പതിനൊന്ന്‌ – ഉയിർപ്പ്‌ (ഭാഗം-2)

മഗ്ദലനക്കാരി മറിയത്തിന്നുറക്കം വരുന്നില്ല. അവൾ എഴുന്നേറ്റിരുന്നു. ചുറ്റിലുമുള്ള സ്ര്തീകൾ ഉറങ്ങിയിരിക്കുന്നു. അവർക്കെങ്ങിനെ ഉറങ്ങാനാകുന്നു. അതോ അവർ തന്നേക്കാൾ ദുഃഖിതരാണോ. ദുഃഖം ക്ഷീണമായി അവരെ ഗ്രസിച്ചതാണോ.

മഗ്ദലനക്കാരി മറിയത്തിന്നുറക്കം വരുന്നില്ല. റബ്ബീ നിന്നെ ഒരു നോക്കുകൂടി കാണുവാനായെങ്കിൽ. നീ അങ്ങു കർത്താവിന്റെ ലോകത്തിലിരുന്നിപ്പോൾ ഞങ്ങളെ നോക്കി ചിരിക്കുന്നുണ്ടാകുമല്ലേ. അവിടെയിരുന്നും നീ അതേ കരുണാർദ്രമായ കണ്ണുകളുയർത്തി……….. റബ്ബീ നീയിപ്പോഴെവിടെയാണ്‌? നിന്റെ ശരീരം അരീമഥ്യക്കാരൻ ജോസഫ്‌ പിലാത്തോസിൽ നിന്നും ഏറ്റുവാങ്ങി അവന്റെ കുടുംബ കല്ലറിയിൽ കിടത്തിയിരിക്കുകയാണല്ലോ. ജൂത വിധിപ്രകാരം ഒരു സംസ്‌കാരം നിഷേധിക്കപ്പെടാതിരിക്കുവാനത്രെ ഇത്‌. സൻഹേദ്രീനിലെ അംഗമെങ്കിലും അവനും സഭാവിശ്വാസിയെന്നത്‌ അപ്പോസ്തലന്മാർക്കെന്ന പോലെ എനിക്കും അറിവുള്ളതാണല്ലോ. സൻഹേദ്രീനിൽ കയ്യഫാ നിനക്കു മരണ ശിക്ഷക്കായി വാദിച്ചപ്പോൾ അതിനെയെതിർത്തത്‌ അവൻ മാത്രമായിരുന്നല്ലോ. കല്ലറയിൽ ഇറക്കിവച്ച നിന്റെ ശരീരം രണ്ടാമതൊരു നോക്കു കാണുവാൻ അവൻ ഞങ്ങളെ അനുവദിച്ചില്ല. കല്ലറവാതിലവൻ മൂടിയിരിക്കുന്നു. സാബത്തു കഴിയാതെ സംസ്‌കാരം പാടില്ലെന്ന വിശ്വാസം സംരക്ഷിക്കപ്പെടണമെന്നവൻ പറയുന്നു. അവനെ എനിക്കും വിശ്വാസമാണ്‌. ഒരു ജൂതനു വേണ്ട മര്യാദകളോടെ അവൻ നിന്റെ ശരീരം അടക്കം ചെയ്യും.

മഗ്ദലനക്കാരി മറിയത്തിന്നുറക്കം വരുന്നില്ല. അവൾ എഴുന്നേറ്റു നടന്നു. റബ്ബീ, നിന്റെ ചേതനയറ്റ ആ ശരീരം കാണുവാനായില്ലെങ്കിലും നീ കിടക്കുന്ന ആ കല്ലറയെങ്കിലും ഞാനൊന്നു കാണട്ടെ. ഈ ഇരുട്ടിൽ ആ കല്ലറക്കരികിലിരുന്ന്‌, നിന്റെ ആത്മാവിനായി ഞാനിത്തിരി പ്രാർത്ഥിക്കട്ടെ. ഒറ്റക്ക്‌. പലപ്പോഴും നിന്നെയൊന്ന്‌ ഒറ്റക്കു കാണുവാനും, നിമിഷനേരങ്ങൾക്കെങ്കിലും എന്റേതായി കാണുവാനും, എന്റേതു മാത്രമായി കാണുവാനും ഞാനൊത്തിരി കൊതിച്ചിരുന്നുവല്ലോ. എന്നാൽ നീ ഒറ്റക്കായപ്പോൾ, നീയെന്നേയും ഒറ്റക്കാക്കിയല്ലോ.

