ഒന്ന്‌ – ബാല്യം (ഭാഗം-2)

പന്ത്രണ്ടു വർഷം മുമ്പ്‌ ഒരു രാത്രിയിൽ വാതിൽക്കൽ മുട്ടിയ ഹസന്റെ മുഖം ജോസഫിനോർമ്മയുണ്ട്‌. ഹസൻ, ഗ്രാമത്തിലെ സുനഗോഗിലെ ഹസൻ. ജോഷിം എന്ന അദ്ദേഹത്തിനെ പേർ അധികമാർക്കും അറിയില്ല. സഫേറിസ്സ്‌ ഗ്രാമം മുഴുകെ അദ്ദേഹത്തെ ഹസനെന്നു മാത്രം വിളിച്ചു. അദ്ദേഹം വിതുമ്പുകയായിരുന്നു. ഭയം അദ്ദേഹത്തെയപ്പാടെ വിഴുങ്ങിയിരിക്കുന്നു. വിതുമ്പലുകൾക്കിടയിൽ നിന്നും …. മറിയ… അവർ… എന്റെ മകൾ… എന്നു മാത്രം ജോസഫ്‌ മനസ്സിലാക്കി.

ജോസഫ്‌ അദ്ദേഹത്തോടൊന്നിച്ചു നടന്നു. ഇരുട്ടായിരുന്നു. പള്ളിക്കടുത്തെത്തുമ്പോഴേക്കും കുതിരച്ചാണത്തിന്റെ രൂക്ഷഗന്ധം ജോസഫിന്റെ ശ്വാസനാളിയിലെത്തി. പള്ളിക്കരികിലെ ഒരു കൊച്ചു കൂരയിലാണ്‌ ഹസനും കുടുംബവും താമസിച്ചിരുന്നത്‌. പള്ളിയുടെ ചുറ്റുവേലി തകർക്കപ്പെട്ടിരിക്കുന്നു. … ആര്‌… ജോസഫ്‌ ചോദിച്ചു…. ഹസൻ ഒരടി മുന്നോട്ടു വച്ചില്ല. കാലുകളിൽ ഘനം കെട്ടിയിട്ടതുപോലെ അയാൾ നിന്നു. അയാൾ കരയുകയാണ്‌. വാവിട്ടു കരയുകയാണ്‌. … എന്റെ മറിയ… ജോസഫ്‌… എന്റെ മറിയ…..

ജോസഫ്‌ നടന്നു. പള്ളിയുടെ വാതിൽ തകർത്തിരിക്കുന്നു. അൾത്താരക്കടുത്തുണ്ടായിരുന്ന ഭൺഢാരപ്പെട്ടി അപ്രത്യക്ഷമായിരിക്കുന്നു. അൾത്താര തന്നെ വികൃതമാക്കപ്പെട്ടിരിക്കുന്നു. തന്റെ കൈകൊണ്ടു മോടി പിടിപ്പിച്ചതാണീ പള്ളിയങ്കണം. ഇപ്പോഴിവിടെ അയാൾ കാണുന്നത്‌ കൊത്തിയരിഞ്ഞിട്ടിരിക്കുന്ന മര ഉരുപ്പുടികൾ മാത്രം. ഇരിപ്പടങ്ങൾ പോലും തകർത്തിരിക്കുന്നു. ജോസഫ്‌ പുറത്തു കടന്നു.

ഒരു സ്ര്തീയുടെ തേങ്ങൽ അയാളെത്തേടിയെത്തി. ജോസഫ്‌ ഹസന്റെ കൂരയിലേക്കു നീങ്ങി. പുറത്ത്‌ കുതിരക്കുളമ്പടിയുടെ അടയാളങ്ങൾ ഇരുട്ടിലുമയാൾ കണ്ടു. അകത്തു കടന്നു. നിലത്ത്‌ വെള്ളം തട്ടിക്കളഞ്ഞിരിക്കുന്നു. മുറിയുടെ മൂലയിൽ നിന്നും വീണ്ടും തേങ്ങലുയർന്നു. മറിയ. ജോസഫ്‌ അവളെ കണ്ടു. പാതിയിലേറെ നഗ്നയാണവൾ. ജോസഫ്‌ തന്റെ മേലങ്കിയെടുത്ത്‌ അവളെ ധരിപ്പിച്ചു. അവളെ എഴുന്നേൽപിച്ചു. പരമകാരുണ്യവാനായ ദൈവം തമ്പുരാനേ….. ജോസഫ്‌ എല്ലാമറിയുന്നു. നീ ഇവളോടെന്തിനീ ക്രൂരത കാണിച്ചു. അതും നിന്റെ തിരുമുറ്റത്തു വച്ച്‌.

സെഫോറിസ്‌ കരയുന്ന ശബ്ദം ജോസഫിന്റെ ചെവിയിലെത്തി. കുതിരകളുടെ കുളമ്പടിയും ചിന്നം വിളിയും. കുടിലുകൾ കത്തിയമരുന്നു. തീ ഇരുട്ടിനെ കീറി മുറിച്ച്‌ റോമൻ പടയാളികൾക്ക്‌ വെളിച്ചം കാട്ടുന്നു.

