പത്ത്‌ – സാക്ഷ്യം(ഭാഗം-2)

ഞങ്ങൾ ചെയ്യുന്നതിൽ രസം പൂണ്ട്‌ അവരിൽ ചിലർ ഞങ്ങളിൽ നിന്നും പഞ്ഞി വാങ്ങി വീണ്ടും വിനാഗിരിയിൽ മുക്കി അവന്റെ വായിലേക്കൊറ്റിച്ചു. രണ്ടോ മൂന്നോ തവണ അവരതാവർത്തിച്ചു. പിന്നെ ആ ദ്രാവകത്തിന്റെ മണം അവരുടേയും മനം മടുപ്പിച്ചു. അവരാ തമാശ നിറുത്തി.

അവന്റെ ശബ്ദം അപ്പോൾ വിറച്ചു. ദുഃഖം അപ്പോഴും അവനെ വിട്ടുമാറിയിട്ടില്ല. തുടരാൻ ബുദ്ധിമുട്ടുന്നതുപോലെ അവൻ, വാക്കുകൾ കിട്ടാതെ ഉഴറി.

പിന്നെ….. നിശ്ശബ്ദതക്കു ഭംഗം വരുത്തുവാനായി നിക്കോദേമസ്‌ ചോദിച്ചു.

കാൽ നാഴികപോലും കഴിഞ്ഞില്ല. റബ്ബിയുടെ കണ്ണുകളടഞ്ഞു. അവന്റെ തല ഒരു വശത്തേക്കു ചരിഞ്ഞു. ശ്വാസഗതി നിലച്ചു. അവൻ നമ്മെ വിട്ടു പോയി.

നിക്കോദേമസിന്റെ മുഖം ചുകന്നു. പടയാളി നിറുത്തിയേടത്തുനിന്നും അദ്ദേഹത്തിന്റെ മനം തുടങ്ങി. സമയമായിരിക്കുന്നു. ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിരിക്കുന്നു. ലോൻജിനിസ്‌….. അവന്റെ ഭാഗം ഇനി ഭംഗിയായി നടക്കണം. അവനുടൻ ഗോഗുൽഥാൻ മലയിലെത്തണം.

നീ തിരിച്ച്‌ മലമുകളിലെത്തുക. റബ്ബിയെ കുരിശിൽ നിന്നിറക്കും വരേക്കും അവിടെ നീയ്യുണ്ടാകേണം. നിക്കോദേമസ്‌ ഉത്തരവിട്ടു. തലകുലുക്കി പടയാളി തിരിച്ചു നടക്കുവാൻ തുടങ്ങിയപ്പോൾ നിക്കോദേമസ്‌ വിളിച്ചു പറഞ്ഞു. പോകുന്ന വഴിക്ക്‌ അരീമഥ്യക്കാരൻ ജോസഫിനെ മുഖം കാണിക്കുക. എന്റെയടുക്കൽ നിന്നാണു വരുന്നതെന്നും സമയമായി എന്നു ഞാൻ പറഞ്ഞതായും പറയുക. നിക്കോദേമസ്‌ പടയാളി നടന്നു പോകുന്നത്‌ കണ്ടു നിന്നില്ല. ധ്യതിയിൽ പടിയിറങ്ങി. ലോൻജിനിസിനെ ഉടൻ മലമുകളിലെത്തിക്കണം. അവന്റെ കഴിവുകൾക്കനുസരിച്ചിരിക്കും തന്റെ പദ്ധതികളുടെ വിജയം.

