എട്ട്‌ – ഒറ്റ്‌

അവൻ വീണ്ടും വന്നപ്പോൾ അവർ ഉറങ്ങുന്നതു കണ്ടു. അവൻ അവരെ വിളിച്ചു. അവരുടെ കണ്ണുകളിൽ നിദ്രാഭാരം തങ്ങി നിന്നു. നിങ്ങൾ ഇപ്പോഴും ഉറങ്ങി വിശ്രമിക്കുകയാണോ? മതി. സമയമായി. അവൻ പറഞ്ഞു.

അവൻ വീണ്ടും മലകയറിപ്പോയി.

തീപ്പന്തങ്ങളുമേന്തി ഒരു ചെറിയ ജനക്കൂട്ടം മലമുകളിലേക്കു കയറുന്നത്‌ അവർ കണ്ടു. കീദ്രോൻ താഴ്‌വരയിൽ വിശ്രമിച്ചിരുന്ന മറ്റു സഭാംഗങ്ങളും ആ കാഴ്‌ച കണ്ടു. അപകടമാണതെന്ന്‌ അവരറിഞ്ഞു. അവരെഴുന്നേറ്റു. ഗെഥ്സേമനി ലക്ഷ്യമാക്കി തീപ്പന്തങ്ങൾക്കു പുറകെയെത്തി.

മലമുകളിലേക്കു കയറുന്നിടത്ത്‌ മൂന്നു പേരിരിക്കുന്നത്‌ തീപ്പന്തമേന്തിയ പടയാളികൾ കണ്ടു. അവർ തിരിച്ചറിയപ്പെട്ടു. “നീ അവന്റെ കൂടെയുള്ളവനല്ലേ?” പടയാളികളിലൊരുവൻ പത്രോസിനോടു ചോദിച്ചു. താൻ തിരിച്ചറിയപ്പെട്ടിരിക്കുന്നുവെന്ന്‌ പത്രോസ്‌ ഭയന്നു. “അല്ല. ഞാൻ അവന്റെ കൂട്ടുകാരനല്ല. ഞാനൊരു വഴിപോക്കൻ… വെറുമൊരു വഴിപോക്കൻ” പത്രോസ്‌ വിക്കി.

“ഇവൻ അവന്റെ കൂട്ടത്തിലുള്ളവൻ തന്നെ.” പടയാളികളിലൊരുത്തൻ ഉച്ചത്തിൽ പറഞ്ഞു. “ഇന്നു ദേവാലയത്തിൽ അവന്റെ കൂടെ ഇവനേയും ഞാൻ കണ്ടിരുന്നു. അതിനർത്തം അവനും ഈ ഭാഗത്തെവിടേയോ ഉണ്ടെന്നാണ്‌” ആരോ പത്രോസിനെ കയറിപ്പിടിച്ചു. പത്രോസ്‌ ഉറയിൽ കിടന്ന വാളൂരി അവനെ വെട്ടി. വെട്ടുകൊണ്ട്‌ പടയാളിയുടെ ചെവി മുറിഞ്ഞു. എന്തു സംഭവിച്ചുവെന്ന്‌ മറ്റു പടയാളികൾക്കു മനസ്സിലാകും മുമ്പേ പത്രോസും കൂട്ടരും ഇരുട്ടിൽ ഓടി മറഞ്ഞു.

ശബ്ദം കേട്ട്‌ അവൻ താഴേക്കിറങ്ങി വന്നു. അവർ അവനെ കണ്ടു. അവനപ്പോഴും സുസ്മേര വദനായിരുന്നു. “നിങ്ങൾ ആരെയാണന്വേഷിക്കുന്നത്‌?” അവനാരാഞ്ഞു. “നിന്നെ, നിന്നെത്തന്നെ.” പടയാളികൾ ആർത്തു വിളിച്ചു.

കീദ്രോൻ താഴ്‌വരയിൽ നിന്നും സഭാംഗങ്ങൾ ഗെഥ്സേമേനിയിലെത്തി. അവരുടെ റബ്ബി പടയാളികളാൽ ചുറ്റപ്പെട്ടിരിക്കുന്നതു അവർ കണ്ടു. “ആരും അടുക്കരുത്‌.” പടയാളികളുടെ തലവനെന്നു തോന്നിക്കുന്നവൻ വിളിച്ചു പറഞ്ഞു.

“ഈ രാത്രി ഞാൻ പിടിക്കപ്പെട്ടാൽ, നിങ്ങൾ പറഞ്ഞ അപകടം അതുണ്ടാകും. യഹൂദ നിയമങ്ങൾ അവർ കാറ്റിൽ പറത്തും” റബ്ബിയുടെ വാക്കുകൾക്ക്‌ അറം പറ്റുകയാണെന്ന്‌ യൂദാ ഇസ്‌കറിയാത്തിനു തോന്നി. ആ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങി. പടയാളികളുടെ വിലക്കു ഭേദിച്ച്‌ അവൻ അവന്റെ റബ്ബിയുടെ അടുത്തെത്തി. “എന്റെ റബീ” അവൻ റബ്ബിയെ ആശ്ലേഷിച്ചു. പടയാളികളിലൊരുത്തൻ അവനെ തള്ളി മാറ്റി. സഭാംഗങ്ങൾക്കു നേരെ വാളോങ്ങി. പടയാളികളുടെ തലവൻ ജനക്കൂട്ടത്തിനു നേരെ ആയുധം പ്രയോഗിക്കുവാൻ ഉത്തരവിട്ടു. സഭാംഗങ്ങൾ ഓടിയകന്നു.

Generated from archived content: balyam13.html Author: suresh_mg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here