ഏഴ്‌- ആക്രമണം (ഭാഗം-1)

അവർ ജറുസലേമിൽ എത്തി. അവൻ ദേവാലയത്തിൽ പ്രവേശിച്ച്‌, അവിടെ ക്രയവിക്രയങ്ങൾ നടത്തിയിരുന്നവരെ പുറത്താക്കാൻ തുടങ്ങി. നാണയം മാറ്റുന്നവരുടെ മേശയും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അവൻ മറിച്ചിട്ടു. ദേവാലയത്തിലൂടെ എന്തെങ്കിലും ചുമന്നു കൊണ്ടുപോകുവാൻ അവൻ ആരേയും അനുവദിച്ചില്ല.

അപ്പോസ്തലന്മാരും സഭാംഗങ്ങളും വിസ്മയിച്ചു. അനുഗമിച്ചിരുന്ന അവർ ഭയപ്പെട്ടു. അവൻ വീണ്ടും അവരെ വിളിച്ചു സംസാരിക്കുവാൻ തുടങ്ങി.

ഇതു ദേവാലയമാണ്‌. ദൈവത്തിന്റെ ആലയം. യൂദാ പ്രമുഖർ നാട്ടുകാര്യങ്ങളും ദൈവകാര്യങ്ങളും ചർച്ച ചെയ്തിരുന്ന സ്ഥലം. രണ്ടു നൂറ്റാണ്ടിലേറെക്കാലം നമ്മുടെ നാടിന്റെ ഭരണ സഭകൂടിയിരുന്നതിവിടെയാണ്‌. റോമക്കാരന്റെ പടയോട്ടം നാടു നടുക്കുന്നതിനു മുമ്പ്‌ ഇത്‌ നമ്മുടെ ഭരണ സിരാകൂടമായിരുന്നു. എഴുപതംഗങ്ങളുടെ സഭയെന്ന ചട്ടം അന്നേയുള്ളതാണ്‌. ഇന്നത്തെപ്പോലെ അധക്യതരെ, പണിയാളെ, പീഠിപ്പിക്കുന്ന സഭയായിരുന്നില്ലത്‌. ന്യായവും നീതിയും നടപ്പായിരുന്ന കാലമായിരുന്നു അത്‌. അന്നും മുഖ്യപുരോഹിതനായിരുന്നു സഭാപതി. ഇന്ന്‌ മുഖ്യപുരോഹിതനെന്നു സ്വയം വിശേഷിപ്പിക്കുന്ന റോമക്കാരന്റെ കയ്യാളിനെപ്പോലെ പണപ്പെട്ടിയിൽ വീഴുന്ന ചില്ലിക്കാശിനനുസരിച്ചായിരുന്നില്ല അന്നവർ ന്യായം വിധിച്ചിരുന്നത്‌. ഇസ്രയേലി മക്കൾ അന്ന്‌ അടിമകളായിരുന്നില്ല. രാജ്യകാര്യങ്ങളിൽ അവരുടെ സ്വരം കേൾക്കപ്പെട്ടിരുന്നു. ജൂതന്റെ സംസ്‌കാരം അതിന്റെ നിഷ്‌ഠതകളോടെ പരിപാലിക്കപ്പെട്ടിരുന്നു. ഇന്നിവിടെ നടക്കുന്നത്‌ മാംസക്കച്ചവടമാണ്‌. വിജ്ഞാനത്തിന്റെ വിളനിലമായിരുന്ന്‌ ഈ ദേവാലയത്തിൽ ഇന്ന്‌ മദ്യവിൽപനയും വ്യഭിചാരവും നടക്കുന്നു. ഇന്നുമുതൽ നമ്മളതിന്‌ അനുവദിക്കുകയില്ല. ഇന്നുമുതൽ സഭയുടെ ആസ്ഥാനമാണിത്‌. ഇനിയും സഭ പ്രവർത്തിക്കേണ്ടത്‌ ഒളിവിലല്ല. ഇത്‌ അതിലേക്കുള്ള ആദ്യ ചുവടാണ്‌. അടുത്തത്‌ കയ്യഫായുടെ കൊട്ടാരം. പിന്നെ നമ്മെ അടിച്ചമർത്തിയിരിക്കുന്ന റോമക്കാരന്റെ ആസ്ഥാനങ്ങളിൽ ബാക്കി.