ശതാധിപൻ ലോൻജിനിസ്‌ പിലാത്തോസിനെ മുഖം കാണിച്ചു. എനിക്കു കിട്ടിയ വിവരങ്ങളനുസരിച്ച്‌ ജോഷ്വായുടെ പ്രാണൻ നഷ്ടപെട്ടിരിക്കുന്നു. ശേഷിച്ച രണ്ടുപേർക്കിപ്പോഴും ബോധംപോലും നഷ്ടപെട്ടിട്ടില്ല. അയാൾ പിലാത്തോസിനെ അറിയിച്ചു. ഇന്ന്‌ വെള്ളിയാഴ്‌ചയാണ്‌. നാളെ പെരുന്നാളും. അതുകൊണ്ടു തന്നെ ആരും ഇന്ന്‌ സൂര്യസ്തമയത്തിനു ശേഷം കുരിശിൽ കിടക്കരുത്‌. അത്‌ ജൂത നിയമമാണ്‌. അവൻ നിറുത്തി. അറിയാമെന്നയർത്ഥത്തിൽ പിലാത്തോസ്‌ തലയാട്ടി. മലമുകളിലേക്കു പോകുവാനും എന്നെയേൽപിച്ചിരിക്കുന്ന ജോലി ക്യത്യമായി ചെയ്യുവാനും ഞാനനുവാദം ചോദിക്കുന്നു. ലോൻജിനിസ്‌ അഭ്യർത്ഥിച്ചു. പിലാത്തോസ്‌ അവന്‌ അനുവാദം നൽകി.

മലമുകളിൽ കണ്ട കാഴ്‌ച അവനെ അമ്പരപ്പിച്ചില്ല. അവനവിടെ കാണുവാനിരിക്കുന്നതിനെക്കുറിച്ചും, ചെയ്യേണ്ടതിനെക്കുറിച്ചും അരീമഥ്യക്കാരൻ ജോസഫ്‌ അവന്‌ വിശദമായി തന്നെ പറഞ്ഞുകൊടുത്തിരുന്നു. എന്നാലും ശരീരമാസകലം രക്തം കട്ടപിടിച്ചു കിടക്കുന്ന റബ്ബിയുടെ രൂപം അവന്റെ മനമൊന്നിളക്കി. ഇതാദ്യമായല്ല അവൻ ശതാധിപന്റെ ജോലി ചെയ്യുന്നത്‌. ഇതുവരേയും അവൻ മരിച്ചുവെന്ന്‌ തിട്ടപ്പെടുത്തിയിരുന്നത്‌ സമൂഹത്തെപ്പോലെ അവനും സമൂഹത്തിനു കൊള്ളരുതാത്തവരെന്നു എഴുതിതള്ളിയവരെയായിരുന്നു. എന്നാൽ ഇപ്പോൾ അവനു മുന്നിൽ കാണുന്നത്‌, മരിച്ചുവെന്ന്‌ അവൻ സാക്ഷ്യപ്പെടുത്തേണ്ടത്‌ ഒട്ടൊരു ആരാധനയോടെ മനസ്സിൽ കൊണ്ടു നടന്നിരുന്ന ഒരു നസ്രയേനെയാണ്‌. രണ്ടര വർഷം കൊണ്ട്‌ ഒരു ജനതയുടെ, താനുൾപ്പെടെയുള്ള ഒരു തലമുറയുടെ, ആശാകേന്ദ്രമായി തീർന്ന ഒരു നസ്രായേന്റെ. സഭാവിശ്വാസികളും സഭയോടു താത്പര്യമുള്ളവരും അവനെ റബ്ബിയെന്നു വിളിച്ചു. നാടിനേയും നാട്ടുകാരെയും മറന്ന ജൂത പ്രമുഖർ അവന്റെ കരുണയാർന്ന സ്വരം കേട്ടു ഭയപ്പെട്ടു. സ്വന്തം അഹന്ത മൂലം, പശ്ചാതാപിക്കുവാനുള്ള അവന്റെ അഭ്യർത്ഥന അവർ തള്ളിക്കളഞ്ഞു. സ്ഥാനമാനങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയം അവരെ അവനെതിരാക്കി. ആവത്‌ അവനെ ഉപദ്രവിച്ചു. എന്നാൽ അവനോ……. ഇതെന്തൊരു ക്രൂരതയാണ്‌. ലോൻജിനിസ്‌ അവന്റെ അടുത്തേക്കു നടന്നു. ജോസഫിന്റെ വാക്കുകൾ സത്യമാകണമെന്ന്‌ അവൻ പ്രാർത്ഥിച്ചു. റബ്ബിയുടെ തല ഒരു വശത്തേക്ക്‌ ഒടിഞ്ഞു തൂങ്ങിയിരിക്കുന്നു. മിഴികൾ പൂർണമായും അടഞ്ഞിരിക്കുന്നു. അവൻ മറ്റു രണ്ടുപേരേയും നോക്കി. വലിഞ്ഞു തൂങ്ങിയ അവരുടെ ശരീരം പ്രാണവായുവിനു വേണ്ടി പണിപ്പെടുന്നത്‌ അവനറിഞ്ഞു. “ഇവന്റെ ജീവൻ പോയെന്നു തോന്നുന്നു.” ജോഷ്വായെ ചൂണ്ടി ലോൻജിനിസ്‌ പടയാളികളോടു പറഞ്ഞു. “അസ്തമയത്തിനു മുമ്പ്‌ ഇവരുടേയും ശിക്ഷ നടപ്പാക്കേണ്ടതുണ്ട്‌. അതുകൊണ്ട്‌ ഇവരിരുവരുടേയും കാൽ മുട്ടിനു കീഴെ തല്ലിയൊടിക്കുക.”

