പത്ത്‌ – സാക്ഷ്യം(ഭാഗം-1)

അലക്സാണ്ടറിന്റേയും റൂഫോസിന്റേയും പിതാവായ കുറേനക്കാരൻ ശീമയോൻ നാട്ടിൻപുറത്തു നിന്നും വരും വഴി അതിലെ കടന്നുപോകുന്നത്‌ അവർ കണ്ടു. അവർ കുരിശു ചുമക്കാൻ അയാളെ നിർബന്ധിച്ചു.

ഇതുവരേക്കും എല്ലാം ശുഭം. പടയാളിയുടെ വാക്കുകൾക്കർത്ഥമായി നിക്കോദേമസിന്റെ മനസ്സു മന്ത്രിച്ചു.

എല്ലാം വിശദമായി പറയുവാൻ നിക്കോദേമസ്‌ ഉത്തരവിട്ടു. എന്തൊക്കെ, എങ്ങിനെയൊക്കെ എന്നറിയുവാൻ അവൻ ഉത്‌കണ്‌ഠപ്പെടുകയായിരുന്നു.

കയ്യഫായുടെ പടയാളികളുടെ കൂട്ടത്തിൽ ഞങ്ങളും കൂടി. കുറ്റവാളികളെ ഞങ്ങളുടെ കയ്യിലേക്ക്‌ കൈമാറ്റം ചെയ്തപ്പോൾ ഞാനവന്റെ മുഖത്തേക്കു സൂക്ഷിച്ചു നോക്കി. ആദ്യമായാണ്‌ ഞാനവനെ കാണുന്നത്‌. അവന്റെ മനസ്സു ശാന്തമായിരുന്നുവെന്ന്‌ മുഖം വ്യക്തമാക്കി. മറ്റു രണ്ടു കുറ്റവാളികളും ഭയന്നിരുന്നു. മരണം അവരുടെ തൊട്ടു മുന്നിൽ നിൽക്കുകയാണല്ലോ. പതിവിൻ പടി ആദ്യം അവരുടെ മേലുടുപ്പുകൾ അഴിച്ചു മാറ്റി. അതിന്നിടക്ക്‌ കയ്യഫായുടെ പടയാളികളുടെ തമാശകൾ തുടങ്ങി. ക്രൂരമാണവരുടെ തമാശകൾ. അവരെ അതിനു കുറ്റം പറയരുത്‌. ആടിനേയും മാടിനേയും കൊല്ലുന്നതു പോലെ എളുപ്പമല്ല ഒരു മനുഷ്യനെ കൊല്ലുകയെന്നത്‌. പടക്കളത്തിൽ വാളോങ്ങുന്നത്‌ സ്വയരക്ഷക്കാണ്‌. അല്ലെങ്കിൽ ഒരാവേശത്തിൽ. എന്നാൽ ഇതങ്ങിനെയല്ല. ഒരു പ്രകോപനവും കുറ്റവാളിയുടെ ഭാഗത്തു നിന്നുണ്ടാകില്ല. കശാപ്പുകാരന്‌ മാടിന്റെ തലയറുക്കുമ്പോൾ അതിന്റെ മാംസം വിറ്റാൽ കിട്ടാവുന്ന ലാഭാത്തെക്കുറിച്ചെങ്കിലും ബോധമുണ്ടാകും. ഇവിടെ അതുപോലുമില്ല. ആർക്കോ വേണ്ടി കൊല്ലുന്നു. അതും ആരെന്നറിയാത്ത ഒരുവനെ. എന്തിനെന്നറിയാതെ. ആരാച്ചാരായി നിയമിക്കപ്പെട്ടവനേ ആ ദുഃഖം മനസ്സിലാകൂ. എന്നാൽ അവന്‌ ആ ദുഃഖം പുറത്തു പറയുവാൻ അനുവാദമില്ല. പുറത്തു പറഞ്ഞാൽ, പുറത്തറിയിച്ചാൽ, അവന്റെ ഉപജീവനം മാത്രമല്ല, ജീവനും അതാപത്തായേക്കാം. അധികാരികൾക്കെതിരായവനെന്ന്‌ മുദ്ര വയ്‌ക്കാം. അതുകൊണ്ടു തന്നെ അവനതു ചെയ്യുന്നു. ക്രൂരതയുടെ മുഖം മൂടി അണിയുന്നു. ക്രൂരമായ തമാശകൾ കാണിക്കുന്നു. ദുഃഖം പുറത്തറിയാതിരിക്കുവാനായി മദ്യപിക്കുന്നു. എന്തും ചെയ്യുവാൻ മടിയില്ലാത്തവനെന്ന്‌ വരുത്തിക്കൂട്ടുന്നു. ഇവിടേയും അങ്ങിനെ മാത്രം സംഭവിച്ചു. ആരോ ആൾക്കൂട്ടത്തിൽ നിനും വിളിച്ചു പറഞ്ഞു. “ഇവൻ പാവങ്ങളുടെ രാജാവണത്രെ. കുപ്പായം പോലുമില്ലാത്ത രാജാവ്‌. പാവം. രാജാവല്ലെ, കുപ്പായമില്ലെങ്കിലും ഒരു കിരീടമാകാം.” അടുത്തു കണ്ട മുൾച്ചെടികൾ കൊണ്ടൊരു കിരീടം അവരുണ്ടാക്കി. അവന്റെ തലയിൽ വച്ചു. മുള്ളുകൊണ്ടിടം മുറിഞ്ഞ്‌ ചോരയൊലിച്ചപ്പോഴും അവന്റെ മുഖത്ത്‌ അതൃപ്തി വന്നില്ല. അവർ അവനോട്‌ കുരിശു ചുമക്കുവാൻ കൽപിച്ചു. അവനോട്‌ നടക്കുവാൻ ആവശ്യപ്പെട്ടു. കുരിശിന്റെ ഭാരം മൂലം ഒന്നു വളഞ്ഞാണ്‌ അവൻ നടന്നു തുടങ്ങിയത്‌. ആരോ പുറകിൽ നിന്നും ചാട്ട വീശി. മുപ്പത്‌ അടിയാണു കണക്ക്‌, ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. അതിൽ കൂടുതൽ അടിക്കുക സാധാരണമായതുകൊണ്ടാണ്‌ ഞാനങ്ങിനെ വിളിച്ചു പറഞ്ഞത്‌. ഒരോ തവണ അവനു മുകളിൽ ചാട്ട പതിച്ചപ്പോഴും ഞങ്ങളിലൊരുവൻ ഉറക്കെ എണ്ണം പിടിച്ചു. അതുകൊണ്ടു തന്നെ മുപ്പതായപ്പോൾ, ശേഷിച്ചതു ഞാനാകാമെന്ന മട്ടിൽ ഞാൻ ചാട്ട വാങ്ങി. മുപ്പതായതിനാൽ അവരെതിർക്കുകയോ ചാട്ട പിന്നെ തിരിച്ചു വാങ്ങുകയോ ഉണ്ടായില്ല.

