നിങ്ങൾ ചെന്ന് അവന്റെ ശിഷ്യന്മാരോടും പത്രോസിനോടും പറയുക. അവൻ നിങ്ങൾക്കു മുമ്പേ ഗലീലിയയിലേക്കു പോകുന്നു. അവിടെ അവനെ നിങ്ങൾ കാണും.
അവർ കല്ലറയിൽ നിന്നിറങ്ങിയോടി. വിറയലും അമ്പരപ്പും അവരെ ബാധിച്ചിരുന്നു. ഭയചകിതയായിരുന്നതിനാൽ അവർ ആരോടും ഒന്നും പറഞ്ഞില്ല.
താൻ കണ്ടത് സത്യമാണോ എന്നറിയാതെ അവൾ പരവശയായി. ദൈവമേ ഞാൻ കണ്ടതു സത്യമായിരിക്കണേ. ഞാൻ കണ്ടതു സത്യമാണോ എന്നാരോടു ചോദിക്കും? ഞാൻ കണ്ട കാഴ്‌ച അരോടെങ്കിലും പറയാമോ? എന്റെ റബ്ബീ, നിന്നെ കുരിശിൽ നിന്നിറക്കുമ്പോഴും, കല്ലറയിൽ കിടത്തുമ്പോഴും കല്ലറ വാതിലടക്കുമ്പോഴും ഞാനുണ്ടായിരുന്നല്ലോ? അപ്പോഴൊന്നും നിന്റെ ശരീരത്തിൽ ജീവനുണ്ടെന്ന് ഞാനറിഞ്ഞില്ലല്ലോ? അറിഞ്ഞിരുന്നെങ്കിൽ, നിന്നെ ശുശ്രൂഷിക്കുവാനായി ആ കല്ലറക്കകത്ത് ഞാനിരിക്കുമായിരുന്നല്ലോ. അതോ നിന്റെ ചേതനയറ്റ ശരീരം ആരുമറിയാതെ അവരെടുത്തു മാറ്റിയതാണോ? തോട്ടക്കാരനെപ്പോലെ മേലാസകലം പച്ചിലകളാൽ പൊതിഞ്ഞ് നടന്നുപോയത് നീയ്യല്ലെയോ? നീയ്യല്ലെന്നുണ്ടോ? എന്റെ റബ്ബീ, നിന്റെ മൃതദേഹത്തെപ്പോലും അവർ വെറുതെ വിടില്ലേ?
അവൾ പ്രാർത്ഥനയിലായിരുന്നു. കണ്ണുനീർ ഉണങ്ങുന്നില്ല. പുറത്ത്, ആഴ്‌ചയുടെ ആദ്യ ദിനത്തിന്റെ ആനന്ദം തുളുമ്പിത്തുടങ്ങിയത് അവളറിഞ്ഞിട്ടില്ല. പുറത്ത് അരീമഥ്യക്കാരൻ ജോസഫിന്റെ കാൽപെരുമാറ്റം അവളറിഞ്ഞിട്ടില്ല. അരീമഥ്യക്കാരൻ ജോസഫ് അവൾക്കു സമീപം വന്നു. അവൻ അവളെ വിളിച്ചു. അവൾ കേട്ടില്ല. അവൻ വീണ്ടും വിളിച്ചു. അവന്റെ സ്വരം കേട്ട് അവൾ മുഖമുയർത്തി. അവൾ അവനെ സൂക്ഷിച്ചു നോക്കി. അവന്റെ മുഖം പ്രസന്നമാണ്. അരീമഥ്യക്കാരൻ ജോസഫ്, നീയ്യും സഭാവിശ്വാസിയാണല്ലോ. റബ്ബിയുടെ സുഹ്യത്തുമാണല്ലോ. സൻഹേദ്രീനിൽ കയ്യഫാക്കെതിരായി, റബ്ബിക്കുവേണ്ടി നിന്നത് നീ മാത്രമായിരുന്നല്ലോ. റബ്ബിയുടെ വേർപാടിൽ നിനക്കു ദുഃഖമില്ലേ?