“പാവങ്ങളുടെ രാജാവിന്റെ പ്രാണൻ ഇത്രപെട്ടെന്നു പോയോ?” പടയാളികളിലൊരുത്തനു സംശയം. ലോൻജിനിസ്‌​‍്‌ ശ്രദ്ധിക്കും മുമ്പേ പടയാളിയുടെ കുന്തമുന റബ്ബിയുടെ വാരിയെല്ലിനെ ലക്ഷ്യമാക്കി നീങ്ങി. അപകടം മണത്തറിഞ്ഞ ലോൻജിനിസ്‌ ഒരു പട്ടാള മേധാവിയുടെ കാർക്കശ്യത്തിൽ അരുതെന്ന്‌ വിളിച്ചു പറഞ്ഞു. അവന്റെ ശബ്ദം കേട്ട പടയാളി ഒന്നു പതറി. അതുകൊണ്ടു തന്നെ ജോഷ്വായുടെ ശരീരത്തിൽ അവന്റെ കുന്തമുന ഒന്നു കോറിയതേയുള്ളു. കുന്തം കൊണ്ടിടത്തുനിന്നും രക്തമൊഴുകി. ജോസഫിന്റെ വാക്കുകൾ ശരിയായിരിക്കണം. നിക്കോദേമസിന്റെ മരുന്നിന്റെ ഫലം മാത്രമായിരിക്കണം ഞാൻ കാണുന്നത്‌. റബ്ബിയുടെ പ്രാണൻ നഷ്‌ടപെട്ടിട്ടില്ല. അല്ലെങ്കിൽ കുന്തമുന കൊണ്ടിടത്തു നിന്നും രക്തമൊഴുകില്ല. ഇത്‌ ബോധക്ഷയം മാത്രമാണ്‌. അമിതമായ അളവിൽ കറുപ്പ്‌ അകത്തുചെന്നതുകൊണ്ടുള്ള ബോധക്ഷയം. പൂർവ്വദിക്കുകളിൽ യുദ്ധത്തിൽ മുറിവേറ്റവരുടെ ചികിത്സക്കായി, വേദന സംഹാരിയായി, കറുപ്പുപയോഗിക്കുമത്രെ. ഇതെല്ലാം ഇപ്പോൾ അരീമഥ്യക്കാരൻ ജോസഫിൽ നിന്നും കിട്ടിയ അറിവാണ്‌. അവനാകട്ടെ പച്ച മരുന്നിന്റേയും വ്യാപാരമുള്ള നിക്കോദേമസിൽ നിന്നു കിട്ടിയതും. ഈ കേട്ടറിവുകൾ യാഥാർത്ഥ്യങ്ങളാകട്ടെ. നിക്കോദേമസിന്റെ വിശ്വസ്തനായ പടയാളീ… നീ നീണാൽ വാഴട്ടെ. അവന്റെ യഥാസമയമുണ്ടായ ഇടപെടൽ ഒരു പക്ഷേ റബ്ബിയുടെ ജീവൻ രക്ഷിക്കുന്നതിനു കാരണമായേക്കും. ലോൻജിനിസിന്റെ മനം അസ്വസ്ഥമാകുന്നു. സഭക്കു വേണ്ടി, ഇസ്രയേലികൾക്കു വേണ്ടി, ഇത്രയെങ്കിലും എനിക്കു ചെയ്യുവാനാകണം. ഒരായുഷ്‌ക്കാലം മുഴുക്കെ ഞാൻ റോമാക്കരന്റെ ഉച്ചിഷ്‌ട്ടം ഭക്ഷിച്ചു. സ്വസഹോദരങ്ങളെ ദ്രോഹിക്കുന്നതിനു കൂട്ടു നിന്നു. ഇതെന്റെ ഉയിർപ്പിന്റെ ദിനമാകട്ടെ. നട്ടെല്ലു വളച്ചു മാത്രം ജീവിച്ച എനിക്ക്‌ ഇന്നിതെങ്കിലും ചെയ്യുവാനുള്ള സത്‌ബുദ്ധിയുണ്ടാകട്ടെ. എന്റെ മനമേ, നീ പതറരുത്‌. അരീമഥ്യക്കാരൻ ജോസഫിന്റേയും അവന്റെ സുഹൃത്ത്‌ നിക്കോദേമസിന്റേയും പദ്ധതികൾ വിജയിക്കട്ടെ.