കൂടി നിന്ന ജനക്കൂട്ടം ജയഘോഷം മുഴക്കി. കുരുത്തോലകൾ വീശി. ഇവൻ ഞങ്ങളുടെ രാജാവെന്ന്‌ ആർപ്പു വിളിച്ചു. ഇസ്രയേലി മണ്ണ്‌ ഇസ്രയേലികൾക്കെന്ന്‌ ഗർജ്ജിച്ചു. ജനാവേശം കണ്ട്‌ പുരോഹിതരും പടയാളികളും അമ്പരന്നു. അവനെയപ്പോൾ എതിർക്കുന്നത്‌ ആപത്തെന്നു മനസ്സിലാക്കി. പുറകോട്ടു മാറി.

അവൻ ജനക്കൂട്ടത്തെ ശാന്തമാകി. ദേവലായത്തിൽ നിന്നും പുറത്തു കടന്നു. ഇത്‌ സഭയുടെ വിജയമാണ്‌. ഇസ്രയേലിയുടെ വിജയമാണ്‌. നാളെ ഈ ദേവാലയത്തിൽ നമ്മൾ നമ്മുടെ ആദ്യ സഭ കൂടും. അതുവരേക്കും ദേവാലയം കാക്കേണ്ടത്‌ നിങ്ങൾ ഇസ്രയേലികളുടെ ചുമതലയാണ്‌. നമ്മുടെ പദ്ധതികളുടെ പൂർത്തീകരണത്തിനായി ഇനിയും ഏറെ ചെയ്യേണ്ടതുണ്ട്‌. അതിനിനി നമ്മുടെ പക്കൽ സമയം വളരെകുറച്ചേയുള്ളു.

അവൻ പുറത്തു കടന്നു. ആരും അവനെ തടഞ്ഞില്ല. പടയാളികളുടെ കുന്തമുനകൾ താഴ്‌ന്നുനിന്നു. അവരുടെ കണ്ണുകൾ എന്തുചെയ്യേണ്ടു എന്നറിയാതെ നിലത്തുറച്ചു. സൂര്യനസ്തമിക്കാറായി. അവൻ നടന്നു തുടങ്ങി.

