ഏഴ്‌- ആക്രമണം (ഭാഗം-2)

അപ്പോൾ ശീമയോൻ പത്രോസ്‌ ചോദിച്ചു. “നീ എങ്ങോട്ടു പോകുന്നു?” അവൻ പറഞ്ഞു. “ഇപ്പോൾ നീയെന്നെ അനുഗമിക്കരുത്‌. അതിനുള്ള സമയമാകുമ്പോൾ ഞാൻ പറയാം.” അവന്റെ വാക്കുകൾ പത്രോസിനെ കൂടുതൽ ദുഃഖിപ്പിച്ചു. എന്നെയെന്തിനവൻ തഴയുന്നു? അവന്‌ എന്നിലുള്ള വിശ്വാസം നഷ്ടപ്പെടുകയാണോ.. എങ്ങിനെ അവനിൽ വീണ്ടും വിശ്വാസം ജനിപ്പിക്കും? “നിനക്കു വേണ്ടി ജീവൻ വരെ ത്യജിക്കുവാൻ തയ്യാറായി……” അവനു മുഴുവൻ പറയുവാൻ കഴിയും മുമ്പേ മറുപടി വന്നു. “ഇന്നു രാത്രി. അത്‌ സുപ്രധാനമാണ്‌. എന്നെ പകൽ സമയത്തേ അവർ പിടികൂടാവൂ. അല്ലെങ്കിൽ നിങ്ങൾ പറഞ്ഞ അപകടം, അതുണ്ടാകാം. യഹൂദ നിയമങ്ങൾ അവർ കാറ്റിൽ പറത്തും. രാത്രിയിൽ വേണമെങ്കിൽ സൻഹേദ്രീൻ വരെ കൂടും. പുലരും മുമ്പേ എന്റെ വധശിക്ഷയവർ നടപ്പാക്കും. അതുകൊണ്ടു തന്നെ ഇന്നു രാത്രി നമ്മളെല്ലാം ഒന്നിച്ചിരിക്കരുത്‌. നിന്റെ ദുഃഖവും ഞാൻ മനസ്സിലാക്കുന്നു. എന്നാൽ ഇന്നത്തെ ദൗത്യമേറ്റെടുക്കുവാനുള്ള പ്രാപ്തി നിന്നിലുണ്ടോയെന്ന്‌ എനിക്കുറപ്പില്ല. നിന്നെ ഭയം ഗ്രസിച്ചിരിക്കുന്നത്‌ ഞാൻ കാണുന്നു. അധികാരികൾ നിന്നേയും പിടികൂടി വധിക്കുമോ എന്ന ഭയം. മരണഭയം. അതു പിടികൂടിയാൽ മനുഷ്യൻ പിന്നെ എന്തിനേയും തള്ളിപ്പറയും. അതിൽ നിന്നും ഓടിയൊളിക്കുവാൻ അവനെന്തും ചെയ്യും.”

“നീയെന്നെ തെറ്റിദ്ധരിക്കുകയാണോ? ഞാനരേയും ഭയക്കുന്നില്ല. ഞാനെന്നല്ല, സഭയുടെ കാര്യക്കാരായി നീ തിരഞ്ഞെടുത്ത ഞങ്ങൾ പന്ത്രണ്ടിലാരും തന്നെ. ഞങ്ങൾക്കെല്ലാമിപ്പോൾ മനസ്സിലാകുന്നു. നിന്നോടിപ്പോൾ ഒന്നും ചോദിക്കേണ്ടെന്നും ഞങ്ങൾ മനസ്സിലാക്കുന്നു.”

രാത്രിയേറെയിരുട്ടുവാൻ തുടങ്ങിയിരിക്കുന്നു. അവർ നഗരത്തിനു പുറത്തെത്തിയിരുന്നു. അവർ അവരുടെ ഒളിത്താവളം ലക്ഷ്യമാക്കി നടക്കുകയാണ്‌. കീദ്രോൻ താഴ്‌വരയിലെ ഒരു ചെറിയ കുറ്റിക്കാട്ടിൽ അവർ വിശ്രമിച്ചു.

“നമ്മൾ നഗരത്തിൽ നിന്നും അധികം ദൂരെപ്പോയിട്ടില്ലെന്ന്‌ അവർക്കറിയാം. അതുകൊണ്ടു തന്നെ പടയാളികൾ നഗരത്തിനു പുറത്തും നമ്മെ അന്വേഷിക്കും. നമ്മുടെ ഒളിത്താവളങ്ങളിൽ ഒന്നിതാണെന്ന്‌ അവർ മനസ്സിലാക്കിയിരിക്കുന്നതായി എനിക്കറിവുണ്ട്‌.” യൂദാ ഇസ്‌കറിയാത്ത്‌ സഭയോടായി പറഞ്ഞു.