ഞങ്ങൾ ഒരു നാഴിക നടന്നു കാണും. അപ്പോഴാണ്‌ ശീമയോനെ കണ്ടത്‌. പറഞ്ഞുറപ്പിച്ചതനുസരിച്ച്‌ ഞങ്ങൾ ശീമയോനെ വലിച്ചിറക്കി. കുരിശ്‌ അവന്റെ ചുമലിൽ വച്ചുകൊടുത്തു. കയ്യഫായുടെ പടയാളികൾ അവനേയും ഉപദ്രവിച്ചു. ഒരു പുതിയ ഇരയെ കിട്ടിയ സന്തോഷമായിരുന്നു അവർക്ക്‌. പിന്നെ മലമുകളിലെത്തുന്നതുവരേയും ശീമയോനാണ്‌ കുരിശു ചുമന്നത്‌.

പടയാളി നിറുത്തി. നിക്കോദേമസ്‌ നെടുതായൊന്ന്‌ നിശ്വസിച്ചു. അയാൾ പടയാളിയുടെ മുഖത്തു നിന്നും കണ്ണെടുത്തു. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അയാളുടെ ദ്യഷ്ടികൾ പടയാളിയുടെ മുഖത്തേക്ക്‌ തിരിച്ചെത്തി. തുടരുവാനുള്ള ആഹ്വാനമായിരുന്നു അത്‌.

റബ്ബി ക്ഷീണിതനാണെന്ന്‌ എനിക്കു തോന്നിയില്ല. അമാനുഷികമാണ്‌ അദ്ദേഹത്തിനെ ശാന്തത. മരണം ഏതാനും വാരകൾക്കപ്പുറത്താണെന്നറിഞ്ഞിട്ടും അദ്ദേഹത്തിന്റെ ശാന്തതക്കു ഭംഗമില്ലായിരുന്നു. മലക്കു മുകളിൽ, കുരിശിൽ, അവരവനെ മലർത്തിക്കിടത്തി. കയ്യഫായുടെ പടയാളികൾ അപ്പോഴും അവനെ അധിക്ഷേപിക്കുന്നുണ്ടായിരുന്നു. അവരാദ്യം കൈകാലുകൾ കുരിശിൽ വരിഞ്ഞുകെട്ടി. ഈ രണ്ടുപേർ വീതം വലത്തെ കയ്യും പിന്നെ ഇടത്തെ കയ്യും കാലുകളും അമർത്തി പിടിച്ചു. ഞങ്ങളിലൊരുവൻ ആണി കൊണ്ടു വന്നു. ഉള്ളം കയ്യിൽ നടുവിരലിന്റേയും മോതിര വിരലിന്റേയും നടുക്കായി എല്ലുകൾക്കിടയിലുള്ള സ്ഥാനം നോക്കി അവൻ ആണി പിടിച്ചു കൊടുത്തു. മലകയറുന്നതിനു മുമ്പ്‌ അതിനായി, ഞാനവനെ ശട്ടം കെട്ടിയിരുന്നു. താങ്കൾ പറഞ്ഞു തന്ന സ്ഥലം പല തവണ ഞാനവനു കാണിച്ചു കൊടുത്തിരുന്നു. ആണിയിൽ ചുറ്റികയടിച്ചത്‌ അവരുടെ ആളാണ്‌. അപ്പോൾ മാത്രം അദ്ദേഹത്തിന്റെ മുഖം ചുളിയുന്നതും കണ്ണുകൾ നിറയുന്നതും ഞാൻ കണ്ടു. പിന്നെ കെട്ടുകളഴിച്ച്‌ കുരിശുയർത്തി. ഞങ്ങളിലൊരുവൻ അവന്റെ കാലുകൾക്ക്‌ താങ്ങായി ഒരു ചെറിയ തണ്ടു വച്ചുകൊടുത്തു. താങ്കളുടെ നിർദ്ദേശം പാലിച്ച്‌ ഒട്ടൊന്നുയർത്തി തന്നെയാണത്‌ വച്ചത്‌. കുരിശിലേറ്റിയവൻ കൂടുതൽ നേരം കുരിശിൽ കിടക്കുവാൻ അങ്ങിനെയൊരു താങ്ങു കൊടുക്കുക സാധാരണമല്ലോ.