“……..ഹസൻ……..” അയാൾ വിളിച്ചു. ഹസന്റെ തേങ്ങലുകൾ അടുത്തെത്തി.

“റോമൻ ആക്രമികളാണ്‌ … പാന്ഥേര… അവനാണിന്ന്‌ …….. എന്റെ മോളെയവൻ… അതും എന്റെ കണ്മുന്നിലിട്ട്‌…..” ഹസൻ നിലത്തിരിന്നു.

ജോസഫ്‌ മറിയയെയെടുത്ത്‌ പുറത്തു കടന്നു. പതിനഞ്ചായികാണില്ലയവൾക്ക്‌. പുറത്ത്‌ അവളുടെ അമ്മ ബോധമറ്റു കിടക്കുന്നു. “…. ഹസൻ …. ” ജോസഫ്‌ വീണ്ടും വിളിച്ചു. ഹസൻ തലപൊക്കി. “അമ്മയെ എടുക്കൂ… നമുക്കെന്റെ വീട്ടിലേക്കു പോകാം.”

സെഫോറിസിന്റെ പാതിയിലധികവും നശിച്ചത്‌ വെളുപ്പിനേ ജോസഫറിഞ്ഞു. മറിയ ഉറങ്ങുകയാണ്‌. ഉദിച്ചുയരുന്ന സൂര്യനെകാണുകയാണ്‌ ഹസൻ. എന്നും മൂന്നു നേരം പ്രാർത്ഥനക്കു നേത്യത്വം നൽകുന്ന ഹസൻ ഇന്ന്‌ പ്രാർത്ഥനാ സമയം മറന്നിരിക്കുന്നു. ജോസഫ്‌​‍്‌ അദ്ദേഹത്തെ കുലുക്കി വിളിച്ചു. “ഷിചാരിത്തിന്റെ സമയം കഴിഞ്ഞുവല്ലോ…” ജോസഫ്‌ പറഞ്ഞു. ഹസൻ ജോസഫിനെ തുറിച്ചു നോക്കി.

മിഞ്ചയുടെ സമയമായിട്ടും ആരും എഴുന്നേറ്റില്ല. അവരെ അന്വേഷിച്ച്‌ ഗ്രാമത്തിലെ ആരും എത്തിയതുമില്ല. ആരുമൊന്നും ഉരിയാടുന്നില്ല. ജോസഫ്‌ പടിയിറങ്ങി. ഒന്നു കുളിച്ചിട്ടുപോലുമില്ല. എരിഞ്ഞമരുന്ന തീയിന്റെ ഗന്ധം ജോസഫിനെ തേടിയെത്തി. കത്തിയെരിഞ്ഞ പച്ച മാംസത്തിന്റെ ഗന്ധം അതിലലിഞ്ഞിരിക്കുന്നു. സെഫോറിസിന്റെ മുഖച്ചായ മാറിയിരിക്കുന്നു. ഇന്നലെവരെ ഇതൊരു ഗ്രാമമായിരുന്നുവെന്ന്‌ പറഞ്ഞറിയിക്കണം. എവിടെ നിന്നോ അടുത്തു വരുന്ന കുതിരക്കുളമ്പടികേട്ടു. ജോസഫ്‌ വഴിയരികിലേക്കു മാറി. പാന്ഥേരയും അവന്റെ പടയാളികളും ആർത്തുല്ലസിച്ചു കടന്നുപോയി. അവരുടെ കണ്ണിൽപെടാതെ ജോസഫ്‌ ഒതുങ്ങി നിന്നു. അവരുടെ വരവ്‌ രാക്ഷസീയമായിരുന്നു. അപ്പോൾ ആദ്യമായി അയാൾ ഭയമെന്തെന്നറിഞ്ഞു. ഭയം ജോസഫിന്റെ നാഡികളെ തളർത്തുവാൻ തുടങ്ങി. ഉയർത്തിപ്പിടിച്ച അവരുടെ വാൾത്തുമ്പുകളിൽ സെഫോറിസിന്റെ രക്തം കട്ടപിടിച്ചിരിക്കുന്നത്‌ അയാൾ കണ്ടു.