അരീമഥ്യക്കാരൻ ജോസഫ് അവളുടെ അടുത്തു നിന്നു. “നീയ്യെന്തിനു കരയുന്നു?” അവൻ ചോദിച്ചു. അവൾക്കുത്തരമില്ല. “കരയേണ്ട സമയം കഴിഞ്ഞുവല്ലോ. ഇപ്പോൾ ആനന്ദിക്കേണ്ട സമയമാണ്. ഉണർന്നു പ്രവർത്തിക്കേണ്ടതും.” അവൻ പറഞ്ഞു. അവൾക്കു മനസ്സിലായില്ല. “നീ കണ്ടതും കേട്ടതും സത്യമാണ്.” അവൻ തുടർന്നു. അവളുടെ ദ്യഷ്ടികളവനിൽ നിന്നും പറിച്ചെടുക്കുവാൻ അവൾക്കായില്ല. “ഞാൻ പറഞ്ഞതു നിനക്കു മനസ്സിലായില്ലെന്നുണ്ടോ?” ജോസഫ് ചോദിച്ചു. അവൾക്കു മനസ്സിലായില്ല. മനസ്സിലായിട്ടില്ല. മനസ്സിലാക്കുവാനുള്ള മാനസികാവസ്തയിലല്ലിപ്പോളവൾ. ജോസഫ് അവളെത്തന്നെ നോക്കി നിൽക്കുകയാണ്. അവൾക്കിനിയും മനസ്സിലാകുന്നില്ലേ? “മറിയം, രാത്രിയിൽ നീ കണ്ടതും കേട്ടതും സ്വപ്നമല്ല. സത്യമാണ്.” അവൻ വീണ്ടും നിറുത്തി. അവളുടെ കാതുകൾ തുറന്നു. ഉള്ളിൽ നിന്നൊരു തേങ്ങൽ, ഒരു വിതുമ്പൽ, സന്തോഷത്തിന്റെ ഒരല, എന്തുപറയണമതിനെ? അറിയില്ല. അവൾ അവനെത്തന്നെ നോക്കുകയാണ്. അവൻ ദുഃഖിതനല്ല. അവൻ സന്തോഷവാനാണ്. സന്തോഷമല്ല. ഒരു നിർവ്യതി. മഹത്തായ എന്തോ ഒന്നു ചെയ്തു തീർത്ത നിർവ്യതി. ചെയ്യാനാഗ്രഹിച്ച കഠിനമായ ഒരു ജോലി പൂർണമായ ക്യത്യതയോടെ ചെയ്തു തീർത്ത നിർവ്യതി. അവളതു ശ്രദ്ധിച്ചു. എന്തോ സംഭവിച്ചിരിക്കുന്നു. അവളുടെ ശബ്ദം എവിടേയോ കുടുങ്ങിക്കിടക്കുന്നു. “ഞാൻ പറഞ്ഞതു നീ കേട്ടില്ലേ മറിയം…. നീയ്യവിടെ വന്നിരുന്നുവെന്ന് എനിക്കറിയാം. എന്നോടവർ പറഞ്ഞു. അന്നേരം നീയ്യവിടെ എന്തിനു വന്നുവെന്ന് എനിക്കറിയില്ലെന്നു പറഞ്ഞാൽ അത് അസത്യമായിരിക്കും. നീയ്യവിടെ ഏതു നിമിഷവും വരാമെന്ന് ഞങ്ങൾക്കൊക്കെ അറിയാമായിരുന്നു. ഞങ്ങളൊക്കെ പ്രതീക്ഷിച്ചിരുന്നു. ഞങ്ങൾ പ്രതീക്ഷിച്ചതിലും വൈകിയാണു നീ എത്തിയതെന്നു മാത്രം. മറിയം, നീ അവിടെ കണ്ടതും കേട്ടതും സത്യമാണ്.” അവൻ പിന്നേയും നിറുത്തി. “നീ ആരോടെങ്കിലും അതു പറഞ്ഞോ?” അവൻ ചോദിച്ചു.
ഇല്ലെന്നവൾ തലയാട്ടി.