അവൻ റബ്ബിയുടെ ശരീരത്തിൽ നിന്നും കണ്ണെടുത്തില്ല. പടയാളിയുടെ കുന്തമുന കൊണ്ടിടത്തു നിന്നും പൊടിഞ്ഞ ചോര കട്ടപിടിച്ചു തുടങ്ങിയിരിക്കുന്നു. സമയം നഷ്‌ടപ്പെടുത്തരുത്‌. അവൻ റബ്ബിയുടെ ഇരുവശത്തുമുള്ള കുരിശുകളിൽ നോക്കി. ശതാധിപന്റെ ക്രൂരമായ മനസ്സ്‌ അവനെ വിഴുങ്ങുവാൻ തുടങ്ങി. അസ്തമയത്തിനു മുമ്പ്‌ ഇതു രണ്ടും ചാവുമെന്നു തോന്നുന്നില്ല. അതുകൊണ്ടു തന്നെ രണ്ടിന്റേയും കാൽ മുട്ടുകൾ അടിച്ചു തകർക്കുക. അവൻ ഉച്ചത്തിൽ ഉത്തരവിട്ടു. ഈ മഹാരാജൻ ഈ ലോകവാസം അവസാനിപ്പിച്ചുവെന്നു തോന്നുന്നു. തോന്നുകയല്ല. അവസാനിപ്പിച്ചിരിക്കുന്നു. അവനെ ഇനിയാരും ഒന്നും ചെയ്യരുത്‌. കുരിശിൽ നിന്നും ശരീരമിറക്കുവാൻ പിലാത്തോസിന്റെ ഉത്തരവു ലഭിക്കും വരേക്കും ശവത്തിൽ ആരും തൊടരുത്‌.

ശതാധിപൻ അവന്റെ ജോലി മുഴുവനാക്കി. മലമുകളിൽ നിന്നുമിറങ്ങി.

Generated from archived content: balyam17.html Author: suresh_mg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here