അർവീതിന്റെ സമയമായപ്പോൾ ഹസൻ ജോസഫിന്റെയടുത്തെത്തി. അയാൾ കുളിച്ച്‌ വ്യത്തിയുള്ള വസ്ര്തം ധരിച്ചിരിക്കുന്നു. ഒരക്ഷരം ഉരിയാടാതെ ഹസൻ മുറ്റത്തേക്കിറങ്ങി. മുറ്റത്തു നിന്ന്‌ പ്രാർത്ഥനക്കു സമയമായി എന്ന്‌ ഗ്രാമത്തെ അറിയിക്കുന്ന ബറേഷു ചൊല്ലി. ബറേഷു കേട്ട്‌ ചിലർ ജോസഫിന്റെ മുറ്റത്തെത്തി. അവർ ഷീമ ചൊല്ലി. ചിട്ടതെറ്റാതെ മുഴുവൻ ഖാദിഷും ചൊല്ലി ജോസഫിന്റെ മുറ്റം പള്ളിയൾത്താരയാക്കി. വീണ്ടും ബറേഷു ചൊല്ലി, സുഖവിവരങ്ങൾ പോലും ചോദിക്കാതെ, ചോദിക്കാനാകാതെ അവർ പിരിഞ്ഞു.

പിന്നേയും കുറേയേറെ ദിനങ്ങൾ റോമൻ പട്ടാളത്തിന്റെ കുതിരക്കുളമ്പടികൾ സെഫോറിസിന്റെ നെഞ്ചിൽ താളം കൊട്ടി. എതിർക്കുവാനോങ്ങിയവർ അപ്പ്രത്യക്ഷരായി. മാറിടത്തിനിത്തിരി കനപ്പു വന്ന പെൺകുട്ടികൾ പിച്ചിചീന്തപ്പെട്ടു. രാത്രിയിൽ സെഫോറിസുകാർ പള്ളിയങ്കണത്തിലൊത്തുകൂടി. എതിർക്കുവാനല്ല. ചെറുക്കാനുമല്ല. നിസ്സഹായതക്ക്‌ പരസ്പരം താങ്ങായി.

പാന്ഥേരയും കൂട്ടരും പുതിയ മേച്ചിൽ പുറം തേടിപ്പോയപ്പോഴേക്കും സെഫോറിസിലെ പല പെൺകുട്ടികളും അമ്മമാരാകുമെന്ന്‌ ഗ്രാമമറിഞ്ഞു. ദുഃഖം സഹിക്കുവാനാകാതെ പലരും ജീവിതമൊടുക്കി. അതിനാകാത്തവർ ദൈവവിധിയെ പഴിച്ചു.

“എന്റെ മറിയക്ക്‌ മരിക്കാൻ പോലും കഴിയുന്നില്ലല്ലോ….” അവളുടെ അമ്മ ആൻ ദുഃഖം പങ്കുവച്ചു. ജോസഫ്‌ ഒന്നും പറഞ്ഞില്ല. ആ ഗ്രാമത്തിൽ ശേഷിച്ച എല്ലാ പെൺകുട്ടികളുടെ അമ്മമാരും ഒരു പക്ഷേ ഇതു തന്നെ പറഞ്ഞിരിക്കണം.

“ഞ്ഞാനിനി എന്തു ചെയ്യണം?” ഹസൻ ജോസഫിനോടു ചോദിച്ചു. ജോസഫിന്‌ ഉത്തരമൊന്നും തോന്നിയില്ല.

“ഒന്നു മാറി നിൽക്കട്ടെ… ” ഒരു വെളിപാടു പോലെ ജോസഫ്‌ പെട്ടെന്നു പറഞ്ഞു. ഹസൻ അലോചിച്ചു. “ശരിയാ… ഒന്നു മാറി നിൽക്കട്ടെ… പക്ഷേ എങ്ങോട്ട്‌?”

മൗനത്തിന്റെ ഒരു ചെറിയ ഇടവേളക്കു ശേഷം എന്തോ ഉറപ്പിച്ച പോലെ ഹസൻ തുടർന്നു. “ശരിയാ… ഒന്നു മാറി നിൽക്കട്ടെ. ഇസഹാക്കിന്റെയടുത്തേക്കയക്കാം. അവനെതിർപ്പുണ്ടാകില്ല. അവിടെ എലിസബത്തും അമ്മയാകുവാനുള്ള തയ്യാറെടുപ്പിലാണത്രെ. ഒരു പാടു കാലമായി അവർ പ്രാർത്ഥിക്കുന്നു. ഇപ്പോൾ ഇങ്ങനെയെങ്കിലും ദൈവം അവരെ അനുഗ്രഹിച്ചല്ലോ എന്ന സന്തോഷത്തിലാണവർ. ഇവരിരുവർക്കും കൂട്ടിനായി ആനിനേയും അയക്കാം.