“അടുത്തവരെയെങ്കിലും അറിയിക്കണം. അടുത്തവരോടു മാത്രം മതി. അടുത്തവരെന്നു പറയുമ്പോൾ അപ്പോസ്തലന്മാരിൽ തന്നെ തിരഞ്ഞെടുത്തവരോടു മാത്രം. അതിൽ ചിലരെയെല്ലാമിത് അറിയിക്കാതിരിക്കുകയായിരിക്കും നല്ലതെന്ന് എനിക്കു തോന്നുന്നു. പത്രോസിനെ അറിയിക്കേണമോ എന്നതിൽ ഇപ്പോഴും സഭയിൽ രണ്ടഭിപ്രായമുണ്ട്.”
അവൾ കേൾക്കുന്നുണ്ട്. എന്നാൽ അവൾക്കൊന്നും മനസ്സിലാകുന്നില്ല. ഒരു കണ്ണാടിയിൽ പതിക്കുന്ന സൂര്യ രശ്മിപോലെ ജോസഫിന്റെ ശബ്ദം അവളുടെ കർണ്ണപടങ്ങളിൽ നിന്നും പ്രതിഫലിച്ചു. അവൾ അവനെത്തന്നെ നോക്കിയിരുന്നു. എന്റെ കാതുകളെ ഞാൻ വിശ്വസിക്കണമെന്നോ? “എന്റെ റബ്ബീ… എനിക്കവനെ കാണണം..” അവൾ വിതുമ്പി.
“ആയില്ല. സമയമായില്ല. സമയമാകുമ്പോൾ അവൻ നിന്റെയടുത്തു വരും. അവൻ ഇന്നുകൂടി വിശ്രമിക്കട്ടെ. അവന്റെ ശരീരമാസകലം മുറിവുകളാണെന്ന് നിനക്കറിയാമല്ലോ. മാത്രമല്ല, ഇന്ന് അവനു വേണ്ടി തിരച്ചിലുണ്ടാകും. ഇപ്പോഴവൻ അധികാരികളുടെ കയ്യിൽ പെടുന്നത് നല്ലതിനായിരിക്കയില്ല. അവനു മാത്രമല്ല. നമ്മൾക്കും. രാജ്യദ്രോഹമാണ് അവർ അവനു മുകളിൽ ചാർത്തിയിരിക്കുന്ന കുറ്റം. അതിന്നാണവർ അവനു മരണ ശിക്ഷ വിധിച്ചത്. അങ്ങിനെ ശിക്ഷ വിധിച്ചവനെ രക്ഷപ്പെടുത്തിയെന്നു വന്നാൽ ഭരണകൂടം നമ്മേയും വെറുതെ വിടില്ല. നമ്മളെ എന്തും ചെയ്തുകൊള്ളട്ടെ. എന്നാൽ നമുടെ അഭ്യർത്ഥന മാനിച്ച് അവനെ രക്ഷപ്പെടുത്തുവാനായി കൂട്ടിനു വന്ന മറ്റു ചിലരുണ്ട്. അതിൽ തന്നെ ചിലർ അവരെന്താണു ചെയ്യുന്നത് എന്നറിയാതെയാണതു ചെയ്തത്. അവരുടെ സുരക്ഷയെങ്കിലും നമ്മൾ നോക്കേണ്ടതുണ്ട്.”
“ഒരു നോക്ക്. ജോസഫ്… ഒരു നോക്ക് കാണുവാനുള്ള അനുവാദം എനിക്കു തരണം.”
“ഇന്ന് അവന്റെ സംസ്‌കാരച്ചടങ്ങുകൾ നടത്തേണ്ടുന്ന ദിനമാണ്. അതുകൊണ്ടു തന്നെ കല്ലറയിൽ നിന്നും അവനെ കാണാതായ വിവരം ഇപ്പോൾ നാട്ടിൽ കാട്ടുതീ പോലെ പടരും. എന്തു സംഭവിച്ചു എന്നുള്ള ചോദ്യം ആദ്യം ചോദിക്കുന്നത് എന്നോടായിരിക്കും. എന്തുത്തരം പറയണമെന്ന് എനിക്കിപ്പോഴും അറിയില്ല.” ജോസഫ് നിറുത്തി. അവന്റെ പ്രസന്നതക്കിപ്പോൾ മങ്ങലേറ്റിരിക്കുന്നു. അവന്റെ മനം ആലോചനയിലാണ്. അവൻ തിരിച്ചു നടന്നു.