യൂദാ ഇസ്‌കറിയാത്ത്‌, നിന്നെ ഞാനേൽപിക്കുന്ന ദൗത്യം കഠിനമാണ്‌. ഇന്നു കണ്ടത്‌ വെറും ജനാവേശം മാത്രമായിരുന്നു. ഇതുകൊണ്ടൊന്നുമായില്ല. കയ്യഫായുടെ കൊട്ടാരവും, റോമാ ചക്രവർത്തിയുടെ പ്രതിനിധികൾ വാഴുന്ന കൊട്ടാരങ്ങളും നമ്മുടേതാകണം. അതിനീ ജനാവേശം പോരാ. രോഷം… ജനരോഷമിളകണം. ആയുധമേന്താത്ത ജനതക്കും ഭരണവർഗ്ഗത്തിനെ മുട്ടുകുത്തിക്കുവാനാകുമെന്ന്‌ നമുക്ക്‌ ലോകത്തിനു കാണിച്ചു കൊടുക്കണം. അതിന്‌ ഞാൻ കണ്ട മാർഗം ഇന്നലെ ഞാൻ നിന്നെയറിയിച്ചുവല്ലോ. അതി കഠിനമാണ്‌ നിന്റെ ജോലി. എന്നാലും അതു ചെയ്തേ പറ്റൂ. നൊടിയിടയിൽ ഇസ്രായേലി മക്കളെ തെരുവിലറക്കുവാൻ, കയ്യഫായുടെ പടയാളികളുടെ വാൾതുമ്പിന്‌ മൂർച്ചയില്ലാതാക്കാൻ അതേ ഒരു മാർഗമുള്ളൂ. എന്നെയവർ പിടികൂടണം. നാളത്തെ പകൽ നമുക്ക്‌ പ്രധാനമാണ്‌. അതുപോലെ തന്നെ ഇന്നത്തെ രാത്രിയും. നാളെ പുലരുമ്പോൾ അവരെന്നെ കരുതൽ തടവിനായി പിടികൂടണം. അവർക്കതിനായില്ലെങ്കിൽ, നീ എന്നെ ചൂണ്ടിക്കാണിക്കണം. എന്നിട്ട്‌ പടയാളികളോടു പറയണം. “ഹാ…ഇതാ ഞങ്ങളുടെ റബ്ബി. ധൈര്യമുണ്ടെങ്കിൽ പിടികൂട്‌….” അവരിളകിയില്ലെങ്കിൽ അവരെ നീ ഇളക്കണം. ജനത്തിനു മുന്നിൽ തോൽക്കാതിരിക്കുവാനെങ്കിലും അവരെന്നെ പിടികൂടും. എന്നെ പിടികൂടിയ വാർത്ത കാട്ടുതീപോലെ നഗരത്തിൽ പടരണം. ഒരൊറ്റ ഇസ്രായേലിയും അതുകേട്ട്‌ വീട്ടിനുള്ളിൽ അടങ്ങിയിരിക്കരുത്‌. അതിനുള്ള വാക്‌ സാമർത്ഥ്യം നിനക്കുണ്ട്‌. നമ്മുടെ മറ്റ്‌ അപ്പോസ്തലന്മാർക്കുണ്ട്‌. എന്നാൽ ഈ സമയത്ത്‌ ചുക്കാൻ നിന്റെ കയ്യിലായിരിക്കും. എന്റെ അഭാവത്തിൽ സഭയെ നയിക്കുന്നത്‌ നീയായിരിക്കണം. സഭയിൽ ആരെങ്കിലുമാകുവാൻ നീയൊരിക്കലും കൊതിച്ചിട്ടില്ല. ഇങ്ങിനെയൊരവസരത്തിൽ, ഒരു പക്ഷേ, എന്റെ സഹോദരനെന്നപോലെ എന്റെയമ്മ വളർത്തിയ തോമസ്‌ പോലും എന്റെ അഭിപ്രായത്തോട്‌ യോജിക്കുകയോ എന്റെ കൂടെ നിൽക്കുകയോ ചെയ്യുമെന്ന്‌ എനിക്കുറപ്പില്ല. സഭയോടുള്ള സ്നേഹത്തിൽ കൂടുതലാണവനെന്നോടുള്ള സ്നേഹം. അതും ആപത്താണ്‌. അധികാരമോഹമില്ലാത്തതുപോലെ തന്നെ സഭയെക്കാൾ കൂടുതലായി ഏതെങ്കിലും വ്യക്തിയെ, അതു ഞാനായാൽ പോലും, ആരാധിക്കുകയോ സ്നേഹിക്കുകയോ ചെയ്യരുത്‌. സഭയോടുള്ള കടമ നമ്മൾ മറക്കുവാൻ അതു കാരണമാകും. അതിനാൽ മാത്രമാണ്‌ നിന്നെ ഞാനീ ദൗത്യമേൽപിക്കുന്നത്‌. നിനക്കെന്നും സഭയായിരുന്നു വലുത്‌. സഭക്കു വേണ്ടി ജനരോഷം ആളിക്കത്തിക്കേണ്ടത്‌ ഇന്ന്‌ നിന്റെ ചുമതലയാണ്‌. അതിനുള്ള വിലയെന്തുമാകട്ടെ സസന്തോഷം സ്വീകരിക്കുക.“

രാവേറെ ചെല്ലും മുമ്പേ അവനെത്തിരഞ്ഞ്‌ പടയാളികൾ വീടുകളിൽ കയറിയിറങ്ങുവാൻ തുടങ്ങി. പുറത്ത്‌, ജനാവേശം തണുക്കുന്നത്‌ അവരറിഞ്ഞു. ഇത്‌ അപകടത്തിന്റെ രാത്രിയാണ്‌. നമ്മളിന്നു രാത്രി എവിടെ ചിലവഴിക്കും? സഭാംഗങ്ങൾക്കു സംശയമായി തുടങ്ങി. എന്തുകൊണ്ടിന്നു നമ്മൾ ദേവാലയത്തിൽ തന്നെ തങ്ങിയില്ല? അവർ പരസ്പരം ചോദിച്ചു തുടങ്ങി.