ജോസഫ്‌ ഒന്നും പറഞ്ഞില്ല. ജോസഫിന്റെ മനസ്സിലപ്പോൾ ഹസന്റെ കൂരയിൽ ഒരു മൂലയിൽ തളർന്നു കിടന്നിരുന്ന മറിയത്തിന്റെ രൂപമായിരുന്നു. അവൻ ഇറങ്ങി നടന്നു. ആ രൂപം വീണ്ടും ജോസഫിനെ വേട്ടയാടി. ഉറക്കത്തിലും അവൾ വന്നു. അർദ്ധ നഗ്നയായി, ചെന്നായ്‌ക്കളാൽ പിച്ചിചീന്തപ്പെട്ട ഒരു സുന്ദരി ജൂതക്കുട്ടി. ജോസഫ്‌ കണ്ണു തുറന്നു. അവളുടെ തേങ്ങൽ മുറിയിൽ പരന്നു. ജോസഫ്‌ കണ്ണുകളിറുക്കിയടച്ചു. അവൾ പൊട്ടി ചിരിച്ചു. എന്നെ കണ്ണുകൾക്കുള്ളിൽ പൂട്ടിയിടുകയാണോ? അവനെഴുന്നേറ്റു നടന്നു. അവശയായ നിരാലംബയായ ഒരു പെൺകുട്ടിയുടെ തേങ്ങൽ അവനെത്തേടിയെത്തി. അവനു ഭ്രാന്തു പിടിക്കുമെന്നു തോന്നി. അവൻ അവളെ ആദ്യമായി കാണുകയല്ല. ഒരു കൊച്ചു പെൺകുട്ടിയോടു തോന്നുന്ന താൽപര്യം മാത്രമേ അവന്‌ അതുവരെ അവളോടു തോന്നിയതുമുള്ളു. അവൾ ഹസന്റെ മകളാണ്‌. ഹസന്റെ മകൾ നാട്ടിൽ എല്ലാവരുടേയും മകളായിരിക്കുക സാധാരണ മാത്രം. ജോസഫ്‌ വീണ്ടും ഉറങ്ങാൻ കിടന്നു. ആകുന്നില്ല. അവളുടെ മുഖം അവനെ വേട്ടയാടുക തന്നെയാണ്‌. ഊണിലും ഉറക്കത്തിലും, രാവും പകലും അതങ്ങിനെ തുടർന്നു. എന്തു തന്നെയായാലും വേണ്ടില്ല… ഹസനെ കാണുക തന്നെ…. അയാൾക്കെതിർപ്പില്ലെങ്കിൽ…

”എനിക്കൊരു കാര്യം പറയുവാനുണ്ട്‌..“ മുഖവുര എങ്ങിനെയായിരിക്കണമെന്ന ബോധമില്ലാതെ ജോസഫ്‌ വിഷമിച്ചു.

ഹസൻ അവനെ തുറിച്ചു നോക്കി. ”എന്താ?“ എന്ന ചോദ്യം ആ നോട്ടത്തിൽ നിറഞ്ഞു.

”മറിയയെ…“

ഹസൻ അവനെത്തന്നെ നോക്കിയിരിക്കുകയാണ്‌.

”താങ്കൾക്കു വിരോധമില്ലെങ്കിൽ, അവളെ ഇവിടെനിന്നും മാറ്റിനിറുത്തരുത്‌…. വിരോധമില്ലെങ്കിൽ …. അവളെ ഞാൻ നോക്കാം… എന്റേതായി…. അവളെ മാത്രമല്ല… അവൾക്കു പിറക്കാനിരിക്കുന്ന കുഞ്ഞിനേയും…. എന്റേതായി….“

ഹസൻ ജോഷിമിനു കൊടുത്ത വാക്ക്‌ മനസാ വാചാ കർമ്മണാ ജോസഫ്‌ പാലിച്ചു. അവൻ തന്റേതല്ലെന്ന്‌ ഒരിക്കലും കരുതിയില്ല. എന്നാൽ അവനൊരിക്കലും തിരിച്ചാ സ്നേഹം നൽകിയില്ല. അവന്‌ പുച്ചമായിരുന്നു. അത്‌ അപ്പനോടുള്ള പുച്ചമല്ല. ലോകത്തോടു മുഴുക്കെ. പുച്ചമല്ല, ഒരു അറപ്പ്‌. അതോ വെറുപ്പോ. പലപ്പോഴും അടുത്തിരുത്തി അവനെ ഉപദേശിച്ചു. അപമര്യാദയായി ഒരിക്കലും അവനോടു പെരുമാറിയില്ല. നാട്ടുകൂട്ടം പറയുന്നതിന്‌ ചെവികൊടുക്കരുതെന്ന്‌ എപ്പോഴും അഭ്യർഥിച്ചു. തനിക്കാകും വിധം അവനെ വിദ്യയഭ്യസിപ്പിക്കുവാൻ അയാൾ ശ്രമിച്ചു. പള്ളിയിൽ ക്യത്യമായി, എന്തിന്‌ സാബത്തിനുപോലും, പോകാത്ത അവന്റെ മുന്നിൽ, ഗുരുക്കന്മാർ തോറ്റുമടങ്ങുന്നത്‌ അയാൾ കണ്ടു. അനുസരണ, അച്ചടക്കം എന്നിവ എന്തെന്നുപോലുമറിയാത്ത അവനെ ഗുരുകുലത്തിൽ നിറുത്തുവാനാകില്ലെന്ന്‌, ജോസഫ്‌ ഏറ്റവും ബഹുമാനിച്ചിരുന്ന അദ്ധ്യാപകൻ, സക്കയാസ്‌ പോലും പറഞ്ഞു. അഥവാ അവൻ അവരെക്കൊണ്ട്‌ അങ്ങിനെ പറയിച്ചു. പന്ത്രണ്ടു വർഷത്തിനുള്ളിൽ അവൻ നാട്ടിലെ ഏറ്റവും ഗുരുത്വദോഷിയായ ബാലനെന്ന ഘ്യാതിനേടി. രണ്ടു മരണങ്ങൾ അവന്റെ കൈകൾകൊണ്ടു സംഭവിക്കുന്നതിന്‌ തനിക്കു സാക്ഷിയാകേണ്ടി വന്നു.

