ആറ്‌ -അത്താഴം(ഭാഗം-2)

സഭ ശ്വാസം കഴിക്കുവാൻ പോലും വിമ്മിഷ്ടപ്പെടുന്നുവെന്നു തോന്നി. അവർക്കു വിശ്വസിക്കുവാനാകുന്നില്ല. ഇത്‌ ഞാണിന്മേൽ കളിയാണ്‌. ഇതെന്തൊരു യുദ്ധ തന്ത്രം? “റബ്ബീ… ഞങ്ങൾക്കു നിന്നിൽ പൂർണ വിശ്വാസമുണ്ട്‌. നമ്മുടെ ജനതയെ ഈ യുദ്ധത്തിനു തയ്യാറാക്കിയത്‌ നീയാണ്‌. നിന്റെ ഉന്നം ഇതുവരേയും പിഴച്ചിട്ടില്ല, ഇനിയും പിഴക്കുകയുമില്ല… എന്നാലും… നീയ്യെന്തിനു പിടികൊടുക്കണം? അവരാൽ കണ്ടുപിടിക്കപ്പെടുകയാണെങ്കിൽ സഭയുടെ കഴിവുകേടെന്നെങ്കിലും പറയാമായിരുന്നു. ഇത്‌ സ്വയം കീഴടങ്ങുന്നതിനു സമമല്ലേ?”

“അവരാൽ കണ്ടുപിടിക്കാതിരിക്കുവാൻ ഞാൻ അജ്ഞാതനൊന്നുമല്ലല്ലോ? ഭരണാധിപന്മാരേയും പ്രമാണിമാരേയും ഭയന്ന്‌ നമ്മൾ മരുഭൂമിയിലേക്കു താമസം മാറ്റിയെങ്കിലും പലയിടത്തും ജനക്കൂട്ടങ്ങൾക്കു നടുക്കു തന്നെ നമ്മൾ പ്രസംഗിക്കുകയുണ്ടായിട്ടുണ്ട്‌. എന്നെ എവിടെ വച്ചു കണ്ടാലും ഏതൊരു പടയാളിയും തിരിച്ചറിയും…. പിന്നെ പിടികൊടുക്കുകയെന്നത്‌…. എന്നെ പിടികൂടുവാനും വധശിക്ഷക്കു വിധിക്കുവാനും അവർ തീരുമാനിച്ചിരിക്കുന്നുവെന്ന്‌ നിങ്ങളും പറഞ്ഞുവല്ലോ? അതിനർത്ഥമെന്താണ്‌? അവർക്കെന്നെ വേണമെന്നതു തന്നെ. എന്നെ പിടികൂടിയാൽ… എന്നെയില്ലാതാക്കിയാൽ, സഭ നശിക്കുമെന്നാണവരുടെ കണക്കു കൂട്ടൽ. സഭ ഇന്നൊരു തീപ്പൊരിയല്ല. ഒരു തുള്ളി വെള്ളമൊഴിച്ച്‌ കെടുത്താവുന്നതല്ല. അനേകായിരം നസ്രായേരുടെ രക്തത്താൽ ഇതിന്റെ അടിത്തറ ഉറച്ചുകഴിഞ്ഞിരിക്കുന്നു. നമ്മളിപ്പോൾ ലക്ഷ്യത്തിന്നടുത്താണ്‌. വളരെയടുത്ത്‌. ഇനിയുള്ളത്‌ അവസാനത്തെ ഏതാനും നാഴികകൾ. ആ ദൂരം എതിരാളിയേക്കാൾ വേഗത്തിൽ താണ്ടണം. അവരേക്കാൾ മുന്നിൽ നമ്മളെത്തണം. അതാണു പ്രധാനം. നമ്മുടെ എല്ലാ ശക്തിയും അതിനായി വിനിയോഗിക്കണം. എന്നെ പിടികൂടിയാലുണ്ടേയാക്കാവുന്ന ജനരോഷം നിയന്ത്രിക്കുവാൻ അവർ പാടുപെടണം. നഗരം ഇളകി മറയണം. നിങ്ങൾ ഇസ്രയേലി മക്കളെ കയ്യഫായുടെ കൊട്ടാരത്തിലേക്കു നയിക്കണം. സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. യുദ്ധം അതിന്റെ അവസാന ഘട്ടത്തിലാണ്‌. നിങ്ങളുടെ മനമിപ്പോളിടറിയാൽ പര്യവസാനം നമുക്കെതിരാകും. അല്ലെങ്കിൽ ഇത്രയും നാളായി യഹൂദൻ വിശ്വസിച്ചുപോന്ന നല്ല നാളെ, അതു പുലരും.”

“അവർക്കു നിന്നെ തിരിച്ചറിയുക അത്ര എളുപ്പമാണെന്നു ഞങ്ങൾക്കു തോന്നുന്നില്ല. നിന്നേയും തോമസിനേയും പലയിടത്തും വച്ച്‌ അവർക്കു മാറിയിട്ടുണ്ട്‌.”

“ശരിയാണ്‌. എന്നേയും തോമസിനേയും പലയിടത്തും വച്ച്‌ മാറിയിട്ടുണ്ടവർക്ക്‌. സ്വാഭാവികമാണത്‌. ഒരേ ദുഃഖത്തിന്റെ കുഞ്ഞുങ്ങളാണല്ലോ ഞങ്ങളിരുവരും. ഒരു പക്ഷേ ഒരേ പാപത്തിന്റേയും. അതുകൊണ്ടു തന്നെ എന്നെയവർ തിരിച്ചറിയാതിരിക്കുകയാണെങ്കിൽ നിങ്ങളിലൊരുവൻ എന്നെ ചൂണ്ടി പറയണം… ഇതാ ഞങ്ങളുടെ റബ്ബിയെന്ന്‌. ”

“അതായത്‌ ഞങ്ങൾ നിന്നെ ഒറ്റിക്കൊടുക്കണമെന്ന്‌… ഞങ്ങൾക്കതിനാകില്ല റബ്ബീ…”

‘ആകും. ആകണം. ഇതെന്റെ തീരുമാനമല്ല. സഭയുടെ തീരുമാനമാണ്‌. സഭക്കു വേണ്ടി നിങ്ങളിലൊരാൾ അതു ചെയ്യും. ചെയ്തേ പറ്റൂ. ഞാനൊരിക്കൽ കൂടി പറയുന്നു, എന്തെങ്കിലും കാരണവശാൽ കയ്യഫായുടെ കൊട്ടാരത്തിൽ നിന്നും സമയത്തിന്‌ എന്നെ രക്ഷിക്കുവാനായില്ലെങ്കിൽ, സഭയെ നയിക്കുന്നത്‌, എന്നെ കയ്യഫായുടെ പടയാളികൾക്ക്‌ ചൂണ്ടിക്കാണിക്കുകയെന്ന ദൗത്യം ഞാനേൽപിക്കുന്നതാരേയോ അവനായിരിക്കും. സഭ കൂടി, ഒരു പുതിയ റബ്ബിയെ തിരഞ്ഞെടുക്കുന്നതുവരെയെങ്കിലും അവനായിരിക്കും സഭാപതി.“

സഭ നിശ്ശബ്ദമായി. നിശ്ചലമായി. റബ്ബി തീരുമാനിച്ചിരിക്കുന്നു. റബ്ബിയുടെ അവസാന വാക്കുകൾ അതു വ്യക്തമാക്കുന്നു. സഭയിലെ രണ്ടാമനാരെന്നുള്ളതിന്‌ തീരുമാനമായിരിക്കുന്നു….. അതു ഞാനാണോ…. ഞാനാണോ… മനസ്സിനുള്ളിലെ ശബ്ദങ്ങൾ ഉച്ചത്തിലായി…. റബ്ബീ… അതു ഞാനാണോ…. ഞാനാണോ…

റബ്ബി മൗനിയാണ്‌.