”നിങ്ങളുടെ മനസ്സിലെ സംശയങ്ങൾക്കുത്തരം ഞാൻ പറയാം.“ അവരുടെ മനസ്സിലെന്തെന്നു മനസ്സിലാക്കി അവൻ പറഞ്ഞു തുടങ്ങി. ഇന്നു നമ്മൾ ദേവാലയത്തിൽ പ്രവേശിക്കുമ്പോഴും അവിടെ നിന്നിറങ്ങുമ്പോഴും ചുറ്റിലും കുരുത്തോലയുമായി ഉണ്ടായിരുന്നവർ നമ്മെക്കാണുവാനുള്ള ആവേശം കൊണ്ടു മാത്രം വന്നവരാണ്‌. ദേവാലയവും, കൊട്ടാരവും കീഴ്‌പ്പെടുത്തുവാൻ അവർ മാനസികമായി തയ്യാറെടുത്തിട്ടില്ലായിരുന്നു. അക്രമികളെ ദേവാലയത്തിൽ നിന്നും തുരത്തുക വഴി നമ്മളവർക്കു പകർന്നത്‌ ആത്മവിശ്വാസമാണ്‌. നാളത്തെ അന്തിമ യുദ്ധത്തിനായി വേണ്ട ആത്മവിശ്വാസം. അധികാരികളുടേയും, പടയാളികളുടേയും മുന്നിൽ വച്ച്‌ നമ്മൾ ദേവാലയത്തിൽ പ്രവേശിച്ച്‌, അക്രമികളെ പുറത്താകുമ്പോൾ പുറത്ത്‌ ഇസ്രായേലിനെ ഒന്നടക്കം വിഴുങ്ങുവാൻ വേണ്ടത്ര ആയുധ ധാരികളായ പട്ടാളക്കാരുണ്ടായിരുന്നു. അവർക്കു വേണമെങ്കിൽ നമ്മളെ ഒരു നിമിഷാർദ്ധം കൊണ്ട്‌ കീഴ്‌പ്പെടുത്താമായിരുന്നു. എന്നാൽ, നമ്മുടെ ധൈര്യം അവരെ അമ്പരപ്പിച്ചു. നമ്മൾ ചെയ്തതൊന്നും യഹൂദ നിയമങ്ങൾക്കെതിരല്ലാത്തതിനാൽ അവർക്ക്‌ കയ്യഫായുടെയോ മറ്റു പ്രമാണിമാരുടേയോ ഉത്തരവും ലഭിച്ചില്ല എന്നും ന്യായികരിക്കാം. ഏന്നാൽ ഇത്രയും കുറഞ്ഞ ജനക്കൂട്ടം കൊണ്ടൊരിക്കലും നമുക്ക്‌ അവരെ ചെറുത്തു നിൽക്കുവാൻ ആകില്ലായിരുന്നു. അസ്തമയത്തിനു ശേഷം, ദേവാലയത്തിൽ പ്രവേശിച്ച്‌ അവരെന്നെയോ നിങ്ങളിലൊരാളേയോ പിടികൂടിയാൽ അത്‌ ആപത്താകുമായിരുന്നു. അതുകൊണ്ടു തന്നെയാണ്‌ ഞാൻ കൂടെക്കൂടെ ജനരോഷമിളക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി പറയുന്നത്‌. അതിനിയെങ്കിലും നിങ്ങൾ മനസ്സിലാക്കണം. നമുക്കിനി ഈ കാൽ പുറകോട്ടു വലിക്കുവാനാകില്ല. എല്ലാറ്റിനുമുപരിയായി, ഒരിക്കലും, ഒരിക്കലും ഇത്രയും വലിയൊരു ആൾക്കൂട്ടത്തിനു മുന്നിൽ വച്ച്‌ കയ്യഫാക്ക്‌ എന്നെ പിടികൂടുവാനുള്ള ധൈര്യമുണ്ടാകില്ല. അത്‌ അവന്‌ ആപത്തു വരുത്തുമെന്ന്‌ അവനുറപ്പുണ്ട്‌. അതുകൊണ്ടു തന്നെ അവൻ രാത്രി വരെ കാക്കും. ദേവാലയത്തിൽ വച്ച്‌ എന്നെ പിടികൂടുന്നുവെങ്കിൽ അതു രാത്രിയിൽ മാത്രമായിരിക്കും. അതുകൊണ്ടു തന്നെയാണ്‌ ഞാൻ ദേവാലയത്തിൽ നിന്നും പുറത്തു കടന്നത്‌.” അവൻ വീണ്ടും യൂദാ ഇസ്‌കറിയാത്തുമൊത്ത്‌ നടന്നു തുടങ്ങി.

Generated from archived content: balyam11.html Author: suresh_mg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English