ഹസനുകൊടുത്ത വാക്കു പാലിച്ചില്ലെങ്കിലും അന്നു തുടങ്ങിയതാണീ ഭയം. നാൾക്കുനാൾ അതു വർദ്ധിച്ചു. ഒരു ഭാഗത്ത്‌ തന്നിൽ നിന്നും അകലുവാൻ ശ്രമിക്കുന്ന മറിയത്തിന്റെ മകൻ. അവനെക്കുറിച്ചുള്ള നാട്ടുകാരുടെ പരാതികൾ. മറുഭാഗത്ത്‌ നാൾക്കുനാൾ വളരുന്ന ചുങ്കവും റോമക്കാരുടെ അതിക്രമങ്ങളും.

”നീ കേൾക്കുന്നുണ്ടോ ജോസഫ്‌….“ നസ്രായേൻ ജോസഫിനെ നോക്കി. ജോസഫ്‌ എന്തോ സ്വപ്നം കണ്ടു നടക്കുകയാണെന്ന്‌ അയാൾക്കു മനസ്സിലായി. അയാൾ ജോസഫിനെ കുലുക്കി വിളിച്ചു. അവർ മറിയത്തിനും ജോഷ്വാക്കും അരികിലെത്തിയിരിക്കുന്നു. ജോഷ്വാ അപ്പന്റെ മുഖത്തേക്കു നോക്കി. അപ്പന്റെ കണ്ണുകളിൽ സ്ഥായിയായ ഭയമെന്ന വികാരം. അവൻ മുഖം കോട്ടി ചിരിച്ചു. നട്ടെല്ലില്ലാത്ത ഇസ്രയേലിയുടെ സ്ഥായിയായ ഭാവം. ഭയം. അവൻ മനസ്സിൽ പറഞ്ഞു.

വണ്ടി കുറച്ചു നീങ്ങിയപ്പോൾ ജോഷ്വാ അവന്റെ ഗുരുവിനടുത്തേക്കു നീങ്ങി. ”എന്റെ ഗ്രാമം സെഫോറിയസാണെങ്കിലും എന്നെ പ്രസവിക്കും മുമ്പ്‌ എന്റെ അമ്മക്ക്‌ ആ ഗ്രാമം വിടേണ്ടി വന്നു. “ ജോഷ്വാ ആകാശത്തേക്കു നോക്കി ആരോടെന്നില്ലാതെ എന്നാൽ ഗുരുവിനോടായി പറഞ്ഞു. ”താങ്കൾക്കറിവുള്ള കാര്യമാണത്‌. ഇന്നവിടെ ഇസ്രയേലികളില്ല. ജൂതന്മാരില്ല. കഴിഞ്ഞ പന്ത്രണ്ടു വർഷത്തിന്നിടയിൽ രണ്ടു തവണ റോമൻ പട്ടാളം അവിടം ചവിട്ടിയരച്ചു. രണ്ടാമത്തെ തവണ അവർ ഒരു സൽക്യത്യം കൂടി ചെയ്തു. ശേഷിച്ച സെഫോറിസുകാരെ അടിമകളാക്കി കൊണ്ടുപോയി.“ ജോഷ്വായുടെ കണ്ണുകളിൽ കോപം നിറയുന്നത്‌ ഗുരു ശ്രദ്ധിച്ചു. ”ഇന്നിപ്പോൾ ജെറുസലേം ദേവാലയത്തിലിരുന്ന്‌ നമ്മൾ മോക്ഷമാർഗം തിരയുന്നു. സാബത്തിൽ നാലും, ബാക്കി ദിനങ്ങളിൽ മൂന്നും തവണ ക്യത്യമായി പ്രാർത്ഥിക്കുന്നു. പണിയെടുത്തതിൽ പാതി റോമക്കാരനു കൊടുക്കുന്നു. ശേഷിച്ചതിൽ പാതി നാട്ടധിപന്മാരും ധനികരും പിടിച്ചു പറിക്കുന്നു. നമുക്കു പരാതിയില്ല. ഹീബ്രുവല്ലാതെ അക്ഷരം പഠിച്ച എത്രപേരുണ്ട്‌ നമ്മുടെ ഇടയിൽ? ആൽഫ മുതൽ ഗാമ വരെ തെറ്റുകൂടാതെ എഴുതുവാൻ എത്രപേർക്കാകും? എന്റെ വേലക്കു കിട്ടുന്ന കൂലി എന്റെ കുട്ടികൾക്കുള്ളതാണെന്നു പറയുവാൻ ഏതപ്പനു ധൈര്യമുണ്ട്‌? പേടിയാണ്‌. എല്ലാവർക്കും പേടിയാണ്‌. റോമക്കാരെ മാത്രമല്ല, അവർക്ക്‌ ശിങ്കിടി പാടുന്ന ജൂതപ്രഭുക്കളെ, അവരുടെ കൈയ്യാളുകളായ ഫരിയേസരെ… എല്ലാവരേയും….“