“നീ എന്തു ചെയ്യുവാൻ പോകുന്നു?” മറിയം ചോദിച്ചു.
“ആദ്യം അവനെ തികച്ചും സുരക്ഷിതമായ ഒരിടത്തേക്കു മാറ്റണം. നീ ഇപ്പോൾ എനിക്കും അവനും സഭക്കും ചെയ്യേണ്ടുന്ന ഒരുപകാരമുണ്ട്. അപ്പോസ്തലന്മാരെ ഗലീലി കടപ്പുറത്തു വച്ച് കാണണമെന്ന് അവൻ ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. അപ്പോസ്തലന്മാരെ തിരഞ്ഞു പിടിച്ച് അവരെ നീ വിവരമറിയിക്കണം. ഗലീലി കടപ്പുറത്ത് അവരൊരു അത്ഭുതം കാണുവാൻ പോകുന്നു എന്നു മാത്രം അവരെ അറിയിക്കുക. അവൻ തിരിച്ചു വരും വരേക്കും സഭയെ നയിക്കുവാനായി അവൻ നിശ്ചയിച്ചിരുന്നത് യൂദാ ഇസ്‌കറിയാത്തിനെയാണ്. നിർഭാഗ്യവശാൽ അവൻ ഇപ്പോൾ നമ്മോടൊത്തില്ല. അതുകൊണ്ട് ചങ്ങലകൾ അറ്റുപോകാതിരിക്കുവാനുള്ള ഉത്തരവാദിത്വം നീ ഏറ്റെടുക്കണം. നിനക്കേ ഇപ്പോൾ അതിനു കഴിയുകയുള്ളു.”
മറുപടിക്കു കാക്കാതെ അവൻ നടന്നു.
“ഗലീലി കടൽ തീരത്ത് അപ്പോസ്തലന്മാർ കാണാനിരിക്കുന്ന അത്ഭുതം അതിനു മുമ്പേ എനിക്കു കാണാനാകുമോ?” പതിഞ്ഞതെങ്കിലും ഉറച്ച സ്വരത്തിൽ അവൾ വിളിച്ചു ചോദിച്ചു. അരീമഥ്യക്കാരൻ ജോസഫ് അതു കേട്ടു. അവൻ തിരിഞ്ഞു നിന്നു. അവന്റെ മുഖത്തേക്ക് സുന്ദരമായ ഒരു പുഞ്ചിരി മടങ്ങിയെത്തി. “ആകും. ആ അത്ഭുതം ഈ ലോകത്തിലിനി ആദ്യം കാണുന്നത് നീയായിരിക്കും.” അവളുടെ മുഖഭാവം ശ്രദ്ധിക്കാതെ അവൻ നടന്നകന്നു.
എന്റെ പ്രാർത്ഥനകൾ നീ കേട്ടിരിക്കുന്നുവല്ലോ. എന്റെ കർത്താവേ നിനക്കായിരം നന്ദി. ഞാനെത്ര അനുഗ്രഹീതയാണ്. ഞാനാരോടീ സന്തോഷം പങ്കുവയ്‌ക്കും. ഞാനിപ്പോളിത് ആരോടെങ്കിലും പറഞ്ഞാൽ അത് കൂടുതൽ അപകടത്തിന് വഴിയൊരുക്കുമോ? അവൾ മുട്ടു കുത്തി. ദ്യഷ്ടികൾ മേൽപോട്ടാക്കി. കൈകൾ ആകാശത്തേക്കുയർത്തി. അവളുടെ കർത്താവിനു നന്ദി പറഞ്ഞു.