മഗ്ദലനക്കാരി മറിയം നടന്നു. ഗോഗുൽഥാൻ മലയുടെ താഴ്‌വാരത്തിൽ, ജോസഫ്‌ അവന്റെ തോട്ടത്തിൽ, അവന്റെ കുടുംബത്തിനായി വെട്ടിയൊരുക്കിയ കല്ലറയെ ലക്ഷ്യമാക്കി. അവിടെയാണവളുടെ റബ്ബി അന്നു രാത്രിയുറങ്ങുന്നത്‌. ഇന്നും നാളേയും അവനവിടെക്കിടന്നുറങ്ങും. പിന്നെ അരീമഥ്യക്കാരൻ ജോസഫ്‌ അവന്‌ നിത്യ വിശ്രമത്തിനുള്ള മെത്തയൊരുക്കും.

ഇരുട്ടാണ്‌. ചുറ്റിലും ആരുമില്ല. ഈ രാത്രിയിൽ ഈ മലയടിവാരത്തിൽ ആരുണ്ടാകാനാണ്‌. റോന്തു ചുറ്റുന്ന പടയാളികൾ പോലും ഈ വഴി ഒഴിവാക്കും. മരണ ശിക്ഷക്കു വിധിച്ചവരെ കുരിശിലേറ്റുവാൻ മത്രമാണീ മലമുകളിൽ ആളുകളെത്താറുള്ളത്‌. അതും സന്ധ്യയാകും വരെ. സൂര്യൻ പടിഞ്ഞാറെ ചെരിവിറങ്ങിയാൽ ആളുകൾ പിരിയും. അർദ്ധ പ്രാണനായി കുരിശിൽ കിടക്കുന്നവന്റെ ഞരങ്ങലുകൾ മാത്രം ഇരുട്ടിനെ കീറി പുറത്തുവരും. ഒരു സാധരണക്കാരന്‌ ആ ഞരങ്ങലുകൾ ഭയാനകങ്ങളാണ്‌. മലമുകളിൽ കുരിശു നാട്ടുന്നിടത്തു നിന്നും വളരെ ദൂരെയല്ലാതെ പടയാളികൾക്കു വിശ്രമിക്കുവാനായി ഒരു കുടിലു കെട്ടിയിട്ടുണ്ട്‌. കുരിശിലേറ്റിയവന്‌ കാവൽ നിൽക്കുന്ന മൂന്നോ നാലോ പടയാളികൾ ആ കുടിലിൽ രാത്രി തങ്ങും. കുരിശിലേറ്റിയവനെ അവന്റെ കൂട്ടുകാർ രക്ഷിക്കാതിരിക്കുവാനത്രെ ഇത്‌. കുരിശിലേറ്റിയവന്റെ മരണ വെപ്രാളം ആ പടയാളികളുടേയും മനസ്സിനെ അലട്ടാറുണ്ട്‌. അതുകൊണ്ടു തന്നെ ധൈര്യം ഉണ്ടെന്നറിയിക്കുവാനായി അവർ അമിതമായി മദ്യപിക്കും. മദ്യത്തിന്റെ ലഹരിയും ഉറക്കവും പലപ്പോഴും അവരെ അവരുടെ കർത്തവ്യത്തിൽ നിന്നും പിഴുതെറിയും. എന്നിട്ടും കുരിശിലേറ്റിയവർ ആരും രക്ഷപ്പെട്ടില്ല. ആരും രക്ഷപ്പെടുത്തിയതുമില്ല. കുരിശിൽ ആരുമില്ലാത്ത രാത്രികളിൽ അവിടെ കാവലിനും ആളുണ്ടാകില്ല. ഇന്നും അങ്ങിനെയൊരു രാത്രിയാണ്‌.