നസ്രായേൻ അവനെ നോക്കി. അവന്റെ തോളിൽ കൈ വച്ചു.

”നിന്റെ കോപം അകാരണമാണെന്നു ഞാൻ പറയില്ല. എന്നാൽ ഗുരു പറഞ്ഞതിന്റെ പൊരുൾ നീ മനസ്സിലാക്കണം. ആഴത്തിൽ നിന്നും ആഴത്തിലേക്കു കൂപ്പുകുത്തുകയാണീ ലോകം. ഒരു പക്ഷേ അജ്ഞാനമായിരിക്കണം അതിനു കാരണം. ആയിരിക്കണമെന്നല്ല. അതാണതിനു കാരണം. അജ്ഞാനം അഹന്തയെ വളർത്തുന്നു. അഹന്ത പാപത്തേയും. ജനിച്ചു വീഴുന്ന ഏതൊരു ജീവിക്കും അതിന്റെ ജീവിത യാത്രയിൽ പല പല ഘട്ടങ്ങളിലൂടെ കടന്നുപോകേണ്ടി വരും. അതെല്ലാം നല്ലതു മാത്രമായിരിക്കണമെന്നില്ല. നല്ലതല്ലാതിരിക്കുവാൻ മൂലഹേതുവും അജ്ഞത തന്നെ. അതുകൊണ്ടു തന്നെ ജീവിതമെന്നാൽ നല്ലതിന്റേയും ചീത്തയുടേയും ഒരു മിശ്രിതമായി തീരുന്നു. അതിൽ നല്ലതിന്റേയും ചീത്തയുടേയും അളവ്‌ സന്ദർഭാനുസരണം കൂടിയും കുറഞ്ഞുമിരിക്കും. നിന്റെ തന്നെ കാര്യമെടുക്കുക. നിനക്കി അമർഷം ലഭിക്കുവാനുള്ള കാരണം എന്തെന്ന്‌ ഞാനിപ്പോൾ ചിന്തിക്കുന്നില്ല. അതൊരു ചീത്ത നിമിഷത്തിൽ നമ്മുടെ സമൂഹത്തിനു സംഭവിച്ചതാണ്‌. അതിൽ നിന്റെ കുടുംബവും പെട്ടു പോയി എന്നു മാത്രം. നമ്മുടെ ആരുടേയും തെറ്റുകൊണ്ടല്ല അങ്ങിനെ സംഭവിച്ചത്‌. എന്നാൽ അതിനോടൊപ്പം നിനക്ക്‌, ഇതേ ദുഃഖമനുഭവിക്കുന്ന മറ്റു പലരിൽ നിന്നും വ്യത്യസ്ഥമായി ഒരു നല്ല അനുഭവവുമുണ്ടായി. അത്‌ നിന്റെ അപ്പന്റെ രൂപത്തിൽ നിന്റെ മുന്നിലിരിക്കുന്നു. നീ അതിനെ കണ്ടില്ലെന്നു നടിക്കുന്നു. ചീത്തയെ മാത്രം കാണുന്നു. അതുമൂലം നീ നിന്റെ സ്വന്തം കഴിവുകളെപ്പോലും മറക്കുന്നു. നിന്നോട്‌ ഇവർ പറഞ്ഞിട്ടുണ്ടായിരിക്കും. എങ്കിലും ഞാൻ ഒന്നു കൂടി ആവർത്തിക്കട്ടെ. നിന്റെ രക്ഷമാത്രം കണക്കാക്കി ഇവർ സെഫോറിസ്‌ വിട്ട്‌ പാലായനം ചെയ്തു. വഴിയിൽ ഒരു മേൽക്കൂരപോലും ലഭിക്കാതിരുന്നിടത്ത്‌ വച്ച്‌ നിന്റെ അമ്മയ്‌ക്ക്‌ നിനക്കു ജന്മം നൽകേണ്ടി വന്നു. ഫറദോസിന്റെ കൂട്ടക്കുരുതിക്കുള്ള കൽപ്പന വരുന്നതിനു മുമ്പു തന്നെ ജോസഫ്‌ നിന്നേയും കൊണ്ട്‌ അവിടവും വിട്ടിരുന്നു. ഈജിപ്‌റ്റ്‌ ആയിരുന്നു അവന്റെ ലക്ഷ്യം. അവിടം സുരക്ഷിതമായിരിക്കുമെന്ന്‌ അവൻ കരുതി. അവിടെ കുടിൽ കെട്ടി പാർത്തിരുന്ന നിന്റെ അപ്പനമ്മമാർക്ക്‌ ഒരത്ഭുതം കാണേണ്ടി വന്നു. കിഴക്കു നിന്നും മൂന്ന്‌ നസ്രായേർ അവരെ തേടിയെത്തി. അവർ അവരുടെ ലാമയെ തേടുകയായിരുന്നു. ശാക്യമുനിയുടെ വിചാരധാരയിലാണ്‌ ഞങ്ങൾ നസ്രായേരും വിശ്വസിക്കുന്നത്‌. എന്നാൽ നമ്മുടെ വിശ്വാസങ്ങളിൽ നിന്നും ഒട്ടൊന്ന്‌ ഭിന്നമായി അവർക്ക്‌, അതായത്‌ കിഴക്കു നിന്നും വന്ന ആ നസ്രായേർക്ക്‌ ചില വിശ്വാസങ്ങളുണ്ട്‌. അവരുടെ ഗുരുവിനെ അവർ ലാമ എന്നു വിളിക്കുന്നു. ഈ ലോകവാസം അവസാനിപ്പിക്കും മുമ്പ്‌ ലാമ തന്റെ അടുത്ത ജന്മത്തിൽ താൻ എവിടെ ജനിക്കുമെന്നതിനെക്കുറിച്ച്‌ ചില സൂചനകൾ നൽകുമത്രെ. അദ്ദേഹം കാലഗതിയടഞ്ഞാൽ അദ്ദേഹത്തിന്റെ ശിഷ്യർ അദ്ദേഹമുപയോഗിച്ചിരുന്ന ഏതെങ്കിലും ചില സാധനങ്ങളുമായി അദ്ദേഹം പ്രവചിച്ചയിടങ്ങളിൽപോയി ആ കാലഘട്ടത്തിൽ ജനിച്ച കുട്ടികളെ കാണും. ഏതെങ്കിലും ഒരു കുട്ടി അവർ കൊണ്ടുവന്ന അടയാള സാധനങ്ങൾ തിരിച്ചറിയുമത്രെ. ആ കുട്ടി അവരുടെ ലാമയുടെ പുനർജന്മമായിരിക്കുമെന്നാണവരുടെ വിശ്വാസം. അങ്ങിനെയൊരു കൂട്ടർ അക്കാലത്ത്‌ ഈജിപ്‌റ്റിലെത്തി. ഞാൻ പറഞ്ഞുവല്ലോ, കിഴക്ക്‌ ശാക്യമുനിയുടെ ദേശത്തു നിന്ന്‌. അലക്സാണ്ട്രിയയാരിന്നു ലക്ഷ്യം. പടിഞ്ഞാറ്‌ ഫറോവമാരുടെ നാടിന്നടുത്ത്‌ അടിമവേല മാത്രം ചെയ്യുവാൻ വിധിക്കപ്പെട്ട ഒരു വംശാവലിയുണ്ടെന്നും, അവരിലൊരുവനായി, അവരെ സേവിക്കുവാനായി താൻ പുനർജനിക്കുമെന്നും അവരുടെ ലാമ സൂചനകൾ നൽകിയിരുന്നുവത്രെ. അവർ കൊണ്ടുവന്നിരുന്ന അടയാള വാക്യങ്ങൾ നീ തിരിച്ചറിഞ്ഞുവത്രെ. നീ അവരുടെ ഗുരുവിന്റെ പുനർ ജന്മമാണെന്നും, സമയമാകുമ്പോൾ വിദ്യഭ്യാസത്തിനായി നിന്നെ അവരുടെ നാട്ടിലേക്കു കൊണ്ടുപോകണമെന്നും അവർ അഭ്യർത്ഥിച്ചു. എന്നാൽ നിന്നോടുള്ള സ്നേഹാധിക്യം മൂലം നിന്റെ അപ്പനുമമ്മയും അതിനെതിരായി നിന്നു. നീ അവർക്ക്‌ കനിഷ്‌ഠ പുത്രനാണ്‌. അപ്പന്‌ പ്രായമേറുകയാണ്‌. നിന്റെ കൂടെപ്പിറപ്പുകളാകട്ടെ കുരുന്നുകളും. അവർക്ക്‌ നീയല്ലാതെ, മറ്റാരുമില്ലെന്നവർ ഉറച്ചു വിശ്വസിക്കുന്നു. അപ്പനെപ്പോലെ നീയും നല്ലൊരു മരാശാരിയാണ്‌. അതുകൊണ്ടു തന്നെ ഇപ്പോൾ നിന്റെ കർത്തവ്യം അപ്പനെ സഹായിക്കുക എന്നതു മാത്രമാണ്‌. ശേഷിച്ചതെല്ലാം കാലം തീരുമാനിക്കട്ടെ. ഇത്രയും കാലം നിന്റെ ഗുരുവായിരുന്നതുകൊണ്ടു തന്നെ എനിക്ക്‌ ഒന്നറിയാം. നാട്ടുകാരുടെ കണ്ണിൽ കരടായ നിന്റെ മനസ്സിലെ അഗ്നി ഈ നാടിനുപകരിക്കും. എന്നാൽ അതിനു മുമ്പ്‌ നീ പലതും ശീലിക്കേണ്ടതുണ്ട്‌. അപക്വമായ അറിവാണ്‌ നിന്റെ എടുത്തു ചാട്ടത്തിന്‌ പ്രധാന ഹേതു. അതിന്ന്‌ ദേവാലയത്തിലും നീ കാണിക്കുകയുണ്ടായി. ചോദ്യങ്ങൾ നല്ലതാണ്‌. ചോദ്യങ്ങൾ ചോദിക്കുക തന്നെ വേണം. എന്നാൽ ഒറ്റ ചോദ്യം കൊണ്ട്‌ ഉത്തരം ലഭിക്കാത്ത ഒരു സമസ്യയാണ്‌ നമ്മുടേതെന്നുകൂടി നീ മനസ്സിലാക്കണം. എങ്കിലേ പക്വമായ ചോദ്യങ്ങൾ ചോദിക്കുവാനാകൂ. ക്ഷമ ഒരു സ്വഭാവം മാത്രമല്ല. ആവശ്യം കൂടിയാണ്‌. നമ്മുടെ പൂർവികരുടെ വചനത്തിൻപ്രകാരം ഏഴു തവണ ക്ഷമിക്കുക എന്നാണ്‌. എന്നാൽ ശാക്യമുനി പഠിപ്പിക്കുന്നത്‌ ഏഴല്ല ഏഴായിരം എന്നാണ്‌. നീ ആദ്യം പരിശീലിക്കേണ്ടതും അതാണ്‌. ദേഷ്യവും ദ്വേഷവും ഹാനിമാത്രം വരുത്തുന്നക്ഷമയും സ്നേഹവും മാത്രമേ സ്ഥായിയായി നില നിൽക്കുകയുള്ളു. ആരും വാൾത്തലപ്പുകൊണ്ട്‌ ഉലകം ജയിച്ചിട്ടില്ല. ഒരു തുണ്ട്‌ മണ്ണിന്റെ ഉടമസ്ഥത ഏതാനും വർഷങ്ങൾ അവരുടെ കൈവശം വരുത്തുവാൻ വാൾത്തലപ്പിനായിക്കാണും. എന്നാൽ സ്നേഹവും ക്ഷമയും കൊണ്ട്‌ പലർക്കും ഉലകം ജയിക്കുവാനായിട്ടുണ്ട്‌. അവരിന്നും എന്നും നമ്മുടെ മനസ്സിൽ ജീവിക്കും.“