അവൾ കണ്ണു തുറന്നപ്പോൾ ചെറുയാക്കോബിന്റേയും യോസേയുടേയും അമ്മയായ മറിയം അവളെത്തന്നെ നോക്കി നിൽക്കുന്നതു കണ്ടു. അവൾ മഗ്ദലനക്കാരി മറിയത്തിന്റെ അടുത്തു വന്നു. അവൾക്കഭിമുഖമായി മുട്ടുകുത്തി. അവളുടെ തോളിൽ കൈകൾ വച്ച് പറഞ്ഞു തുടങ്ങി. “നിന്റെ ദുഃഖം, അതു മറ്റുള്ളവരേക്കാൽ പത്തിരട്ടിയാണെന്ന് ഞാനറിയുന്നു. പക്ഷേ തിരിച്ചു വരവില്ലാത്ത ഒരു യാത്രയാണവൻ പുറപ്പെട്ടത്. അവനെ രക്ഷിക്കേണ്ട കടമയുള്ളവരെല്ലാം അവനെ വിട്ട് ഓടിപ്പോകയും ചെയ്തു. മറിയമേ, നീ അവന്റെ നിഴലായിരുന്നു. അവന്റെ മനം അവന്റെ അമ്മയേക്കാളേറെ ഒരു പക്ഷേ നീയറിഞ്ഞു. ഇപ്പോൾ നിന്റെ ദൗത്യം കരയുകയല്ല. ദുഃഖിതയായ അവന്റെ അമ്മയേയും മറ്റുള്ളവരേയും സമാധാനിപ്പിക്കുകയാണ്. സഭയുടെ ദീപം അണയാതിരിക്കേണ്ടതുണ്ട്. അതിനിനി നിനക്കു മാത്രമേ ആകുകയുള്ളു.”
മഗ്ദലനക്കാരി മറിയം അവളെ നോക്കി. മിഴികൾ പരസ്പരം മിഴിനീരൊപ്പി. ഒരു നീണ്ട മൗനത്തിനു ശേഷം മഗ്ദലനക്കാരി മറിയം പറഞ്ഞു. “ഇന്ന് ആഴ്‌ചയിലെ ആദ്യ ദിനമാണ്. ജൂത വിധി പ്രകാരം അവന്റെ ശരീരം സംസ്‌കരിക്കുവാൻ അരീമഥ്യക്കാരൻ ജോസഫ് നിശ്ചയിച്ച ദിവസം. അവന്റെ ഈ യാത്രയും കാണുവാൻ ഞാനാഗ്രഹിക്കുന്നു. അതുകൊണ്ടു തന്നെ നമുക്ക് കല്ലറയുടെ അടുത്തേക്കു പോകാം.”
മറ്റേ മറിയം സമ്മതിച്ചു. അവർ നടന്നു. വഴിയിൽ അവർ ശീമയോൻ പത്രോസിനെ കണ്ടു. നിങ്ങളെങ്ങോട്ടു പോകുന്നുവെന്ന് അവൻ ചോദിച്ചു. റബ്ബിയുടെ അവസാനയാത്രക്കു സാക്ഷ്യം വഹിക്കുവാനെന്നവർ ഉത്തരം പറഞ്ഞു. അവൻ അവരുടെ കൂടെ കൂടി.
കല്ലറയിലെത്തും മുമ്പേ മറ്റു ചില സഭാ വിശ്വാസികളും അവരോടൊത്തുകൂടി. മലയിറങ്ങി ജോസഫിന്റെ കല്ലറയിലെത്തിയ അവർ ആശ്ചര്യപ്പെടുവാൻ തുടങ്ങി. റബ്ബിയുടെ കല്ലറ വാതിൽ ആരോ തുറന്നിരിക്കുന്നു. റബ്ബിയുടെ ശരീരം കല്ലറയിൽ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. നേരം വെളുക്കുന്നതിനു മുമ്പ് ആരിതു ചെയ്തു? അവർ പരസ്പരം ചോദിച്ചു. എന്തു പറ്റിയെന്നറിയുവാൻ ശീമയോൻ പത്രോസ് കല്ലറക്കുള്ളിലിറങ്ങി. റബ്ബിയുടെ ശരീരം പൊതിഞ്ഞിരുന്ന ലിനൻ കച്ചയല്ലാതെ അതിനകത്ത് ഒന്നുമുണ്ടായിരുന്നില്ല.
ഒരു സഭാവിശ്വാസിയും അവന് വിധിപ്രകാരമുള്ള ഒരു സംസ്‌കാരം നിഷേധിക്കുകയില്ല. അവരിൽ ആരോ പറഞ്ഞു. അവന്റെ സംസ്‌കാര സമയത്ത് ജനങ്ങളിളകിവശാകാതിരിക്കുവാൻ കയ്യഫായും കൂട്ടരും ചെയ്തതാണിത്. മറ്റൊരുവൻ ഏറ്റു പറഞ്ഞു. അതിനർത്ഥം കയ്യഫായുടെ ദേഷ്യം അടങ്ങിയിട്ടില്ല എന്നാണ്. സഭാ വിശ്വാസികളെ അവൻ ഇനിയും പീഢിപ്പിക്കുമെന്നാണ്.