അവൾ നടന്നു. തന്റെ റബ്ബിയെ കുരിശിലേറ്റിയ മലമുകളും താണ്ടി മറുവശത്തേക്ക്‌. അവൾക്കു ഭയമില്ല. മലമുകളിൽ താഴെയിട്ടിരിക്കുന്ന മൂന്നു കുരിശുകൾ അവൾ കണ്ടു. അതിലിപ്പോഴും ചോര കട്ടപിടിച്ചിരിക്കുന്നത്‌ അവളറിഞ്ഞു. അതിലൊന്നിൽ കിടന്നാണ്‌ റബ്ബി തന്റെ ജീവൻ വെടിഞ്ഞത്‌. മറ്റു രണ്ടു കുരിശിലേറ്റിയവരുടെ ശരീരം എങ്ങോട്ടു കൊണ്ടുപോയൊ എന്തോ. ആരെങ്കിലും യഥാസമയം ഏറ്റു വാങ്ങുവാൻ വന്നില്ലെങ്കിൽ താഴ്‌വാരത്തിലുള്ള പൊതു ശ്മശാനത്തിൽ അവ മറവു ചെയ്യും. പൊതു ശ്മശാനമെന്നാണു പേരെങ്കിലും അത്‌ ആരും അവകാശപ്പെടാത്ത കുറ്റവാളികളെ മാത്രം മറവു ചെയ്യുന്ന ഇടമാണ്‌. സൻഹേദ്രീനിൽ റബ്ബിയുടെ ജീവൻ യാജിച്ചു ചെന്ന യൂദാ ഇസ്‌കറിയാത്തിനെ നാട്ടുകൂട്ടം ഇവിടേക്കൊടിച്ചിട്ടാണ്‌ കല്ലെറിഞ്ഞു കൊന്നതത്രെ. സഭയുടെ അനുയായികൾ എന്ന വ്യാജേന, കയ്യഫായുടെ കിങ്കരരാണ്‌ അതും ചെയ്തന്നാണ്‌ അരീമഥ്യക്കാരൻ ജോസഫിന്റെ അഭിപ്രായം. അവനെ ഒറ്റു കാരനായി ചിത്രീകരികരിച്ച്‌ സഭയിലെ മറ്റു മേലാളന്മാർ കയ്യഫായുടെ പദ്ധതികൾ എളുപ്പമാക്കുകയായിരുന്നു. റബ്ബിയെ കയ്യഫായുടെ കൊട്ടാരത്തിൽ നിന്നും സഭാ വിശ്വാസികൾ രക്ഷിക്കുമെന്ന്‌ റബ്ബിയെപ്പോലെ കയ്യഫായും വിശ്വസിച്ചിരുന്നുവത്രെ. അപ്പോസ്തലന്മാരിൽ ആർക്കെങ്കിലും അതിനുള്ള ധൈര്യമുണ്ടെങ്കിൽ അത്‌ യൂദാ ഇസ്‌കറിയാത്തിനു മാത്രമാണെന്ന്‌ കയ്യഫാക്കുറപ്പായിരുന്നു. പക്ഷേ കയ്യഫായുടെ കുബുദ്ധിയളക്കുവാൻ സഭാ മേലാളന്മാർക്കായില്ല. ഇസ്‌കറിയാത്തിന്റെ നേത്യത്വത്തിൽ സഭ കയ്യഫായുടെ കൊട്ടാരം ആക്രമിച്ചാൽ ഫലത്തിൽ അവന്റെ നേത്യത്വം മറ്റുള്ളവർ അംഗീകരിക്കുകയെന്നർത്ഥം വരും. അതിനവർ തയ്യാറല്ലായിരുന്നു. അതു കൊണ്ടു തന്നെ റബ്ബി പുറത്തു വരേണ്ടതിനേക്കാൾ അപ്പോളവർക്കാവശ്യം യൂദാ ഇസ്‌കറിയാത്ത്‌ നിഷ്‌കാസിതനാകുക എന്നതായിരുന്നു. എന്നാൽ അവരുടെ ആ സ്ഥാനമോഹത്തിന്‌ യൂദാ ഇസ്‌കറിയാത്തിനേക്കാൾ വലിയ വില സഭക്കു കൊടുക്കേണ്ടി വന്നു. അരുതാത്തത്‌ സംഭവിക്കുമെന്ന്‌ അവർ മനസ്സിലാക്കും മുമ്പേ അരുതാത്തത്‌ സംഭവിച്ചു. കയ്യഫാ അവന്റെ പദ്ധതികൾ അക്കമിട്ട്‌ വരച്ചു വച്ചവയായിരുന്നു. അവന്റെ വലയിൽ സഭയൊന്നടങ്കം ഒരേ നിമിഷത്തിൽ വീണു.

