടെ വാതിൽ തുറന്ന് അവൻ അകത്തു പ്രവേശിച്ചു. അവർ വീണ്ടും ഭയപ്പെടുവാൻ തുടങ്ങി.
“റബ്ബീ… നീ ജീവനോടെ ഇരിക്കുക പ്രയാസം. നീ ജീവനുള്ള ഞങ്ങളുടെ റബ്ബി തന്നെയെന്ന് ഞങ്ങളെങ്ങിനെ വിശ്വസിക്കും?” തോമസ് ചോദിച്ചു.
“നിങ്ങൾ എന്തിന് അസ്വസ്ഥരാകുന്നു? നിങ്ങളുടെ ഹ്യദയത്തിൽ സംശയങ്ങൾ ഉദിക്കുന്നത് എന്ത്? ഇതു ഞാൻ തന്നെയാണ്. എന്റെ കൈകളും, കാലുകളും കാണുക. എന്നെ തൊട്ടു നോക്കുക. എനിക്കുള്ളതുപോലെ മാംസവും അസ്ഥികളും ഭൂതത്തിന്നില്ലല്ലോ?”
അവൻ അവന്റെ കൈകാലുകൾ അവർക്ക് കാണിച്ചു കൊടുത്തു.
തോമസ് അവന്റെ ഉള്ളം കൈയ്യിലെ മുറിവുകളിൽ തലോടി.
അപ്പോൾ അവൻ വീണ്ടും ചോദിച്ചു.
“ഇവിടെ നിങ്ങളുടെ പക്കൽ തിന്നാൻ വല്ലതുമുണ്ടോ?” അവർ ഒരു വറുത്ത മീൻ കഷണം അവന്നു കൊടുത്തു. അവൻ അതു ഭക്ഷിച്ചു.
അവർ സഭയെക്കുറിച്ചു സംസാരിച്ചു. കാണാതെപോയ അവന്റെ ശരീരമന്വേഷിച്ച് ജറുസലേമിൽ, റോമൻ പട്ടാളം തിരച്ചിൽ നടത്തുന്നത് അവനറിഞ്ഞു. സഭയുടെ എഴുപത്തിരണ്ടു സുനഗോഗുകളും റോമൻ പട്ടാളം തിരിച്ചു പിടിച്ചത് അവനറിഞ്ഞു. സഭയുടെ ഒളിത്താവളങ്ങളിൽ പാതിയിലധികവും കയ്യഫായും റോമൻ പട്ടാളവും തിരഞ്ഞു പിടിച്ചതായും അവനറിഞ്ഞു. “എന്നാലും, എന്റെ വിശ്വാസവും എന്റെ ആഗ്രഹങ്ങളും ഉലഞ്ഞിട്ടില്ല. സഭ മുന്നോട്ടു തന്നെ പോകണം. എന്റെ സമയമവസാനിച്ചിരിക്കുന്നു. ഇനി സഭയെ നയിക്കേണ്ടത് നിങ്ങളാണ്.”
“അപ്പോൾ നീ” അവർ ചോദിച്ചു.
“ഞാൻ എവിടെ നിന്നു വന്നോ അവിടേക്കു പോകുന്നു. ഈ ദൗത്യത്തിൽ ഞാൻ പരാജയപ്പെട്ടു എന്നു വേണമെങ്കിൽ പറയാം. അതെന്തെങ്കിലുമാകട്ടെ. എനിക്ക് തിരിച്ചുപോയേ പറ്റൂ. എന്റെ മഠം, എന്റെ ആശ്രമം അതെന്നെ കാത്തിരിക്കുന്നു. തിരിച്ചു ചെല്ലാമെന്ന് വാക്കുകൊടുത്തിട്ടാണ് ഞാനവിടെ നിന്നും പുറപ്പെട്ടിരുന്നത്.” അവൻ വിടവാങ്ങി.
നിക്കോദേമസും അബ്ബാനും തോമസിന്റെയടുത്തെത്തി. “ഇവനാണ് ഞാൻ പറഞ്ഞ അടിമ. ഒരു നല്ല മരാശാരികൂടിയാണിവൻ. ഗുണ്ടാഫേറസ് മഹാരാജന് ഇവനെ ഇഷ്ടപ്പെടും. എന്നാൽ പറഞ്ഞതനുസരിച്ച് വഴിക്കിവനെ നിസിബസിൽ കുറച്ചുകാലം താമസിപ്പിക്കണം.”
നിക്കോദേമസ് തോമസിനോടായി പറഞ്ഞു. “അവൻ നിന്നോടെല്ലാം പറഞ്ഞിരിക്കുമല്ലോ? തോമസ് നീ അവന്റെ അടിമയാണ്. നിന്നെ അവൻ ഇവന്റെ യാത്രക്കുള്ള ആവശ്യങ്ങൾക്കു വിനിയോഗിക്കുന്നു. നിന്നെ ഭാരതത്തിൽ നിന്നുമുള്ള വ്യാപാരി അബ്ബാന് കൈമാറുന്നു. അങ്ങിനെ നീ അവനു മുമ്പേ ഭാരതത്തിലെത്തും. ഭാരതത്തിൽ മഹാരാജൻ ഗുണ്ടാഫേറസ് ഒരു നല്ല മരാശാരിയെ തിരയുകയാണത്രെ. അവന്റെ പുതിയ കൊട്ടാരം പണിയുവാനായി. നീ നല്ലൊരു മരാശാരിയാണല്ലോ. അബ്ബാൻ നിന്നെ ഗുണ്ടാഫേറസിനു കൈമാറും.” നിക്കോദേമസ് പുതിയ പദ്ധതികളുടെ ചുരുളഴിച്ചു.
“ഹീബ്രൂപോലും ശരിക്കറിയാത്ത ഞാൻ….. ഭാരതത്തിൽ എന്തു ചെയ്യും?” തോമസ് എതിർപ്പു പ്രകടിപ്പിച്ചു.
“ഇത് സഭയുടെ തീരുമാനമാണ്” അവസാന വാക്ക് നിക്കോദേമസിന്റെതായിരുന്നു.
നിസിബിസിലെ രാജന്റെ കത്ത് നിക്കോദേമസ് അവനു നൽകി. തന്റെ രാജ്യത്തിലേക്ക് സ്വാഗതം, നിസിബിസിലെ രാജൻ എഴുതിയിരിക്കുന്നു.
യാത്രക്കുള്ള സമയമായി. അപ്പോസ്തലന്മാരെ ബഥേനിയാവരെ അവൻ കൂട്ടിക്കൊണ്ടു പോയി. ബഥേനിയായിലെ മലയടിവാരം വരെ അവനെ അവർ അനുഗമിച്ചു. അവൻ മലമുകളിലേക്ക് ആരോഹണം ചെയ്തു. കുന്നിന്റെ അങ്ങേച്ചെരിവിലേക്ക് അവൻ അപ്രത്യക്ഷനാകുന്നത് അവൻ നോക്കി നിന്നു.
==============================
അവസാനിച്ചു.
Generated from archived content: balyam21.html Author: suresh_mg