അവർ മുഖാമുഖം നോക്കി. പരസ്പരം എന്തോ കുശുകുശുത്തു. ജോഷ്വാ അതു ശ്രദ്ധിച്ചു. അവൻ ചിരിച്ചു.

“റബ്ബീ, നീയ്യെന്തിനാണ്‌! നങ്ങളെ പരിഹസിച്ചു ചിരിക്കുന്നത്‌?” അവരിലൊരുവൻ ചോദിച്ചു.

“ഞാൻ നിങ്ങളെ പരിഹസിക്കുകയല്ല. നിങ്ങൽ അടക്കം പറയുന്നത്‌ എന്താണെന്നും, എന്തുകൊണ്ടാണെന്നും എനിക്കറിയാം.”

അവർക്കപ്പോൾ അവനോട്‌ കോപവും അനാദരവും തോന്നി. പറഞ്ഞത്‌ അവർക്ക്‌ പൂർണമായി മനസ്സിലായിട്ടില്ലെന്ന്‌ അവനു മനസ്സിലായി. അവൻ തുടർന്നു. “ നിങ്ങളുടെ ഹ്യദയം അസ്വസ്ഥമാണ്‌. നിങ്ങൾ പ്രകോപിതരുമാണ്‌. ക്ഷുഭിതരെന്നുവേണം ശരിക്കു പറയുവാൻ. ഞാൻ നിങ്ങളോടു ചോദിക്കട്ടെ. നിങ്ങളിൽ എത്രപേർക്ക്‌ ഇന്നു നമ്മൾ തുടങ്ങിയ പരീക്ഷണങ്ങൾ അഭിമുഖീകരിക്കുവാനുള്ള മനോധൈര്യമുണ്ട്‌?”

“ഞങ്ങൾക്കുണ്ട്‌” അവർ ഒരേ സ്വരത്തിൽ പറഞ്ഞു. എന്നാൽ യൂദാ ഇസ്‌കറിയാത്തിന്റെ ശബ്ദം മാത്രമേ പുറത്തേക്കു വന്നുള്ളു.

അവന്റെ മുഖത്ത്‌ വീണ്ടും പുഞ്ചിരി വിടർന്നു. “മറ്റുള്ളവർക്കറിയാത്തത്‌ ഞാൻ ഇനി നിന്നോടു പറയാം.” അവൻ യൂദാ ഇസ്‌കറിയാത്തിനോടായി തുടർന്നു. “നീ അതിനായി തിരഞ്ഞെടുക്കപ്പെട്ടവനാണ്‌. വേദനിപ്പിക്കുന്നതെങ്കിലും അതൊരു വലിയ കാര്യമാണ്‌.” അവൻ പിന്നെ മറ്റുള്ളവർക്കു നേരെ തിരിഞ്ഞു.

“നിങ്ങൾ ഭയന്നിരിക്കുന്നു. സത്യം സത്യമായി ഞാൻ പറയുന്നു, ഭയം അപകടമാണ്‌. വഴികാട്ടി ഭയപ്പെട്ടാൽ, പറവക്കൂട്ടത്തിനു വഴിതെറ്റും. നിങ്ങൾ ഇപ്പോൾ വഴികാട്ടികളാണ്‌. നിങ്ങൾ ഭയക്കരുത്‌. നിങ്ങൾ ഭയക്കുന്നു എന്നു വന്നാൽ സഭ പരാജയപ്പെടുന്നു എന്നാണർത്ഥം. സഭ പരാജയപ്പെടുന്നു എന്നാൽ, അടിമച്ചങ്ങലക്കിനിയും ഘനം കൂടുമെന്നും. ” അവൻ വീണ്ടും നിറുത്തി. കുറച്ചിടെ മൗനം പൂണ്ടു. പിന്നെ തുടർന്നു.