അവളുടെ മനം പിന്നേയും ഓരോന്നോർത്തുകൊണ്ടിരുന്നു. അവൾ നടന്നു. ഇപ്പോൾ അവൾക്ക്‌ മലയടിവാരത്തിലുള്ള ജോസഫിന്റെ തോട്ടം കാണാം. തോട്ടത്തിന്നു നടുക്ക്‌ ഒരു വലിയ പാറക്കെട്ടുണ്ട്‌. ആ പാറക്കെട്ടിലാണ്‌ ജോസഫ്‌ അവനും അവന്റെ കുടുംബത്തിനുമായുള്ള കല്ലറ തയ്യാറാക്കിയിരിക്കുന്നത്‌. ആ കല്ലറയിലാണിന്നു രാത്രി റബ്ബിയുടെ ശരീരം സൂക്ഷിച്ചിരിക്കുന്നത്‌.

അവൾ നടന്നു. തോട്ടത്തിലെങ്ങും ആരുമില്ല. അവൾക്കിപ്പോൾ കല്ലറ വെട്ടിയ പാറക്കെട്ടു കാണാം. അവൾ നടന്നു. നേരിയ നിലാവുണ്ട്‌. അവൾ കല്ലറക്കടുത്തെത്തി. കല്ലറയുടെ വാതിൽ അടച്ചിട്ടില്ല. താൻ മറ്റെവിടെയെങ്കിലുമാണോ എത്തിയിരിക്കുന്നതെന്ന്‌ അവൾ ശങ്കിച്ചു. അവൾ ചുറ്റിലും നോക്കി. ഇല്ല. തെറ്റിയിട്ടില്ല. കുരിശിൽ നിന്നിറക്കിയ റബ്ബിയുടെ ശരീരം കൊണ്ടുവന്നത്‌ ഇവിടേക്കു തന്നെ. ഇതല്ലാതെ ഇവിടെ മറ്റു കല്ലറകളില്ല. പാറക്കെട്ടുകളില്ല. അവൾ കല്ലറക്കടുത്തേക്കു നീങ്ങി. വാതിൽ കല്ലു വച്ചടച്ചതാണല്ലോ. അതിനു ശേഷമാണല്ലോ എല്ലാവരും പിരിഞ്ഞത്‌. ഇതു തുറന്നതാരാണ്‌? അവളുടെ മനസ്സിൽ ഭയം കയറിത്തുടങ്ങി.

കല്ലറയിലേക്ക്‌ നിലാവരിച്ചിറങ്ങുന്നു. അവൾ അകത്തേക്കു നോക്കി. അകത്താരോ ഇരിക്കുന്നു അരോ അല്ല. ആരൊക്കെയോ. വെളുത്ത വസ്ര്തങ്ങൾ ധരിച്ച്‌ നീളൻ മുടി നടുവിൽ പകുത്ത്‌ പുറകോട്ടു മാടിയിട്ട രണ്ടു നസ്രായേൻ മാലഖമാർ. അവർ അവളെ കണ്ടു. അവർ അവളെ തിരിച്ചറിഞ്ഞു. “നിങ്ങളാരാണ്‌?” അവൾ ചോദിച്ചു. “എന്റെ റബ്ബിയെവിടെ?” മറുപടിക്കു കാത്തു നിൽക്കാതെ അവൾ വീണ്ടും ചോദിച്ചു. അവരിലൊരുവൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. “റബ്ബി ഇപ്പോഴും നമ്മുടെ കൂടെയുണ്ട്‌.” അവൻ പുറത്തേക്കിറങ്ങി. അകലേക്കു വിരൽ ചൂണ്ടി. അവൾ അവൻ ചൂണ്ടിയ ഇടത്തേക്കു നോക്കി. തോട്ടത്തിന്റെ പിൻവാതിലിൽ കൂടി രണ്ടുപേരുടെ തോളിൽ താങ്ങി മേലാസകലം അകിലിന്റേയും മീറയുടേയും ഇലകളാൽ പൊതിഞ്ഞ്‌ ഒരാൾ വേച്ചു വേച്ചു പോകുന്നത്‌ അവൾ കണ്ടു.

“റബ്ബി….”

Generated from archived content: balyam19.html Author: suresh_mg.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here