”ഞാൻ അടയാളങ്ങൾ തിരിച്ചറിഞ്ഞുവെന്നതിൽ അത്ഭുതപ്പെടേണ്ട. ഞാനല്ല മറ്റേതു കുട്ടിയായിരുന്നെങ്കിലും ഒരു പക്ഷേ ഒരു കളിക്കോപ്പെന്ന നിലയിൽ കയ്യിൽ കിട്ടുന്നതിനോട്‌, അത്‌ അതുവരേക്കും അവനു ലഭിക്കാത്ത ഒരു പുതിയ വസ്തുവാണെങ്കിൽ പ്രത്യേകിച്ചും, ഒരു അടുപ്പം കാണിക്കും. മാത്രമല്ല, വന്നവർ അത്ര ബുദ്ധിശൂന്യരായിരിക്കില്ല. അല്ലെങ്കിൽ എന്തുകൊണ്ടവർ എന്നെത്തിരഞ്ഞ്‌ വീണ്ടും വന്നില്ല?“

”അവർക്കു നിന്നെ വേണ്ടാതായിട്ടില്ല. അതിനെക്കുറിച്ച്‌ നീ അറിയും. അതിനു സമയമായി എന്നായാൽ അവർ അറിയിക്കും.“

കിഴക്കു നിന്നുള്ള ദൂതന്മാർക്കുറപ്പായിരുന്നു തങ്ങളുടെ ലാമ സമയമാകുമ്പോൾ അവരെത്തേടിയെത്തുമെന്ന്‌. ആ സമയം ആഗതമാകുകയായി എന്ന്‌. ദൂരെ പടിഞ്ഞാറൻ മരുഭൂമികൾക്കപ്പുറത്തുള്ള ഒരു കടൽത്തീര ഗ്രാമത്തിൽ നിന്നും അവൻ പുറപ്പെടുന്ന സമയമായി എന്ന്‌.

Generated from archived content: balyam2.html Author: suresh_mg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here