“യൂദാ, നിന്റെ പക്കലുള്ള അറിവ്‌ തെറ്റായിരിക്കില്ല. അതുകൊണ്ടു തന്നെ ഇന്നു രാത്രി നമ്മളെല്ലാം ഒന്നിച്ചിരിക്കുന്നത്‌ അപകടവുമാണ്‌. നമുക്ക്‌ കൂട്ടം പിരിയാം. നാളെ പുലരുമ്പോൾ വീണ്ടും സമ്മേളിക്കുവാനായി. ഞാനും പത്രോസും, യാക്കോബും യോഹന്നാനും ഗെഥ്സേമനിയിലേക്കു നീങ്ങാം. നിങ്ങളിവിടെ തങ്ങുകയോ, യൂദായുടെ നേത്യത്വത്തിൽ മലയടിവാരത്തിലേക്കു നീങ്ങുകയോ ചെയ്യുക. എനിക്കിന്ന്‌ കുറച്ചു നേരം ഏകാന്തമായിരിക്കണം. ഇവിടെ എല്ലാവർക്കുമൊപ്പമിരുന്നാൽ ഒരു പക്ഷേ എനിക്കതിനാകില്ല. ഇവർ മൂന്നുപേരും ഗെഥ്സേമനിയിലെ ആ മലയടിവാരത്തിൽ തങ്ങട്ടെ. ഞാൻ മലമുകളിൽ കുറച്ചു നെരം വിശ്രമിക്കാം. നാളെ പുലരുമ്പോൾ നമ്മൾ വീണ്ടും ഇവിടെ വച്ചു കണ്ടുമുട്ടും. ഇവിടെ നിന്നും വീണ്ടും നഗരത്തിലേക്കിറങ്ങും. ദേവാലയത്തിൽ യോഗം കൂടും. പട്ടാളക്കാരുടെ പകൽ റോന്ത്‌ പെസഹക്കു മൂന്നു ദിനം മുന്നേ മാത്രമേ ആരംഭിക്കാനുള്ളു. ഇത്തവണയും അതു തന്നെയാണുണ്ടാകുക എന്നാണ്‌ അരീമഥ്യക്കാരൻ ജോസഫിൽ നിന്നും എനിക്കു ലഭിച്ച വിവരം. അതുകൊണ്ടു തന്നെ നാളെ നമ്മുടെ വിജയദിനമായിരിക്കും. ഇന്നത്തെപ്പോലെ വെറും ജനാവേശം കൊണ്ട്‌ അന്തിമ വിജയത്തിലേക്ക്‌ നമ്മളെത്തുമെന്ന്‌ കരുതരുത്‌. നിങ്ങളുടെ ഭയം വിജയത്തിനു വിലങ്ങുതടിയുമാകരുത്‌. എന്തിനാണ്‌, എന്തിനെയാണ്‌ നിങ്ങൾ ഭയക്കുന്നതെന്ന്‌ എനിക്കു മനസ്സിലാകുന്നില്ല. സഭയിലെ തല മുതിർന്നവരും മുഖ്യരുമായ പത്രോസും, സെബിദി പുത്രരും മത്തായിപോലും ഇന്ന്‌ ദേവാലയ സന്ദർശന സമയത്ത്‌ കാഴ്‌ചക്കാരെപ്പോലെ നോക്കി നിൽക്കുന്നത്‌ ഞാൻ കണ്ടു. ഒരു വാക്കുരിയാടാൻ പോലും നിങ്ങൾ ഭയന്നിരുന്നു. ഇപ്പോൾ നമുക്കു വേണ്ടത്‌, ജനരോഷം ആളിക്കത്തിക്കുകയാണ്‌. അതിനുള്ള ഏക മാർഗം എന്നെയവർ പിടികൂടുകയാണ്‌. സഭയിൽ വിശ്വാസമുള്ളവർ മാത്രമല്ല മനുഷ്യത്വത്തിൽ വിശ്വാസമുള്ളവരെല്ലാം തന്നെ എന്നെ പിടികൂടിയ വാർത്ത കേട്ട്‌ തെരുവിലിറങ്ങണം. ഒരൊറ്റ ഇസ്രയേലിയും പിന്നെ വീടിനുള്ളിൽ അടച്ചിരിക്കരുത്‌. ഇന്നത്തെ പോലെ അപൂർണമാകരുത്‌ നാളത്തെ നമ്മുടെ ദൗത്യം.”

അവൻ വീണ്ടും നിറുത്തി. ശബ്ദം താഴ്‌ത്തി പറഞ്ഞു. “സുഹ്യത്തുക്കളേ, അതുകൊണ്ട്‌, നിങ്ങൾ എന്നോടുള്ള കലഹം അവസാനിപ്പിക്കുവിൻ.” കൂടുതലൊന്നും പറയാതെ അവൻ നടന്നു തുടങ്ങി. ഒന്നു ശങ്കിച്ചെങ്കിലും അവൻ നിർദ്ദേശിച്ച മൂവരും നിശ്ശബ്ദം അവനു പുറകേ നടന്നു.

Generated from archived content: balyam12.html Author: suresh_mg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here