യൂദാ ഇസ്‌കറിയാത്ത്‌ അപകടം മണക്കുന്നു. അപ്പോസ്തല സഭക്കപ്പോൾ രണ്ടാമനാരെന്നറിയണം. പലരുടേയും ചുണ്ടിൽ നിന്നും അവരുടെ ആത്മഗതം തെല്ലൊന്നുച്ചത്തിലായതും അവനറിഞ്ഞു. അവന്റെ ഉള്ളിൽ ദുഃഖം തികട്ടി. ഭയം നിറഞ്ഞു. റബ്ബി ആരെ തിരഞ്ഞെടുത്താലും, അവനെതിർപക്ഷമുണ്ടാകുമെന്നുറപ്പാണ്‌. അവൻ റബ്ബിയുടെ മുഖത്തേക്കു നോക്കി. അരുത്‌… ഇതതിനുള്ള സമയമല്ല…. അവന്റെ കണ്ണുകൾ കെഞ്ചി. റബ്ബി അവനെത്തന്നെ നോക്കിയിരിക്കുകയാണ്‌. യൂദാ ഇസ്‌കറിയാത്ത്‌ അന്നത്താഴത്തിനിരുന്നത്‌ റബ്ബിക്കു തൊട്ടു തന്നെയായിരുന്നു. ”നീ മറ്റുള്ളവരിൽ നിന്നും അകന്നു നിൽക്കുക“ റബ്ബി അവന്റെ ചെവിയിൽ മന്ത്രിച്ചു. പത്രോസ്‌ അതു ശ്രദ്ധിച്ചു. റബ്ബി യൂദാ ഇസ്‌കറിയാത്തിനോടു മാത്രമായി എന്തോ പറയുന്നു. റബ്ബിയൊരിക്കലും യൂദാ ഇസ്‌കറിയാത്തിനോടു രഹസ്യം പറയുന്നത്‌ അവരാരും കണ്ടിട്ടില്ല. സഭയിൽ മുതിർന്നവരെന്ന നിലയിലുള്ള ബഹുമാനം മത്തായിക്കും, സെബിദി പുത്രർക്കുമൊപ്പം എനിക്കും റബ്ബി തന്നിട്ടുണ്ട്‌. പലപ്പോഴും പ്രധാന വിഷയങ്ങളെക്കുറിച്ച്‌ ആദ്യം ചർച്ച ചെയ്തിരുന്നതും തങ്ങളൊടെല്ലാം കൂടിയായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങളിൽ ആരാണ്‌ രണ്ടാമൻ എന്നതു മാത്രമേ നിശ്ചയിക്കാനുണ്ടായിരുന്നുള്ളു…. എന്നാലിപ്പോൾ…. എന്തായിരിക്കും റബ്ബി യൂദാ ഇസ്‌കറിയാത്തിനോടു പറഞ്ഞത്‌?

പത്രോസ്‌ യൂദായെ നോക്കി. അവന്റെ മുഖം വിഷണ്ണമാണ്‌. ഒരു ശുഭവാർത്തകേട്ട സന്തോഷം ആ മുഖത്തില്ല. ഒരു പക്ഷേ മറ്റെന്തെങ്കിലുമായിരിക്കും റബ്ബിയവനോടു പറഞ്ഞത്‌. ”എന്താണു റബ്ബി പറഞ്ഞത്‌?“ പത്രോസ്‌ യൂദാ ഇസ്‌കറിയാത്തിനോടാഗ്യം കാണിച്ചു. യൂദാ ഇസ്‌കറിയാത്ത്‌ എല്ലാവരും കേൾക്കുവാനായി വായ്‌ തുറന്നു. ”റബ്ബീ….അവരെല്ലാം പറഞ്ഞത്‌ നീ കേട്ടു. ഞാൻ പറയുന്നതുകൂടി കേൾക്കുവാനുള്ള മനസ്സുണ്ടാകണം.“

റബ്ബി അവനെ മാറോടു ചേർത്തു. സഭ മുഴുക്കെ കേൾക്കെപ്പറഞ്ഞു. ”യൂദാ ഇസ്‌കറിയാത്ത്‌… നിന്റെ ശ്രമം കഠിനമാണ്‌. എനിക്കതറിയാം. എന്നാൽ ഇക്കൂട്ടത്തിൽ സഭക്കു വേണ്ടി അതു ചെയ്യുവാൻ നീയ്യല്ലാതെ മറ്റാരുമില്ല. സഭക്കു വേണ്ടിമാത്രം ജീവിച്ചവനായിരിക്കണം, ജീവിക്കുന്നവനായിരിക്കണം, എന്റെയഭാവത്തിൽ സഭാപതി. അതുകൊണ്ടു തന്നെ സത്യം സത്യമായി ഞാൻ നിങ്ങളോടു പറയുന്നു. അതിവനാകുന്നു. എന്റെ പ്രിയ ശിഷ്യൻ. യൂദാ ഇസ്‌കറിയാത്ത്‌. സഭക്കു വേണ്ടി, ഇസ്രയേലി ജനതക്കു വേണ്ടി…..“

Generated from archived content: balyam10.html Author: suresh_mg

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here