താങ്കളുടെ നിർദ്ദേശങ്ങൽ എനിക്കോർമ്മയുണ്ടായിരുന്നു. എന്റെ കൂട്ടുകാരോട്‌ എല്ലാം തുറന്നു പറയുവാൻ എനിക്കാവുകയില്ലല്ലോ. ഞാൻ ശ്രദ്ധാലുവായിരുന്നു. എന്റെ സമയം അതെപ്പോൾ വേണമെങ്കിലുമെത്താമെന്ന്‌ എനിക്കറിയാമായിരുന്നു. മൂന്നു നാലു നാഴികയെങ്കിലും കഴിഞ്ഞു കാണും. ഞാൻ റബ്ബിയുടെ മുഖത്തേക്കു തന്നെ നോക്കി നിൽക്കുകയായിരുന്നു. അവന്റെ ചുണ്ടുകൾ വരളുന്നതും ഒരു തുള്ളി വെള്ളത്തിനായി നാവാഗ്രഹിക്കുന്നതും എനിക്കു മനസ്സിലായി. എന്റെ മനമൊന്നിളകിയെന്നതു സത്യം. ധൈര്യം സംഭരിച്ച്‌ ഞാൻ ഉറക്കെ വിളിച്ചു പറഞ്ഞു. രാജാവിനു ദാഹിക്കുന്നെണ്ടെന്നു തോന്നുന്നു. കുടിക്കാനെന്തെങ്കിലും കൊടുക്കാം. പറഞ്ഞു തീരും മുമ്പേ തന്നെ ഞാൻ താങ്കൾ തന്നിരുന്ന വിനാഗിരിയുടെ സഞ്ചിയെടുത്തു. താങ്കളുടെ നിർദ്ദേശപ്രകാരം അതിൽ വളരെ കൂടിയ അളവിൽ കറുപ്പു കലർത്തിയിരുന്നു. അതിന്റെ രൂക്ഷ ഗന്ധം എനിക്ക്‌ മനം പുരട്ടലുണ്ടാക്കി. ഇതാ അവൻ രാജാവിനു കുടിക്കുവാനായി മൂത്രം കൊണ്ടുവന്നിരിക്കുന്നു എന്ന്‌ ആ മണമടിച്ച്‌ ഒരു പടയാളി വിളിച്ചു പറയുന്നത്‌ ഞാൻ കേട്ടു. എന്റെ സഹായി ഒരു തുണ്ട്‌ പഞ്ഞി വിനാഗിരി നിറച്ച തുകൽ സഞ്ചിയിലിട്ടു. അവൻ അവന്റെ കുന്തം കൊണ്ട്‌ അത്‌ കോരിയെടുത്ത്‌ റബ്ബിയുടെ ചുണ്ടിനോടടുപ്പിച്ചു. അവന്റെ ചുണ്ടുകൾ ഒരു തുള്ളി വെള്ളത്തിനായി കൊതിക്കുകയായിരുന്നുവെന്നത്‌ വ്യക്തം. അവൻ നാവനക്കുന്നത്‌ ഞാൻ കണ്ടു. ഞാനാ പഞ്ഞി അവന്റെ ചുണ്ടിലും നാക്കിലും ആവതമർത്തി തന്നെ ഉരച്ചു. കയ്യഫ്‌ഫായുടെ പടയാളികൾ ഞാൻ ചെയ്യുന്നതു കണ്ട്‌ ആർത്താർത്തു ചിരിക്കുന്നുണ്ടായിരുന്നു. ദുഃഖം മനസ്സിലൊതുക്കി ഞാനും അവരുടെ ചിരിയിൽ പങ്കു കൊണ്ടു.

Generated from archived content: balyam16.html Author: suresh_mg.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here