അവൻ മഹാനായിരുന്നുവെന്നു വരുത്തിത്തീർക്കുവാനും, അവനെ കയ്യഫാ അപമാനിച്ചുവെന്നു വരുത്താനും, ജനങ്ങളെ കയ്യഫാക്കെതിരെ തിരിക്കുവാനും നസ്രായേർ ചെയ്ത വേലയാണിത്. കൂട്ടത്തിൽ നിന്നുമാരോ ഉറക്കെപ്പറഞ്ഞു. ജനം ശബ്ദം കേട്ടിടത്തേക്കു നോക്കി. പറഞ്ഞവന്റെ കൂടെ നിന്നവർ അതു ശരി വച്ചു. അതിനനുവദിക്കരുത്. ഇവർ രാജ്യദ്രോഹികളാണ്. ഇസ്രായേലിനും സീസറിനുമെതിരെ ഒളിയുദ്ധം ചെയ്യുന്നവർ. ഇവർ വളരുന്നത് നാടിന്റെ കെട്ടുറപ്പിന്നാപത്താണ്. ജനക്കൂട്ടത്തിലൊരു ഭാഗം അടക്കം പറയുവാൻ തുടങ്ങി. അരോ പറഞ്ഞറിഞ്ഞ് നാലൻഞ്ചു പട്ടാളക്കാരുമെത്തി. അവർ ചാട്ടവീശി ജനക്കൂട്ടത്തെ പിരിച്ചു വിട്ടു.
മഗ്ദലനക്കാരി മറിയം കല്ലറക്കടുത്തു തന്നെ നിൽക്കുകയായിരുന്നു. പട്ടാളക്കാരിൽ ഒരുവൻ അവളെ അധിക്ഷേപിച്ചു. അവൾക്കു നേരേയും ചാട്ട വീശി. “വേഗം….” അവൻ അവളെ അസഭ്യത്താൽ അഭിഷേകം ചെയ്തു. അവൾ നടന്നു. തോട്ടത്തിന്റെ പിൻഭാഗത്ത്, കുറ്റിക്കാടുകൾ നിറഞ്ഞിടത്ത് അവൾ മുട്ടുകുത്തി. വിണ്ടും പ്രാർത്ഥനാ നിരതയായി. അവളുടെ കണ്ണുകളിൽ നിന്നും ജലധാരയൊഴുകി. അരീമഥ്യക്കാരൻ ജോസഫിനും അവന്റെ കൂട്ടുകാർക്കും നന്ദി. കർത്താവെ, സ്വന്തമെന്നു കരുതിയവർ സ്വന്തം കർത്തവ്യം മറന്നപ്പോൾ, സ്വജീവനെപ്പോലും മറന്ന് റബ്ബിയുടെ ജീവൻ കാത്ത അവർക്കായിരം നന്ദി. അതിനവർക്കു മനം നൽകിയ നിനക്കു നന്ദി. അവരെ വിജയത്തിലെത്തിച്ച നിന്റെ കനിവിനു നന്ദി. അരീമഥ്യക്കാരൻ ജോസഫ്, നിന്റെ വാക്കുകൾ സത്യമായിരിക്കട്ടെ. ആ അത്ഭുതം ഏറ്റവും ആദ്യം കാണുന്നത് ഞാനായിരിക്കട്ടെ. ഗലീലിയിലേക്ക് അവനെ മാറ്റും മുമ്പ് ഒരു നോക്കെനിക്കവനെ കാണണം. അവന്റെ മുറിവുകളിൽ തൈലം പുരട്ടി അവന്റെ വേദനകൾക്കു സ്വാന്തനമായി ഒരു നിമിഷം എനിക്കു കഴിയണം.
Generated from archived content: balyam20.html Author: suresh_mg
Click this button or press Ctrl+G to toggle between Malayalam and English